ചിന്താക്രാന്തൻ

Showing posts with label ചെറു കഥ. Show all posts
Showing posts with label ചെറു കഥ. Show all posts

25 January 2014

ചെറു കഥ ,ആശാഭംഗം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

                  മലബാറിലെ ഒരു ഉള്‍നാടന്‍   കടല്‍ തീരം നേരം ഏതാണ്ട് സന്ധ്യയോടടുക്കുന്നു .സൂര്യന്‍ അങ്ങു ദൂരെ  അസ്തമിക്കുവാന്‍ തിടുക്കത്തോടെ  സമുദ്രത്തിലേക്ക്   ലയിക്കുവാനെന്ന  പോലെ  വിദൂരതയിലേക്ക് മറയുന്നു. ആകാശം സ്വര്‍ണ പ്രഭയാല്‍ നിറഞ്ഞുനിന്നു. സൂര്യ താപം ഏതാനും മണിക്കൂറുകള്‍  ഇല്ലാതെയാകുന്നതിന്‍റെ സന്തോഷം മൂലമാകാം  കടല്‍ ക്ഷോഭിക്കാതെ ശാന്തമായി കാണപെട്ടത്‌ .             ദൂര ദേശങ്ങളില്‍ നിന്നും കടല്‍ കാണുവാന്‍ വന്നവര്‍  സൂര്യാസ്തമയം കണ്‍ കുളിര്‍ക്കെ കാണുന്നു .ചായയും കപ്പലണ്ടിയും വില്‍ക്കുന്ന ഒരു ഉന്തുവണ്ടിക്കാരന്‍ തന്‍റെ വ്യാപാരം അവസാനിപ്പിച്ചുകൊണ്ട് ഉന്തു വണ്ടിയും ഉന്തി പോകുന്നത് കാണാം .  മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങള്‍ കരയില്‍ കയറ്റി  നിരത്തി വെച്ചിരിക്കുന്നതിന് അരികില്‍ കീറിയ വലകള്‍ തുന്നുന്ന തിരക്കിലാണ് പല മുക്കുവരും  .മത്സ്യബന്ധനത്തിന്  പോയി തിരികെ യെത്തിയ മുക്കുവര്‍ പ്രതീക്ഷിച്ച മത്സ്യം ലഭിക്കാത്തതിന്‍റെ പരിഭവം പറച്ചില്‍ അങ്ങിങ്ങായി  കേള്‍ക്കാം .   മുക്കുവ കുട്ടികള്‍ക്ക് വള്ളം കരയ്ക്ക്‌ അടുപ്പിക്കുവാന്‍ സഹായിക്കുമ്പോള്‍ ലഭിക്കുന്ന മത്സ്യങ്ങള്‍ കടല്‍ കാണുവാന്‍ വന്നവര്‍ക്ക് വില്‍ക്കുവാന്‍ ശ്രമിക്കുന്നു .കാക്കകള്‍ കടല്‍ കാണുവാന്‍ വന്നവരിലാരോ എറിഞ്ഞു കൊടുക്കുന്ന കപ്പലണ്ടിക്കായി കൂട്ടത്തോടെ തിരക്ക് കൂട്ടുന്നു .കപ്പലണ്ടി മണികള്‍ ദിശ  മാറി മാറി  എറിഞ്ഞു കൊടുക്കുന്നത് കൊണ്ട് കാക്കകള്‍ കൂട്ടമായി  പല ദിശകളിലേക്കായി  പറക്കുന്നു .കാക്കകളുടെ വിശപ്പടക്കാനുള്ള  െതിരക്കുകൂട്ടല്‍കണ്ടു രസിക്കുകയാണ് കപ്പലണ്ടി മണികള്‍  എറിഞ്ഞു കൊടുക്കുന്നയാള്‍   .

