4 May 2012

ചെറു കഥ . വിധിയുടെ പൊയ്മുഖങ്ങള്‍

ചെറു കഥ .വിധിയുടെ പൊയ്മുഖങ്ങള്‍.ചിത്രം കടപ്പാട് ആര്‍ട്ട്സ് ഓഫ്  ഡ്രോയിംഗ്
ലണ്ടനിലെ പ്രധാന  വിമാനത്താവളത്തില്‍   തന്നെ യാത്രയാക്കുവാന്‍ വന്ന ഭര്‍ത്താവിനോടും മക്കളോടും യാത്ര പറഞ്ഞ് ആതിര എയര്‍ പോര്‍ട്ടിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.  വിമാനത്തില്‍ കയറുവാനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഇരുന്നു .ഇനിയും അര മണിക്കൂറില്‍ അധികം അവിടെ തന്നെ ഇരിക്കേണ്ടി വരും എന്ന് അടുത്തിരിക്കുന്നവര്‍ പറയുന്നത് അവള്‍ കേട്ടു.പന്ത്രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ആയി അവള്‍ ലണ്ടനിലെ പ്രവാസജീവിതം തുടങ്ങിയിട്ട് .വിവാഹം കഴിഞ്ഞ് ഇരുപത്തൊന്നാം നാള്‍ ഭര്‍ത്താവിനോടൊപ്പം പോന്നതാണ് ലണ്ടനിലേക്ക് .ഈ കാലത്തിനിടയ്ക്ക് നാട്ടിലേക്ക് പോയത് ഒരു തവണ മാത്രം .ഭര്‍ത്താവിന്‍റെ മുത്തശ്ശിയുടെ മരണ വിവരം അറിഞ്ഞു പോയതാണ് അന്ന്,ശവസംസ്‌കാരം കഴിഞ്ഞ് ഏഴാംപക്കം തിരികെ പോരുകയും ചെയ്തു .ഇപ്പോള്‍ ആതിര നാട്ടിലേക്ക് പോകുന്നതിന്‍റെ പ്രധാന കാരണം സഹോദരന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാനാണ്.പഠിക്കുവാന്‍ പോകുന്ന മൂന്നു മക്കളുടേയും പഠിപ്പ് മുടക്കുവാന്‍ പറ്റില്ലാ എന്ന ഭര്‍ത്താവിന്‍റെ നിര്‍ബന്ധം കാരണം മക്കളെ കൂടെ കൂട്ടുവാന്‍ കഴിഞ്ഞില്ല, ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഏറ്റവും ഇളയ മകനെ കൂടെ കൊണ്ടു പോരുവാന്‍ കഴിയാത്ത വിഷമം അവളുടെ മനസ്സില്‍ വേണ്ടുവോളമുണ്ട്.
  ഭര്‍ത്താവിന് നാട്ടിലേക്ക് പോകുക എന്നത് തീരെ ഇഷ്ടമല്ല  എന്നു മാത്രമല്ല  ആതിരയേയും മക്കളേയും നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്യില്ല .സ്വന്തം നാട് വിട്ട് പോരേണ്ടി വരും എന്ന് അവള്‍ സ്വപ്നത്തില്‍പ്പോലും കരുതിയതല്ല .ഗ്രാമത്തില്‍ ജീവിക്കുവാനായിരുന്നു അവള്‍ എന്നും കൊതിച്ചിരുന്നത്.

          യാത്രക്കാര്‍ വിമാനത്തിലേക്ക് കയറണം എന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ മറ്റു യാത്രക്കാരുടെ കൂടെ ആതിരയും വിമാനത്തില്‍ കയറിയിരുന്നു .ആതിരയുടെ തൊട്ട ഇരിപ്പിടങ്ങളില്‍ രണ്ട് ലണ്ടന്‍ സ്വദേശികളാണ് ഇരിന്നിരുന്നത് .കണ്ടാല്‍ ഇരുപത്താറും ഇരുപതും വയസ്സ് തോന്നിക്കുന്ന  പുരുഷനും സ്ത്രീയും. അവരുടെ  സംസാരം കേട്ടപ്പോള്‍ ആതിരയ്ക്ക് മനസ്സിലായി രണ്ടു പേരും വിവാഹം കഴിയാത്ത കമിതാക്കളാണെന്ന് .അവരുമായി പരിചയ പെട്ടപ്പോള്‍ കേരളം കാണുവാന്‍ പോകുകയാണെന്ന് പറഞ്ഞു.അവരുടെ അടക്കി പിടിച്ചുള്ള സംസാരവും സ്നേഹ പ്രകടനങ്ങളും കണ്ടപ്പോള്‍,  ആതിരയുടെ മനസ്സ് അവളുടെ പ്രണയ കാലത്തേക്ക് സഞ്ചരിച്ചു. .ആതിര ജനിച്ചതും വളര്‍ന്നതും ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ  പേരുകേട്ട തറവാട്ടിലായിരുന്നു  നോക്കിയാല്‍ നോട്ടം എത്താത്ത അത്രയും പറമ്പും വയലും സ്വന്തമായുള്ള തറവാട്ടിലെ പ്രധാപ  വര്‍മയുടെ  അഞ്ചു മക്കളില്‍ ഏറ്റവും ഇളയവള്‍ . വക്കീലായ  പ്രധാപവര്‍മയ്ക്ക് രണ്ടു ആണ്‍ മക്കളും മൂന്നു പെണ്‍മക്കളും ആയിരുന്നു .

