ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
മണലാരണ്യത്തിലെ നീണ്ട പതിനഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, നാട്ടിലേക്ക് പോകുവാന്‍ രാമചന്ദ്രന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു .പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബിയിലേക്ക് യാത്ര തിരിക്കുമ്പോഴുണ്ടായിരുന്ന ആഗ്രഹങ്ങള്‍ ഒന്നൊഴികെ ഏറെക്കുറെ അയാളില്‍ സഫലമായിരിക്കുന്നു .പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി യതിലുള്ള ആത്മ സംതൃപ്തിയോടെയാണ് അയാള്‍ തിരികെ ജന്മനാട്ടിലേക്ക് പോകുന്നത് . ജോലിയില്‍നിന്നും വിരമിക്കുന്നതിനുള്ള അപേക്ഷ അടുത്തദിവസം പട്ടണത്തിലുള്ള ഓഫീസില്‍ പോയി കൊടുക്കുവാന്‍ അയാള്‍ തീരുമാനിച്ചു.
തന്‍റെ കിടപ്പു മുറിയില്‍ കൂടെ താമസിക്കുന്ന രണ്ടുപേരും ഉറക്കമായിട്ടും അയാള്‍ക്ക് ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ജീവിതത്തില്‍നിന്നും കൊഴിഞ്ഞു പോയ താളുകള്‍ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അയാളുടെ ജനനം.കുഞ്ഞുനാളിലെ അയാളുടെ ആഗ്രഹം, ഉന്നതവിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥനാകണം എന്ന് തന്നെയായിരുന്നു. കര്‍ഷക കുടുംബത്തില്‍ ജനിച്ച അയാള്‍ വളരെയധികം സന്തോഷത്തോടെയാണ് ബാല്യകാലം ചിലവഴിച്ചിരുന്നത്.പക്ഷെ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല .
കാര്‍ഷിക വിളകള്‍ വിറ്റു ലഭിക്കുന്ന തുകയായിരുന്നു വീട്ടിലെ ഉപജീവനമാര്‍ഗ്ഗം .പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് മുഴുനീള കര്‍ഷകനായ അച്ഛന്‍റെ പെട്ടന്നുള്ള മരണം ഉന്നതവിദ്യാഭ്യാസം നേടുക എന്ന ആഗ്രഹം അയാള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു .അന്ന് പതിവുപോലെ തൊടിയിലെ പണികള്‍ കഴിഞ്ഞ് അച്ഛന്‍ കവലയില്‍ പോയി വീട്ടിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങി തിരികെ പോരുമ്പോള്‍ സമയം നന്നേ ഇരുട്ടിയിരുന്നു.പടിപ്പുരയില്‍ നിന്നും ,,രാമാ..... ,,എന്നുള്ള അച്ഛന്‍റെ നീട്ടിയുള്ള വിളി കേട്ടപ്പോള്‍ അയാള്‍ ഓടി പടിപ്പുരയില്‍ എത്തി . അപ്പോള്‍ അച്ഛന്‍ കയ്യിലെ സഞ്ചി താഴെ വെച്ച് പടിപുരയുടെ വരാന്തയില്‍ രണ്ടു കൈകളും വലതു കാലില്‍ മുട്ടിനു താഴെ മുറുകെ പിടിച്ചിരിക്കുകയായിരുന്നു .അയാളെ കണ്ടതും അച്ഛന്‍ പറഞ്ഞു .
