22 April 2015

ചെറുകഥ .ആയുഷ്ടോമയാഗം


                    ഖത്തറിന്‍റെ  മുഖച്ഛായമാറ്റുന്ന ദോഹ മെട്രോ റെയില്‍ നെറ്റ്‌വര്‍ക്‌സിന്‍റെ  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിയുന്നു. റാസ് ലഫാനെയും മിസൈദിനെയും ദോഹ വഴി ബന്ധിപ്പിക്കുന്നതാണീ റെയില്‍വേ പദ്ധതി.യാത്രക്കാര്‍ക്കും, ചരക്കുകള്‍കൊണ്ടുപോകുന്നതിനും  റെയില്‍വേ ഉപയോഗപ്പെടുത്തും. രണ്ടായിരത്തി ഇരുപത്തിരണ്ടിലെ  ലോകകപ്പിനു മുമ്പായിത്തന്നെ വിവിധ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെടുത്തുന്ന ദോഹ മെട്രോ പൂര്‍ത്തിയാക്കുമെന്ന വാര്‍ത്ത സ്വദേശികളെപ്പോലെ വിദേശികളും സന്തോഷത്തോടെയാണ്  സ്വീകരിച്ചത് .

ദോഹയിലെ തിരക്കേറിയ പട്ടണം. പ്രധാന പാതയുടെ ഒരുവശം വ്യാപാരസ്ഥാപനങ്ങളും , മറുവശം തകര ഷീറ്റുകള്‍ കൊണ്ട് മതില്‍ കെട്ടിയ ഇടത്ത്  മെട്രോയുടെ  ഭൂഗർഭ സ്‌റ്റേഷനു വേണ്ടി  പണികള്‍ ധൃതഗതിയില്‍ നടക്കുന്നു .വ്യാപാരസ്ഥാപനങ്ങളുടെ ഇടയിലാണ് മൂസക്കയുടെ ഹോട്ടല്‍ മെട്രോയുടെ പണികള്‍ നടക്കുന്നത് കൊണ്ട് മൂസക്കയുടെ ഹോട്ടലില്‍ ആളൊഴിഞ്ഞ നേരമില്ല .അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നതുപോലെയാണ് ഹോട്ടലിലെ വ്യാപാരം .രണ്ടു മാസക്കാലം മാത്രമേ  ഹോട്ടലിന് ആയുസ്സുള്ളൂ .മെട്രോയ്ക്ക് വേണ്ടി ഇവിടെയുള്ള കെട്ടിടങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകുവാന്‍ മുനിസിപ്പാലിറ്റി നല്‍കിയ നോട്ടിസിലെ കാലാവധി കഴിയാന്‍ ഇനി രണ്ടുമാസങ്ങള്‍ മാത്രം ബാക്കി .   പുലര്‍ച്ചെ അഞ്ചു മണിക്ക് തുറക്കുന്ന ഹോട്ടല്‍ അടയ്ക്കുന്നത് രാത്രി പന്ത്രണ്ടു മണി കഴിയും .മൂസക്ക കൂടാതെ ഹോട്ടലില്‍  ഭക്ഷണം പാചകം ചെയ്യുവാന്‍ മൂന്നുപേരും, വിതരണം ചെയ്യുവാന്‍ ഒരാളുമാണുള്ളത്‌ .മൂസക്ക ഭക്ഷണം വിതരണംചെയ്യുകയും  ഒപ്പം പണം വാങ്ങുകയും  ചെയ്യും .

