ചിന്താക്രാന്തൻ

7 April 2017

കഥ .പര്യാലോചന



പതിവുപോലെ സുമിത്ര പൂജാമുറിയില്‍ നിന്നും  പൂമുഖത്തേക്ക്‌ നടന്നു.അതിരാവിലെ കുളിച്ച് പൂജാമുറിയില്‍ കയറിയതാണ്. ഉദയസൂര്യന്‍റെ ആഗമനത്തിന് ഇനിയും  ഒരുപാടുനേരം കഴിയണം.പ്രാര്‍ത്ഥന ദിനചര്യയായി മാറിയത് മകന്‍ ഗോപാലകൃഷ്ണന്‍റെ തിരോധാനം മുതല്‍ക്കാണ് . പ്രതീക്ഷ അവരുടെ മനസ്സില്‍ നിന്നും ഇനിയും അസ്തമിച്ചിട്ടില്ല.പൂമുഖത്തിരുന്നാല്‍ പടിപ്പുരവരെ നോട്ടമെത്തും.  കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തെട്ട് കഴിഞ്ഞിരിക്കുന്നു .ജീവിതത്തിലെ ഓരോ ദിനരാത്രങ്ങളും കൊഴിഞ്ഞുപോയത് എത്രപെട്ടന്നാണ് .കാത്തിരിപ്പ്‌ ദിനരാത്രങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നുണ്ട്  .ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് മകനെ കാണാതായ ദിവസം മുതല്‍ താന്‍ അനുഭവിക്കുന്ന മനോവേദന മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കട്ടെ  .  ആഗ്രഹിച്ചതിനെക്കാളും സ്നേഹസമ്പന്നനായ ഭര്‍ത്താവിനെ ലഭിച്ചപ്പോള്‍ മുത്തശ്ശി പറയുമായിരുന്നു.

,,ഇശ്വര വിശ്വാസം  വേണ്ടുവോളമുള്ള എന്‍റെ കുട്ടിക്ക് ഇശ്വര കൃപ എപ്പോഴുമുണ്ടാകും  നേരായ ജീവിതപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇശ്വരന്‍റെ തുണ എപ്പോഴുമുണ്ടാകും .എന്‍റെ കുട്ടി പ്രാര്‍ത്ഥനകള്‍  ഒരിക്കലും മുടക്കരുത് ,,

ബാല്യകാലത്ത് പ്രാര്‍ത്ഥനകള്‍ മുത്തശ്ശിയെ തൃപ്തിപ്പെടുത്തുവാനായിരുന്നു. എന്നാല്‍ ഇപ്പോള്‍  ആത്മാര്‍ത്ഥമായാണ് പ്രാര്‍ഥിക്കുന്നത് തന്‍റെ മകനെ കണ്മുന്നില്‍ ഇശ്വരന്‍ കാണിച്ചുതരും എന്ന വിശ്വാസത്തോടെ .  സുമിത്രയുടെ മനസ്സിനെ  ഉത്തരം‍‍ ലഭിക്കാത്ത ചോദ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.മുത്തശ്ശി കാട്ടിതന്നനേരായ  ജീവിത പാതയിലൂടെ ഇശ്വരവിശ്വാസത്തോടെ മാത്രമേ ഈ നിമിഷംവരെ ജീവിച്ചിട്ടുള്ളൂ .പിന്നെയെന്താണ്   കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷമായി  അസഹ്യമായ ദുരിതങ്ങള്‍ മാത്രം തന്‍റെ ജീവിതത്തില്‍  സംഭവിച്ചുകൊണ്ടിരിക്കുന്നത്  .ഈ ഭൂലോകത്ത് മകനെ നഷ്ടമായ ഏതു മാതാവിനാണ് ശിഷ്ടകാലം അസ്വസ്ഥമല്ലാത്ത ജീവിതം നയിക്കുവാനാവുന്നത്  .  മുത്തശ്ശി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഈയിടെയായി മനസ്സിലേക്ക് തികട്ടിവരുന്നുണ്ട്.