         പടിപ്പുരയുള്ള വര്‍മയുടെ നാലുകെട്ട് ആ ഗ്രാമത്തിലെ  എല്ലാവരും കൌതുകത്തോടെയാണ് നോക്കിയിരുന്നത് .ഡിഗ്രി കഴിഞ്ഞപ്പോള്‍  ആതിരയെ  ബി എഡിനായി  പട്ടണത്തിലെ കോളേജില്‍ ചേര്‍ത്തു .കോളേജിന്‍റെ അടുത്തുള്ള ചേച്ചിയുടെ വീട്ടില്‍ നിന്നായിരുന്നു പഠനം .മനസില്‍ വേവലാതികളും ഉത്തരവാദിത്വങ്ങളും ഇല്ലാത്ത ആ പഠനകാലം, അതായിരുന്നു അവള്‍ എന്നും ഇഷ്ട പെട്ടകാലം .പ്രണയം അങ്ങിനെയൊന്ന്‍ അവളുടെ  ജീവിതത്തില്‍ ബി എഡിന് പഠിക്കാന്‍ കോളേജില്‍ ചേരുന്നതു വരെ ഉണ്ടായിരുന്നില്ല .ജീവിതത്തില്‍ ആദ്യമായി ഒരാളോട് ഒരു ഇഷ്ടം തോന്നി, അങ്ങിനെയൊരു ഇഷ്ടം തോന്നുവാന്‍ കാരണം അയാളുടെ ജീവിത നിലവാരം കണ്ടതിന്‍റെ സഹതാപവും അയാള്‍ ഒരു സംഗീതഞ്ജനും ആയത് കൊണ്ടാണ്  .

ചേച്ചിയുടെ വീടിനടുത്തായി അന്യംനിന്നുപോകുന്ന ഒരു മനയുണ്ടായിരുന്നു . മനയുടെ കുറേ ഭാഗങ്ങള്‍ നാളികേരം ഓടിനു മുകളില്‍ വീണ് ഓടും പട്ടികകളും തകര്‍ന്ന് മഴവെള്ളം  ചുമരിലേക്ക് ഒലിച്ചിറങ്ങി ചുമര്‍ തകര്‍ന്ന നിലയിലായിരുന്നു .ആ മനയില്‍ താമസിക്കുന്നവര്‍ മൂന്നു പേര്‍ മാത്രം , വിഷ്ണുനാരായണന്‍ നമ്പൂതിരിയും മാതാവും മുത്തശ്ശിയും. പ്രതാപം വേണ്ടുവോളം ഉണ്ടായിരുന്ന നമ്പൂതിരി കുടുംബമായിരുന്നു അവരുടേത്  കുടികിടപ്പവകാശ നിയമംമൂലം കുറേ ഭൂമി അവകാശപെട്ടവര്‍ക്ക് പതിച്ചു നല്‍കി .ബാക്കിയുള്ള ഭൂരിഭാഗം ഭൂമിയും വിഷ്ണു നമ്പൂതിരിയുടെ അച്ഛനായിട്ടു വിറ്റ് നശിപ്പിച്ചു ആതിരയുടെ ചേച്ചിയുടെ ഭര്‍ത്താവ്‌ വിഷ്ണു നമ്പൂതിരിയുടെ അച്ഛനില്‍നിന്ന് വാങ്ങിയ രണ്ടേക്കറോളം ഭൂമിയിലാണ് വീട് പണിതിരിക്കുന്നത്.

ആതിര സംഗീതം പഠിച്ചിരുന്നു. സംഗീത പഠനം തുടര്‍ന്ന് കൊണ്ട് പോകുവാന്‍ വളരെയധികം ആഗ്രഹിച്ചിരുന്ന ആതിരയോട് ചേച്ചിയാണ് വിഷ്ണു നമ്പൂതിരിയെ കുറിച്ച് പറഞ്ഞത് .

,,വിഷ്ണു നമ്പൂതിരി കച്ചേരികള്‍ക്ക് പോകുന്നയാളാ, തന്നയുമല്ല വീട്ടില്‍ സംഗീതം പഠിപ്പിക്കുന്നുണ്ട്‌ ഞാന്‍ ചേട്ടനോട് വിഷ്ണു നമ്പൂതിരിയുമായി സംസാരിക്കാന്‍ പറയാം, അവിടെയാകുമ്പോള്‍ ദൂരത്തേക്ക് പോകേണ്ടല്ലോ ,,

വിഷ്ണു നമ്പൂതിരി ആതിരയെ സംഗീതം പഠിപ്പിക്കാം എന്നു സമ്മതിച്ചു . സംഗീതം പഠിക്കാന്‍ ആദ്യദിവസം ആതിര വിഷ്ണു നമ്പൂതിരിയുടെ അരികില്‍ ചെന്നപ്പോള്‍. ഒരു ചെറുപ്പക്കാരനാണ്  അവളെ എതിരേറ്റത്. വിഷ്ണു നമ്പൂതിരിയെ കാണുമ്പോള്‍  ഇരുപത്താറ് വയസ്സ് പ്രായമേ തോന്നിക്കുന്നുണ്ടായിരുന്നുളളു.ആതിര കരുതിയിരുന്നത് വിഷ്ണു നമ്പൂതിരി പ്രായമായ ആളാകും എന്നായിരുന്നു .കോളേജില്‍ നിന്നും വന്നതിനു ശേഷമായിരുന്നു സംഗീത പഠനം, വൈകീട്ട് അഞ്ചുമുതല്‍ ആറര വരേയും   കോളേജ്‌ അവധി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരേയും
  ഒരുപാട് കുട്ടികള്‍ വിഷ്ണു നമ്പൂതിരിയുടെ മനയില്‍  സംഗീതം പഠിക്കുവാന്‍ വരുന്നുണ്ടായിരുന്നു .ആ മനയിലെ ഉപജീവന മാര്‍ഗമായിരുന്നു  സംഗീതം പഠിപ്പിക്കല്‍ എന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞപ്പോള്‍  അയാളോട് തോന്നിയ സഹതാപം പിന്നീട് ആരാധനയായി  മാറി .മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും  അയാളോടുള്ള അവളുടെ ആരാധന പ്രണയമായി അവള്‍ പോലും അറിയാതെ പരിണമിച്ചിരുന്നു .