,, രാമാ അച്ഛന്‍റെ കാലില്‍ ഇടവഴിയില്‍ നിന്നും എന്തോ കടിച്ചു .അച്ഛന് വേദന സഹിക്കുവാന്‍ കഴിയുന്നില്ല മോനെ .ഇനി ഒരടിപോലും നടക്കുവാന്‍ അച്ചനെകൊണ്ടാവില്ല . മോന്‍ പോയി അമ്മയോട് ഇവിടേക്ക് വരുവാന്‍ പറയു ,,
.രാമചന്ദ്രന്‍ അടുക്കളയിലേക്ക് ഓടിപ്പോയി അമ്മയെ വിളിച്ചു തിരികെയെത്തിയപ്പോഴേക്കും .അച്ഛന്‍ വരാന്തയില്‍ കിടക്കുന്ന നിലയിലായിരുന്നു . അച്ഛന്‍റെ ശരീരമാസകലം അപ്പോള്‍ നീല നിറമായി കാണപെട്ടു .അമ്മ അച്ഛന്‍റെ അരികിലെത്തിയതും ,, ചതിച്ചുലോ ഈശ്വരാ ..,,
എന്ന് പറഞ്ഞ് അച്ഛന്‍റെ ശിരസ്സ് മടിയില്‍വെച്ചു പൊട്ടി കരയുവാന്‍ തുടങ്ങി .
അമ്മയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടി കൂടുവാന്‍ തുടങ്ങി .കൂടി നിന്നവരില്‍ ചിലര്‍ അടക്കം പറയുന്നുണ്ടായിരുന്നു .
,, വിഷം തീണ്ടിയെന്നാ തോന്നുന്നത് ,,
അടുത്ത വീട്ടിലെ ദിവാകരേട്ടന്‍ തിടുക്കത്തില്‍ വാഹനവുമായി വന്നപ്പോള്‍ ഓടി കൂടിയിരുന്നവരില്‍ ചിലര്‍ അച്ഛനെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.പിന്നീടുള്ള നിമിഷങ്ങള്‍ വേവലാതിയുടേതായിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീടിനു മുന്‍പില്‍ അംബുലന്‍സ് വന്നു നിന്നു.ആരൊക്കെയോ ചേര്‍ന്നു അച്ഛന്‍റെ മൃതദേഹം പൂമുഖത്ത് വിരിച്ച പായയില്‍ കിടത്തി.
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നോട് സംസാരിച്ച അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞു എന്ന നഗ്നസത്യം ഉള്‍ക്കൊള്ളുവാന്‍ രാമചന്ദ്രന് എത്ര ശ്രമിച്ചിട്ടും കഴിയുന്നുണ്ടായിരുന്നില്ല.സ്നേഹസമ്പന്നനായ കുടുംബനാഥന്‍റെ വേര്‍പാട് ആ കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി.മുത്തശ്ശനേയും മുത്തശ്ശിയേയും അമ്മയേയും രണ്ടു സഹോദരിമാരേയും പോറ്റാന്‍ വിദ്യാഭ്യാസം രാമചന്ദ്രന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.ഗള്‍ഫിലേക്ക് യാത്രതിരിക്കുവാന്‍ അയാള്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടേയിരുന്നു .അവധിക്ക് നാട്ടില്‍ വന്ന ബന്ധുവിനോട് വിസ തരപെടുത്തുവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അയാളോട് പറഞ്ഞു .
,,കൈത്തൊഴില്‍ എന്തെങ്കിലും അറിയാതെ ഇപ്പോള്‍ ഗള്‍ഫില്‍ വന്നിട്ട് നല്ലൊരു തൊഴില്‍ ലഭിക്കുക എന്നത് അസാദ്ധ്യമാണ് ... ....., ഒരു വര്‍ഷത്തെ പൈപ്പ് വെല്‍ഡിംഗ് കോഴ്സ് പഠിക്കുകയാണെങ്കില്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വിസ തരപെടുത്താം ,,
ബന്ധു പറഞ്ഞതു പ്രകാരം രാമചന്ദ്രന്‍ പട്ടണത്തില്‍ പൈപ്പ് വെല്‍ഡിംഗ് കോഴ്‌സ് പഠിക്കുവാനായി ചേര്‍ന്നു.ഒഴിവുസമയങ്ങളില്‍ അച്ഛന്‍ പരിപാലിച്ചിരുന്ന കൃഷിയിടം അയാള്‍ക്ക് ആവുംവിധം പരിപാലിച്ചു.സഹോദരിമാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം എന്നതായിരുന്നു അപ്പോഴത്തെ അയാളുടെ ഏറ്റവുംവലിയ ആഗ്രഹം .അമ്മയുടെ സഹോദരന്‍റെ മകള്‍ ഇന്ദുലേഖയെ അയാള്‍ക്ക് ഇഷ്ടമായിരുന്നു .അമ്മയുടെ വീട്ടിലേക്ക് നടന്നു പോകുവാനുള്ള ദൂരമേയുള്ളു. അച്ഛന്‍ അമ്മയെ പ്രണയിച്ചു വിവാഹം കഴിക്കുകയയ്യിരുന്നു .