,, എന്‍റെ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു സ്ത്രീക്കും സഹിക്കുവാനാവില്ല.എന്‍റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മുത്തശ്ശിക്കറിയാം . മുന്‍ജന്മപാപമാണ് എന്‍റെ കുട്ടിക്ക് ഈ ഗതി വന്നത് ഇശ്വരന്‍റെ പരീക്ഷണങ്ങളെ തളരാതെ നേരിടണം .പ്രാര്‍ഥനകളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കരുത്.എന്‍റെ കുട്ടിയുടെ കണ്ണീരൊപ്പാന്‍ ഇശ്വരന്‍ അവനെ നിന്‍റെ കണ്മുന്നില്‍ എത്തിച്ചുതരും ,,

മുന്‍ജന്മപാപം മറ്റുള്ളവര്‍ ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ താനെന്തിന് അനുഭവിക്കണം .ചില വിശ്വാസങ്ങളെ പൊരുത്തപ്പെടാന്‍ ആവുന്നില്ലായെങ്കിലും ഇശ്വരന്‍ അതൊരു സത്യമാണ് .  തുറന്നിട്ട ജാലകത്തിലൂടെ നനുത്ത കാറ്റ് സുമിത്രയെ തഴുകികൊണ്ടിരുന്നു.അവര്‍ ഓര്‍ക്കുകയായിരുന്നു അവരുടെ വിവാഹജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച്.സോമനാഥന്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ കൂടിനിന്നവരില്‍ ചിലരൊക്കെ,, അയാള്‍ പഴമക്കാരനാണ് അയാള്‍ക്ക്‌ പ്രായംകൂടുതലുണ്ട്,, എന്നൊക്കെ പറഞ്ഞുവെങ്കിലും അയാളുടെ നിഷ്കളങ്കമായ നോട്ടമാണ് സുമിത്രയെ ആകര്‍ഷിച്ചത് .പ്രായം കൂടുതലുണ്ട് എന്ന് പറഞ്ഞത് നേരുതന്നെയായിരുന്നു.ഇരുപതുകാരിയായ സുമിത്രയെ പെണ്ണുകാണാന്‍ വന്നയാള്‍ക്ക് മുപ്പത്തിയാറ് വയസ്സ് പ്രായമുണ്ടായിരുന്നു.,,ചെറുക്കനും പെണ്ണിനും എന്തെങ്കിലുമൊക്കെ പറയുവാനുണ്ടാവും,, എന്ന് പറഞ്ഞ്  മുത്തശ്ശി സുമിത്രയെ കുളക്കടവിലേക്ക് ക്ഷണിച്ചപ്പോള്‍ സോമനാഥനും കൂടെ ചെന്നു .,,നിങ്ങള്‍ സംസാരിക്കൂ,, എന്ന് പറഞ്ഞ് മുത്തശ്ശി തിരികെപ്പോയപ്പോള്‍ സുമിത്രയുടെ പെരുവിരലില്‍ നിന്നും ഒരു തരിപ്പ് ശരീരമാകെ ഇരച്ചുകയറുന്നുണ്ടായിരുന്നു.കുളക്കടവില്‍ പരിസരവാസികളായ ഏതാനും കുട്ടികള്‍  കുളിക്കുന്നുണ്ട് കുസൃതികള്‍   നോക്കിനിന്ന സുമിത്രയോട് സോമനാഥന്‍ പറഞ്ഞു .

,, എന്നെ ഇഷ്ടമായോ .....കുട്ടിക്ക് .സത്യം പറഞ്ഞാല്‍  എനിക്ക് പ്രായം അല്‍പം കൂടുതലുണ്ട് .ജീവിത പ്രാരാബ്ദങ്ങളാല്‍ വിവാഹത്തെക്കുറിച്ച് മറന്നു എന്ന് പറയുന്നതാവും ശെരി.കുഞ്ഞുനാളില്‍ അച്ഛന്‍റെ വേര്‍പാട് നിമിത്തം വീട്ടിലെ പ്രാരാബ്ദങ്ങളുടെ ഭാണ്ഡവും പേറി ജീവിക്കുവാനായിരുന്നു എന്‍റെ വിധി .കഴിഞ്ഞ വര്‍ഷം ഏറ്റവും  ഇളയ സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഞാന്‍ മുക്തനായി എന്ന് പറയാം ,,