വിഷ്ണു നമ്പൂതിരിയുടെ സൗമ്യമായുള്ള പെരുമാറ്റം, അതായിരുന്നു അയാളിലേക്ക് അവളെ ആകര്‍ഷിച്ചത്.പക്ഷെ വിഷ്ണു നമ്പൂതിരി അവള്‍ക്ക് അയാളുടെ ശിഷ്യ എന്നതിലുപരി ഒരു പരിഗണനയും നല്‍കിയിരുന്നില്ല .അവള്‍ ആഗ്രഹിച്ചതു പോലെയുള്ള സമീപനം അയാളില്‍ നിന്നും ലഭിക്കുന്നില്ലാ എന്നു കണ്ടപ്പോള്‍,ഒരു ദിവസ്സം പഠനം കഴിഞ്ഞു സഹപാഠികള്‍ എല്ലാവരും പുറത്തിറങ്ങി എന്ന് ഉറപ്പു വരുത്തി അവളുടെ ആഗ്രഹം എഴുതിയ എഴുത്ത് അയാളുടെ നേര്‍ക്ക്‌ നീട്ടി .

,, എന്താ ഇത് ആതിരെ ,,

 ,,എനിയ്ക്ക് അങ്ങയോട് പറയുവാന്‍ ഉള്ളത് എല്ലാം ഞാന്‍ ഈ എഴുത്തില്‍ എഴുതിയിട്ടുണ്ട് തെറ്റാണെങ്കില്‍ എന്നോട് പൊറുക്കണം ഇന്നേവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം  എനിയ്ക്ക് അങ്ങയോട് തോന്നുന്നു .എനിയ്ക്ക് വേണം അങ്ങയെ എന്‍റെ ശ്വാസം നിലയ്ക്കും വരെ ,,

അത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .അയാള്‍ അവളുടെ മുഖഭാവം കണ്ടപ്പോള്‍ എന്ത് മറുപടി പറയണം എന്നറിയാതെ പരിഭ്രമിച്ചു .
    അടുത്ത ദിവസം കുറേ നേരത്തെയാണ് അവള്‍ അയാളുടെ അരികിലേക്ക് പോയത് .അപ്പോള്‍ മറ്റു സഹപാഠികള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല .അന്ന് അയാള്‍  അവളോട് അയാളെ കുറിച്ച് പറഞ്ഞു .

,,പാതിവഴിയില്‍ എന്‍റെ വിദ്യാഭ്യാസം മുടങ്ങി സമ്പത്ത് ഉള്ള എന്‍റെ ബാല്യകാലത്ത് അച്ഛന്‍റെ നിര്‍ബ്ബന്ധം കാരണം  സംഗീതം അഭ്യസിച്ചത് കൊണ്ട് ഇപ്പോള്‍ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു .ആതിര കരുതും പോലെ ഒരു നല്ല ജീവിതം എന്നില്‍ നിന്നും ആതിര യ്‌ക്ക് ലഭിക്കില്ല .എനിയ്ക്ക് ഇഷ്ടമാണ് ആതിരയെ പക്ഷെ ഇല്ല കുട്ടി ഞാനായിട്ട് ആതിരയുടെ ജീവിതം തകര്‍ക്കില്ല ആതിരയ്ക്ക് പണവും പ്രശസ്തിയും പ്രതാപവും ഉള്ള ഒരു നല്ല ബന്ധം തന്നെ ലഭിക്കും എന്നെ മറന്നേക്കു ,,

,, എനിയ്ക്ക് പണവും പ്രശസ്തിയും പ്രതാപവും ഒന്നും വേണ്ട ഈശ്വരന്‍ സംഗീതം കനിഞ്ഞു നല്‍കിയ ഈ സംഗീതജ്ഞനെ മാത്രം മതി ,,

എന്താ കുട്ടി ഈ പറയുന്നത് നമ്മള്‍ എങ്ങിനെ ജീവിക്കും ഏതു നിമിഷവും നിലംപതിക്കാവുന്ന ഈ  മനയിലാണോ നമ്മള്‍ ജീവിക്കുവാന്‍ പോകുന്നത് ആതിരയുടെ വീട്ടുക്കാര്‍ സമ്മതിക്കുമോ നമ്മുടെ വിവാഹത്തിന് ,,

,,വന്നു പെണ്ണ് ചോദിയ്ക്കു .....സമ്മതിച്ചില്ലാ എങ്കില്‍ ആ നിമിഷം  ഞാന്‍ ഇറങ്ങി പോരും അങ്ങയുടെ  കൂടെ  എനിയ്ക്ക് അങ്ങ് ഇല്ലാതെ ജീവിക്കാനാവില്ല .അത്രയ്ക്ക് ഞാന്‍ സ്നേഹിച്ചു പോയി ,,

 ,,അറിയ പെടുന്ന തറവാട്ടിലെ കുട്ടിയാണ് ആതിര  ആ തറവാട്ടിനൊരു ചീത്തപേര്‍ ഞാനായിട്ട് ഒരിക്കലും ഉണ്ടാക്കില്ല ആ ശാപം കൂടി ഏറ്റു വാങ്ങാന്‍ എനിക്കാവില്ല .എന്നെ മറക്കണം ആരുടേയും മനസ് നോവുന്നത് എനിയ്ക്ക് സഹിക്കാനാവില്ല ,,

അയാളുടെ വാക്കുകള്‍ അവളെ വല്ലാതെ സങ്കടപെടുത്തി അവള്‍ കരഞ്ഞു കൊണ്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു .ഒരു നിമിഷം അയാള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു പിന്നെ തിടുക്കത്തില്‍  അവളെ മാറില്‍ നിന്നും അകറ്റി കൊണ്ട് പറഞ്ഞു.

