മറന്നുപോയ ത്യാഗം | ഒരു സഹോദരബന്ധത്തിന്റെ മൗനവേദന | Inspired by a True Story

 

മറന്നുപോയ ത്യാഗം | ഒരു സഹോദരബന്ധത്തിന്റെ മൗനവേദന | Inspired by a True Story

കേരളത്തിലെ ഒരു ഗ്രാമം… വൈകുന്നേര തിരക്കുകളാൽ നിറഞ്ഞ ഒരു ചെറിയ ഗ്രാമ കവല… കവലയിലെ പഴയ പെട്ടിക്കടയുടെ മുന്നിൽ കടക്കാരനും ഒരു നാട്ടുകാരനും സംസാരിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് അവിടേക്ക് ഒരാൾ നടന്ന് വന്നത് — ഏകദേശം അമ്പത്തഞ്ച് വയസ്സ് പ്രായമുള്ള ദിനേശ്.

ദിനേനെ ഈ കവലയിലേക്ക് പലതവണ മോട്ടോർ സൈക്കിളിൽ വന്നിരുന്ന ആളായിരുന്നു അദ്ദേഹം. എപ്പോഴും ചിരിച്ചും പ്രസരിപ്പോടെയും സംസാരിക്കുന്ന ദിനേശേട്ടൻ ആ കവലയിലെ എല്ലാവർക്കും വളരെ പരിചിതനായ ആളായിരുന്നു.

ദിനേശേട്ടനെ കണ്ടപ്പോൾ പെട്ടിക്കടക്കാരൻ ഒന്ന് അത്ഭുതപ്പെട്ടു.

“കുറെ ദിവസമായല്ലോ ദിനേശേട്ടാ കണ്ടിട്ട്…
ദിവസേന മോട്ടോർ സൈക്കിളിൽ പലതവണ കവലയിലേക്ക് വരുന്ന ആളല്ലേ നിങ്ങൾ. മോട്ടോർ സൈക്കിൾ എവിടെ?”

എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ദിനേശേട്ടൻ ആ ദിവസം പക്ഷേ അത്ര പ്രസന്നനല്ലായിരുന്നു. ഒരു ചെറിയ നിശ്വാസം വിട്ട് അദ്ദേഹം പതുക്കെ പറഞ്ഞു:

“ഇനി കുറച്ചു നാൾ മോട്ടോർ സൈക്കിളിലെ യാത്ര ഉണ്ടാവില്ല…”

കടക്കാരൻ വീണ്ടും ചോദിച്ചു:

“അതെന്താ ദിനേശേട്ടാ…
ഗൾഫിൽ നിന്ന് ജോലി മതിയാക്കി നാട്ടിൽ വന്നപ്പോൾ വാങ്ങിയതല്ലേ ആ ബൈക്ക്? നിങ്ങളുടെ സന്തത സഹചാരി ആയിരുന്നല്ലോ ആ ബൈക്ക്?”

അതുകേട്ട നിമിഷം ദിനേശേട്ടന്റെ കണ്ണുകൾ ഈറനണിഞ്ഞു.

“മോന്റെ കോളേജിലെ വാർഷിക ഫീസ് അടക്കാൻ പണം തികഞ്ഞില്ല…
അതുകൊണ്ട് അത് വിറ്റു ഫീസ് അടച്ചു…”

അവരുടെ സംഭാഷണം ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്ന ഒരു നാട്ടുകാരൻ ചോദിച്ചു:

“ദിനേശേട്ടാ…
ഗൾഫിലുള്ള അനുജന്റെ വീട്ടിലെ കാർപോർച്ചിൽ ഒരു ബുള്ളറ്റ് ബൈക്ക് ഇരിപ്പുണ്ടല്ലോ. തത്കാലം അത് എടുത്ത് യാത്ര ചെയ്തുകൂടെ?”

ദിനേശേട്ടൻ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ ശാന്തമായി പറഞ്ഞു:

“അത് ബുള്ളറ്റല്ലേ…
എനിക്കത് ഓടിക്കാനറിയില്ല…”

കടക്കാരൻ ചിരിക്കുകയായിരുന്നു:

“ദിനേശേട്ടാ… നിങ്ങൾ ബുള്ളറ്റ് ഓടിക്കില്ലാ എന്ന് എന്നോട് പറയല്ലേ.
പണ്ട് നിങ്ങളുടെ അനുജന് ബൈക്ക് വാങ്ങി കൊടുത്ത് നിങ്ങൾ ഗൾഫിൽ പോയപ്പോൾ…
ആ ബൈക്ക് വിറ്റിട്ട് അനുജൻ ബുള്ളറ്റ് വാങ്ങിയതും പിന്നീട് നിങ്ങൾ നാട്ടിൽ വന്നപ്പോൾ ആ ബുള്ളറ്റ് ഓടിച്ചുകൊണ്ട് നടന്നത് നിങ്ങളല്ലേ…”

അത് കേട്ടപ്പോൾ ദിനേശേട്ടൻ ഒന്നും പറയാതെ നിന്നു. ഒരു നിമിഷം മിണ്ടാതിരുന്ന ശേഷം അദ്ദേഹം പറഞ്ഞു:

“ഒരു പേക്കറ്റ് ഉപ്പ് എടുക്കൂ… പോയിട്ട് ഒരു അത്യാവശ്യമുണ്ട്…”

കടക്കാരൻ ഉപ്പിന്റെ പേക്കറ്റ് കൊടുത്തു. ദിനേശേട്ടൻ അത് വാങ്ങി ശാന്തമായി നടന്നു പോയി.

