കൊച്ചിയിൽ വീണ്ടും ആഡംബര കാർ ദുരന്തം; അഡീഷണൽ ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമയ്ക്ക് ദാരുണാന്ത്യം.
കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപേ കൊച്ചിയിൽ വീണ്ടും പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഓടിച്ച ആഡംബര കാറിടിച്ച് ദാരുണ മരണം. എറണാകുളം ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ മധ്യവയസ്കനാണ് കൊല്ലപ്പെട്ടത്. ചിറ്റൂരിൽ തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി56 വയസ് പ്രായമുള്ള ജയബാലകൃഷ്ണൻ ആണ് മരിച്ചത്.
അപകടമുണ്ടാക്കിയ ആഡംബര ബെൻസ് കാർ (KL 46 F 0333) ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ പേരിലുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ലൈസൻസില്ലാതെ വണ്ടിയോടിച്ച ജഡ്ജിയുടെ 17 വയസ്സുകാരനായ മകനെ ചേരാനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ചേരാനല്ലൂർ ഫോർഡ് ഷോറൂമിന് സമീപമായിരുന്നു അപകടം. ചിറ്റൂരിലെ തട്ടുകടയിലെ ജോലി കഴിഞ്ഞ്, വീട്ടിലേക്കുള്ള ആവശ്യത്തിന് വാങ്ങിയ അരിയും മറ്റ് സാധനങ്ങളുമായി സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ജയബാലകൃഷ്ണൻ. ഈ സമയം ചേരാനല്ലൂർ ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ ബെൻസ് കാർ സ്കൂട്ടറിന്റെ പുറകിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന അരിയും മറ്റ് സാധനങ്ങളും റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും ചേരാനല്ലൂർ പോലീസും ചേർന്ന് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം നടന്ന ഉടനെ നിർത്താതെ ഓടിച്ചുപോയ കാർ വഴിയില്ലാത്തതിനെ തുടർന്നാണ് കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂടാതെ, അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളോടും നാട്ടുകാരോടും ചോദ്യങ്ങളൊന്നും ചോദിക്കരുതെന്ന് പറഞ്ഞ് പ്രതിയുടെ പിതാവായ ജഡ്ജി തട്ടിക്കയറിയതായും ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ കാർ സംഭവസ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചതും വലിയ വിവാദമായിരിക്കുകയാണ്.
അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിന് നൽകിയ പ്രാഥമിക മൊഴി.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 281 (അശ്രദ്ധയോടെ അലക്ഷ്യമായി പൊതുവഴിയിൽ വാഹനമോടിക്കൽ), 106 (1) (അശ്രദ്ധമൂലം ഒരാളുടെ മരണത്തിന് കാരണമാകൽ) എന്നിവ പ്രകാരമാണ് ചേരാനല്ലൂർ പോലീസ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ആഡംബര വാഹനം ഓടിക്കാൻ നൽകിയതുമായി ബന്ധപ്പെട്ട് വാഹന ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന
മോട്ടോർ വാഹന നിയമത്തിലെ 199A വകുപ്പ് പ്രകാരം, പ്രായപൂർത്തിയാകാത്തയാൾ നിയമലംഘനം നടത്തിയാൽ വാഹനത്തിന്റെ ഉടമയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കാം. ഇവർക്ക് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാം. കൂടാതെ, കുറ്റകൃത്യത്തിൽ ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. നിയമപ്രകാരമുള്ള ഒഴിവുകൾക്കും പ്രതിരോധവാദങ്ങൾക്കും വിധേയമായിരിക്കും ഇത്.
⚖️ പ്രേക്ഷകരോട് ഒരു ചോദ്യം!
ലൈസൻസില്ലാത്ത 17-കാരന് ആഡംബര ബെൻസ് കാർ ഓടിക്കാൻ നൽകിയ സംഭവത്തിൽ, വാഹന ഉടമയായ അഡീഷണൽ ജഡ്ജിക്കെതിരെയും നിയമനടപടി ഉണ്ടാകുമോ?
നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, ഈ സംഭവത്തിൽ വാഹന ഉടമയും നിയമത്തിന് മുന്നിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതല്ലേ ?
💬 നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ!
റിപ്പോർട്ടർ: റഷീദ് തൊഴിയൂർ | Fusion Flicks Media
📢 Fusion Flicks Media — എന്നും ജനങ്ങളോടൊപ്പം .
Kochi Benz accident, Cheranalloor car accident, Kerala Malayalam news, underage driving Kerala, Mercedes Benz accident, Kerala breaking news.
എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ ഒരു എഴുത്തുകാരനാക്കി '
ആധികാരികമായി രചനകള്‍ നിര്‍വഹിക്കുവാൻ ഞാന്‍ അര്‍ഹനല്ല എന്ന ബോധ്യമുണ്ടെങ്കിലും ' എഴുതുവാനുള്ള ആര്‍ത്തി അത്യാര്‍ത്തിയായി എന്നില്‍ പരിണമിക്കുമ്പോള്‍ എഴുതാതെയിരിക്കുവാന്‍ എനിക്ക് നിര്‍വാഹ മില്ല ' മറ്റ് മേഘലകളില്‍ നിന്നും എഴുത്ത് വേറിട്ടുനില്ക്കുന്നു എന്നാണ് എൻ്റെ വിശ്വാസം ' എഴുത്ത് വെറും നേരമ്പോക്കായി കാണാതെ എഴുതുന്നത് മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ' എന്റെ രചനകള്‍ മറ്റുള്ളവരുടെ ജീവിതത്തിന് നന്മയും വെളിച്ചവും ഏകാന്‍ കഴിഞ്ഞാല്‍ എന്റെ കര്‍ത്തവ്യം അര്‍ത്ഥവത്താകും ' എല്ലാവരിലും നന്മയും സ്നേഹവും സാഹോദര്യവും ഉണ്ടാവട്ടെ ' രചനകള്‍ വായിച്ച് അഭിപ്രായം എഴുതുന്നതിനോടൊപ്പം വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി എഴുതുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.
0 Comments
പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