മൂസക്ക പ്രവാസ ജീവിതം തുടങ്ങിയിട്ട് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ഇരുപതാം വയസ്സില്‍ മണലാരണ്യത്തിലേക്ക് പോരുമ്പോള്‍ അയാളുടെ ലക്ഷ്യം സഹോദരിമാരെ വിവാഹം ചെയ്തയക്കുവാനുള്ള പണം സ്വരൂപിക്കുക  എന്നത് മാത്രമായിരുന്നു .അയാളുടെ മൂത്ത സഹോദരിക്ക് ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞിരുന്നു .ഇളയ  മൂന്നു സഹോദരികള്‍ക്ക്‌ .പതിനെട്ടും ,പതിനാറും ,പതിമൂന്നും വയസ്സായിരുന്നു പ്രായം .അയാളുടെ പത്തൊന്‍പതാം വയസ്സില്‍ പിതാവിന്‍റെ ആകസ്മികമായ മരണം  കലാലയത്തിലെ പഠനം അയാള്‍ക്ക്‌  അവസാനിപ്പിക്കേണ്ടി വന്നു .ഒരു വര്‍ഷകാലം ചുമട്ടു തൊഴില്‍ ചെയ്തുവെങ്കിലും പട്ടിണിയില്ലാതെ കുടുംബം പോറ്റുവാന്‍ അയാള്‍ക്കായില്ല .പിന്നീടുള്ള അയാളുടെ പ്രയത്നം ഗള്‍ഫിലേക്ക് എത്തിപെടുവാനായിരുന്നു .അയാളുടെ പ്രയത്നം വെറുതെയായില്ല .അങ്ങിനെ മൂസക്കയും പ്രവാസിയായി .പിറന്ന നാടുവിട്ട്  ഒരിക്കല്‍ എത്തിപ്പെട്ടാല്‍ പിന്നെ പിറന്ന നാട്ടിലേക്ക് പ്രവാസ ജീവിതം  മതിയാക്കി എന്നന്നേക്കുമായി  പോകണം എന്ന്  കരുതിയാലും തിരികെ   പോകുവാന്‍ ജീവിത സാഹചര്യം അനുവദിക്കാത്ത   ഹതഭാഗ്യരായ പ്രവാസികളിലെ ഒരുവനാകുവാനായിരുന്നു മൂസക്കയുടെ വിധി .

പത്തുവര്‍ഷം  സഹോദരിമാരെ വിവാഹം ചെയ്തയക്കുവാനായി അയാള്‍ അഹോരാത്രം കഷ്ടപ്പെട്ടു.പിന്നെ അഞ്ചുവര്‍ഷം വീട് പണിയുവാനായി കഷ്ടപ്പെട്ടു .മുപ്പത്തിയാറാമത്തെ വയസ്സിലാണ് അയാള്‍ക്ക്‌ മംഗല്ല്യ ഭാഗ്യം ലഭിച്ചത് .രണ്ടാം വിവാഹക്കാരിയാണെങ്കിലും അവള്‍ സ്നേഹമുള്ളവളായിരുന്നു .വിവാഹശേഷം ഈരണ്ടുവര്‍ഷം കൂടുമ്പോള്‍ അയാള്‍  അവധിക്ക് പോയിപ്പോന്നു .അങ്ങിനെ നാല്പത്തിയെട്ട് വയസ്സാവുമ്പോഴേക്കും മൂസക്ക അഞ്ചു പെണ്‍മക്കളുടെ  പിതാവായി .ഇപ്പോള്‍ മൂസക്കയ്ക്ക് വയസ്സ് അന്‍പത്തഞ്ചു കഴിഞ്ഞു .കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മൂത്ത മകളെ  വിവാഹം ചെയ്തയച്ചു . സ്വന്തമായി ഹോട്ടല്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആവുന്നുള്ളൂ .

വസ്ത്ര വ്യാപാരി ഹൈദര്‍ ഹാജി മൂസക്കയുടെ അടുത്ത സുഹൃത്താണ് .മൂസക്കയുടെ പാദസ്പര്‍ശം ഈ മണലാരണ്യത്തില്‍ ഏറ്റ അന്നുമുതലുള്ള സൌഹൃദം ഇന്നും തുടര്‍ന്നുപോരുന്നു .ഹൈദര്‍ ഹാജി ദോഹയിലെ അറിയപെടുന്ന വ്യാപാരി ആയെങ്കിലും ഇടയ്ക്കിടയ്ക്ക് മൂസക്കയുടെ ഹോട്ടലിലേക്ക് അയാള്‍ വരുമായിരുന്നു .ഹൈദര്‍ ഹാജി വാഹനം ഒതുക്കിനിറുത്തി ഹോട്ടലിലേക്ക് കയറിച്ചെന്നു .എച്ചില്‍ പാത്രങ്ങള്‍ എടുക്കുമ്പോഴാണ് മൂസക്ക ഹൈദര്‍ഹാജിയെ കണ്ടത്  .സഹായിയോട് പാത്രങ്ങള്‍ അകത്ത് കൊണ്ടുവെയ്ക്കുവാന്‍ പറഞ്ഞ് കൈപാദങ്ങള്‍ കഴുകിത്തുടച്ചു മൂസക്ക ഹജിയുമായി ഹസ്തദാനം ചെയ്തു . 