 ആ പ്രദേശത്ത്‌  മത്സ്യബന്ധനത്തിന് പോകുന്നവരില്‍ ഏറ്റവും പ്രായമുള്ള  വ്യക്തിയാണ് മൊയ്തീന്‍ കുഞ്ഞ് . എല്ലാവരും അദ്ദേഹത്തെ സ്നേഹത്തോടെ മൊയ്തുക്കാ എന്നാണ് വിളിക്കുന്നത്‌ .  പ്രായം ഏതാണ്ട് എഴുപത് കഴിഞ്ഞെങ്കിലും   ഇപ്പോഴും യുവാക്കളെ പോലെ വള്ളം കടലിലേക്ക്‌ ഇറക്കി വള്ളത്തിലേക്ക്‌  ചാടിക്കയറി മീന്‍ പിടിക്കുവാന്‍ പോകുന്ന മൊയ്തീന്‍ കുഞ്ഞിനെ അന്നാട്ടുകാര്‍ കൌതകത്തോടെയാണ്  നോക്കുന്നത് . അദ്ദേഹത്തിന്‍റെ ഏറ്റവുംവലിയ ആഗ്രഹം പുണ്ണ്യ ഭൂമിയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക എന്നതാണ് .  ജീവിതക്ലേശങ്ങളുടെ    കയത്തില്‍ നിന്നും അദ്ദേഹം  ഇപ്പോഴും  മുക്തനാവാത്തത് കൊണ്ട് ജീവിതത്തിലെ  ഏറ്റവുംവലിയ ആഗ്രഹം ഇതുവരെ നിറവേറ്റുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്  വാസ്തവം .വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ  ചുമരുകള്‍  ഇല്ലാത്ത ഓല കുടിലായിരുന്നു  അദ്ദേഹത്തിന്‍റെത്.      രണ്ടു കിടപ്പ് മുറികളുള്ള ഒരു കൊച്ചുവാര്‍ക്ക  വീട് പണിതിട്ട്  ഏതാനും വര്‍ഷങ്ങളേ ആവുന്നുള്ളൂ .  ഇപ്പോഴും വീടിന്‍റെ പുറം ചുമരുകള്‍ തേച്ചിട്ടില്ല  ഇനിയും വീടിന്‍റെ പണികള്‍  അവശേഷിക്കുന്നു .

അഞ്ചു മക്കളാണ് മൊയ്തീന്‍ കുഞ്ഞിന്  നാല് പെണ്ണും ഒരാണും. പെണ്മക്കള്‍ എല്ലാവരും വിവാഹിതരായി . ആകെയുണ്ടായിരുന്ന ആണ്‍ തരി ഒന്‍പതു വര്‍ഷം മുന്‍പ് നാടുവിട്ടു പോയി .മകനെ മത്സ്യ തൊഴിലാളിയാക്കുവാന്‍ മൊയ്തീന്‍ കുഞ്ഞ് ആഗ്രഹിച്ചിരുന്നില്ല .അതുകൊണ്ടുതന്നെ പഠിക്കുവാന്‍ മിടുക്കനായ മകനെ അദ്ദേഹം പഠിപ്പിച്ചു .കലാലയത്തില്‍ പോകുവാന്‍ തുടങ്ങിയതില്‍ പിന്നെ മകന്‍ കമ്മ്യൂണിസ്റ്റ് കാരനായി .ഒപ്പം നിരീശ്വരവാദിയും ,അദ്ധ്യാപകനാവണം  എന്നതായിരുന്നു മകന്‍റെ ആഗ്രഹം.  മൊയ്തീന്‍ കുഞ്ഞ് നേരവും കാലവും നോക്കാതെ എല്ലുമുറിയെ ജോലികള്‍ ചെയ്തും കടം വാങ്ങിയും മകന്‍റെ പഠിപ്പ് പൂര്‍ത്തീകരിപ്പിച്ചു .അധ്യാപക വിദ്യാഭ്യാസത്തിനുശേഷം ബി എഡ് പൂര്‍ത്തീകരിച്ചുവെങ്കിലും ലക്ഷങ്ങള്‍ കൊടുത്താലെ ജോലി ലഭിക്കുകയുള്ളു എന്നത് കൊണ്ടും കൊടുക്കുവാന്‍ ലക്ഷങ്ങള്‍ ഇല്ലാത്തത്കൊണ്ടും    മകന് ജോലി ലഭിച്ചില്ല .പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും  എടുത്ത് ജോലി ലഭിക്കാതെ ജോലിക്കായി അലയുന്ന അനേകായിരം യുവാക്കളുടെ  അവസ്ത മൊയ്തീന്‍ കുഞ്ഞിന്‍റെ  മകനിലും സംജാതമായി .

ജോലിക്കായി  ഒരുപാട് അലഞ്ഞിട്ടും  ജോലി ലഭിക്കാതെയായപ്പോള്‍ മകന്‍ കുലത്തൊഴില്‍ എടുക്കുവാന്‍ തയ്യാറായി .ഒരു ദിവസം മത്സ്യബന്ധനത്തിന് പോകുന്ന മൊയ്തീന്‍ കുഞ്ഞിനോട് മകന്‍ പറഞ്ഞു    .

