17 March 2012

ചെറു കഥ .ഒരു കറുത്ത വാവിലെ ദുര്‍വിധി


               പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമത്തിലെ ബസ്സ്‌ സ്റ്റോപ്പില്‍  എല്ലാവരും ചീരു കുറത്തി  എന്ന് വിളിക്കുന്ന ചീരമ്മു  തലയില്‍ ഒരു  കുട്ടയും വലതു കയ്യില്‍ തത്ത കൂടും ആയി  ബസ്സ്‌ ഇറങ്ങി,        വീട്ടിലേക്ക്  അടുത്ത ദിവസത്തേക്ക് ആവശ്യമുള്ള മലക്കറികള്‍ പതിവായി വാങ്ങാറുള്ള മലക്കറി   കടയില്‍ നിന്നും വാങ്ങിയതിനോടൊപ്പം  തൊട്ടടുത്ത  കടയില്‍ നിന്നും പേരകുട്ടികള്‍ക്കുള്ള പലഹാരങ്ങളും  വാങ്ങിച്ച്   തലയിലുള്ള കുട്ടയില്‍ വെച്ച് ധൃതിയില്‍ തന്‍റെ വീട് ലക്ഷ്യമാക്കി ചെമ്മണ്‍ പാതയിലൂടെ നടന്നു. കുറച്ചു ദൂരം  നടന്നു  കഴിഞ്ഞാല്‍ പിന്നെ  കുത്തനെയുള്ള ചെമ്മണ്‍ പാതയാണ്     . കുത്തനെയുള്ള പാത കഴിഞ്ഞാല്‍ പിന്നെ  കുത്തനെയുള്ള ഇറക്കവും   കഴിഞ്ഞ് ,ഇടവഴിയിലൂടെ ഒന്നര മൈല്‍ ദൂരം നടന്നാലെ വീട്ടില്‍ എത്തുവാന്‍ കഴിയുകയുളളു .


                                  വീടിനു പരിസരത്ത് വേറേയും കുറവര്‍ താമസിക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍  ആ ഗ്രാമത്തില്‍ ഉപജീവനത്തിനായി  കൈനോട്ടം തൊഴിലായി    ചീരു മാത്രമേ  സ്വീകരിച്ചിട്ടുളളു.മറ്റുള്ള കുറവര്‍ ഗ്രാമത്തിലെ കൂലി പണികളും മറ്റു ഇതര പണികളും ചെയ്തു ജീവിക്കുന്നു .    പാരമ്പര്യമായി കിട്ടിയ തൊഴില്‍ തുടര്‍ന്നത് കൊണ്ട് ഇപ്പോള്‍ ഈ അറുപത്തിരണ്ടാം വയസ്സിലും ചീരു   കൈ നോക്കിയും ,തത്തമ്മയെ കൊണ്ട് ചീട്ടെടുപ്പിച്ചും  ,ഭാവിയെ കുറിച്ച് പറഞ്ഞ് കുടുംബം പോറ്റുന്നു.


                        ഇരുപത്തിഒന്നാം വയസ്സില്‍ ചീരുവിന്‍റെ അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചീരുവിന്‍റെ വിവാഹം കഴിഞ്ഞതാണ്.  ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പോലെ തന്നെ  നല്ല സ്നേഹമുള്ള ഭര്‍ത്താവിനെ തന്നെയാണ് ചീരുവിന് ലഭിച്ചത്.  പിതാംബരന്‍ എന്നായിരുന്നു അയാളുടെ പേര് . പക്ഷെ ആ ദാമ്പത്യം അധികം നാള്‍ നീണ്ടു നിന്നില്ല .വിവാഹം കഴിഞ്ഞ് ഒരു പെണ്‍ കുഞ്ഞ് പിറന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍,  പ്രസവം കഴിഞ്ഞ് ചീരുവിന്‍റെ വീട്ടില്‍ നിന്നും ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് യാത്രയായി . അവിടെ കൂട്ട് കുടുംബം ആയത് കൊണ്ട് ചീരുവിന് വിശ്രമം അധികം ലഭിച്ചിരുന്നില്ല . മോളെ ചീരുവിന് ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ലാ എന്ന് കണ്ടപ്പോള്‍ ഒരു ദിവസ്സം  അയാള്‍ പറഞ്ഞു    ''നീ മോളെ ഒട്ടും ശ്രദ്ധിക്കുന്നില്ല  നിന്‍റെ വീട്ടില്‍ അമ്മയും അച്ഛനും തനിച്ചല്ലേ ഉള്ളു അവിടെ ആവുമ്പോള്‍ അതികം ജോലികള്‍ ചെയ്യാനും ഉണ്ടാവില്ലാ   മോളെ നല്ല വണ്ണം ശ്രദ്ധിക്കുവാനും കഴിയും '' ചീരു അയാളില്‍ നിന്നും അങ്ങിനെയൊരു  വാക്ക് കേള്‍ക്കുവാന്‍ കൊതിച്ചിരിക്കുകയായിരുന്നു.


