9 November 2012

ചെറുകഥ: ഹിതം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്
rasheedthozhiyoor.blogspot.com



                  വികസനം ഒട്ടുംതന്നെ കടന്നുവരാത്ത  നാട്ടിന്‍പുറത്തെ ഒരു പ്രധാന കവല. ടാറിട്ട പാതയുടെ ഇരുവശത്തും പഴയകാല വ്യാപാര കെട്ടിടങ്ങള്‍. അതില്‍ അധികവും മേല്‍ക്കൂര ഓടിട്ട രണ്ടു നില  കെട്ടിടങ്ങള്‍. ബാക്കിയുള്ളവ മേല്‍ക്കൂര ഓലമേഞ്ഞതും.താഴത്തെ നിലകളില്‍  നിത്യോപയോഗസാധനങ്ങളും ആയൂര്‍വേദ മരുന്നുകളും,   വില്‍പനയുക്കായുള്ള കടകളാണ്, മുകളിലത്തെ നിലയില്‍ പാര്‍ട്ടി ഓഫീസുകളും തയ്യല്‍ കടകളും മറ്റും ആണ് സ്ഥിതി ചെയ്യുന്നത്.   വാര്‍ക്ക കെട്ടിടങ്ങള്‍ കവല പ്രദേശത്ത്‌ ഒന്നുപോലും കാണാന്‍ കഴിയുകയില്ല.പാത ടാറിട്ടത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.പാത ടാറിട്ടെങ്കിലും കവലയിലെ പാതയ്ക്ക്  വീതി വളരെ കുറവാണ്. ഒരു വാഹനത്തിന്‍റെ എതിര്‍ദിശയില്‍ നിന്നും  മറു വാഹനം വന്നാല്‍ ഏതെങ്കിലും ഒരു വാഹനം ഓരം ചേര്‍ത്തു നിര്‍ത്തിയാലെ വാഹനത്തിന് പാതയിലൂടെ പോകുവാന്‍ കഴിയുകയുള്ളൂ. പാതയുടെ വികസനത്തിനു വേണ്ടി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുവാന്‍ ബന്ധപെട്ടവര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും,  വ്യാപാരികള്‍ ആ നിര്‍ദേശം ഒന്നടങ്കം എതിര്‍ത്തു.

പട്ടണത്തില്‍ നിന്നും കവലയിലേക്ക് യാത്ര ചെയ്യുമ്പോള്‍  കവലയുടെ മധ്യഭാഗത്തുനിന്നും ഇടത്തേക്ക് ടാറിടാത്ത പാതയിലൂടെ കുറച്ചു ദൂരം  യാത്ര ചെയ്‌താല്‍ മാങ്ങോട്ടു മനയിലെത്താം. ചെങ്കല്ലും ചുണ്ണാമ്പും കൊണ്ട് നിര്‍മിതമായ മനയുടെ മേല്‍ക്കൂര ഓടിട്ടാതാണ്.  പഴയകാല പ്രതാപം അറിയിക്കുന്ന മനയുടെ ഇപ്പോഴത്തെ അവസ്ഥ വളരെയധികം പരിതാപകരമാണ്.മനയുടെ അവകാശിയായിരുന്ന ദാമോദരന്‍ നമ്പൂതിരി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മരണപെട്ടു.മനയോട് ചേര്‍ന്നുള്ള ക്ഷേത്ര കുളത്തില്‍ മരണപ്പെട്ട നിലയില്‍ അദ്ദേഹത്തെ കാണുകയായിരുന്നു. കടം അധികരിച്ച ദാമോദരന്‍  നമ്പൂതിരി ആത്മഹത്യ ചെയ്തതാണെന്നാണ് നാട്ടിലെ സംസാരം. നോക്കിയാല്‍ കണ്ണെത്താദൂരത്തോളം വസ്തുവകകള്‍ ഉണ്ടായിരുന്ന മനയുടെ വസ്തു ഭൂരിഭാഗവും ദാമോദരന്‍  നമ്പൂതിരിയുടെ അച്ഛനില്‍ നിന്നും നഷ്ടപെട്ടിരുന്നു. കുറെയൊക്കെ വസ്തു കുടികിടപ്പവകാശ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ അവകാശികള്‍ക്ക് പതിച്ചുനല്‍കി. ബാക്കിയുള്ള  വസ്തുവിലെ വരുമാനം കൊണ്ട് കുടുംബം പോറ്റുവാന്‍ കഴിയാതെ ആയപ്പോള്‍ ദാമോദരന്‍  നമ്പൂതിരിയുടെ അച്ഛന്‍ വില്‍ക്കുകയും ചെയ്തിരുന്നു.