ഒഴിവുസമയങ്ങളില്‍ ഇന്ദുലേഖ രാമചന്ദ്രന്‍റെ വീട്ടില്‍ സഹോദരിമാരുടെ കൂടെയാണ് സമയം ചിലവഴിച്ചിരുന്നത് .ഇന്ദുലേഖയുടെ എപ്പോഴുമുള്ള വരവിന്‍റെ ഉദ്ദേശം രാമചന്ദ്രനെ കാണുക എന്നതു തന്നെയാണ് .ഒരു വര്‍ഷത്തെ പൈപ്പ് വെല്‍ഡിംഗ് കോഴ്സ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധു വാക്ക് പാലിച്ചു.വിസ ലഭിച്ച് പത്താം പക്കം രാമചന്ദ്രന്‍ മണലാരണ്യത്തിലേക്ക് യാത്ര തിരിച്ചു .
ഗള്‍ഫിലെ അയാളുടെ ജീവിതം ആയാസകരമായിരുന്നില്ല .മരുഭൂമിയില്‍ എണ്ണ പൈപ്പ്‌ലൈന്‍ കൂട്ടി യോജിപ്പിക്കുന്ന തൊഴിലാണ് അയാള്‍ക്ക് ലഭ്യമായത് വേനല്‍ക്കാലത്ത്.കഠിനമായ വെയിലിലും ശീതകാല ത്ത് കഠിനമായ തണുപ്പിലും ആത്മബലം ചോര്‍ന്നു പോകാതെ മോഹങ്ങളുടെ സാക്ഷാത്കാരത്തിനായി അയാള്‍ തൊഴിലെടുത്തുകൊണ്ടേയിരുന്നു.
വര്‍ഷങ്ങളുടെ കഠിനപ്രയത്നത്തിന്‍റെ ഫലമായി പുതിയ വാര്‍ക്ക വീട് പണിയുകയും സഹോദരിമാരെ വിവാഹംചെയ്‌തയക്കുകയും ചെയ്തപ്പോഴേക്കും അയാളുടെ വിവാഹപ്രായം അധികരിച്ചിരുന്നു .
ഇന്ദുലേഖയെ അയാള്‍ക്ക് നഷ്ടമായി. ഇന്ദുലേഖയുടെ വിവാഹം കഴിഞ്ഞതില്‍ പിന്നെ വിവാഹത്തെ കുറിച്ച് അയാള്‍ ചിന്തിച്ചിരുന്നില്ല.ഇളയ സഹോദരിയുടെ വിവാഹം അടുത്തകാലത്ത് കഴിഞ്ഞതില്‍ പിന്നെ അമ്മ ഇപ്പോള്‍ ഇടക്കിടെ അയാളെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു .
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതുവരെയുള്ള ജീവിതത്തിന്‍റെ പാതിയും പ്രിയപെട്ടവര്‍ക്കായി ജീവിച്ചു തീര്‍ത്ത ഗള്‍ഫിലെ മണലാരണ്യത്തിലെ ജീവിതത്തില്‍ നിന്നും അയാള്‍ എന്നെന്നേക്കുമായി വിടവാങ്ങി.നാട്ടിലെത്തിയ രാമചന്ദ്രന്‍ തൊടിയിലെ കൃഷി പുനരാരംഭിച്ചു.ഒരു പശുവിനേയും കിടാവിനേയും വാങ്ങിച്ചു. ശിഷ്ടകാലം മുഴുനീള കര്‍ഷകനായി ജീവിക്കണം എന്നതായിരുന്നു അയാളുടെ ആഗ്രഹം .അമ്മ അയാള്‍ക്കൊരു വധുവിനായുള്ള അന്വേഷണം ധൃതഗതിയില്‍ ആരംഭിച്ചു.
അയാള്‍ നാട്ടിലെത്തിയിട്ട് മാസം മൂന്ന്‍ കഴിഞ്ഞു .ഈ കാലയളവില്‍ ഒരുപാട് പെണ്‍കുട്ടികളെ പോയി കണ്ടുവെങ്കിലും അയാള്‍ക്ക് ഇഷ്ടപെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അയാളില്‍ കണ്ട കുറവ് അയാള്‍ക്ക് പ്രായം കൂടുതല്‍ ആയി എന്നതായിരുന്നു .നീണ്ട അന്യേഷണങ്ങള്‍ക്ക് ഒടുവില്‍ അടുത്ത ജില്ലയില്‍ നിന്നും ഒരു ബന്ധം ശെരിയായി .കോടതിയില്‍ ഗുമസ്തനായി ജോലിനോക്കുന്ന ഹരിഹരന്‍റെ മകളായിരുന്നു വധു . സുചിത്ര എന്നായിരുന്നു അവളുടെ പേര്. മൂന്ന്‍ പെണ്‍മക്കളില്‍ മൂത്തമകളാണ് സുചിത്ര . എല്‍ പി സ്കൂള്‍ അധ്യാപികയായ അവളുടെ കുടുംബം സാമ്പത്തീകമായി വളരെയധികം കഷ്ടതകള്‍ അനുഭവിക്കുന്നത് കൊണ്ട് പ്രായത്തില്‍ അധികമൊന്നും വ്യത്യാസം ഇല്ലാത്ത അനിയത്തിമാരുടെ വിവാഹം ആദ്യം നടക്കട്ടെ എന്ന് സുചിത്ര തീരുമാനിക്കുകയായിരുന്നു .
ഹരിഹരന്‍റെ വേതനം മക്കളുടെ വിദ്യാഭ്യാസ ചിലവുകളും വീട്ടിലെ ചിലവുകളും കഴിഞ്ഞാല്‍ മിച്ചം വെയ്ക്കുവാന്‍ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല .സുചിത്ര അദ്ധ്യാപനം കഴിഞ്ഞു വന്നാല്‍ വീട്ടില്‍ തയ്യല്‍ ജോലിയും ചെയ്തിരുന്നു .അതുകൊണ്ട് തന്നെ സുചിത്ര എപ്പോഴും തിരക്കിലായിരുന്നു .
വിശ്രമം ഇല്ലാതെ ജോലി ചയ്തു ലഭിച്ച വേതനം സ്വരൂപിച്ച് അനിയത്തിമാരുടെ വിവാഹം നടത്തി .ഇപ്പോള്‍ സുചിത്രയ്ക്ക് വയസ്സ് ഇരുപത്തൊന്‍പത് കഴിഞ്ഞിരിക്കുന്നു. ഏറ്റവും ഇളയ സഹോദരിയുടെ വിവാഹ ചിലവുകള്‍ക്ക് രൂപ തികയാതെ വന്നപ്പോള്‍ ആകെയുള്ള പത്തു സെന്‍റ് പുരയിടം ബാങ്കില്‍ പണയപെടുത്തി മൂന്നു ലക്ഷം രൂപ കടമെടുത്തിരുന്നു .ഹരിഹരന്‍ സുചിത്രയെ വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ അവള്‍ പറയും .
