📖 കഥ: "ഓർമ്മകളെ കൂട്ടുപിടിച്ചു ജീവിക്കുന്നയാൾ"
കണ്ണൂരിലേക്കുള്ള യാത്രക്കായി ഒരു വൈകുന്നേരം. കുറ്റിപ്പുറം റെയിവേ സ്റ്റേഷനിൽ നിൽക്കുന്ന നേരം ഒരു വയോധികന്‍ അകലെ നിന്നുള്ള ട്രെയിനിന്റെ വരവും കാത്ത് ഒറ്റയ്ക്ക് നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു.
അദ്ദേഹത്തെ ഞാൻ ശ്രദ്ധിക്കുവാൻ കാരണമുണ്ട് സ്ത്രീകൾ ഉപയോഗിക്കുന്ന മനോഹരമായ ഒരു വാനിറ്റി ബാഗ് ബാഗ് അദ്ദേഹം തോളിലിട്ടിരിക്കുന്നു . അദ്ദേഹത്തെ ഞാൻ മാത്രമല്ല ഫ്ലാറ്റുഫോമിലൂടെ പോകുന്നവരും ഇരിപ്പിടത്തിൽ ഇരിക്കുന്നവരും ശ്രദ്ധിക്കുന്നുണ്ട് ”ആശ്ചര്യപൂർവം നോക്കുന്നവരെയും,പരിഹാസ്യ ഭാവത്തോടെ ചിരിക്കുന്നവരെയും അദ്ദേഹം ഗൗനിക്കുന്നുണ്ടായിരുന്നില്ല . ഇടയ്‌ക്കൊക്കെ ആ ബാഗ് അദ്ദേഹം മാറോട് ചേർത്തുപിടിക്കുന്നുമുണ്ട്.ഞാൻ ഓർത്തു അദ്ദേഹത്തിൻ്റെ ഭാര്യ വാഷ്‌റൂമിലൊ മറ്റൊ പോയതായിരിക്കുമെന്ന്.ചാറ്റൽമഴയുടെ നേർത്ത തുള്ളികൾ ശരീരത്തിലേക്ക് പതിച്ചപ്പോൾ ഞാനും അദ്ദേഹം ഇരിക്കുന്ന ഇരിപ്പിടത്തിൽ പോയിരുന്നു.ഞാനിരുന്നപ്പോൾ അദ്ദേഹം എൻ്റെ മുഖത്തേക്കുനോക്കി പുഞ്ചിരിച്ചു.നെറ്റിയിൽ ചന്ദനക്കുറി വരച്ച അദ്ദേഹത്തിന്റെ മുഖം നല്ല ഐശ്വര്യമുള്ള മുഖമായിരുന്നു . തൂവെള്ള മുണ്ടും ജുബ്ബയുമായിരുന്നു വേഷം.
എനിക്ക് എന്തൊക്കയോ അദ്ദേഹത്തോട് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ അദ്ദേഹം പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് എനിക്കൊന്നും ചോദിക്കുവാനായില്ല .അൽപനേരത്തെ കാത്തിരിപ്പിനൊടുവിൽ ട്രെയിൻ ചീറിപ്പാഞ്ഞു വന്നുനിന്നു .ഞാൻ എനിക്ക് കയറുവാനുള്ള കമ്പാർട്ടുമെന്റിൽ കയറിയിരുന്നു.അദ്ദേഹവും അതേ കമ്പാർട്ടുമെന്റിൽ തന്നെ കയറി എനിക്ക് അഭിമുഖമായി ഇരുന്നു.ട്രെയിനിൽ തിരക്ക് വളരെ കുറവായിരുന്നതിനാലാവണം ഞങ്ങൾക്കരികിൽ മറ്റാരും തന്നെ ഇരിക്കുവാനുണ്ടായിരുന്നില്ല.ഞാൻ കരുതിയത് പോലെ അദ്ദേഹത്തിൻ്റെ ഭാര്യ അദ്ദേഹത്തോടൊപ്പം ഇല്ല എന്ന സത്യം ട്രെയിൻ പുറപെട്ടപ്പോൾ എനിക്ക് മനസിലായി.അദ്ദേഹം ട്രെയിനിൽ കയറിയിരുന്നപ്പോൾ വാനിറ്റി ബാഗ് മാറോട് ചേർത്തുപിടിച്ചു വായന പുനരാരംഭിച്ചു.
ആ വാനിറ്റി ബാഗിനെ കുറിച്ചറിയുവ 위한 ജിജ്ഞാസ എനിക്ക് ഒതുക്കി വെക്കുവാനായില്ല ഞാൻ അദ്ദേഹത്തിൻ്റെ വായന തടസ്സപ്പെടുത്തി ചോദിച്ചു .
"സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗ് ഇങ്ങനെ തോളിലിട്ടു നടന്നാൽ ആളുകൾ കളിയാക്കുകയില്ലേ ? "
അദ്ദേഹം പുറത്തേക്കൊന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഇത് എന്റെ ഭാര്യയുടെതാണ്, അവൾക്ക് ഏറെ ഇഷ്ടപെട്ട ബാഗായിരുന്നു ഇത്. അവളുടെ ഓർമക്കായി ഞാനെപ്പോഴും ഈ ബാഗ് കൂടെ കൊണ്ടുനടക്കും കാരണം തനിച്ചുള്ള യാത്രകൾ ഞങ്ങൾക്കിടയിൽ വളരെ വിരളമായിരുന്നു .”
തിളക്കമുള്ള സ്വർണ്ണ നിറമുള്ള കണ്ണടയിലൂടെ അദ്ദേഹം ആ ബാഗിലേക്ക് നോക്കി പറഞ്ഞു:
“അവളൊരു ടീച്ചറായിരുന്നു. പയ്യാറ്റുർ ഗവർമെൻറ് ഹൈസ്കൂളിലെ ടീച്ചർ. ചിരിച്ചും കരഞ്ഞും ജീവിതം പങ്കുവെച്ച അവളെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു, പക്ഷേ അവളുടെ ഓർമ്മകൾ എന്നിൽ നിന്നും എങ്ങിനെ അടർന്നുപോകുവാനാണ്. എനിക്ക് അവളും അവൾക്ക് ഞാനും മാത്രമായിരുന്നു തുണ. ഇന്നിപ്പോൾ ഞാൻ ഏകനായിരിക്കുന്നു. പുറമെ നിന്നുനോക്കുന്നവർക്ക് ഞാൻ ഏകനാണ് പക്ഷെ എൻ്റെ കൂടെ അവളുണ്ട്. ഈ ബാഗ് എൻ്റെ കയ്യിൽ തന്ന് ദേ എൻ്റെ അരികിലിരുന്ന് അവൾ കാഴ്ചകൾ കണ്ടുരസിക്കുന്നുണ്ട്. അവൾക്ക് ട്രെയ്ൻ യാത്രകൾ വളരെ ഇഷ്ടമായിരുന്നു. അവൾക്കുവേണ്ടിയാണ് ഇന്ന് ഞാൻ ഈ യാത്ര പുറപ്പെട്ടത്. ഈ ട്രെയിൻ യാത്ര അവസാനിപ്പിക്കുന്നത് മംഗലാപുരത്താണ്. അവിടെ ഞാനിറങ്ങി അടുത്ത ട്രെയിനിൽ ഞാൻ തിരികെ പോരും, അല്ല ഞാനും അവളും തിരികെ പോരും ”
എനിക്ക് അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് മറുപടി പറയുവാനുണ്ടായിരുന്നില്ല. അദ്ദേഹവും എന്നോട് പിന്നീട് ഒന്നും സംസാരിച്ചതുമില്ല. ഇടയ്ക്കൊക്കെ വാനിറ്റി ബാഗ് മാറോട് ചേർത്തുപിടിച്ചു അദ്ദേഹം ആ കട്ടിയുള്ള പുസ്തകം വായിച്ചുകൊണ്ടേയിരുന്നു.
അദ്ദേഹത്തിൻ്റെ ഭാര്യയുടെ ആത്മാവ് അദ്ദേഹത്തോടൊപ്പം ഉണ്ട് എന്ന് ഓർമ്മപെടുത്തിയതുപോലെ ഒരു നിമിഷം, ആ വാനിറ്റി ബാഗ് ഒരു മിന്നൽ വെളിച്ചം സ്വർണ്ണവർണ്ണമായി തിളങ്ങിയതുപോലെ എനിക്ക് അനുഭവപെട്ടു.
"ചിലരുടെ ജീവിതം, നാം കരുതുന്നതുപോലെയല്ല. ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് ... ചില ഓർമ്മകളാണ് ചിലർക്കൊക്കെ ജീവിതം മുന്നോട്ട് നയിക്കുവാനുള്ള കരുത്ത്. അങ്ങിനെ ഓർമ്മകളെ കൂട്ടുപിടിച്ചു ജീവിക്കുന്ന ഒരാളെയാണ് ഞാനിന്ന് കണ്ടുമുട്ടിയത്."
ശുഭം
രചന: റഷീദ് തൊഴിയൂർ
✍️ ചിന്താക്രാന്തൻ,
🔗 ബ്ലോഗ്: rasheedthozhiyoor.blogpost.com
#ഓർമ്മകൾ #യാത്രാനുഭവങ്ങൾ #പ്രണയകഥ #RasheedThozhiyoor #Chinthakranthan #MalayalamStory
0 Comments
പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള് വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന് പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