ദാമോദരന്‍ നമ്പൂതിരിക്ക് അഞ്ചു സഹോദരി മാരുണ്ട്. ഏറ്റവും ഇളയതായിരുന്നു  ദാമോദരന്‍ നമ്പൂതിരി. ദാമോദരന്‍ നമ്പൂതിരിയുടെ അച്ഛനുള്ള കാലത്തു തന്നെ സഹോദരി മാരെ വിവാഹം ചെയ്തയച്ചിരുന്നു.അവര്‍ക്ക് അവകാശപെട്ട വസ്തു വകകളും നല്‍കി. ബാക്കിയുള്ള മനയും  രണ്ടേക്കര്‍ വസ്തുവും മനയോട് ചേര്‍ന്നുള്ള ക്ഷേത്രവും ആണ് ദാമോദരന്‍ നമ്പൂതിരിക്ക് ലഭിച്ചത്. ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ ചെയ്തിരുന്നത് ദാമോദരന്‍ നമ്പൂതിരിയായിരുന്നു.അച്ഛന്‍റെ മരണ ശേഷമാണ് ദാമോദരന്‍ നമ്പൂതിരി അറിയുന്നത്  മനയുടെ പ്രമാണം അച്ഛന്‍ പണയപെടുത്തിയിരിക്കുകയാണെന്ന്.മാസാമാസം അടയ്കേണ്ട പലിശയില്‍  വീഴ്ച വന്നപ്പോള്‍ വീഴ്ചവരുത്തിയ പലിശ അടയ്ക്കാനുള്ള       അധികൃതരില്‍ നിന്നുമുള്ള   അറിയിപ്പ് ലഭിച്ചപ്പോഴാണ് ദാമോദരന്‍ നമ്പൂതിരി പ്രമാണം പണയപെടുത്തിയ വിവരം അറിയുന്നത് .

മനയിലെ ഇപ്പോഴത്തെ താമസക്കാര്‍ ദാമോദരന്‍ നമ്പൂതിരിയുടെ തളര്‍വാതം പിടിപ്പെട്ട് കിടപ്പിലായ അമ്മ  ബാലാമണിയമ്മ അന്തര്‍ജ്ജനവും ഭാര്യ രേണുക അന്തര്‍ജ്ജവും മൂന്നു മക്കളുമാണ്.മക്കള്‍ രണ്ടാണും ഒരു പെണ്ണും . മൂത്തമകന്‍  വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടും സര്‍ക്കാര്‍ ജോലിയൊന്നും ലഭിക്കാതെ കവലയിലെ പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നു.രണ്ടാമത്തെ മകള്‍- കാര്‍ത്തിക കലാലയത്തില്‍ പഠിക്കുവാന്‍ പോകുന്നു. മൂന്നാമത്തെ മകന്‍  ജയവര്‍ദ്ധന്‍ നമ്പൂതിരി പത്താംതരം വിദ്യാര്‍ത്ഥിയാണ്.സാമ്പത്തീക പരാധീനതകള്‍ വേണ്ടു വോളം ഉണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസം ലഭിക്കാത്ത ദാമോദരന്‍ നമ്പൂതിരി, മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം നല്‍കി അവരിലൂടെ നല്ലൊരു ജീവിതം സ്വപനം കണ്ടിരുന്ന ആളായിരുന്നു.ക്ഷേത്രവും, മനയും, കുടുംബവും അതായിരുന്നു ദാമോദരന്‍ നമ്പൂതിരിയുടെ ലോകം. ദാമോദരന്‍ നമ്പൂതിരിയുടെ പെട്ടന്നുള്ള  മരണം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി .

ദാമോദരന്‍ നമ്പൂതിരി മരണപെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍  അച്ഛന്‍റെ പെട്ടി തുറന്നു നോക്കിയ  വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി മനയും വസ്തുവകകളും ജപ്തി ചെയ്യുവാനുള്ള നോട്ടീസ് കണ്ട്   അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. മുത്തശ്ശനായി വരുത്തിയ കടം ഇതുവരെ അച്ഛന്‍ പലിശ നല്‍കി മനയും വസ്തുവകകളും കാത്തിരിക്കുന്നു.ഇതുവരെ നല്‍കിയ പലിശയുടെ  ലക്ഷങ്ങളുടെ കണക്കും പെട്ടിയില്‍ ഉണ്ടായിരുന്നു. വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി ഓര്‍ത്തു. വസ്തുവിലെ നാളികേരം വില്‍പ്പന ചെയ്തു ലഭിക്കുന്ന പണം കൊണ്ട് കുടുംബം പോറ്റുകയും പലിശ കൊടുക്കുകയും അച്ഛന്‍  ചെയ്തിരിക്കുന്നു.പലിശ കൊടുക്കുവാന്‍ പണം ലഭിക്കാതെ ആയപ്പോള്‍ അച്ഛന്‍ ജീവിതം അവസാനിപ്പിച്ചതാകുമോ എന്ന ചിന്ത  വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരിയെ വല്ലാതെ വിഷമിപ്പിച്ചു. വിഷമങ്ങള്‍ ഒന്നുംതന്നെ ആരോടും പങ്കുവെക്കുന്ന പ്രകൃതമായിരുന്നില്ല ദാമോദരന്‍ നമ്പൂതിരിയുടെ.

 എങ്ങനെയെങ്കിലും മനയും ക്ഷേത്രവും അന്യാധീനപ്പെട്ടു പോകാതെ കാത്തു സൂക്ഷിക്കണം എന്നതായിരുന്നു വിഷ്ണുവര്‍ദ്ധന്‍റെ ചിന്ത.  മന നഷ്ടമായാല്‍ പെരുവഴിയിലേക്കിറങ്ങേണ്ടി വരും. കിടപ്പിലായ മുത്തശ്ശിയെയും കൊണ്ട് എവിടെ പോകുവാന്‍, എന്തു ചെയ്യണം എന്നറിയാതെ വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി വിഷമിച്ചു.പണ്ട് മനയില്‍ നിന്നുംകുടികിടപ്പവകാശം ലഭിച്ച തട്ടാന്‍ വേലായുധന്‍റെ മകന്‍ അനില്‍കുമാര്‍ ഇപ്പോള്‍ നാട്ടിലെ അറിയപെടുന്ന പണക്കാരനാണ്. അയാളുടെ മുഖം വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരിയുടെ മനസിലേക്ക് ഓടിയെത്തി.പിന്നെ ഒട്ടും അമാന്തിച്ചില്ല,  നേരെ അനില്‍കുമാറിന്‍റെ വീട്ടിലേക്ക് വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി യാത്രയായി.ഇപ്പോള്‍ അടുത്തകാലത്തായി കവലയില്‍ നിന്നും കുറേ ദൂരത്തായി വസ്തു വാങ്ങി ഇരുനില മാളിക അനില്‍ കുമാര്‍ പണിതിരിക്കുന്നു. ആഡംബര കവാടവാതില്‍  തുറന്ന് വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി അകത്തു കടന്നപ്പോള്‍ ചാരുപടിയില്‍ ഇരുന്നിരുന്ന വേലായുധന്‍   ആശ്ചര്യത്തോടെ എഴുനേറ്റു നിന്നു പറഞ്ഞു .
,,എന്താ ഇത് കഥ..... ആരാ വരുന്നേ ! വരൂ വരൂ  തിരുമേനി  കയറിയിരിക്കു ,,
,,എനിക്ക് അനില്‍കുമാറിനോട് അല്‍പം സംസാരിക്കുവാനുണ്ട് ആള് ഇവിടെയുണ്ടോ ,,
,,മോന്‍ ബിസിനസ്സ് കാര്യങ്ങള്‍ക്കായിട്ട് രാവിലെ പോയാല്‍ സന്ധ്യ കഴിഞ്ഞേ വീട്ടില്‍ എത്താറുള്ളു, തിരുമേനി കയറിയിരിക്കു ഞാന്‍ മോനോട് വിളിച്ചു പറയാം ,,