,, വാപ്പ ഇപ്പോള്‍ വിശ്രമിക്കേണ്ട  സമയമല്ലെ .സ്വകാര്യ വിദ്യാലയത്തില്‍ ജോലി ലഭിക്കണമെങ്കില്‍  ലക്ഷങ്ങള്‍ കൊടുത്താലെ എനിയ്ക്ക് ജോലി തരപെടുകയുള്ളൂ .ആയിരം രൂപ പോലും തികച്ച് എടുക്കുവാനില്ലാത്ത നമ്മള്‍ ഇനിയും കാത്തിരിക്കുന്നത് എന്തിന് .പി എസ്  സി പരീക്ഷ ഞാന്‍ എഴുതിയിട്ടുണ്ട് പക്ഷെ  ഗവണ്‍മെന്‍റെ  ജോലി കിട്ടും എന്ന് കരുതി ജോലിക്കായി കാത്തിരിക്കുവാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍ .കാരണം അവിടേയും ജോലി ലഭിക്കണമെങ്കില്‍ സ്വാധീനവും കൈക്കൂലിയും നല്‍കണം .     ഇന്നു മുതല്‍ ഞാനും വരുന്നു വാപ്പയുടെ കൂടെ  കടലിലേക്ക്‌ ,,

മൊയ്തീന്‍കുഞ്ഞ്  മകനോട്‌   മറുപടി പറയാതെ വീടിനകത്തുള്ള   ഭാര്യയോടായി പറഞ്ഞു .

,,എടീ .... പാത്തു ഇജ്ജ്  കേട്ടാ അന്‍റെ പുന്നാര മോന്‍റെ ബര്‍ത്താനം .ഒന്ക്ക് കടലിലേക്ക്‌ എന്‍റെ കൂടെ പോരണോന്ന്. കടലീ ബന്ന് മീനെ പിടിക്കാനായിട്ടാണോടീ ഇവനെ ഞാന്‍ ഇത്രേം കഷ്ടപ്പെട്ട് പഠിപ്പിച്ചത് .ചങ്കീ കുത്തണ ബര്‍ത്താനം പറയല്ലെന്നു പറയടി അന്‍റെ മോനോട് ,,

മൊയ്തീന്‍ കുഞ്ഞ് പിറുപിറുത്തുകൊണ്ട്‌ വള്ളം ലക്ഷ്യമാക്കി നടന്നു .
വാപ്പ ദേഷ്യപെട്ടു  പോകുന്നത് കണ്ടപ്പോള്‍   പാത്തു മകന്‍റെ അരികില്‍ വന്നു  പറഞ്ഞു .

,, ന്‍റെ മോന്‍ എന്തിനാ വാപ്പാനോട് അങ്ങിനെയൊക്കെ പറഞ്ഞത്. മൂപ്പര്ക്ക് ജീവനുള്ള കാലം വരെ മീന്‍ പിടിക്കാന്‍ അന്നെ കൊണ്ടോകൂന്ന് ഇജ്ജ്  നിരീക്ക്ണാ.ഇജ്ജ്  നല്ലൊരു  ഉദ്യോഗസ്ഥനായി കാണാനാ വാപ്പാന്‍റെ പൂതി  ,,

,,ആര്‍ക്കുംതന്നെ എന്‍റെ വിഷമം മനസ്സിലാകില്ല .വാപ്പയ്ക്ക്‌ വയസ്സായില്ലേ  ഉമ്മാ  ...കുടുംബം പോറ്റേണ്ട കടമ ഇനി എന്‍റെയല്ലെ  , ജോലി ലഭിക്കുമെന്ന് എനിക്ക് യാതൊരുവിധ പ്രതീക്ഷയുമില്ല  .എത്ര കാലോന്നു വെച്ചാ  ജോലിയില്ലാതെ ഇങ്ങനെ  കഴിയുന്നേ ,,

മകന്‍ പാര്‍ട്ടി ഓഫീസിലേക്കും പാത്തു നമസ്കരിക്കാനായി വീടിന് അകത്തേക്കും  നടന്നു .മകന്‍ മത്സ്യബന്ധനത്തിന്  പോകുവാന്‍  തിടുക്കം കൂട്ടുന്നത്‌ ബാല്യകാല സഖിയായ  മൈമൂനയെ വിവാഹം കഴിക്കുവാനുള്ള പണം സ്വരൂപിക്കുവാന്‍ കൂടിയാണ് .