                                                     ഭര്‍ത്താവിന് അയാളുടെ ഗ്രാമത്തിലെ റബര്‍ തോട്ടത്തില്‍ സ്ഥിരം ജോലി ആയത് കൊണ്ടും , ചീരുവിന്‍റെ വീട്ടിലേക്ക് ദൂരം അധികം ഉള്ളത് കൊണ്ടും,   ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമേ ചീരുവിന്‍റെ വീട്ടിലേക്ക് അയാള്‍ വരാറ് പതിവുള്ളൂ .ഒരു ദിവസം അയാളുടെ തൊഴില്‍ കഴിഞ്ഞ് ചീരുവിന്‍റെ വീട്ടിലേക്ക് വരുമ്പോള്‍ നേരം സന്ധ്യ കഴിഞ്ഞിരുന്നു .          അന്ന്  കറുത്തവാവ് ദിവസമായത് കൊണ്ട് നല്ല ഇരുട്ടായിരുന്നു .    ഇരുട്ടിലൂടെ ചീരുവിന്‍റെ വീട് ലക്ഷ്യംവെച്ച്  ഇടവഴിയിലൂടെ അയാള്‍ വരുമ്പോള്‍ ,  കാലന്‍ ഉഗ്ര വിഷമുള്ള ഇഴജന്തുവിന്‍റെ രൂപത്തിലാണ് അയാളെ പിടി കൂടിയത് .   കാല്‍ പാദത്തില്‍ എന്തോ മുനയുള്ള കമ്പി യോ ആണിയോ കുത്തിയത് പോലെ യാണ് അയാള്‍ക്ക്‌ അനുഭവപെട്ടത്‌ .


                        വീടിനോട് അടുത്തെത്തിയപ്പോള്‍ അയാള്‍ക്ക്‌ തല കറങ്ങുന്നത് പോലെ തോന്നി .  വീടിന്‍റെ ഉമ്മറത്ത് ചീരുവിന്‍റെ അച്ഛന്‍ ഇരിപ്പുണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ ചീരുവിന്‍റെ അച്ഛന്‍ അകത്തുള്ള  ചീരുവിനോട് ഉച്ചത്തില്‍ പറഞ്ഞു '' മോളെ ഇതാ പിതാംബരന്‍ വന്നിരിക്കുന്നു, കുടിക്കുവാന്‍ ചായ എടുത്തോളു ''    .കളിമണ്ണ് കൊണ്ട് മെഴുകിയ തറയില്‍ ഒരു വിധം അയാള്‍ ഇരുന്നു .  ചീരു അകത്ത് നിന്നും പുറത്തേക്ക് വരുമ്പോഴേക്കും അയാള്‍ ഇരുന്നിടത്ത് നിന്നും തറയിലേക്ക് വീണു .


                                               '' മോനേ''.....എന്ന് ഉച്ചത്തില്‍ വിളിച്ച് അച്ഛന്‍ അയാളുടെ തല മടിയില്‍ വെച്ചു .   അപ്പോള്‍  അയാളുടെ ശരീരം  തണുത്ത് നീല നിറമായിരുന്നു . വായയിലൂടെ നുര വരുന്നത് കണ്ടപ്പോള്‍ വിഷം തീണ്ടിയതാണെന്ന്  അച്ഛന് മനസ്സിലായി ''ചതിച്ചൂലോ എന്‍റെ ഈശ്വരാ ........''   അച്ഛന്‍റെ  ആര്‍ത്തനാദം  അവിടമാകെ മുഴങ്ങി ,  പരിസര വാസികളും മറ്റും ചേര്‍ന്ന് പിതാംബാരനെ അടുത്തുള്ള നാട്ടു വൈദ്യന്‍റെ അരികില്‍ എത്തിച്ചപ്പോഴേക്കും പിതാംബരന്‍ ഇഹവാസലോകംവെടിഞ്ഞിരുന്നു .