 ,, അസ്സലാമു അലൈക്കും ,,

,, വ അലൈക്കും മുസ്സലാം ... ഹാജിയെ ഇവിടേയ്ക്ക് കണ്ടിട്ട് ആഴ്ച രണ്ടു കഴിഞ്ഞു ,,

ഹാജി ചിരിച്ചു കൊണ്ട്  പറഞ്ഞു .

,, ഒരാഴ്ചത്തേക്ക് നാട്ടില്‍ പോയി പോന്നു . പട്ടണത്തില്‍ പുതുതായി വാങ്ങിയ കെട്ടിടത്തിന്‍റെ പ്രമാണം ഒപ്പിട്ടുവാങ്ങുവാന്‍ ഉണ്ടായിരുന്നു .ക്കൂട്ടത്തില്‍ മോന്‍റെ വിവാഹവും അങ്ങട് ഉറപ്പിച്ചു ,,

മൂസക്കയുടെ മുഖത്ത് സന്തോഷം അല്പം പോലും നിഴലിക്കുന്നുണ്ടായിരുന്നില്ല .ജീവിതം പാതിവഴിയില്‍ വഴിമുട്ടിയ അവസ്ഥയായിരുന്നു .മുപ്പത്തിയാറ്  വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ സാമ്പത്തീകമായി  മിച്ചം വെയ്ക്കുവാന്‍ ഇക്കാലം വരെ ആയില്ല .മൂസക്ക അല്പനേരം മൌനിയായിരുന്നു .ഹാജിക്ക് ചായ കൊണ്ടുവരുവാന്‍ സഹായിയോട് പറഞ്ഞ് മൂസക്ക തുടര്‍ന്നു .

,, മുനിസിപ്പാലിറ്റി ഒഴിഞ്ഞുപോകുവാന്‍ നല്‍കിയ നോട്ടീസിലെ കാലാവധി കഴിയുവാന്‍  ഇനി രണ്ടുമാസമേയുള്ളൂ .പല സ്ഥലങ്ങളിലും ഹോട്ടലിന് പറ്റിയ കെട്ടിടം  അന്യേഷിച്ചു .രണ്ടും മൂന്നും ലക്ഷം റിയാലാണ് പകിടി ചോദിക്കുന്നത്. ഒരു പതിനായിരം റിയാല്‍ പോലും തികച്ചെടുക്കാന്‍ എന്‍റെ പക്കലില്ല .ഇവിടെ വിദേശികള്‍ക്ക്  ജോലി ചെയ്യുവാന്‍ അനുവദിക്കുന്ന പ്രായം അറുപതു വയസ്സാണ് എന്നാണ് എന്‍റെ അറിവ്. അങ്ങിനെയാണെങ്കില്‍ ഒരു നാല് വര്‍ഷം ക്കൂടി എനിക്ക് എങ്ങിനെയെങ്കിലും ഇവിടെ ജോലി നോക്കിയേ പറ്റൂ .നാല് പെണ്മക്കളെ കൂടി കെട്ടിച്ചയക്കുവാനുണ്ട് .ഞാന്‍ സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട് ഇശ്ശി കാലമായി .പത്തൊന്‍പതാമത്തെ വയസ്സില്‍ തുടങ്ങിയതാ ബാധ്യത ഒഴിവാക്കല്‍ .ഇനിയും നാലെണ്ണത്തിനെ ക്കെട്ടിച്ചയച്ചാലെ എന്‍റെ ബാധ്യത അവസാനിക്കുകയുള്ളൂ ,,