,,  പാടില്ല കുട്ടി ....ഇങ്ങനെയൊന്നും അരുത് എനിയ്ക്ക് ഇഷ്ടാ കുട്ടിയെ എന്നേക്കാളും മറ്റ് എന്തിനേക്കാളും കൂടുതല്‍ ഇഷ്ടാ ...പക്ഷെ എന്‍റെ ഭാവി ഇനിയങ്ങോട്ട് എന്താണെന്ന് നല്ല നിശ്ചയം ഉണ്ടെനിയ്ക്ക് അത് കൊണ്ട് തന്നയാ പറയുന്നത് എന്നെ മറന്നേക്കാന്‍ ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസിയാണ് തെറ്റുകള്‍ ഒരിക്കലും ഉണ്ടാകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അര്‍ഹമായാതെ ആഗ്രഹിക്കുവാന്‍ പാടുള്ളൂ ഞാനും ആതിരയും സാമ്പത്തികമായി ഒരുപാട് അന്തരമുണ്ട് ചേരാന്‍ പാടില്ലാത്തത് ചേര്‍ക്കുവാന്‍ ശ്രമിച്ചാല്‍ ഫലം അതി ഭയാനകമാകും ഞാനില്ല ഒരു പരീക്ഷണത്തിന് ,,

അയാളുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞിരുന്നു .

,,നമുക്ക് നല്ല കൂട്ടുകാരായി കഴിയാം ,,

അയാള്‍ അങ്ങിനെ പറഞ്ഞെങ്കിലും അവള്‍ കാത്തിരുന്നു അയാളുടെ മനസ്സ് മാറുന്നതിനായി. ബി എഡ് കഴിഞ്ഞപ്പോള്‍ അവള്‍ക്ക് സ്വന്തം വീട്ടിലേക്ക് തിരികെ പോരേണ്ടി വന്നു .എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അയാളെ അവള്‍ക്ക് മറക്കുവാന്‍ കഴിഞ്ഞില്ല .
അധികം നാള്‍ കഴിയുന്നതിനു മുന്നേ അവള്‍ക്ക് വിവാഹാലോചന വന്നു .ചെറുക്കന് ലണ്ടനില്‍ നല്ല ഉദ്ദ്യോഗം നല്ല തറവാട് ആളെ കാണാനും നല്ല ഭംഗി ആദ്യമായി ആതിരയെ പെണ്ണു കാണാന്‍ വന്നവര്‍ക്ക് അവളെ ഇഷ്ടമായി. ആതിരയുടെ വീട്ടുകാര്‍ക്കും  അവരെ നന്നായി ബോധിച്ചു .പക്ഷെ  അവള്‍ അയാളുടെ മുഖത്തേക്ക് ഒന്ന്  നോക്കുക പോലും ചെയ്തില്ല .പേരിന് എല്ലാവരുടേയും മുന്‍പില്‍ പോയി നിന്നു, അത്ര മാത്രം . മുത്തശ്ശിയാണ് ആതിരയോട് വിവരം പറഞ്ഞത് .

,, എന്‍റെ കുട്ടിയുടെ ഭാഗ്യാ..... ഇങ്ങിനെയൊരു ബന്ധം ഈ വീടിന്‍റെ പടികയറി വരാന്‍ കാരണം, പതിവായി ക്ഷേത്രത്തില്‍ പോകുന്നതിന്‍റെ പ്രതിഫലം എന്‍റെ കുട്ടിക്ക്  ഈശ്വരന്‍ കനിഞ്ഞു നല്‍കിയതാ.... .വിവാഹം ഉറപ്പിച്ചു ,അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ വിവാഹം നടത്തും ചെറുക്കന് ഒരു മാസത്തെ അവധിയെയുള്ളൂ അവന്‍ പോകുമ്പോള്‍ എന്‍റെ കുട്ടിയെയും ലണ്ടനിലേക്ക് കൊണ്ട് പോകുത്ത്രെ ,,

ഇഷ്ടമായോ എന്ന് അവളോട്‌ ആരും ചോദിച്ചില്ല . ഇഷ്ട പെടാതെ ഇരിയ്ക്കാന്‍ അയാളില്‍ ഒരു കുറവും ആരും കണ്ടിരുന്നില്ല എന്നതാണ് വാസ്തവം .   അറിഞ്ഞവരൊക്കെ പറഞ്ഞു

,,ആതിരയുടെ ഭാഗ്യംകൊണ്ടാണ് ഇങ്ങിനെയൊരു ബന്ധം വന്നു ചേര്‍ന്നത്‌ ,,

 പക്ഷെ ആതിര കാത്തിരുന്നു വിഷ്ണു നമ്പൂതിരിയുടെ വരവിനായി.   വിവാഹത്തിനു മുന്‍പ് ഒരു ദിവസ്സം ചേച്ചിയുടെ വീട്ടിലേക്ക് ചെല്ലണം എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഒരുപാട് സന്തോഷിച്ചു .ചേച്ചിയുടെ വീട്ടില്‍ എത്തിയ ഉടനെതന്നെ അവള്‍ വിഷ്ണു നമ്പൂതിരിയുടെ വീട്ടിലേക്ക്  ചെന്നു, പോകുമ്പോള്‍ അവളുടെ മനസില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ    ഒന്നു കൂടി പറയണം എന്നെ ഉപേക്ഷിക്കരുത്....  എന്‍റെ സ്നേഹം കാണാതിരിയ്ക്കരുത്  . പക്ഷെ  അവള്‍ക്ക് നിരാശയായിരുന്നു ഫലം അമ്മയാണ് അവളോട്‌ പറഞ്ഞത്

,, വിഷ്ണുരാവിലെ തന്നെ പോയല്ലോ കുട്ടി .കച്ചേരി ഉണ്ട്‌ന്നാ പറഞ്ഞത് രണ്ടു ദിവസ്സം കഴിഞ്ഞേ മടക്കം ഉണ്ടാകൂവെന്നും പറഞ്ഞു ,,