,, എന്‍റെ അച്ഛാ ഇത്രേം പ്രായമായ എന്നെ കെട്ടാന്‍ ഇനി ആരാ വരുവാന്‍ പോകുന്നെ .ഈ വര്‍ഷം അച്ഛന്‍ ജോലിയില്‍ നിന്നും വിരമിക്കുവാന്‍ പോകുകയല്ലെ എന്നെ വിവാഹം ചെയ്തയച്ചാല്‍ ബാങ്കിലെ കടം ആര് വീട്ടും .
ഇനി എന്നെ വിവാഹം ചെയ്തയക്കണം എന്ന് തന്നെയാണ് അച്ഛന്‍റെ നിര്‍ബ്ബന്ധമെങ്കില്‍ ബാങ്കിലെ കടം തീര്‍ത്തിട്ട് നമുക്ക് വിവാഹത്തെ കുറിച്ച് ആലോചിക്കാം ,,
അവളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഹരിഹരന്‍റെ കണ്ണുകള്‍ നിറയുന്നത് കാണുമ്പോള്‍ സുചിത്ര പറയും .
,, ഈ അടുത്ത കാലത്തായി അച്ഛന് എന്നോട് പറയുവാന്‍ എന്‍റെ വിവാഹ കാര്യം മാത്രമേയുള്ളൂ .എനിക്ക് ഒരു സങ്കടവും ഇല്ല . ഞാന്‍ അച്ഛനേം അമ്മേനേം പരിപാലിച്ചു ഇവിടെ ജീവിച്ചോളാം.വിവാഹത്തെ കുറിച്ച് അച്ഛനെന്നോട് സംസാരിക്കാതെയിരുന്നാല്‍ മാത്രം മതി എനിക്ക് .,,
,, എന്താ എന്‍റെ കുട്ടി ഈ പറയുന്നേ .അച്ഛനും അമ്മേം എന്നും ഉണ്ടാകുമോ എന്‍റെ മോള്‍ക്ക് കൂട്ടിന്.ഞങ്ങള്‍ക്ക് പ്രായമായി വരികയല്ലേ .വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ മനസ്സിന്‍റെ വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയു .ഞാനില്ല എന്‍റെ മോളോട് തര്‍ക്കിക്കുവാന്‍ .,,
രാമചന്ദ്രന്‍ സുചിത്രയെ ആദ്യമായി പെണ്ണ് കണ്ടു പോയി .അയാള്‍ അവളില്‍ ഒരു കുറവും കണ്ടില്ല .വിവാഹ നിശ്ചയ തിയ്യതി തീരുമാനിക്കുവാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ .രാമചന്ദ്രന്‍റെ മൊബൈല്‍ഫോണ്‍ നമ്പര്‍ തേടി പിടിച്ച് അവള്‍ അയാള്‍ക്ക് വിളിച്ച് നേരില്‍ സംസാരിക്കണം എന്നു പറഞ്ഞു .
അവള്‍ പറഞ്ഞതു പ്രകാരം സ്കൂളില്‍ സുചിത്രയെ കാണുവാനായി രാമചന്ദ്രന്‍ ചെന്നു.പ്രധാന അധ്യാപികയുടെ അനുമതി വാങ്ങി സുചിത്ര അയാളോടൊപ്പം നടന്നു .കുറച്ചു ദൂരം നടന്നപ്പോള്‍ അവളാണ് സംസാരത്തിന് തുടക്കമിട്ടത്.