,, എന്താ ചെയ്യാ മൂസ്സാ ....എനിക്ക് തന്നെ സഹായിക്കണം എന്നുണ്ട് പക്ഷെ മക്കള്‍ പുതിയ വ്യാപാരങ്ങള്‍ തുടങ്ങുവാന്‍ പണം തികയാതെ വിഷമിച്ചിരിക്കുകയാ ഈ അവസ്ഥയില്‍ എന്നെക്കൊണ്ട് തന്നെ സഹായിക്കുവാനും ആവില്ല ,,

മൂസ്സക്ക മേശയില്‍ കൈകുത്തി , മുഖം കൈത്തലങ്ങളില്‍ വെച്ചു ചിന്താവിഷ്ടനായിരുന്നു .അവസാനത്തെ പ്രതീക്ഷ  ഹജിയിലായിരുന്നു ആ പ്രതീക്ഷ അസ്ഥാനത്തായി എന്ന ചിന്ത അയാളെ മാനസീകമായി തളര്‍ത്തി .

,, മൂസ്സ നീയിങ്ങിനെ വിഷമിക്കല്ലെ  പടച്ച റബ്ബ് വലിയവനല്ലെ നിനക്ക്  പടച്ചോന്‍ ഒരു വഴി കാണിച്ചു  തരാതെയിരിക്കില്ല.പടച്ചോന്‍ എല്ലാം കാണുന്നുണ്ട് എല്ലാം പടച്ചോന്‍റെ പരീക്ഷണനിരീക്ഷണങ്ങളാണ് .അവന്‍റെ പരീക്ഷണങ്ങളില്‍ നിനക്ക് വിജയിക്കുവാനാവട്ടെ ആമീന്‍  ,,

,, ഹാജി .......... എന്‍റെ കൂടെയുള്ള ജോലിക്കാരെ ഞാന്‍ എന്ത് ച്ചെയ്യും .നിങ്ങളുടെ സ്ഥാപനങ്ങളില്‍ അവര്‍ക്ക് ജോലി നല്‍കുവാനാവുമോ ?.എന്നെക്കൊണ്ട് ഇനി ഒരു ഹോട്ടല്‍ പുതിയത് തുടങ്ങുവാന്‍ ആവില്ല .അവരൊക്കെ ചെറിയ ക്കുട്ടികളല്ലേ .....പ്രാരാബ്ദങ്ങളുടെ കയത്തില്‍ മുങ്ങിപോകാതെയിരിക്കുവാന്‍ രക്ഷ തേടി വന്നവരാണ് അവര്‍ ,,

,, ഞാന്‍ മക്കളുമായി സംസാരിക്കട്ടെ എനിക്ക് ഒരു തീരുമാനം എടുക്കുവാന്‍ കഴിയുകയില്ല .മക്കളല്ലെ ഇപ്പോള്‍ എല്ലാം നോക്കിനടത്തുന്നത് .എനിക്ക് അല്പം തിരക്കുണ്ട്‌ ഞാന്‍ പിന്നെ വരാം .അസ്സലാമു അലൈക്കും ,,  

,, വ അലൈക്കും സലാം ,,

അപ്പോഴേക്കും ഹോട്ടലില്‍ വന്നവര്‍ ആവശ്യപ്പെട്ടത് ലഭ്യമാകാതെ  ബഹളം വെയ്ക്കുന്നുണ്ടായിരുന്നു .മൂസക്ക തിടുക്കത്തില്‍  തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു.

സന്ധ്യമയങ്ങിയപ്പോള്‍ ബംഗ്ലാദേശ് പൌരന്‍ നടത്തുന്ന ഉണ്ടി ഫോണ്‍ ബൂത്തിലേക്ക് പോയി മൂസക്ക സഹധര്‍മ്മിണിക്ക് വിളിച്ചു .ഇവിടെ കടയൊഴിപ്പിക്കുന്ന വിവരം മൂസക്ക ഭാര്യയോടു പറഞ്ഞിട്ടില്ല .
,, ഹലോ  അസ്സലാമു അലൈക്കും ....,,

,,ഹലോ വ അലൈക്കും സലാം .ഇങ്ങക്ക് അവിടെ സുഖല്ലേ .....