 ആതിര അപ്പോള്‍ തിടുക്കത്തില്‍ ചേച്ചിയുടെ വീട്ടിലേക്ക് തന്നെ  തിരികെ പോയി, ചേച്ചി പരിസരവാസികളെ ക്ഷണിക്കാനായി കൊണ്ട് വന്ന വിവാഹ ക്ഷണ കത്തില്‍ നിന്നും ഒരു കത്ത് എടുത്ത് കത്തില്‍ തിടുക്കത്തില്‍  എഴുതി വരണം വരാതെയിരിക്കരുത്,  കൂടുതല്‍ എഴുതണം എന്നുണ്ടായിരുന്നു അവള്‍ക്ക് പക്ഷെ  കത്ത് അമ്മയെങ്ങാനും പൊട്ടിച്ചു വായിച്ചാലോ എന്ന ഭയത്താല്‍ കൂടുതല്‍ ഒന്നും എഴുതിയില്ല .കത്തിനു പുറത്ത് വിഷ്ണു നമ്പൂതിരി എന്ന് എഴുതി ഒട്ടിച്ച് തിടുക്കത്തില്‍ പുറത്തിറങ്ങാന്‍ നേരം ആതിരെ എന്ന ചേച്ചിയുടെ വിളി കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി

,,എങ്ങോട്ടാണ് പോകുന്നത് ,,

,,ഞാന്‍ വിഷ്ണു നമ്പൂതിരിയുടെ മനയിലേക്കാ,,

,,ഇപ്പോള്‍ത്തന്നെ അവിടെ പോയി വന്നല്ലെയുളളു,,

,,ക്ഷണകത്ത് കൊണ്ടുപോയിരുന്നില്ല കത്ത് കൊടുത്ത്  ഞാന്‍ ഇപ്പോള്‍ത്തന്നെ വരാം ചേച്ചി ,,

അമ്മയുടെ കയ്യില്‍ ക്ഷണ കത്ത് കൊടുത്തപ്പോള്‍ അമ്മ പറഞ്ഞു .

,,വിവാഹത്തിന്  വിഷ്ണു മാത്രം വന്നാല്‍ മതിയോ? ഞാനും അമ്മയും വരേണ്ടേ ,,
പേരിന് ക്ഷണിച്ചു എന്നു വരുത്തി അവള്‍ തിരികെ പോന്നു .

വിവാഹം നടക്കാന്‍ പോകുന്നു എന്നറിഞ്ഞാല്‍  അവളെ കൂട്ടി കൊണ്ട് പോകുവാന്‍ വിഷ്ണു  വരും എന്ന അവളുടെ പ്രതീക്ഷ  യാഥാര്‍ത്യമായില്ല
കരഞ്ഞു കലങ്ങിയ കണ്ണുകളാല്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്ത പെട്ടു.
ആദ്യരാത്രിയില്‍ താലി ചാര്‍ത്തിയവന് അവകാശപെട്ടത്‌ ഒന്നും തന്നെ അവള്‍ അയാള്‍ക്ക്‌ നല്‍കിയില്ല. ഓരോരോകാരണങ്ങള്‍ പറഞ്ഞു ദിവസങ്ങള്‍ അവള്‍ തള്ളി നീക്കി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ധൃതഗതിയില്‍ അയാള്‍ അവളുടെ  പാസ്പോര്‍ട്ട് തരപെടുത്തി ,ലണ്ടനിലേക്ക് യാത്രയായി .ലണ്ടനിലെ ഒരു രാത്രിയില്‍ അവള്‍ വിഷ്ണു നമ്പൂതിരിക്കായി  കാത്തു വെച്ച എല്ലാം അയാളുടെ ബലിഷ്ടമായ കരുത്തിനു മുന്‍പില്‍  അവള്‍ക്ക് സമര്‍പ്പികേണ്ടി വന്നു .അല്ലെങ്കിലും വിവാഹം കഴിഞ്ഞ പെണ്ണിന് മറ്റൊരാള്‍ക്ക് കരുതി വെച്ചത് ഭര്‍ത്താവിനു മുന്‍പില്‍ സമര്‍പ്പിക്കാതെയിരിക്കുവാന്‍ നിര്‍വാഹമില്ലല്ലോ.

ആതിര എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ കൂട്ടി കൊണ്ട് പോകുവാന്‍ സഹോദരനും ഭാര്യയും മക്കളും വന്നിരുന്നു .മക്കളെ കൂടെ കൊണ്ട് വരാത്തതില്‍ എല്ലാവരും പരിഭവം പറഞ്ഞു .
തറവാട്ടില്‍ ചെന്നു കയറുമ്പോള്‍ എല്ലാവരും പൂമുഖത്ത് തന്നെ ആതിരയെ വരവേല്‍ക്കാന്‍ കാത്തു നിന്നിരുന്നു .സഹോദരന്‍റെ മകളുടെ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ചേച്ചിയും ഭര്‍ത്താവും കുട്ടികളും തിരികെ പോകാന്‍ നേരം ആതിര പറഞ്ഞു .

,, ചേച്ചി  ഞാനും വരുന്നുണ്ട് നിങ്ങളുടെ കൂടെ എനിക്ക് രണ്ടു ദിവസം നിങ്ങളുടെ കൂടെ അവിടെ താമസിക്കണം ,,

,,ഞാന്‍ ആതിരയോട് ചോദിക്കാനിരിക്കുകയായിരുന്നു ഞങ്ങളുടെ കൂടെ പോരണോ എന്ന്,,

ചേച്ചിയുടെ കൂടെ പോകുമ്പോള്‍ അവളുടെ ഒരുപാട് നാളത്തെ ആഗ്രഹം  നിറവേറ്റുക എന്നത് മാത്ര മായിരുന്നു അവളുടെ ചിന്ത .വിഷ്ണു നമ്പൂതിരിയെ ഒരു നോക്ക് കാണണം ഈ മനസ്സില്‍ ആ മുഖം ഇപ്പോഴും മായാതെ അതുപോലെ തന്നെ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തെ  അറിയിക്കണം .വിഷ്ണു നമ്പൂതിരി വിവാഹം കഴിഞ്ഞ് ഭാര്യയോടും മക്കളോടുമൊപ്പം സുഖമായി ജീവിക്കുന്നുണ്ടാകും എന്നതായിരുന്നു അവളുടെ സങ്കല്പം.