                    പിന്നീട് ചീരുവിന്‍റെ ജീവിതം  മകള്‍ക്ക് വേണ്ടിയായിരുന്നു .കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍റെയും അമ്മയുടേയും വേര്‍പാട് ചീരുവിനെ കുല തൊഴില്‍ ചെയ്യുവാന്‍ നിര്‍ബന്ധിതയാക്കി .വീടു വീടാന്തിരം കയറിയിറങ്ങി അനേകായിരങ്ങളുടെ ഭാവിയും ഭൂതകാലവും  പ്രവചിച്ച് , കാലം ചീരുവിനെ ഇവിടം വരെ എത്തിച്ചിരിക്കുന്നു .കൈ നോട്ടത്തിനായി ഗ്രാമങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്ക് പോയി കൊണ്ടിരുന്നപ്പോള്‍ ,മകള്‍  വീടിനു പരിസരത്തുള്ള    ഒരുചെറുപ്പക്കാരനുമായി പ്രണയത്തിലായി .അനില്‍കുമാര്‍ എന്നായിരുന്നു അയാളുടെ പേര്  . മകളെ അനില്‍കുമാര്‍ നിധിപോലെ കാക്കും എന്ന് ചീരു വിന് ബോദ്ധ്യ മായപ്പോള്‍ പിന്നെ മകളുടെ ഇഷ്ടം പോലെ ഇഷ്ട പെട്ട ചെറുപ്പക്കാരന് മകളെ വിവാഹംചെയ്‌തു കൊടുത്തു.  മരുമകന്‍ സ്നേഹമുള്ളവനായിരുന്നു . അതുകൊണ്ട് തന്നെ ചീരുവിനെ തനിച്ചാക്കി അവര്‍ എങ്ങും പോയില്ല .
                                                  ചീരുവിന്‍റെ മകള്‍ക്ക് മൂന്നു മക്കള്‍ പിറന്നു ,രണ്ടാണും ഒരു പെണ്ണും ,മൂത്തത് പെണ്ണും  അവള്‍ക്കു താഴെ രണ്ടാണും .മൂത്തവള്‍ പത്താംതരം പരീക്ഷ കഴിഞ്ഞ് പരീക്ഷ ഫലം കാത്തിരിക്കുന്നു . താഴെയുള്ളവര്‍  എഴാംതരത്തിലും  മൂന്നാം തരത്തിലും പഠിക്കുന്നു .മരുമകന്‍  അനില്‍കുമാര്‍  ബോംബയില്‍ ഇളനീര്‍ വ്യാപാരം ചെയ്യുന്നു.  ഇടവഴി താണ്ടി വീടിനു കുറച്ചു ദൂരം എത്തിയപ്പോള്‍ ചീരു പേരക്കുട്ടികള്‍ തന്നെയും പ്രതീക്ഷിച്ച് മുള്ളുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ വേലി ക്കരികില്‍ നില്‍ക്കുന്നത് കണ്ടു .ചീരുവിനെ കണ്ടപ്പോള്‍ മൂന്നു പേരും ചീരുവിന്‍റെ അരികിലേക്ക് ഓടി എത്തി ,തലയിലെ കുട്ടയും തത്ത കൂടും വാങ്ങിച്ച് ഒപ്പം നടന്നു .
                                               ചീരു കളിമണ്‍ തറയില്‍ ഇരുന്നപ്പോള്‍ അടുക്കളയില്‍ നിന്നും ചീരുവിന്‍റെ മകള്‍ കട്ടന്‍ ചായയും ആയി ചീരുവിന്‍റെ അരികിലേക്ക് വന്നു .അത് പതിവാണ് വീട്ടില്‍ എത്തിയാല്‍ ഉടനെ ഒരു കട്ടന്‍ ചായ ചീരുവിന് ലഭിക്കണം .ചായ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍  കുട്ടയില്‍ നിന്നും പലഹാരങ്ങള്‍ എടുത്ത് പേരകുട്ടികള്‍ക്ക് വീതിച്ച് കൊടുത്തു .ഒപ്പം   പല വീടുകളില്‍ നിന്നും ലഭിച്ച അരിയും നാളികേരവും  കടയില്‍ നിന്നും വാങ്ങിച്ച മലക്കറികളും  മകള്‍ക്ക് എടുത്തു കൊടുത്തു .
                     