വേലായുധന്‍ സെല്‍ഫോണ്‍ എടുത്തു മകന് വിളിച്ചു. സംസാരത്തിനിടയ്ക്ക് സെല്‍ഫോണ്‍ വേലായുധന്‍  വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരിയുടെ നേര്‍ക്കു നീട്ടി .
അനില്‍കുമാര്‍ വൈകീട്ട് മനയില്‍ വന്ന് വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരിയെ കണ്ടോളാം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ മനയിലേക്ക് തിരികെ നടന്നു.

ജപ്തിനോട്ടീസ്‌ താന്‍ കാണാനിടയായ വിവരം മനയില്‍  ആരോടും വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി പറഞ്ഞില്ല. അച്ഛന്‍റെ വേര്‍പാട്‌ താങ്ങുവാന്‍ കഴിയാതെ ഇരിക്കുന്ന തന്‍റെ മിത്രങ്ങളെ വിഷമിപ്പികേണ്ടാ എന്ന് അയാള്‍ തീരുമാനിച്ചു.മനയില്‍ എത്തിയ അയാള്‍ എന്തു ചെയ്യണം എന്ന് അറിയാതെ അസ്വസ്ഥനായി. വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരിയുടെ മുഖഭാവം കണ്ടപ്പോള്‍ അമ്മ ചോദിച്ചു !
,, എന്താ ? എന്‍റെ കുട്ടി വല്ലാണ്ടായിരിക്കുണൂലോ....എന്താ ഉണ്ടായേ അമ്മയോട് കാര്യം പറയൂ കുട്ടീ ,,
,, ഒന്നൂല്യാ ഇവിടത്തെ കാര്യം ഓര്‍ത്തപ്പോള്‍ മനസെന്തോ സങ്കടപെട്ടു എനിക്കൊരു നല്ല  ജോലി തരായിച്ചാ കഷ്ടതകള്‍ക്ക് അല്‍പം ശമനം ലഭികൂലോ ,,
,,എന്‍റെ കുട്ടി  ഒന്നും ഓര്‍ത്ത്‌ സങ്കടപെടേണ്ട. ഈശ്വരന്‍ നല്ലതേ വരുത്തു എന്‍റെ പ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കാതെയിരിക്കില്ല തീര്‍ച്ച,എപ്പോഴും ഞാന്‍  മനമുരുകി  പ്രാര്‍ഥിക്കുന്നുണ്ട്.മുത്തശ്ശിക്കുള്ള എണ്ണയും കുഴമ്പും വാങ്ങാന്‍ പറഞ്ഞത് മറന്നോ എന്‍റെ  കുട്ടി.,,
,, വാങ്ങിക്കാം അല്‍പം കഴിഞ്ഞ് ഞാന്‍ കവലയിലേക്ക് പോകുന്നുണ്ട് ,,
അയാള്‍ തന്‍റെ  കീശയിലേക്ക് നോക്കി കഷ്ടിച്ച് ഒരു മുപ്പതു രൂപയുടെ അടുത്തെയുള്ളൂ എണ്ണയും കുഴമ്പും ലഭിക്കണമെങ്കില്‍ ഇരുന്നൂറു രൂപയില്‍ കൂടുതല്‍ വേണം.സ്ഥിരമായി മരുന്നുകള്‍ വാങ്ങുന്ന കടയില്‍ കഴിഞ്ഞ തവണ  കടം വാങ്ങിയത് ഇതുവരെ കൊടുത്തിട്ടില്ല.അയാള്‍ ക്ഷേത്രത്തിലെ ആല്‍ത്തറയിലേക്ക് നടന്നു.അവിടെയിരുന്നാല്‍ മനയിലേക്ക് പടിപ്പുര കടന്നു വരുന്നാരെ കാണാം സന്ധ്യയാകാറായപ്പോള്‍ പടിപ്പുരയുടെ അരികില്‍ ഒരു ആഡംബര കാര്‍ വന്നു നിന്നു. കാറില്‍ നിന്നും അനില്‍കുമാര്‍ ഇറങ്ങി . അയാള്‍  പടിപ്പുര കടന്നപ്പോള്‍  വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി അനില്‍കുമാറിന്‍റെ അരികിലേക്ക് ചെന്നു.