 മൊയ്തീന്‍ കുഞ്ഞിന്‍റെ വീടിന് ഏതാനും വീടുകള്‍ക്കകലെയാണ് .ഉണക്ക മത്സ്യം  വീടുകളില്‍  വില്പനയ്ക്ക് കൊണ്ടു  പോകുന്ന കദീജയുടെ വീട് .കദീജയും സുന്ദരിയായ മകള്‍ മൈമൂനയുമാണ് വീട്ടില്‍ താമസിക്കുന്നത് .വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരുടേയോ പ്രലോഭനങ്ങളില്‍ പെട്ട് വഞ്ചിതയായതിന്‍റെ  അനന്തരഫലമായി ജന്മം കൊണ്ടതാണ് മൈമൂന .കടപ്പുറത്ത് പിഴച്ചു പെറ്റവള്‍ എന്ന വ്യാഖ്യാനം. ജനങ്ങളുടെ ഇടയില്‍ ഇപ്പോഴും കദീജയില്‍  നില നില്‍ക്കുന്നുണ്ട് .കദീജ ഗര്‍ഭിണിയായ കാലത്ത് അടുക്കള പണികള്‍ക്കായി നാട്ടിലെ പ്രമാണിയുടെ വീട്ടില്‍ പോയിരുന്നു .മൈമൂനയെ കണ്ടാല്‍ പ്രമാണിയുടെ മക്കളുടെ മുഖച്ഛായയാണെന്ന് നാട്ടില്‍  എല്ലാവരും പറയും. പക്ഷെ നാളിതുവരെ മൈമൂനയുടെ പിതാവ് ആരെന്ന് കദീജ ആരോടും  വെളിപെടുത്തിയിട്ടില്ല .മൈമൂനയെ പ്രസവിച്ചതിനു ശേഷം  പ്രമാണിയുടെ വീട്ടിലെ അടുക്കള പണി കദീജ  അവസാനിപ്പിച്ചുകൊണ്ട് ഉണക്ക മത്സ്യം  വില്പനക്കാരിയായി . മീന്‍കാരി  എന്ന വിളിപ്പേരും സമൂഹം അവര്‍ക്ക് നല്‍കി .  പഠിക്കുവാന്‍ മിടുക്കിയായ മൈമൂനയും മൊയ്തീന്‍ കുഞ്ഞിന്‍റെ മകനും കുഞ്ഞു നാള്‍ മുതല്‍ക്കേ  അടുപ്പത്തിലാണ് .ഈ വിവരം അറിയാവുന്ന കദീജ  മകളുടെ ഇഷ്ടത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല .വിദ്യാസമ്പന്നനും സല്‍സ്വഭാവിയുമായ മൊയ്തീന്‍ കുഞ്ഞിന്‍റെ മകനില്‍ കദീജ യാതൊരുവിധ കുറവും കണ്ടില്ല .

പക്ഷെ  മകന് മൈമൂനയെ വിവാഹം കഴിക്കണം എന്ന ആഗ്രഹം  ഭാര്യയില്‍ നിന്നും മൊയ്തീന്‍ കുഞ്ഞ്  അറിഞ്ഞപ്പോള്‍ , അയാള്‍ ക്ഷുഭിതനായി  ആക്രോശിച്ചു കൊണ്ട്  മകനോട്‌ പറഞ്ഞു .

,, അനക്ക്‌ പെയച്ചുണ്ടായ   ഓളെ മാത്രേ കണ്ടുള്ളൂ അന്‍റെ മണവാട്ടിയാക്കാന്‍ .ഈ നാട്ടില് വേറെ   എത്ര  മൊഞ്ചുള്ള  പെമ്പുള്ളമാരുണ്ട്  അവരെയൊന്നും അനക്ക്‌ പറ്റീല .കണ്ടു ബെച്ചേക്കണ പെമ്പുള്ള  കൊള്ളാം     
ഇജ്ജ് ഈ കാര്യം മേലാല് ഇവടെ മിണ്ടരുത് എന്‍റെ ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ അയ്‌ന് സമ്മതിക്കൂല ,,

,, മൈമൂന അല്ലല്ലോ വാപ്പ തെറ്റുകാരി. മൈമൂനാന്‍റെ ഉമ്മയല്ലെ  .ഞാന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍  അത് മൈമൂനാനെ മാത്രമായിരിക്കും .എന്‍റെ തീരുമാനത്തില്‍ ഒരു മാറ്റവും ഇല്ല ,,

,,ഇജ്ജ് ചിലക്കാണ്ട്  പോണുണ്ടോ എന്‍റെ മുമ്പീന്ന് .ഇജ്ജ്  ആ പെയച്ചോളെ  നിക്കാഹ് ചെയ്താല് ഞമ്മടെ മോന്‍ മയ്യത്തായി  എന്ന് ഞമ്മള് ബിജാരിക്കും ,,

അടുത്ത ദിവസ്സം മുതല്‍ മൊയ്തീന്‍ കുഞ്ഞിന്‍റെ  മകനെ നാട്ടില്‍  കാണാതെയായി. നാട്ടില്‍ മകന്‍ ആത്മഹ്ത്യാ ചെയ്തിരിക്കും എന്ന വാര്‍ത്ത പരന്നു .കടലില്‍ മൂന്നാം പക്കം മൃതദേഹം അണയും എന്ന ചിന്തയില്‍ നാടു മുഴുവന്‍ ആകാംക്ഷയോടെ മൃതദേഹത്തിനായി  കാത്തിരുന്നു .പക്ഷെ നിരാശയായിരുന്നു ഫലം .മൊയ്തീന്‍ കുഞ്ഞിന്‍റെ മകനെ കുറിച്ച് യാതൊരു വിധ വിവരവും ലഭിച്ചില്ല .മകനെ കാണാതെയായപ്പോള്‍ പാത്തു മൊയ്തീന്‍ കുഞ്ഞിനോട് പറഞ്ഞു .