,, ഊം സര്‍വശക്തന്‍റെ വേണ്ടുകയാല്‍ സുഖം തന്നെ .

,, മോളും പുതിയാപ്ലയും ഇന്നലെ വന്നിട്ടുണ്ട് .പുതിയാപ്ലക്ക് ഇങ്ങടെ അടുത്തേക്ക്‌ വരണോന്ന് ഇങ്ങള് ഒരു വിസ തരപ്പെടുത്താന്‍ നോക്കീന്‍ ,,

,, പുതിയാപ്ലക്ക് അവിടെ മീന്‍ കച്ചവടം ചെയ്‌താല്‍ ദിവസം ആയിരം ഉറുപ്പിക കിട്ടോലോ .പിന്നെ എന്തിനാണ് ഇവിടേക്ക് പോരുന്നത് ഇവിടെ വന്നുപ്പെട്ടാല്‍ പിന്നെ ഇവിടെ നിന്നും നാട്ടിലേക്ക് പോകുവാന്‍ അത്ര എളുപ്പം പറ്റില്ല .മോളെ ഗള്‍ഫ്കാരന്  കെട്ടിച്ചു   കൊടുക്കാതെയിരുന്നതും അതുകൊണ്ടാ  ,,

,, നാളെ സബീനാനെ പെണ്ണ് കാണാന്‍ ഒരൂട്ടര് വരൂന്നു ദല്ലാള്‍ പരീതിക്ക പറഞ്ഞു ചെക്കന് സ്വന്തമായി പലചരക്കുകട ഉണ്ടത്രേ ,,

,, അവര് വന്ന് കണ്ടുപ്പോട്ടെ. ഗള്‍ഫുകാര്‍ വന്നാല്‍ അവര്‍ക്ക് മോളെ കാണിച്ചുകൊടുക്കേണ്ട .മക്കളെ വിളിക്ക് എനിക്ക് ഹോട്ടലിലേക്ക് വെക്കം പോണം ,,

  അഞ്ചു മക്കളുമായും മകളുടെ ഭര്‍ത്താവുമായും പേരിന് സംസാരിച്ചു എന്ന് വരുത്തി തിടുക്കത്തില്‍ അയാള്‍ ഹോട്ടലില്‍ പോയി ജോലിയില്‍ പ്രവേശിച്ചു .
അടുത്ത ദിവസ്സം വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകളെ കാണുവാന്‍ വന്നവര്‍ക്ക് മകളെ ഇഷ്ടമായി എന്ന് പറഞ്ഞു .മകള്‍ക്കും കുടുംബത്തിനും ചെറുക്കനേയും ഇഷ്ടമായി എന്നും അറിഞ്ഞപ്പോള്‍ മൂസക്കയുടെ ഉള്ളം ഒന്ന് ആളി .മൂത്തവള്‍ക്ക് കൊടുത്തപ്പോലെ മുപ്പതു പവന്‍ സ്വര്‍ണം സബീന മോള്‍ക്കും കൊടുക്കണം .മൂത്ത മോളുടെ വിവാഹത്തിന് പലരില്‍ നിന്നും കടം വാങ്ങിയ പണം ഇനിയും കൊടുത്തു തീര്‍ക്കുവാനുണ്ട് .അയാള്‍  പ്രാര്‍ഥിച്ചുകൊണ്ടിരുന്നു .