മനസ്സുതുറന്നുള്ള സംസാരവും നിഷ്കളങ്കമായ മുഖവും ,,എന്നെ ഇഷ്ടമായോ ?...,,എന്ന ചോദ്യത്തിന് അവള്‍ തലയാട്ടി . ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹവും നടന്നു  .മദ്രാസിലെ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ സോമനാഥന്‍ സുമിത്രയെ മദ്രാസിലേക്ക് കൊണ്ടുപോയി .സന്തോഷപ്രദമായ അവരുടെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു. എതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി.   ആനന്ദകരമായ ജീവിതത്തില്‍  അവര്‍ക്ക് രണ്ട്‌ പെണ്‍കുട്ടികള്‍  പിറന്നപ്പോള്‍ സുമിത്ര ഒരു ആണ്‍കുട്ടിക്കായി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു.സുമിത്രയുടെ കാത്തിരിപ്പ് വെറുതെയായില്ല ഈശ്വരകടാക്ഷത്താല്‍ മൂന്നാമത്തെ കുഞ്ഞ് ആണ്‍കുഞ്ഞായിരുന്നു.അവര്‍ അവനെ ഗോപാലകൃഷ്ണന്‍ എന്ന് പേരിട്ടു .വഴക്ക് രഹിതമായിരുന്നു അവരുടെ ജീവിതം .ഗോപാലകൃഷ്ണന് അറുവയസ്  പ്രായമായപ്പോഴാണ് ആ കുടുംബത്തിലെ സന്തോഷപ്രദമായ ജീവിതത്തിലേക്ക് ദുഃഖങ്ങളുടെ പെരുമഴ തോരാതെ പെയ്യാന്‍ തുടങ്ങിയത്.വിനോദസഞ്ചാരത്തിന് പോയ ആ കുടുംബത്തില്‍ നിന്നും ഗോപാലകൃഷ്ണനെ കാണാതെയായി .പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന
ഗോപാലകൃഷ്ണനെ ദിവസങ്ങളോളം ആ പ്രദേശങ്ങളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല .

പോലീസ്‌ തിരച്ചില്‍ അവസാനിപ്പിച്ചപ്പോള്‍ ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി.സുമിത്രയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായില്ല നാളിതുവരെ ഗോപാലകൃഷ്ണനെ കണ്ടെത്താനായില്ല.വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയികൊണ്ടിരുന്നു. തകര്‍ന്ന മനസ്സും കരഞ്ഞുകലങ്ങിയ ഇമകളുമായി സുമിത്ര മകനേയും കാത്തിരുന്നു. പെണ്‍കുട്ടികള്‍ വളര്‍ന്നു അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിച്ചു .അനുയോജ്യമായ വിവാഹാലോചന വന്നപ്പോള്‍ അവരുടെ വിവാഹം നടത്തി . ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ സോമനാഥന്‍ പറഞ്ഞു.

,, ഇനി നമുക്ക് നാട്ടിലേക്ക് പോകാം .കാത്തിരിപ്പിന് ഇനി ഫലമുണ്ടാവുകയില്ല കാലം കുറെയേറെ ആയില്ലേ ഈ നഗരത്തിലെ ജീവിതം തുടങ്ങിയിട്ട്.,,

പക്ഷെ സുമിത്രയ്ക്ക് നാട്ടിലേക്ക് പോകുവാന്‍ സമ്മതമായിരുന്നില്ല.ആറാം വയസിലാണ് ഗോപാലകൃഷ്ണനെ കാണാതെയാവുന്നത് .ആ കുരുന്നു മനസ്സില്‍ ഈ നഗരവും ഈ വീടുമേ ഓര്‍മ്മയില്‍ ഉണ്ടാവുകയുള്ളൂ എന്നതായിരുന്നു കാരണം .സുമിത്ര സോമനാഥനോട് കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
,, അരുത് ഇവിടെ നിന്നും പോകുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത് .നമ്മുടെ മോന്‍ ഒരിക്കല്‍ തിരിച്ചുവരും എന്‍റെ പ്രാര്‍ത്ഥന ഇശ്വരന്‍ കേള്‍ക്കുക തന്നെ ചെയ്യും ,,

  സോമനാഥന്‍റെ മനസ്സുമാറിയില്ല അയാളുടെ തിരുമാനം നാട്ടിലേക്ക് പോകുക എന്നത് തന്നെയായിരുന്നു .അവസാനം സുമിത്രയ്ക്കും സമ്മതിക്കേണ്ടി വന്നു . സോമനാഥനും സുമിത്രയും സ്വദേശത്തേക്ക് മടങ്ങി .വര്‍ഷങ്ങള്‍ക്കുശേഷം സോമനാഥനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.സുമിത്ര തികച്ചും ഒറ്റപെട്ടു എന്നാലും നൊന്തു പ്രസവിച്ച മകന്‍റെ തിരിച്ചുവരവിനായി സുമിത്ര  കാത്തിരുന്നു .

ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ സുമിത്രയ്ക്കുള്ളൂ .ഗോപാലകൃഷ്ണന്‍റെ തിരിച്ചുവരവ്‌ എന്ന ഒരേയൊരു ഉത്തരം. പെണ്‍മക്കളില്‍ ഇളയവള്‍ വിദേശത്ത്‌ ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു.മൂത്തവള്‍ ഭര്‍ത്താവുമൊത്ത് മദ്രാസിലും .വിവാഹിതരായാല്‍ പെണ്‍മക്കള്‍ ഭര്‍ത്താവിനോടൊപ്പമാണ് ജീവിക്കേണ്ടത് സോമനാഥന്‍റെ മരണശേഷം പെണ്‍മക്കള്‍ അവരുടെ അരികിലേക്ക് സുമിത്രയെ ക്ഷണിച്ചതാണ് .സോമനാഥനെ അടക്കംചെയ്ത പുരയിടത്തില്‍ നിന്നും അവസാന ശ്വാസം നിലയ്ക്കും വരെ സുമിത്ര എങ്ങോട്ടും പോകില്ലായെന്ന് സോമനാഥന്‍റെ വേര്‍പാടിന്‍റെ അന്ന് തന്നെ മനസ്സില്‍ ശപഥം എടുത്തതാണ് .ആ ശപഥം നാളിതുവരെ സുമിത്ര തെറ്റിച്ചില്ല ശവകുടീരത്തിലെ എണ്ണ വിളക്കിലെ തിരി   ഈ നിമിഷംവരെ അണഞ്ഞിട്ടില്ല പടിപ്പുരയില്‍ നിന്നും കാലൊച്ചകള്‍ കേള്‍ക്കുമ്പോള്‍ സുമിത്ര പ്രതീക്ഷയോടെ ഉമ്മറത്തെക്ക്‌ ഓടിചെല്ലും .വരുന്നത് ഗോപാലകൃഷ്ണന്‍ അല്ലായെന്ന് തിരിച്ചറിയുമ്പോള്‍ പ്രതീക്ഷയെ കറുത്ത തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടതുപോലെയാണ് സുമിത്രയ്ക്ക് തോന്നാറുള്ളത് .

മനസ്സില്‍ ഓരോരോ ചോദ്യങ്ങള്‍ എപ്പോഴും  തികട്ടിവരും .തന്‍റെ ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും ,മക്കളില്ലാത്ത ഏതെങ്കിലും സംബന്നരായിരിക്കുമോ  തന്‍റെ ഗോപാലകൃഷ്ണനെ എടുത്തുകൊണ്ടുപോയിരിക്കുക ? .ഇപ്പോള്‍ അവന്‍ പഠിച്ച് ഉന്നത ജോലിക്കാരനായിരിക്കുമോ ?. അവനിപ്പോള്‍ വിവാഹിതനായിരിക്കുമോ ?, അവനിപ്പോള്‍ പിതാവായിരിക്കുമോ ?. അവനെ നൊന്ത് പ്രസവിച്ച അമ്മ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന് അവനറിയുന്നുണ്ടാകുമോ ?. അവനെയോര്‍ത്ത് ഓരോ നിമിഷവും മനംനൊന്ത് ജീവിക്കുന്ന ഈ അമ്മയെ കുറിച്ച് അവന്‍ ഓര്‍ക്കുന്നുണ്ടാകുമോ ?. ഗോപാലകൃഷ്ണനെ കാണാതായത് മുതല്‍ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയാത്ത ദിവസങ്ങള്‍ സുമിത്രയില്‍ അന്യമായിരുന്നു .പതിവുപോലെ  പ്രതീക്ഷ കൈവിടാതെ സുമിത്ര പ്രാര്‍ത്ഥനയോടെ പടിപ്പുരയിലേക്ക്‌ കണ്ണുംനട്ടിരുന്നു.
                                                                     ശുഭം

rasheedthozhiyoor@gmail.com  

12 comments:

  1. വഴിക്കണ്ണുമായി ഏകാനിയായിരിക്കുന്ന അമ്മയുടെ ദയനീയ ചിത്രം.

    നല്ല കഥ.(തുടക്കത്തിൽ നാലു അക്ഷരത്തെറ്റുകൾ-തിരുത്തുമല്ലോ)

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .അക്ഷരത്തെറ്റുകൾ ഉണ്ടെങ്കില്‍ തിരുത്താം

      Delete
  2. 55വയസ്സുള്ള അമ്മയുടെ ചിത്രം അല്ലല്ലോ.????

    ReplyDelete
  3. Subash Eluvatbingal7 April 2017 at 23:35

    Ayyo pettannu avasanichuvallo?Mathramalla onninum utharavum aayilla

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .പെട്ടന്ന് തീരുന്ന കഥകളല്ലേ കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്

      Delete
  4. Replies
    1. ന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  5. മകനെ നഷ്ടപെട്ട അമ്മ, നല്ല കഥ. കഥ മാത്രമാവട്ടെ.

    ReplyDelete
  6. ന്ദി വായനയ്ക്കും അഭിപ്രായത്തിനും

    ReplyDelete
  7. കുറെ വൈകിയ വായനയാണ് .
    മകനെ നഷ്ടപ്പെട്ട അമ്മയുടെ നൊമ്പരം വരികളിലൂടെ പ്രകടമായി.
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