,, ഇങ്ങള് കാരണാ നിക്ക് ന്‍റെ മോനെ നഷ്ടായത് ഓന് മൈമൂനാനെ ജീവനാര്‍ന്ന് ഓനെ കാണാണ്ടായതിന് തലേന്ന് മോന്തിക്ക്‌ ഓന്‍ എന്നോട് പറഞ്ഞതാ മൈമൂനാനെ കെട്ടാന്‍ ഇങ്ങള് സമ്മതിച്ചില്ലാങ്കി ന്‍റെ മോന്‍ ഈ ദുനിയാവില്  ഉണ്ടാവൂലാന്ന് ,,

മൊയ്തീന്‍ മറുപടി നല്കാതെ വിദൂരതയിലേക്ക് നോക്കിയിരുന്നു .അപ്പോള്‍ അങ്ങ് ദൂരെ കടല്‍ ആര്‍ത്തിരമ്പുന്ന ശബ്ദം പ്രപഞ്ചം മുഴുവന്‍ മാറ്റൊലി കൊണ്ടു .ഇമകളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ മൊയ്തീന്‍ ഭാര്യ കാണാതെ തുടച്ചുകൊണ്ടെയിരുന്നു .

മാസങ്ങള്‍ കൊഴിഞ്ഞുപോയി മകനെ കുറിച്ചുള്ള യാതൊരു വിവരവും മൊയ്തീന്‍ അറിഞ്ഞില്ല .ചാകരയുടെ കാലത്ത് മത്സ്യബന്ധനത്തിനായി വരുന്ന അന്യ ദേശകാരനുമായി മൈമൂനയുടെ വിവാഹം നടന്നു .പക്ഷെ ഏതാനും മാസത്തെ ദാമ്പത്യജീവിതമേ  മൈമൂനയ്ക്ക് ലഭിച്ചുള്ളൂ. ചാകരയുടെ കാലം കഴിഞ്ഞതോടു കൂടി മൈമൂനയുടെ ഭര്‍ത്താവ് നാട്ടില്‍ പോയി വാരം എന്ന് പറഞ്ഞ് യാത്രയായി .പോകുമ്പോള്‍ നാട്ടില്‍ വീട് വാങ്ങിക്കുവാനാണെന്ന് പറഞ്ഞ് മൈമൂനയുടെ സ്വര്‍ണാഭരണങ്ങളും, കദീജ വര്‍ഷങ്ങളോളം കഷ്ട പെട്ട് സംബാദിച്ച  രൂപയും കൊണ്ടു പോയി .പെരുമാറ്റത്തില്‍ സല്‍സ്വഭാവിയായ അയാള്‍ പിന്നെ തിരികെ വന്നില്ല .കദീജയുടെ ശ്രമഫലമായി മരുമകനെ കണ്ടെത്തി പക്ഷെ കദീജ അയാളെ കുറിച്ചറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി പോയി .നിലവില്‍ രണ്ടു ഭാര്യയും അഞ്ചു മക്കളും ഉണ്ടായിരുന്നു അയാള്‍ക്ക്‌   .ചതിയില്‍ പെട്ടതറിഞ്ഞപ്പോള്‍    കദീജയുടെ ഹൃദയം തകര്‍ന്നു .മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ നടുക്കുന്ന സത്യം എല്ലാവരും അറിഞ്ഞു മൈമൂന ഗര്‍ഭിണിയായിരുന്നു .കദീജ മകളെ ആശ്വസിപ്പിച്ചു .മാസങ്ങള്‍ കൊഴിഞ്ഞുപോയി .മൈമൂന ഒരാണ്‍ കുഞ്ഞിനു ജന്മംനല്‍കി .