,, അങ്ങയെ കുറിച്ച് കൂടുതല്‍ ഒന്നും തന്നെ എനിക്ക് അറിയില്ല .ഇപ്പോള്‍ ഏതാണ്ട് നമ്മുടെ വിവാഹം നടക്കും എന്ന് ഉറപ്പായി .നിങ്ങളെ പോലെ ഞാനും കുടുംബത്തിന് വേണ്ടിയാണ് വിവാഹം മാറ്റി വെച്ചത് .ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു ലക്ഷംരൂപയുടെ കടം കൂടി വീട്ടുവാനുണ്ട് .അച്ഛന്‍ അടുത്ത് തന്നെ ജോലിയില്‍ നിന്നും വിരമിക്കും. അതുകൊണ്ട് നമ്മുടെ വിവാഹം കഴിഞ്ഞാല്‍ ജോലിയില്‍ തുടരുവാന്‍ അങ്ങ് എന്നെ അനുവദിക്കുമോ ?.,,
,, സത്യത്തില്‍ നമ്മുടെ വിവാഹം കഴിഞ്ഞാല്‍ സുചിത്രയെ ജോലിക്ക് അയക്കില്ല എന്നാണ് എന്‍റെ തീരുമാനം കാരണം നമുക്ക് പ്രായം ഒത്തിരി ആയില്ലേടോ.ഇനിയുള്ളകാലം ഇയാള് എപ്പോഴും എന്‍റെ അരികില്‍ ഉണ്ടാകണം എന്നാണ് എന്‍റെ ആഗ്രഹം . വീട്ടിലെ അവസ്ഥയെ കുറിച്ച് എല്ലാം അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു .
സ്ത്രീധനം ആയി നയാപൈസപോലും എനിക്ക് വേണ്ട എന്ന് പറഞ്ഞതു കൊണ്ട് തന്നെയാണ് സുചിത്രയുടെ അച്ഛന്‍ നമ്മുടെ വിവാഹ കാര്യവുമായി മുന്‍പോട്ടു നീങ്ങുന്നത് .പിന്നെ ബാങ്കിലെ കടം വീട്ടുവാനുള്ള കഴിവൊക്കെ ഈശ്വരന്‍റെ കടാക്ഷം കൊണ്ട് ഇപ്പോള്‍ എനിക്കുണ്ട് .കടം വീട്ടുവാനായി സുചിത്ര അദ്ധ്യാപനം തുടരണമെന്നില്ല .പിന്നെ കുരുന്നു മക്കള്‍ക്ക് നാലക്ഷരം പഠിപ്പിക്കുന്നത് പുണ്ണ്യ കര്‍മം ആയതുകൊണ്ട് അദ്ധ്യാപനം തുടരാം എന്ന് മാത്രം ,,
രാമചന്ദ്രന്‍ വാക്കുകള്‍ സുചിത്രയുടെ കണ്ണുകള്‍ ഈറനണിയിച്ചു.അയാള്‍ അവളുടെ കണ്ണുനീര്‍ തുടച്ചു കൊണ്ടു പറഞ്ഞു .
,, എന്താടോ താന്‍ ഇങ്ങിനെ .വേഗം സങ്കടം വരുന്ന പ്രകൃതകാരിയാണല്ലേ നമ്മുടെ വിവാഹം കഴിഞ്ഞാല്‍ പിന്നെ എപ്പോഴും ഇങ്ങിനെ സങ്കടപെടുവാന്‍ പാടില്ലാട്ടോ ,,
അയാളുടെ വാക്കുകള്‍ അവള്‍ക്ക് അയാളിലുള്ള വിശ്വാസത്തെ അധികരിപ്പിച്ചു .ഏതൊരു സ്ത്രീയും ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നതൊക്കെ അയാളില്‍ നിന്നും ലഭിക്കും എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.വരുംകാല ജീവിതത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിലെ സന്തോഷത്തെ നിയന്ത്രിക്കുവാന്‍ അവള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
ഒരു മാസത്തിനകം രാമചന്ദ്രനും സുചിത്രയും വിവാഹിതരായി.വൈകി ലഭിച്ച ദാമ്പത്യജീവിതം രണ്ടു പേരും വേണ്ടുവോളം ആസ്വദിച്ചു.ആഗ്രഹിച്ചതു പോലെയുള്ള ഇണയെ ലഭിച്ചതില്‍ രണ്ടുപേരും ആത്മ നിര്‍വൃതിപൂണ്ടു .