,,തിരുമേനി കാണണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങി ,,
,,ഞാന്‍ അനില്‍കുമാറിനെ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു വിരോധം ഇല്ലാന്ന്ച്ചാല്‍ നമുക്ക് ആല്‍ത്തറയില്‍ ഇരുന്നു സംസാരിക്കാം എനിക്ക് ഒരു സ്വകാര്യം പറയുവാനുണ്ട്,,
  വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി വിവരങ്ങള്‍ വിശദമായി പറഞ്ഞപ്പോള്‍ അനില്‍കുമാര്‍ പറഞ്ഞു
,, മന പണയപെടുത്തിയ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല. അച്ഛന്‍ തിരുമേനി ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ...അദ്ദേഹത്തിന്‍റെ അഭിമാനം അതിനു സമ്മതിച്ചു കാണില്ല. അതാവും എല്ലാം മനസ്സില്‍ തന്നെ ആരോടും  പറയാതെ സൂക്ഷിച്ചുവെച്ചത് .എനിക്കും എന്‍റെ കുടുംബത്തിനും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് തിരുമേനിയുടെ കുടുംബത്തോട്.എന്‍റെ അച്ഛന് വീട് വെക്കാന്‍ പത്തു സെന്‍റ് സ്ഥലം നല്‍കിയത് തിരുമേനിയുടെ മുത്തശ്ശനാണ്. സ്ഥലം പിന്നീട് ഞങ്ങള്‍ക്ക് കുടികിടപ്പവകാശം ലഭിച്ചു.തട്ടാന്‍ വേലായുധന്‍റെ മകന്‍ ഇന്ന് അറിയപെടുന്ന സ്വര്‍ണവ്യാപാരിയാണ്.പല പട്ടണങ്ങളിലായി എനിക്ക് ഇപ്പോള്‍ ഏഴു ജ്വല്ലറികളുണ്ട് പുതിയത് മൂന്നെണ്ണം  അടുത്തു തന്നെ തുറക്കും. ഇതിന്‍റെയൊക്കെ മൂലധനം ഇവിടെ നിന്നും ലഭിച്ച പത്തു സെന്‍റെ ഭൂമി വിറ്റ് ലഭിച്ച തുകയാണ്. ആഭരണ നിര്‍മാണ യൂണിറ്റ് ആയിരുന്നു തുടക്കം, അന്ന് അച്ഛന്‍ വസ്തു വില്‍ക്കുവാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ കേവലം ഒരു തട്ടാനായി ഞാന്‍  ഒതുങ്ങി കൂടേണ്ടി വന്നേനെ.വീടും വസ്തുവും വിറ്റ് വാടക വീട്ടിലേക്ക് മാറുമ്പോള്‍ ഭയം ഇല്ലാതെയിരുന്നില്ല.