മൊയ്തീന്‍ കുഞ്ഞിന്  മകനെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല   .വര്‍ഷങ്ങള്‍ ഓരോന്നും കൊഴിഞ്ഞുപോയി കൊണ്ടിരുന്നു . മൈമൂനയുടെ മകന് എട്ടു വയസ്സ് പ്രായമായി കാണും .കദീജ അസുഖം മൂലം ഉണക്ക മത്സ്യ വില്പന നിറുത്തി. മൈമൂനയും കുഞ്ഞും കദീജയും ആഹാരത്തിനു വേണ്ടി കഷ്ടത അനുഭവിച്ചു .ആ അവസരത്തിലാണ് മൈമൂനയ്ക്ക് ഒരു അറബിയുമായുള്ള വിവാഹാലോചന വരുന്നത് ഗള്‍ഫില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉള്ള അറബി ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേര്‍ പിരിഞ്ഞു എന്ന് ദല്ലാള്‍ മുഖാന്തിരം മൈമൂന അറിഞ്ഞു  .മൈമൂന എതിര്‍പ്പ് പറഞ്ഞില്ല  .തന്‍റെ മകന് നല്ലൊരു ജീവിതം ലഭിക്കുമല്ലോ അതായിരുന്നു മൈമൂനയുടെ പ്രതീക്ഷ. ദല്ലാളിനോട് മൈമൂന പറഞ്ഞു .

,, ഗള്‍ഫിലേക്ക് പോകുമ്പോ ന്‍റെ മോനെ കൂടി കൊണ്ടോകൂന്നു ബെച്ചാല്‍ നിക്ക് സമ്മതാ അല്ലാച്ചിങ്കി   നിക്ക് ഈ കല്ല്യാണം ബേണ്ട ,, 

 ദല്ലാള്‍ മുറുക്കി ചുമന്ന വായിലെ മോണ പുറത്തു കാട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു  

,, ഇതാപ്പോ നല്ല  കഥ .ഇജ്ജ് ബെജാറാവാണ്ടിരിക്ക് . അറബി നല്ല തങ്ക പെട്ട ആളാ .അന്നെ   രാജകുമാരിയെ പോലെ നോക്കും  ആ കാര്യത്തില് ഞമ്മക്ക് യാതൊരു വിധ സംശയങ്ങളും ഇല്ല .   അന്‍റെ മോനേം  അറബി   നോക്കും   അന്‍റെ ഭാഗ്യം അതാ ഇങ്ങനെയൊരു പുയാപ്ലനെ അനക്ക്‌ ഒത്തു കിട്ടിയത് ,,

മഹല്ല് ഖത്തീബിന്‍റെ കാര്‍മികത്വത്തില്‍ മൈമൂനയുടെ വിവാഹം നടന്നു .അറബി പട്ടണത്തിലെ ആഡംബര ലോഡ്ജില്‍ മുറി വാടകയ്ക്ക് എടുത്ത് മൈമൂനയെ ലോഡ്ജിലേക്ക് കൂട്ടികൊണ്ട് പോയി .മകനെ പുതിയ വസ്ത്രംധരിപ്പിച്ചു കൊടുത്ത് കൂടെ കൊണ്ട് പോകുവാന്‍ തുനിഞ്ഞപ്പോള്‍ .അറബി എന്തൊക്കയോ പറഞ്ഞു .മൈമൂനയ്ക്ക് ഒന്നും മനസ്സിലായില്ല അറബിയുടെ  കൂടെ ഉണ്ടായിരുന്ന മലയാളി പരിഭാഷ ചെയ്തു കൊടുത്തു .

,, മകനെ ഇപ്പോള്‍ കൂടെ കൊണ്ട് പോകേണ്ടാന്നാ അറബി പറയണത് ,,

മൈമൂന നാളിതുവരെ മകനെ വേര്‍പിരിഞ്ഞു ജീവിച്ചിട്ടില്ല .അറബിയുടെ പിറകെ മൈമൂന വാഹനം ലക്ഷ്യമാക്കി നടന്നു ,ഒപ്പം കുഞ്ഞും .കദീജ കുഞ്ഞിന്‍റെ  കൈ ഭലമായി  പിടിച്ചുകൊണ്ട്  അകത്തേക്കുപോയി .ദിവസ്സങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .മൈമൂനയുടെ പാസ്പോര്‍ട്ട്അറബി  ധൃതഗതിയില്‍ തരപെടുത്തി .കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ലഭിച്ചില്ല എന്ന് അറബി മലയാളിയെകൊണ്ട് മൈമൂനയോട് പറയിപ്പിച്ചു  .അറബിയുടെ കൂടെ പോകുകയല്ലാതെ  വേറെയൊരു മാര്‍ഗ്ഗവും മൈമൂനയില്‍ ഉണ്ടായിരുന്നില്ല .തന്‍റെ അരുമ മകനെ ഉമ്മയെ ഏല്പിച്ചു മൈമൂന ഗള്‍ഫിലേക്ക് യാത്രയായി .മണലാരണ്യത്തിലേക്കുള്ള കന്നി  യാത്ര .