സുചിത്രയുടെ അദ്ധ്യാപനം മുടക്കേണ്ടതില്ലാ എന്ന് രാമചന്ദ്രന്‍ തീരുമാനിച്ചു .
രാമചന്ദ്രന്‍റെ വീട്ടില്‍ നിന്നും സുചിത്ര ഇപ്പോള്‍ പഠിപ്പിക്കുന്ന സ്കൂളിലേക്ക് ദൂരം കൂടുതല്‍ ഉള്ളത് കൊണ്ട്. രാമചന്ദ്രന്‍റെ വീടിനടുത്തുള്ള സ്കൂളിലേക്ക് സുചിത്രയ്ക്ക് മാറ്റം ലഭിക്കുന്നത് വരെ സുചിത്രയുടെ വീട്ടില്‍ നിന്നും അദ്ധ്യാപനത്തിന് പോകുവാനുള്ള അനുമതി രാമചന്ദ്രന്‍ സുചിത്രയ്ക്ക് നല്‍കി
രാമചന്ദ്രന്‍റെ മനസ്സിന്‍റെ നന്മയെ സുചിത്ര തിരിച്ചറിഞ്ഞു.രണ്ടു പേര്‍ക്കും പരസ്പരം പിരിഞ്ഞിരിക്കുവാന്‍ കഴിയാത്തത് കൊണ്ട് രാമചന്ദ്രനും സുചിത്രയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.രാവിലെ സുചിത്ര സ്കൂളിലെക്കിറങ്ങുമ്പോള്‍ രാമചന്ദ്രനും ഒപ്പം ഇറങ്ങും .അയാള്‍ അയാളുടെ വീട്ടില്‍ പോയി കൃഷിടം പരിപാലിക്കും .സുചിത്ര അദ്ധ്യാപനം കഴിഞ്ഞ് സുചിത്രയുടെ വീട്ടില്‍ തിരികെയെത്തുമ്പോഴേക്കും രാമചന്ദ്രനും തിരികെയെത്തും .അവധി ദിവസങ്ങളില്‍ രണ്ടുപേരും രാമചന്ദ്രന്‍റെ വീട്ടിലേക്ക് പോരും .പരിഭവങ്ങളും പരാതികളും ഇല്ലാത്ത ഒരു പുതിയ ജീവിതത്തിന് അവര്‍ നാന്ദ്യം കുറിച്ചു.
ആനന്ത നിര്‍വൃതിയോടെയുള്ള ജീവിത മാണെങ്കിലും വര്‍ഷങ്ങള്‍ നാലു കഴിഞ്ഞിട്ടും സുചിത്രയ്ക്ക് അമ്മയാകുവാന്‍ കഴിഞ്ഞില്ല .ഇനിയും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന തിരിച്ചറിവ് രണ്ടു പേരെയും കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തവരെ ചികിത്സിക്കുന്ന പ്രശസ്തമായ ആശുപത്രിയിലേക്ക് എത്തിച്ചു .രണ്ടു പേരേയും വിശദമായി പരിശോധിച്ച ഡോക്ടര്‍ സുചിത്രയെ തനിയെ പരിശോധിക്കണം എന്നു പറഞ്ഞ് ആ നടുക്കുന്ന നഗ്നസത്യം സുചിത്രയോട് പറഞ്ഞു .