ചേച്ചിയുടെ വീട്ടില്‍ എത്തി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വിഷ്ണു നമ്പൂതിരിയുടെ മന വരെ പോയിട്ട് വരാം എന്നു പറഞ്ഞ് അവള്‍  ഇറങ്ങുമ്പോള്‍ ചേച്ചി പറഞ്ഞു.

,, ഇപ്പോള്‍ അയാള്‍ അവിടെ തനിച്ചാണ് താമസം അയാളുടെ അമ്മയും മുത്തശ്ശിയും അടുത്തകാലത്തായി മരണ പെട്ടു, ഇപ്പോള്‍ അവിടെ മനയൊന്നും ഇല്ല ,മന പഴയ വീട് പൊളിച്ചു വാങ്ങുന്നവര്‍ക്ക് വിറ്റു  ഇപ്പോള്‍ ഒരു രണ്ടു മുറിയുള്ള ഒരു  ചെറിയവീട് പണിതിട്ടുണ്ട് ,,

,,അപ്പോള്‍  വിഷ്ണു നമ്പൂതിരിയുടെ വിവാഹം കഴിഞ്ഞില്ലേ ,,

,,ഇല്ല അയാള്‍ക്ക് ഇപ്പോള്‍ തലക്ക് അത്ര വെളിവ് ഇല്ലാ എന്നാ നാട്ടിലെ സംസാരം കച്ചേരിക്കൊന്നും പോകുന്നില്ല, സംഗീതം പഠിപ്പിക്കുന്നത്‌ കുറേ മുന്‍പ് തന്നെ നിര്‍ത്തിയിരിക്കുന്നു  ,,

ചേച്ചിയുടെ വാക്കുകള്‍ അവളെ നടുക്കി. ഈശ്വരാ എന്ന ഗദ്ഗദത്തോടെ അവള്‍   വിഷ്ണു നമ്പൂതിരിയുടെ വീട്ടിലേക്ക് നടന്നു .അവിടെ എത്തിയപ്പോള്‍  വീടിന്‍റെ വാതില്‍ അകത്ത് നിന്നും സാക്ഷയിട്ട നിലയിലായിരുന്നു .ആ വിടിന്‍റെ മുന്‍വശത്തെ ചെറിയ വരാന്തയിലേക്ക് അവള്‍ കയറിയപ്പോള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളിലേക്ക് അവള്‍ നോക്കി .വിഷ്ണു നമ്പൂതിരിയുടെ  അച്ഛന്‍റെ  ഫോട്ടോയുടെ ഇരുവശത്തും മുത്തശ്ശിയുടെ ഫോട്ടോയും അമ്മയുടെ ഫോട്ടോയും തൂക്കിയിട്ടിരിക്കന്നതിനു കുറച്ചു മാറി ഒരു പെണ്‍കുട്ടി വേദിയില്‍ മൈക്കിനു മുന്‍പില്‍ ഗാനം ആലപിക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ അവള്‍ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി,

  അത് അവളുടെ ഫോട്ടോ ആണെന്ന് അവള്‍ തിരിച്ചറിഞ്ഞു .സംഗീതം പഠിക്കാന്‍ വിഷ്ണു നമ്പൂതിരിയുടെ അടുത്ത് വന്നിരുന്ന കാലത്ത് അടുത്ത ക്ഷേത്രത്തിലെ  ഉത്സവത്തിന് ഗാനം ആലപിക്കുമ്പോള്‍ എടുത്ത ഫോട്ടോ, തന്‍റെ ഇഷടം അറിയിക്കുന്നതിന് മുന്‍പ് എടുത്ത ഫോട്ടോ, വിഷ്ണു നമ്പൂതിരി സൂക്ഷിച്ച് വെച്ചിരുന്നെങ്കില്‍ താന്‍ വിഷ്ണു നമ്പൂതിരിയെ ഇഷ്ട പെടുന്നതിന് മുന്‍പ് തന്നെ അദ്ദേഹം തന്നെ ഇഷ്ട പെട്ടിട്ടുണ്ടാവില്ലേ എന്നതായിരുന്നു അവളുടെ ചിന്ത .പിന്നെ തിടുക്കമായിരുന്നു അവള്‍ക്ക്  വിഷ്ണു നമ്പൂതിരിയെ കാണുവാന്‍ .

അവള്‍ കതകില്‍ മുട്ടിയപ്പോള്‍ വിഷ്ണു നമ്പൂതിരി കതകു തുറന്ന് പുറത്തു വന്നു .അയാളെ കണ്ടപ്പോള്‍ അവള്‍ അത്ഭുതപെട്ടു പോയി .താടിയും മുടിയും നീട്ടി വളര്‍ത്തി നന്നായി ക്ഷീണിച്ച്  ഭിക്ഷാടനത്തിനു നടക്കുന്നവരെ പോലെയുള്ള അയാളുടെ വേഷം കണ്ടപ്പോള്‍ അവളുടെ മനസ് നന്നായി നൊന്തു .രണ്ടു പേര്‍ക്കും കുറേ സമയത്തിന് ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല .കുറേ സമയത്തിന് ശേഷം അവള്‍ മൊഴിഞ്ഞു .