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കദീജ അസുഖ മായി കിടപ്പിലായി അയല്‍വാസികളും മറ്റും കദീജയെ പരിചരിച്ചു .ഏറെനാള്‍ കഴിയുമ്പോഴേക്കും കദീജ ഇഹലോകവാസം വെടിഞ്ഞു .മൈമൂനയുടെ കുഞ്ഞ് അനാഥമായി .നാട്ടിലുള്ളവര്‍ ഒന്നടങ്കം കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിക്കാം എന്ന് തീരുമാനിച്ചു .കദീജയുടെ ഭൌതീക ശരീരം കബറടക്കിയ ശേഷം  മൊയ്തീന്‍ കുഞ്ഞ് നേരെ കദീജയുടെ വീട്ടില്‍ പോയി മൈമൂനയുടെ കുഞ്ഞിനെ കൂട്ടി തന്‍റെ വീട്ടിലേക്ക് നടന്നു .അയാള്‍ ഓര്‍ത്തുപോയി തന്‍റെ മകന് ഏറെ ഇഷ്ടമുള്ളവളുടെ മകനല്ലെ ഈ കുഞ്ഞ് ,അന്ന് വിവാഹത്തിന് താന്‍ സമ്മതിച്ചിരുന്നെങ്കില്‍ തന്‍റെ പേരകുട്ടിയാകെണ്ടവന്‍  .വീടിന് അടുത്തെത്തിയപ്പോള്‍ മൊയ്തീന്‍ കുഞ്ഞ് ഭാര്യയെ  നീട്ടി വിളിച്ചു 

,, എടീ പാത്തൂ ...ദാ ആരാ ഈ വന്നേക്കുന്നു എന്ന് നോക്കിയേ  ഞമ്മക്ക് ഈ പൈതലിനെ യത്തീംഖാനയിലേക്ക് കൊടുക്കാന്‍ മനസ്സ് ബന്നില്ലടീ ഇബനെ ഞമ്മക്ക് വളര്‍ത്താമെടി ഞമ്മക്ക് നഷ്ടായ ഞമ്മടെ മോനെ പോലെ ,,

,, ഞമ്മള് ഇങ്ങള് അങ്ങോട്ട്‌ പോകുമ്പം പറയാണോന്നു ബിചാരിച്ചിക്കിണ് പക്ഷേങ്കി ഇങ്ങള് വയക്കു പറഞ്ഞെക്കൂന്നു പേടിച്ചോണ്ടാ  ഞമ്മള് പറയാണ്ടിരിന്നത്  ഞമ്മക്ക് സന്തോഷായി പെരുത്ത് സന്തോഷായി ,,

മൈമൂനയുടെ കുഞ്ഞ് മൊയ്തീന്‍ കുഞ്ഞിന്‍റെ വീട്ടില്‍ സസുഖം ജീവിച്ചു .

വള്ളങ്ങള്‍ കരയില്‍ നിരത്തി വെച്ചിരിക്കുന്നതിന് അരികില്‍ കീറിയ വല തുന്നുന്ന മൊയ്തീന്‍ കുഞ്ഞിനെ സഹായിക്കുകയാണ് മൈമൂനയുടെ മകന്‍ .ഉപ്പാപ്പ എന്നാണ് മൊയ്തീന്‍ കുഞ്ഞിനെ മൈമൂനയുടെ മകന്‍ വിളിക്കുന്നത്‌ . 
മൈമൂനയുടെ മകന്‍ ചോദിച്ചു .

,, ന്‍റെ ഉമ്മച്ചി എന്നാ വരിക ഉപ്പാപ്പ ,,

അയാള്‍  പ്രതീക്ഷിക്കാതെയുള്ള ചോദ്യമായിരുന്നു അത് 

,,വരും വരാണ്ടിരിക്കില്ല ഉപ്പാപ്പാന്‍റെ മോന്‍ പോയിട്ടുണ്ട് മോന്‍റെ ഉമ്മച്ചിനെ കൊണ്ടുവരാന്‍ ,ഉപ്പാപ്പന്‍റെ മോനുക്ക് പെരുത്ത് പെരുത്ത്  ഇഷ്ടായിരുന്നു മോന്‍റെ ഉമ്മച്ചീനെ .പക്ഷേങ്കില് ഈ ഉപ്പാപ്പാക്ക് ആ മോഹബ്ബത്ത് മനസ്സിലാക്കാനുകൊണ്ട്  കയിഞ്ഞില്ല .പേര്‍ശേല്‍ന്നു കൊറേ പണവുമായി ന്‍റെ മോന്‍ മോന്‍റെ ഉമ്മച്ചീനേം കൊണ്ട് വന്നിട്ട് ന്‍റെ മോന്‍ എന്നോട് പറയും വാപ്പയ്ക്ക്‌ ഹജ്ജിനു പോവെണ്ടേ ഇതാ ഹജ്ജിനു പോകാനുള്ള പണം ന്നു പറഞ്ഞിട്ട് ഉപ്പാപ്പന്‍റെ നേര്‍ക്ക്‌ ഒരു കെട്ടു  പണം തരും .എന്നിട്ട് ഉപ്പാപ്പ ഹജ്ജിനു പോവും.ഉപ്പാപ്പ ഹജ്ജിനു പോയി വരുംബ്ബം ന്‍റെ കുട്ടിക്ക് എന്താ കൊണ്ട് വരേണ്ടേ   ,,