,, സര്‍വശക്തനായ നാഥാ എന്നെയും കുടുംബത്തിനേയും ഇനിയും നീ പരീക്ഷിക്കരുതേ നാഥാ ... എന്‍റെ മക്കളുടെ വിവാഹം യാതൊരുവിധ പ്രയാസങ്ങളും കൂടാതെ നടത്തുവാന്‍ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ നാഥാ ,,

ഹോട്ടലില്‍ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ട ദിവസങ്ങള്‍ അടുക്കും തോറും മൂസക്കയുടെ മനം ഉരുകിക്കൊണ്ടിരുന്നു .ഹോട്ടലിന് പുറകിലുള്ള മുറിയിലായിരുന്നു മൂസക്കയും മറ്റു തൊഴിലാളികളും താമസിച്ചിരുന്നത് .ഒഴിഞ്ഞു പോകേണ്ടുന്ന ദിവസ്സത്തിനു രണ്ടു ദിവസ്സം മുന്‍പ് തന്നെ മുനിസിപ്പാലിറ്റിയുടെ  അധികൃതര്‍ വൈദ്യുതി കണക്ഷന്‍  വിച്ഛേദിച്ചു ഒപ്പം വെള്ളവും നിലച്ചു .സ്പോണ്‍സറുമായി  സംസാരിച്ചപ്പോള്‍ ആര്‍ക്കും റിലീസ് നല്‍കുവാന്‍ ആവില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി .താമസസ്ഥലത്ത് ഇനി ഒരു ദിവസ്സം മാത്രമേ താമസിക്കുവാനുള്ള അനുവാദമുള്ളൂ .കിടപ്പ് മുറിയിലെ അവസാനത്തെ അന്തി ഉറക്കത്തിനായി  അയാള്‍ ഇമകള്‍ അടച്ചു  കിടന്നു പക്ഷെ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ ഉറങ്ങുവാനായില്ല .  കത്തിച്ചുവെച്ച മെഴുകുതിരിയിലേക്ക് നോക്കി അയാള്‍ ഉറങ്ങുവാനാവാതെ വ്യാകുലതയോടെ കിടന്നു .നാളെ ഈ കിടപ്പുമുറിയില്‍ നിന്നും ഒഴിഞ്ഞു കൊടുക്കേണം എവിടേയ്ക്കാണ് പോകുക തനിക്ക് കിടക്കുവാനുള്ള ഇടം കിടയ്ക്കും പക്ഷെ കൂടെയുള്ളവരെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകുവാന്‍ തനിക്കാവില്ലല്ലോ .ആത്മ സംഘര്‍ഷങ്ങളുടെ തീക്കനല്‍ എരിയുകയായിരുന്നു അയാളുടെ ഉള്ളം നിറയെ .   മെഴുകുതിരിയിലെ അവസാനത്തെ മെഴുകും കത്തിതീര്‍ന്നു .ഇപ്പോള്‍ കിടപ്പുമുറിയില്‍ അന്ധകാരം മാത്രം മൂസക്ക. ഇമകള്‍ ഇറുക്കിയടച്ച് പ്രതീക്ഷയോടെ     മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു   അപ്പോള്‍ .
                                                                               ശുഭം
rasheedthozhiyoor@gmail.com  

   



28 comments:

  1. മൂസ്സാക്കയുടെ പ്രാര്‍ഥനകള്‍ക്ക് നല്ല പ്രതിഫലങ്ങള്‍ ഉണ്ടാവട്ടെ.. കഥയിലായാലും ജീവിതത്തിലായാലും മൂസ്സാക്ക മറ്റു കഥാപാത്രങ്ങളെപ്പോലെ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചില്ലല്ലോ അതൊരു ശുഭലക്ഷണം തന്നെയാണ്.. ലളിതമായ അവതരണം ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. നന്ദി ശ്രീ മുഹമ്മദ്‌ വായനയ്ക്കും വീണ്ടുംവീണ്ടും എഴുതുവാന്‍ പ്രചോദനം നല്‍കുന്ന അഭിപ്രായത്തിനും .ഒട്ടുമിക്ക പ്രവാസികളുടെ ജീവിതത്തിലേക്ക് നോക്കിയാല്‍ മൂസക്കയുടെ ജീവിതത്തിന് സമാനമായ കഥകള്‍ ലഭിക്കും .ഇതുപോലെ എത്രയെത്ര മൂസക്കമാര്‍ പ്രവാസലോകത്ത്‌ വസിക്കുന്നു .