                                        അതിനു ശേഷം ഒരു പൊതി എടുത്ത് തുറന്ന് കൊണ്ട് പറഞ്ഞു '' ഇത് കണ്ടോ കുപ്പായം തയിക്കുവാനുള്ള തുണിയും ഉടുക്കുവാന്‍ ഒരു മുണ്ടും .ഇത് ഗള്‍ഫില്‍ നിന്നും ഒരു കുട്ടി കൊടുത്തയച്ചതാ ....ഒരു രണ്ടു മാസം മുന്നെ ഞാന്‍ ആ കുട്ടിയുടെ കൈ നോക്കി ആ കുട്ടിക്ക് നല്ല ജോലിക്കുള്ള വിസ ലഭിക്കും എന്ന് പറഞ്ഞിരുന്നു . ആ കുട്ടിക്ക് വിസ കിട്ടി ഗള്‍ഫിലേക്ക് പോയപ്പോള്‍ സന്തോഷത്തോടെ കൊടുത്തയച്ചതാ ഇത് .ഇവ തരുന്നതിനോടൊപ്പം ആ കുട്ടിയുടെ വീട്ടുക്കാര്‍ അഞ്ഞൂറ് രൂപയും തന്നു .ഈ മുണ്ട് പെട്ടിയില്‍  എടുത്ത്  വെച്ചോളൂ അനില്‍കുമാര്‍  വരുമ്പോള്‍ കൊടുക്കാം അവന് ഈ ഫോറീന്‍ മുണ്ട് വല്ല്യ ഇഷ്ടാ '' കുപ്പായ തുണി  എടു ത്ത് ,  മകളുടെ മകളെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു ''ഇത് എന്‍റെ പോന്നു മോള്‍ക്ക്‌ കുപ്പായം തുന്നിക്കാട്ടോ''    അത് കണ്ടപ്പോള്‍ ആണ്‍ മക്കള്‍ ഒരേ സ്വരത്തില്‍ അവര്‍ക്ക് ലഭിക്കാത്തതിന്‍റെ പരിഭവം മുത്തശ്ശിയോട് പറഞ്ഞു ''അടുത്ത പ്രാവശ്യം കിട്ടിയാല്‍ അത് നിങ്ങള്‍ക്കുളളതാ എന്ന് പറഞ്ഞ് ചീരു അവരെ ആശ്യസിപ്പിച്ചു .

                                             മകള്‍ സാധനങ്ങള്‍ അകത്ത് വെച്ച് ധൃതിയില്‍ പുറത്തേക്ക് വന്നു പറഞ്ഞു ''' ഏട്ടന്‍റെ എഴുത്ത് ഉണ്ടായിരുന്നു . പതിവ് പോലെ ഇന്നത്തെ എഴുത്തിലും ഉണ്ട് അമ്മയോട് ഈ തൊഴില്‍ നിര്‍ത്തി വീട്ടില്‍ ഇരിക്കാന്‍. ....... ,ഇപ്പോള്‍ ഏട്ടന് തരക്കേടില്ലാത്ത വരുമാനം ഉണ്ടല്ലോ അമ്മേ .ഇനി എന്തിനാ അമ്മ ഇങ്ങിനെ കഷ്ട പെടുന്നത് ''   അപ്പോള്‍ ചീരു  പറഞ്ഞു ''' അവന്‍ എന്നെ സ്വന്തം അമ്മയെ പോലെ യാണ് കാണുന്നത് ,അവന്‍ അങ്ങിനെ പറഞ്ഞോട്ടെ .അത് അവന്‍റെ കടമ ,എനിക്ക് അറിഞ്ഞൂടെ അവന്‍ അവിടെ കഷ്ടപെടുന്നത്, വെയിലത്ത് നിന്ന് കഷ്ട പെട്ട് ഇളനീര്‍ വിറ്റ്‌ കിട്ടുന്ന കാശല്ലേ അവന്‍ ഇവിടേക്ക് അയക്കുന്നത്. എനിക്ക് നടക്കാന്‍ ആവതുള്ള കാലം വരെ എന്നെ കൊണ്ട് ആവും വിധം ഞാന്‍ ഈ വീടിനു വേണ്ടി ഈ തൊഴില്‍ ചെയ്യും പെണ്‍ കുട്ടി ഒന്ന് കെട്ടിക്കാനായി വളര്‍ന്നു  വരുന്നു .അവന്‍റെ കയ്യില്‍ എന്ത് സമ്പാദ്യമാണ് ഉള്ളത്,   അവന്‍ എന്നോടുള്ള  സ്നേഹം കൊണ്ട് പറയുന്നതാ അവനൊരു  പാവമാണ്   .''