അയാൾ നടന്ന് അകന്നുപോകുന്നത് നോക്കി നിന്നുകൊണ്ട് കടക്കാരൻ നാട്ടുകാരനോട് പതുക്കെ പറഞ്ഞു:

“ഏകദേശം മുപ്പത് വർഷത്തോളം കുടുംബത്തിനുവേണ്ടി ഗൾഫിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത ആളാണ് ദിനേശേട്ടൻ.
നാട്ടിൽ വന്നിട്ട് പല ബിസിനസ്സും ചെയ്തു നോക്കി… പക്ഷേ ഒന്നും ശരിയായില്ല.
സഹോദരന്മാർ എല്ലാം വലിയ നിലയിലായി… സ്വന്തമായി വീടുകളുണ്ടാക്കി.
ഇപ്പോൾ ദിനേശേട്ടനും ഭാര്യയും മക്കളും തനിച്ചാണ് ജീവിക്കുന്നത്…”

വഴിയിലൂടെ നടന്ന് പോകുമ്പോൾ ദിനേശേട്ടന്റെ മനസ്സ് അറിയാതെ ഇന്നലെയിലേക്കു തിരിഞ്ഞു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ അനുജനെ ഫോണിൽ വിളിച്ചത്.

“എന്താണ് വിശേഷങ്ങൾ…
മോന്റെ കോളേജ് ഫീസ് അടക്കാൻ പണം തികഞ്ഞില്ല.
ഞാൻ മോട്ടോർ സൈക്കിൾ വിറ്റു.
തത്കാലം നിന്റെ ബുള്ളറ്റ് ഞാൻ ഉപയോഗിച്ചോട്ടെ…”

ഫോണിന്റെ മറുവശത്ത് നിന്ന് അനുജന്റെ ശബ്ദം കേട്ടു:

“അത് വേണ്ട ഏട്ടാ…
ഏട്ടന് അത് ശരിയായി ഓടിക്കാനറിയില്ല.
എനിക്ക് അല്പം തിരക്കുണ്ട്…
ഞാൻ പിന്നെ വിളിക്കാം…”

അത്ര പറഞ്ഞ് ഫോൺ കട്ട് ആയി. ഫോൺ കൈയിൽ പിടിച്ചുകൊണ്ട് കുറച്ച് നേരം ദിനേശേട്ടൻ മിണ്ടാതിരുന്നു. പിന്നെ പതുക്കെ കസേരയിൽ ഇരുന്നു. അയാളുടെ മനസ്സിൽ പഴയ ഓർമ്മകൾ ഒന്നൊന്നായി തെളിഞ്ഞുവന്നു.

ഗൾഫിലുള്ള കാലത്ത് അനുജന് ബൈക്ക് വേണമെന്ന് പറഞ്ഞപ്പോൾ ബൈക്ക് വാങ്ങി കൊടുത്തതും… കാർ വേണമെന്ന് പറഞ്ഞപ്പോൾ കാർ വാങ്ങി കൊടുത്തതും… മ്യൂസിക് സിസ്‌റ്റം വേണമെന്ന് പറഞ്ഞപ്പോൾ രണ്ട് മാസത്തെ ശമ്പളം കൂട്ടിച്ചേർത്ത് കിട്ടാവുന്നതിൽ ഏറ്റവും നല്ല മ്യൂസിക് സിസ്‌റ്റം വാങ്ങി കൊടുത്തതും… ഗിറ്റാർ പഠിക്കണം എന്ന് പറഞ്ഞപ്പോൾ പഠിക്കാനും ഗിറ്റാർ വാങ്ങാനും പണം കൊടുത്തതും…

അങ്ങിനെ അനുജൻ പറഞ്ഞ പല ആഗ്രഹങ്ങളും തന്റെ ശേഷിക്കുമപ്പുറം പോലും നിറവേറ്റി കൊടുത്ത ഓരോ കാര്യങ്ങളും അയാൾ ഓർത്തിരുന്നു.

ഇന്ന്…
ജീവിതം മുഴുവൻ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട ആ മനുഷ്യൻ സാമ്പത്തികമായി തകർന്നിരിക്കുകയാണ്.
ജീവിതം ഇനി എങ്ങോട്ട് പോകുമെന്ന് പോലും അറിയാതെ ദിനേശേട്ടൻ ഒരു ദീർഘനിശ്വാസം വിട്ടു.

ആ ശ്വാസത്തിൽ വർഷങ്ങളായുള്ള പരിശ്രമവും നിറവേറ്റിയ സ്വപ്നങ്ങളും കുടുംബത്തിനുവേണ്ടി ജീവിച്ച ജീവിതത്തിന്റെ മുഴുവൻ സംതൃപ്തിയും ഉണ്ടായിരുന്നു.

എഴുതിയത്: റഷീദ് തൊഴിയൂർ
Fusion Flicks മീഡിയ

ഇതുപോലെയുള്ള യഥാർത്ഥ ജീവിത കഥകളറിയാൻ ഞങ്ങളെ പിന്തുടരൂ.

Post a Comment

0 Comments