      Delete
  2. ഒരു വഴി അടയുമ്പോൾ മറ്റൊന്നു തുറക്കും. അതാണ് പ്രകൃതി നിയമം...
    ആശംസകൾ...

    ReplyDelete
    Replies
    1. നന്ദി ശ്രീ വീകെ വായനയ്ക്കും അഭിപ്രായത്തിനും .അടഞ്ഞ വഴി തുറക്കാത്ത ? മറ്റുള്ളവര്‍ക്ക് വേണ്ടി ഈ മണലാരണ്യത്തില്‍ ജീവിതം ഹോമിക്കുന്ന എത്രയോപേര്‍ പ്രവാസലോകത്തും ഇതര രാജ്യങ്ങളിലും വസിക്കുന്നു

      Delete
  3. ഹൃദയസ്പര്‍ശിയായിരിക്കുന്നു രചന
    സന്മനസ്സുള്ളവര്‍ക്ക്‌ നന്മ വരുത്തട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും എഴുതിയത് അര്‍ത്ഥവത്തായി എന്ന് എന്നില്‍ ഉളവാക്കിയ അഭിപ്രായത്തിനും

      Delete
  4. ഒരുമാതിരി ചെയ്ത്തായി...
    ബാക്കി കൂടെ പറയൂ...
    മൂസക്കാന്‍റെ കട പൊളിച്ചോ??
    മകളെ കല്യാണത്തിനിയെന്താ ചെയ്യാ??
    ശ്ശൊ ഒക്കെ ശരിയാവട്ടെ..
    നല്ല എഴുത്താണ് ട്ടോ.. :)

    ReplyDelete
    Replies
    1. നന്ദി ശ്രീ മുബാറക്ക്‌ വളരെ വിശദമായ വായനയ്ക്കും .അഭിപ്രായത്തിനും .മൂസക്കയുടെ ബാക്കിയുള്ള ജീവിതം വായനക്കാര്‍ക്കായി വിട്ടു തന്നിരിക്കുന്നു .

      Delete
  5. ചില ജീവിതങ്ങള്‍ ഭാരം താങ്ങാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ് അല്ലേ

    ReplyDelete
    Replies
    1. നന്ദി ശ്രീ അജിത്‌ വായനയ്ക്കും അഭിപ്രായത്തിനും .ഭാരം താങ്ങുവാനായി മാത്രം ജന്മമെടുത്ത എത്രയെത്ര ജീവിതങ്ങള്‍ .സന്തോഷപ്രദമായ ജീവിതം എല്ലാവരിലും ഉണ്ടാവട്ടെ

      Delete
  6. ഹൃദയത്തെ തൊട്ടു.
    ഒട്ടുമിക്ക പ്രവാസികളുടേയും അവസ്ഥ ഇതു തന്നെ. നന്നായി അവതരിപ്പിച്ചു.
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ശ്രീ കോയകുട്ടി വായനയ്ക്കും അഭിപ്രായത്തിനും .പ്രവാസികളുടെ കഥകള്‍ എഴുതുവാന്‍ തുടങ്ങിയാല്‍ വേദനാജനകമായ കഥകളാണ് കൂടുതലും പിറവിയെടുക്കുക

      Delete
  7. നല്ല മനസ്സുകള്‍ക്ക് എപ്പോഴും വേദനയെ കൂട്ടുപിടിച്ചു മാത്രമേ ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയൂ, എവിടെ ആയിരുന്നാലും.

    ReplyDelete
    Replies
    1. നന്ദി ശ്രീ റാംജി വായനയ്ക്കും കഥയിലെ പ്രദാന കഥാപാത്രത്തിന്‍റെ മനസിന്‍റെ നന്മയെ തിരിച്ചറിഞ്ഞതിനും

      Delete
  8. പ്രവാസം ഒരിക്കലും അവസാനിക്കാത്ത ഒരു ചുഴിയാണ്‌ പലർക്കും.
    ഹോമിക്കപ്പെടുന്ന എത്രയെത്ര ജീവിതങ്ങൾ.