,,എന്‍റെ ഈശ്വരാ... എന്ത് വേഷാമാ ഇത്  എന്താ ഞാനീ .. കാണുന്നേ ...എന്താ ഇങ്ങിനെയൊക്കെ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല ഭാര്യയേയും മക്കളേയും കാണാന്‍ വന്നതാ ഞാന്‍ .എന്താ വിവാഹം കഴിക്കാതെയിരുന്നത് ,,

,,ആതിരയുടെ സ്ഥാനത്ത് വേറെയൊരാളെ സങ്കല്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല വിവാഹം ഞാന്‍ വേണ്ടാ എന്നു വെച്ചു,,

,, അപ്പോള്‍ എന്നെ ഇഷ്ട മായിരുന്നുവോ ,,

അതെ...... ആതിര എന്നെ ഇഷ്ടമാണെന്ന് പറയുന്നതിന് മുന്‍പ് തന്നെ ഞാന്‍ ആതിരയെ പ്രണയിച്ചിരുന്നു .എന്‍റെ സ്വകാര്യ പ്രണയം ,,

,, പിന്നെ എന്തേ എന്നോട് ഒരു വാക്ക് പറഞ്ഞില്ല. ഇഷ്ട മാണെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും വേറെയാളുടെ ഭാര്യയാകുമായിരുന്നില്ല,,

,, എന്നെ ഇഷ്ട മാണെന്ന് പറയുന്നതിന് മുന്‍പ് ഇവിടെ നിന്നും എന്‍റെ ഒരു ഫോട്ടോ ആതിര കൈവശപെടുത്തിയിരുന്നുവോ,,

,,ഉവ്വ് ഞാന്‍ എടുത്തിരുന്നു എന്നും എന്നോടൊപ്പം ആ ഫോട്ടോയും ഉണ്ടായിരുന്നു  ഇപ്പോഴും ആ ഫോട്ടോ ഞാന്‍ സൂക്ഷിക്കുന്നു ,,

,,എന്നെ ആതിര പ്രണയിച്ചിരുന്ന വിവരം ആതിരയുടെ ചേച്ചിക്കും വീട്ടുകാര്‍ക്കും എല്ലാം അറിയാമായിരുന്നു . ആതിര എഴുതിയിരുന്ന ഡയറി കാണാതെ പോയിരുന്നില്ലേ ,,

ഉവ്വ് എനിക്ക് അങ്ങയോട് പാറയുവാന്‍ ഉണ്ടായിരുന്നത് എല്ലാം ഞാന്‍ ആ ഡയറിയില്‍ എഴുതിയിരുന്നു ഒരിക്കല്‍ അങ്ങ് എന്‍റെ സ്വന്തമായാല്‍ ഞാന്‍ എന്ത് മാത്രം അങ്ങയെ സ്നേഹിച്ചിരുന്നു എന്നു അങ്ങ് അറിയാന്‍ വേണ്ടി നിധി പോലെ കാത്തു സൂക്ഷിച്ചതായിരുന്നു ആ ഡയറി ,,

,, ആതിര എന്നോട് ഇഷ്ടം അറിയിക്കുന്നതിന് മുന്‍പ് എനിക്ക് ആതിരയോടുള്ള ഇഷ്ടം തുറന്നു പറയണം എന്ന് കരുതിയിരിക്കുമ്പോള്‍, അന്ന് എനിക്ക് അറിയില്ലായിരുന്നു ആതിരക്ക് എന്നെ ഇഷ്ട മാണെന്ന്. ആതിര എഴുതിയിരുന്ന ഡയറി ചേച്ചിയാണ് അച്ഛന് എത്തിച്ചു കൊടുത്തത് .ഒരു ദിവസം ഞാന്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ അച്ഛനും ആതിരയുടെ ഒരു സഹോദരനും കൂടി എന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തി  .ഭീഷണിയുടെ സ്വരമല്ലാ ഞാന്‍ അച്ഛനില്‍ നിന്നും കേട്ടത് ഒരു പിതാവിന്‍റെ യാചനയായിരുന്നു  .

,,എന്‍റെ മകള്‍ക്ക് താങ്കളോട് ഒരു വല്ലാത്ത ഇഷ്ടം തോന്നിയിരിക്കുന്നു .ആ വിവരം അവള്‍ ഇന്നു വരെ താങ്കളോട് പറഞ്ഞിട്ടില്ലാ എന്ന് ഇന്ന് എനിക്ക് ലഭിച്ച ഈ ഡയറി വായിച്ചാല്‍ മനസിലാകും .അടുത്ത ദിവസം തന്നെ എന്‍റെ മകള്‍ അവളുടെ ഇഷ്ടം താങ്കളോട് പറയും .ഒരിക്കലും താങ്കള്‍ അവളുടെ ഇഷ്ടത്തെ പ്രോത്സാഹിപ്പിക്കരുത് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്, എന്‍റെ മകളുടെ നല്ല ജീവിതം ആഗ്രഹിക്കുന്ന പിതാവാണ് ഞാന്‍ ,താങ്കള്‍ക്ക് എന്‍റെ മകളെ ഇഷ്ട മല്ലാ എന്നു പറഞ്ഞാല്‍ അവളുടെ ഇഷ്ടം താനേ ഇല്ലാതെയാവും ഇപ്പോള്‍ ഞാന്‍ എന്‍റെ മകളോട് ഈ വിവരം ചോദിച്ചാല്‍ ഒരു പക്ഷെ അവളുടെ വിദ്യാഭ്യാസം തന്നെ മുടങ്ങും എന്ന് ഞാന്‍ ഭയക്കുന്നു എന്‍റെ അപേക്ഷയാണ് ,,

,, സാറ് പൊയ്ക്കോളു എന്നെ വിശ്വസിക്കാം ഞാന്‍ ഒരു ഈശ്വര വിശ്വാസിയാണ് എന്‍റെ വാക്ക് മാറില്ല ,,