,, മിസ്റ്റര്‍ രാമചന്ദ്രന്‍ അമിതമായ ചൂടില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തത് കൊണ്ടാകാം അദ്ദേഹത്തിന് അച്ചനാകുവാനുള്ള കഴിവ് തൊണ്ണൂറ് ശതമാനവും ഇല്ലാതെയായിരിക്കുന്നു.ചികിത്സ തുടരാം പക്ഷെ ചികിത്സയുടെ അനന്തരഫലം എന്താകും എന്ന് എനിക്ക് പറയുവാന്‍ സാധ്യമല്ല.ഈ വിവരം രാമചന്ദ്രന്‍ ഇപ്പോള്‍ തല്‍ക്കാലം അറിയേണ്ട.,,
,, ഇല്ല ഡോക്ടര്‍ അദ്ദേഹം ഈ വിവരം ഒരിക്കലും അറിയരുത് എനിക്കും മരുന്നുകള്‍ കുറിച്ചു നല്‍കൂ രണ്ടു പേരും മരുന്ന് കഴിച്ചാല്‍ എല്ലാം ശേരിയാകും എന്ന് ഞാന്‍ അദ്ദേഹത്തോട് പറയാം,,
ഡോക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭൂമി കീഴ്മേല്‍ മറിയുന്നത് പോലെ സുചിത്രയ്ക്ക് അനുഭവ പെട്ടു . അപ്പോള്‍ അവള്‍ നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു .ആകാംക്ഷയോടെ കാത്തു നിന്നിരുന്ന രാമചന്ദ്രന്‍ സുചിത്രയെ കണ്ടതും അക്ഷമയോടെ ചോദിച്ചു ?
,, എന്താ എന്താ ഡോക്ടര്‍ പറഞ്ഞത് ? നമുക്കൊരു കുഞ്ഞിനെ ലഭിക്കുവാനുള്ള ഭാഗ്യം ഉണ്ടാവില്ലെ സുചിത്രേ ...,,
,, എന്തിനാ സുരേട്ടാ ഇങ്ങിനെ വിഷമിക്കുന്നത്. രണ്ടു പേര്‍ക്കും മരുന്ന് കുറിച്ചു തന്നിട്ടുണ്ട് മൂന്നു മാസം മരുന്ന് കഴിച്ചിട്ട് ഡോടറെ വീണ്ടും വന്നു കാണുവാനും പറഞ്ഞിട്ടുണ്ട് ,,
അന്നു രാത്രി രണ്ടു പേരും പതിവുപോലെ ഉറങ്ങുവാന്‍ കിടന്നു .രാമചന്ദ്രന്‍റെ മുടിയിഴകളിലൂടെ സുചിത്രയുടെ കൈവിരലുകള്‍ തലോടികൊണ്ടിരുന്നു.അവളുടെ തലോടല്‍ അയാളെ വേഗം നിദ്രയിലാഴ്ത്തി .
അവള്‍ നിഷ്കളങ്കമായ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു . രാമചന്ദ്രന്‍ ഉറങ്ങിയിട്ടും സുചിത്രയ്ക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല .ഒരുപാട് ആഗ്രഹിക്കുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിന്‍റെ ഹൃദയ തുടിപ്പിന്‍റെ വേഗത കുറയുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു.വിവാഹിതയായതിനു ശേഷം ഉറങ്ങുവാനായി ഇമകള്‍ അടയ്ക്കുമ്പോള്‍ എന്നും മനസ്സില്‍ കണ്ടിരുന്ന പിറക്കുവാന്‍ പോകുന്ന കുഞ്ഞിന്‍റെ മുഖം ഇന്നവള്‍ക്ക് കാണുവാന്‍ കഴിഞ്ഞില്ല .പുഞ്ചിരി തൂകിയ കുഞ്ഞിന്‍റെ മുഖത്തിനു പകരം .ജീവന്‍ നിലയ്ക്കുന്ന കുഞ്ഞിന്‍റെ രോദനം മാത്രം പ്രപഞ്ചമാകെ മാറ്റൊലികൊണ്ടു .ഭയാനകമായ ആ രോദനം അസഹനീയമായപ്പോള്‍ .ഒന്നും അറിയാതെ കുഞ്ഞിനെപ്പോലെ നിദ്രയിലാണ്ട രാമചന്ദ്രനെ അവള്‍ ഇറുകെ കെട്ടിപിടിച്ചു.അപ്പോള്‍ അവളുടെ നയനങ്ങളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു .
ശുഭം
rasheedthozhiyoor@gmail.com