    ReplyDelete
    Replies
    1. നന്ദി ശ്രീ പ്രദീപ്‌ നന്ദനം വായനയ്ക്കും അഭിപ്രായത്തിനും .അതെ പ്രവാസം ഒരിക്കലും അവസാനിക്കാത്ത ഒരു ചുഴിയാണ്‌ പലർക്കും. ഹോമിക്കപ്പെടുന്ന എത്രയെത്ര ജീവിതങ്ങൾ. ആ ജീവിതങ്ങള്‍ ഞാന്‍ നേരിട്ട് അനുഭവിച്ചറിയുന്നു .

      Delete
  9. ആശംസകള്‍..പ്രിയ തൊഴിയൂര്‍ ഭായ്

    ReplyDelete
    Replies
    1. നന്ദി ശ്രീ അന്നൂസ് വായനയ്ക്കും പ്രോത്സാഹനത്തിനും

      Delete
  10. ഇഷ്ടമായില്ല. സ്ഥിരം വിഷയം, സ്ഥിരം വിവരണം.

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി .ചില യാഥാര്‍ഥ്യങ്ങള്‍ കഥയായി വിവരിക്കുമ്പോള്‍ വായനാസുഖം നഷ്ടമായിപോകും

      Delete
  11. വായിച്ചു, ഇഷ്ട്ടമായ്, ആശംസകൾ .

    ReplyDelete
    Replies
    1. നന്ദി ശ്രീ മാനവന്‍ വായനയ്ക്കും അഭിപ്രായത്തിനും

      Delete
  12. പാഠം പഠിയ്കാത്ത മൂസാക്ക. വാപ്പ ചെയ്തു വച്ച ദ്രോഹം, നാല് സഹോദരിമാർ, കണ്ടിട്ടും അനുഭവിച്ചിട്ടും 36 ആം വയസ്സിൽ കല്യാണം കഴിച്ച മൂസാക്ക, രണ്ടു വർഷം കൂടുമ്പോൾ മാത്രം നാട്ടിൽ പോകുന്ന മൂസാക്ക അഞ്ചു പെണ്‍കുഞ്ഞുങ്ങളുടെയാണ് വാപ്പയായത്. അവിടെയാണ് മൂസാക്ക ഏറ്റവും വലിയ തെറ്റ് ചെയ്തത്.

    ഒരു കഥയുടെ ഒരു സുഖം വരുന്നില്ല. ഡോകുമെന്ററി യുടെ നരേഷൻ പോലെ.

    ReplyDelete
    Replies
    1. നന്ദി ശ്രീ ബിപിന്‍ വായനയ്ക്കും അഭിപ്രായത്തിനും .എന്‍റെ ഈ നീണ്ടകാലയളവിലെ പ്രവാസജീവിതത്തില്‍ മൂസക്കയുടെ ജീവിതത്തിന് സമാനമായ ജീവിതം നയിക്കുന്ന പലരെയും കാണുവാന്‍ എനിക്ക് കഴിഞ്ഞു .എനിയ്ക്ക് കഴിയും വിധം ഞാന്‍ മൂസക്കയുടെ ജീവിതം കഥയായി അവതരിപ്പിച്ചു. ഒരു കഥ ഇങ്ങനെയും ഇരിക്കട്ടെ

      Delete
  13. പ്രവാസം ചിലർക്ക് പ്രയാസം!

    ReplyDelete
  14. നന്ദി ശ്രീ ശിഹാബ് വായനയ്ക്കും അഭിപ്രായത്തിനും

    ReplyDelete
  15. ഇവിടെയെത്താൻ അല്പം വൈകിയെന്ന് തോന്നുന്നു,

    ഹൃദയസ്പര്‍ശിയായിരിക്കുന്നു രചന, ആശംസകൾ...

    ReplyDelete
    Replies
    1. നന്ദി ശ്രീ Rainy Dreamz വായനയ്ക്കും അഭിപ്രായത്തിനും .വൈകിയാണെങ്കിലും ഇവിടെ എത്തിയല്ലോ സന്തോഷം

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