അനില്‍കുമാറിന്‍റെ സംസാരം മുറിഞ്ഞപ്പോള്‍ വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി പറഞ്ഞു .,,മനയും ക്ഷേത്രവും നിലനിര്‍ത്തി ഭാക്കിയുള്ള വസ്തു വില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.നാട്ടില്‍ ഇപ്പോഴുള്ള വിലയിലും കുറവ് തന്നാല്‍ മതി അനില്‍കുമാറിനെടുത്തൂക്കൂടെ  ഈ വസ്തു ,,
,, വേണ്ട തിരുമേനി വസ്തു നിങ്ങളില്‍ തന്നെ ഉണ്ടാവണം എത്ര രൂപ ആണെങ്കിലും പ്രമാണം ഞാന്‍ തിരികെ  എടുത്തുതരാം ഇന്ന് അതിനുള്ള കഴിവ് എനിക്കുണ്ട് കടമായിട്ട് കരുതിയാല്‍ മതി ,,
,, എന്‍റെ ഈശ്വരാ എന്താ നാം കേള്‍ക്കണേ ,,
,, തിരുമേനി സംശയിക്കേണ്ട ,,
,, പക്ഷെ എങ്ങിനെ ഞാന്‍ താങ്കളുടെ കടം വീട്ടും,,
,,  ഞാന്‍ ഒരു തൊഴില്‍ നല്‍കുന്നത് തിരുമേനിക്ക് സ്വീകാര്യമാണെങ്കില്‍ നാളെ മുതല്‍ എന്‍റെ സ്ഥാപനങ്ങളുടെ ജനറല്‍ മാനാജരായിട്ട് ജോയിന്‍റ് ചെയ്തോളു അതിനുള്ള. വിദ്യാഭ്യാസം തിരുമേനിക്ക് ഉണ്ടല്ലോ വേതനത്തില്‍ നിന്നും ഒരു തുക മാസാമാസം ഞാന്‍ പിടിച്ചു കൊള്ളാം ,,

വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി അനില്‍കുമാറിന്‍റെ കൈപിടിച്ച്‌ പറഞ്ഞു
,, വിശ്യസിക്കുവാന്‍ അങ്ങട് ആവണില്ല്യാ. ഈശ്വരന്‍ എന്‍റെ മുന്‍പില്‍ പ്രത്യക്ഷമായത് പോലെ തോന്നുന്നു.നന്ദിയുണ്ട്.... തീര്‍ത്താല്‍ തീരാത്ത കടപ്പാടും ,,
വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരിയുടെ തൊണ്ടയിടറി. അപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഈശ്വരന്‍ അനില്‍കുമാറിന്‍റെ രൂപത്തില്‍ തന്‍റെ മുന്‍പില്‍ പ്രത്യക്ഷമായിരിക്കുന്നു. അതായിരുന്നു അയാളുടെ വിശ്യാസം. അമ്മയുടെ വാക്കുകള്‍ അയാള്‍ ഓര്‍ത്തു.
,,എന്‍റെ കുട്ടി  ഒന്നും ഓര്‍ത്ത്‌ സങ്കടപെടേണ്ട ഈശ്വരന്‍ നല്ലതേ വരുത്തു എന്‍റെ പ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കാതെയിരിക്കില്ല തീര്‍ച്ച, മനമുരുകി ഞാന്‍  പ്രാര്‍ഥിക്കുന്നുണ്ട്.
  അനില്‍കുമാര്‍ യാത്ര പറഞ്ഞിറങ്ങി.   വിഷ്ണുവര്‍ദ്ധന്‍ നമ്പൂതിരി നേരെ ക്ഷേത്ര കുളത്തില്‍ പോയി കുളിച്ച് ക്ഷേത്രത്തിലേക്ക് നടന്നു .ഈശ്വരനോട് നന്ദി പറയുവാനായി.
                 ശുഭം
rasheedthozhiyoor@gmail.com




8 comments:

  1. നഷ്ടപ്പെട്ടിട്ടില്ലാത്ത ചില മനുഷ്യ മന്സ്സുകലെങ്കിലും കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നന്മയുടെ ഇത്തരം രൂപങ്ങള്‍ പഴയത് മറക്കാതെ ധാരാളമായ്‌ വര്‍ദ്ധിക്കട്ടെ എന്നാശിക്കാം.
    തിരക്കിട്ട് എഴുതിയത് പോലെ അനുഭവപ്പെട്ടു.