                                    അങ്ങിനെ ആത്മസംതൃപ്തിയോടെ  ഒരു ദിനം കൂടി   കടന്നു പോയി .അടുത്ത ദിവസം പ്രഭാതം ആഗതമായപ്പോള്‍ പ്രഭാത കൃതൃങ്ങള്‍  നിര്‍വഹിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് ,തത്തമ്മക്ക് കഴിക്കുവാന്‍ പഴവും കുടിക്കുവാന്‍ വെള്ളവും നല്‍കി ,തത്ത കൂട് തോളിലൂടെ തൂക്കി ഇട്ട് കുട്ട തലയിലും വെച്ച് ,മകളോടും പേര കുട്ടികളോടും യാത്ര പറഞ്ഞ് ,ഇടവഴിയിലൂടെ ബസ്സ് സ്റ്റോപ്പ്‌ ലക്ഷ്യം വെച്ച് വേഗതയില്‍ നടക്കുമ്പോള്‍ പഴയതുപോലെ നടത്തത്തിന് വേഗത ഇല്ലാ എന്ന യാഥാര്‍ത്ഥ്യം ചീരുവിന്‍റെ മനസ്സിനെ വല്ലാതെ നൊമ്പര പെടുത്തി .അപ്പോള്‍ ചീരു മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഈശ്വരാ ...ആപത്തൊന്നും വരുത്താതെ  കാത്തുകൊള്ളേണമേ........  ശുഭം............rasheedthozhiyoor@gmail.com    

5 comments:

  1. നന്നായിരിക്കുന്നു വരികള്‍ ..ആശംസകള്‍

    ReplyDelete
  2. നന്ദി തിരയുടെ സൃഷ്ടാവിന് എന്‍റെ രചന വായിക്കുകയും നല്ല വാക്കുകള്‍ എഴുതിയതിനും

    ReplyDelete
  3. മനസ്സില്‍ സൃഷ്ടിയുടെ തീഷ്ണത അനുഭവപ്പെടുമ്പോള്‍ രചനകള്‍ നിര്‍വ്വഹിക്കാന്‍ ശ്രമിച്ചുനോക്കൂ ..അങ്ങിനെയാവുമ്പോള്‍ നമുക്ക് കൃത്രിമത്വം തോന്നില്ല ,കഥയുടെ കൈവഴികളിലെക്ക് നാം അറിയാതെതന്നെ വഴുതി വീഴുന്നതായി അനുഭവ്യമാവും..എല്ലാ വിധ ഭാവുകങ്ങളും..
    നോട്ട് ഇറ്റ്.
    വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഇവിടെത്തന്നെയുണ്ട്.
    മലയാളത്തില്‍ കമ്മന്റി പിന്നെയും ഇന്ഗ്ലിഷ് ലറ്റര്‍ ഓപ്ഷന്‍ ആക്കി വെരിഫിക്കേഷന്‍ കൊടുക്കാനൊന്നും ആരും മിനക്കെട്ടെന്നു വരില്ല, ഇവിടെ കമ്മന്റുകള്‍ കുറയാനുള്ള പ്രധാന കാരണം ഇതാണെന്നാണ് എന്റെ വിശ്വാസം.

    ReplyDelete
  4. നന്ദി ശ്രി sidheek Thozhiyoor എഴുതുവാന്‍ ഇരിക്കുമ്പോള്‍ കഥയിലെ കഥാപാത്രങ്ങള്‍ കണ്‍ മുന്നില്‍ ജീവിക്കുന്നത് പോലെ അനുഭവപെടുന്നു .അതു കൊണ്ടു തന്നെ എഴുതുവാന്‍ യാതൊരുവിധത്തിലും പ്രയാസം അനുഭവപെടാറില്ല..വേര്‍ഡ്‌ വെരിഫിക്കേഷന്‍ നീക്കംചെയ്യുവാന്‍ ഞാന്‍ ഒന്നു കൂടി ശ്രമിച്ചു നോക്കാം ...

    ReplyDelete
  5. നന്നായിരിക്കുന്നു

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