,, എനിക്ക് ഒന്നും ബേണ്ട ഉപ്പാപ്പ ഹജ്ജിനു പോയിട്ട് വെക്കം ബന്നാമാത്രം മതി ഉപ്പാപ്പ ഇല്ലാണ്ടെ എനിക്ക് ഒരു രസവും ഉണ്ടാവില ഇവിടെ ,,

മൊയ്തീന്‍ കുഞ്ഞ് കുഞ്ഞിന്‍റെ തലയില്‍ തലോടി കവിളിലൊരു മുത്തം നല്കിക്കൊണ്ട് പറഞ്ഞു .

,, ഇനി ഞമ്മക്ക് ബീട്ടിലോട്ടു പോകാം ബാക്കി ബിസായങ്ങള് ഞമ്മക്ക് ബീട്ടില് പോയിട്ട് പറയാട്ടോ ,,

മൊയ്തീന്‍ കുഞ്ഞ് കുഞ്ഞിന്‍റെ കൈ പിടിച്ചു വീട്ടിലേക്ക്  നടന്നു   

മൈമൂനടെ കുഞ്ഞ്സ്കൂളില്‍നിന്നും വന്നാല്‍   ഏതു നേരവും മൊയ്തീന്‍ കുഞ്ഞിന്‍റെ പുറകെ നടക്കും .കടലില്‍ പോയാല്‍ ഉപ്പാപ്പന്‍റെ വരവും നോക്കിയിരിക്കും .മൊയ്തീന്‍ കുഞ്ഞിന് ആ കുരുന്നിന്‍റെ സ്നേഹം കാണുമ്പോള്‍ പലപ്പോഴും ഇമകള്‍ നിറയും .ദിവസങ്ങള്‍ പോയിക്കൊണ്ടിരുന്നു .മകന്‍ ഒരിക്കല്‍ തിരിച്ചു വരും എന്ന പ്രതീക്ഷ മൊയ്തീന്‍ കുഞ്ഞും കൊടുംബവും കൈവെടിഞ്ഞില്ല .മൈമൂനയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആര്‍ക്കുംതന്നെ അറിയുവാന്‍ കഴിഞ്ഞില്ല 
വര്‍ഷകാലം കടപ്പുറത്ത് പട്ടിണിയുടെ കാലമാണ് തിമര്‍ത്തു പെയ്യുന്ന പേമാരിയില്‍ മത്സ്യബന്ധനം അസാദ്യമാണ് വേനല്‍കാല ആരഭം കുറിച്ചുകൊണ്ട് ആകാശം തെളിഞ്ഞു നിന്നു ..അന്നന്നെയ്ക്ക് ഭക്ഷണത്തിനുള്ള വക തേടുന്ന കുറേ പച്ചയായ മനുഷ്യരുടെ മോഹങ്ങള്‍ കടല്ലമ്മയുടെ കനിവ് പോലെയിരിക്കും .കടപ്പുറത്ത് ചാകരയുടെ കാലം വരവായി .എല്ലാവരും സന്തോഷത്തോടെ ചാകരയെ വരവേല്‍ക്കുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങി . പട്ടിണിയില്ലാതെ ഏതാനും മസ്സങ്ങള്‍ ജീവിക്കുവാന്‍ കഴിയും എന്ന വിശ്വാസം എല്ലാവരുടേയും മുഖത്ത് തെളിഞ്ഞു കാണാം .സൂര്യന്‍ തന്‍റെ  അന്നത്തെ  കര്‍ത്തവ്യം  അവസാനിപ്പിച്ച്  സമുദ്രത്തില്‍ ലയിക്കാനായി  പടിഞ്ഞാറോട്ട് മന്ദം മന്ദം നീങ്ങികൊണ്ടിരുന്നു .അപ്പോള്‍ ആകാശം നിറയെ സ്വര്‍ണ പ്രഭയാല്‍ നിറഞ്ഞുനിന്നു.
                                                                  ശുഭം 




rasheedthozhiyoor@gmail.com      rasheedthozhoiyoor.blogspot.com                                           








    



,,