    ReplyDelete
  2. നന്ദി ശ്രീ റാംജി നല്ല വാക്കുകള്‍ക്ക് സമൂഹത്തില്‍ പലിശയുടെ കുരുക്കില്‍ പെടുന്നവര്‍ ഒരുപാട് ഉണ്ട് എത്രയോപേര്‍ കടക്കെണിയില്‍ പെട്ട് ജീവിതംതന്നെ അവസാനിപ്പിക്കുന്നു.അങ്ങിനെയുള്ളവരെ സഹായിക്കുവാന്‍ സന്മനസ്സ് ഉള്ളവര്‍ വിരളം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ എന്‍റെ ഈ രചനവായിക്കുന്നവരില്‍ ഒരാളെങ്കിലും ഉണ്ടായാല്‍ എന്‍റെ കര്‍മ്മം സഫലം നമ ഉണ്ടാവട്ടെ എല്ലാവരിലും .

    ReplyDelete
  3. കഥ വായിച്ചു. നല്ല വിവരണം. എല്ലാം കണ്മുന്നിൽ കാണുന്ന പ്രതീതി. ഗ്രാമീണ വിശുദ്ധി തുളുമ്പിനിൽക്കുന്നു ഉടനീളം. ആശംസകൾ

    ReplyDelete
  4. നന്ദി ശ്രീ മധുസുദനന്‍ സര്‍ കഥ വായിക്കുകയും വീണ്ടും എഴുതുവാന്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ എഴുതിയതിനും .നമ്മുടെ ഗ്രാമവും ഗ്രാമവാസികളും അവരുടെ ഭാഷയും മനസിന്‌ എന്ത് മാത്രം സന്തോഷം നല്‍കുന്നു.

    ReplyDelete
  5. നാട്ടിന്‍ പുറവും അവിടത്തെ അന്തരീക്ഷവും കണ്ണിന്‍റെ മുന്നില്‍ തെളിയുന്നു നല്ല ഒരു കഥ ..ആശംസകള്‍ ...

    ReplyDelete
  6. നന്ദി ശ്രീമതി .ഷാഹിദ ഇത്ത നല്ലവാക്കുകള്‍ക്ക്. ഗ്രാമീണ കഥകള്‍ ഇഷ്ടപെടാത്തവരായി ആരുണ്ട്‌ ഈ ഭൂലോകത്ത് വായനക്കാരുടെ ഇഷ്ടം മനസിന്‌ സന്തോഷം നല്‍കുന്നു.

    ReplyDelete
  7. ഇങ്ങനെ നന്മ വറ്റാത്ത മനസ്സുകള്‍
    ഇപ്പോള്‍ കാണാന്‍ ചുരുക്കം...

    നമ്മെക്കൊണ്ട് വലിയവര്‍ ആയവര്‍,
    നമ്മെ ചെറുതായി ക്കാണാന്‍ ആഗ്രഹിക്കുന്നവര്‍
    ആയി മാറുന്ന കാലം ആണ്....

    ഗുണ പാഠ കഥകള്‍ പോലെ ലളിതം ആയ
    ഈ എഴുത്ത് ശൈലി മാറ്റിയാല്‍ ഇതേ ആശയങ്ങള്‍
    തന്നെ വളരെ നന്നായി അവതരിപ്പിക്കാന്‍ റഷീദിന്
    കഴിയും..ആശംസകള്‍..

    ReplyDelete
  8. നന്ദി പ്രിയ സുഹൃത്തേ സന്തോഷം നല്‍കുന്ന വാക്കുകള്‍ക്ക്. സമ്പത്ത് വേണ്ടുവോളം ഉള്ളവര്‍ ധാരാളമുണ്ട് ഈ ഭൂലോകത്ത്.അവര്‍ തിരക്കിലാണ് വീണ്ടും വീണ്ടും സമ്പത്ത് അധികരിപ്പിക്കുവാനുള്ള തിരക്കില്‍. ഈ ഭൂലോകത്തിലെ ജീവിതം വളരെ കുറവേയുള്ളൂ എന്ന് ഈ കൂട്ടര്‍ ചിന്തിച്ചാല്‍ നമ്മുടെ ലോകം എത്ര മനോഹരം

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