വിഷ്ണു നമ്പൂതിരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ എല്ലാം മറന്ന്‌ അയാളുടെ മാറിലേക്ക് ചാഞ്ഞു. കുറച്ചു നേരം രണ്ടു പേരും അങ്ങിനെ നിന്നു. പിന്നെ അയാള്‍ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടു പറഞ്ഞു,

,,അരുത്..... ആതിര ഇപ്പോള്‍   ഭാര്യയാണ്,  അമ്മയാണ് ഞാന്‍ ആതിരയെ ഇഷ്ട മല്ലാ എന്നു പറഞ്ഞതിന്‍റെ വാസ്തവം ഇനിയും ഞാന്‍ പറഞ്ഞില്ലാ എങ്കില്‍ എന്‍റെ സമ നില തന്നെ തെറ്റി പോകും ഇപ്പോള്‍ മനസിന്‌ അല്‍പം ആശ്വാസം തോന്നുന്നു ഞാന്‍ ആതിരയുടെ നല്ല ഭാവി മാത്രമേ ആഗ്രഹിച്ചിട്ടുളളു. ജീവിതത്തില്‍ ആരോടും തോന്നാത്ത പ്രണയം ആതിരയോടു തോന്നിയത് ദൈവഹിതം എന്നെ ഞാന്‍ കരുതുന്നുള്ളൂ .അന്ന് വിവാഹം ഉറപ്പിച്ചതിനു ശേഷം ആതിര ചേച്ചിയുടെ വീട്ടിലേക്കു വന്നപ്പോള്‍ ആതിരയുടെ ചേച്ചി പറഞ്ഞിട്ടാണ് ഞാന്‍ ഇവിടെ നിന്നും മാറി നിന്നത് അന്ന് എനിക്ക് കച്ചേരിയൊന്നും ഉണ്ടായിരുന്നില്ല .രണ്ടും കല്‍പിച്ചു ആതിരയെ ഇറക്കി കൊണ്ട് വരാന്‍ ഇറങ്ങിയതാ ഞാന്‍, പക്ഷെ  ക്ഷേത്രത്തിന് അടുത്തെത്തിയപ്പോള്‍ അന്ന് അച്ഛന് ഞാന്‍  കൊടുത്ത വാക്ക് ഓര്‍ത്തപ്പോള്‍ എന്‍റെ  ധൈര്യം എല്ലാം ചോര്‍ന്നു പോയി. പിന്നെ എല്ലാ വേദനകളും സ്വയം മനസിലൊളിപ്പിച്ചു. ഇപ്പോള്‍ കുറ്റ ബോധം തോന്നുന്നു. എന്നെ ഇത്ര കണ്ട് സ്നേഹിച്ചയാളുടെ മനസ് ഞാന്‍ കാണാതെ പോയതില്‍......  ,,

,,അപ്പോള്‍ ഞാന്‍ സന്തോഷായിട്ടു ജീവിക്കുകയാണ് എന്നാണോ നിനച്ചിരിക്കുന്നത്/ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇതുവരെ അദ്ദേഹത്തെ എനിക്ക് സ്നേഹിക്കുവാന്‍ കഴിഞ്ഞിട്ടില്ല ..അങ്ങേയ്ക്ക് വേണ്ടി ഞാന്‍ കാത്തു സൂക്ഷിച്ചതൊക്കെ അദ്ദഹം ബലമായി എന്നില്‍ നിന്നും നേടിയെടുത്തു. ഇപ്പോള്‍ അദ്ദേഹത്തിന് അവകാശ പെട്ടത് ഒന്നും ഞാന്‍ നിഷേധിക്കുന്നില്ലാ എന്നേയുള്ളൂ അങ്ങയെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക്  സാധിക്കുന്നില്ല .ഇപ്പോള്‍ ഞാന്‍ കാരണ മാണല്ലോ   അങ്ങയ്ക്ക് ഇങ്ങിനെയൊരു അവസ്ഥ വന്നത് എന്ന് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല എനിക്ക് ,,

,,സാരല്ല്യാ എനിക്ക് ഇങ്ങിനെ ഒറ്റയ്ക്ക് ആതിരയുടെ ഓര്‍മ്മകളുമായി ശിഷ്ടകാലം തീര്‍ക്കുവാനാ ഇഷ്ടം ,,

,,പാടില്ല അങ്ങ് സംഗീതം ഉപേക്ഷിക്കാന്‍ പാടില്ല ,ദൈവം കനിഞ്ഞു നല്‍കിയ സിദ്ധി വേണ്ടാ എന്ന് വെക്കരുത് ഇനിയും കച്ചേരികള്‍ക്ക് പോകണം.  കുട്ടികള്‍ക്ക് സംഗീതം പഠിപ്പിക്കണം.പിന്നെ വിവാഹിതനായി സുഖമായി ജീവിക്കണം അതാണ്‌ എന്‍റെ ആഗ്രഹം ,,

ആതിരയുടെ വാക്കുകള്‍ക്ക് ഉത്തരം നല്‍കാതെ അയാള്‍ പറഞ്ഞു

 ,,ഞാന്‍ ആതിരയുടെ വിവരങ്ങള്‍ ചേച്ചിയോട് എപ്പോഴും അന്യോഷിക്കാറുണ്ട് .അവിടെ ലണ്ടനില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു എന്നും അതേ സ്ക്കൂളില്‍ തന്നെയാണ് മക്കള്‍ മൂന്നു പേരും പഠിക്കുന്നത് എന്നും എല്ലാം ഞാന്‍ അറിയുന്നുണ്ട്. എനിക്ക് മനസിന്‌ ഒരുപാട് സന്തോഷമായി എന്‍റെ കൂടെ കൂടിയിരുന്നെങ്കില്‍ ഈ സൗഭാഗ്യങ്ങള്‍ ഒന്നും തന്നെ  ആതിരക്ക് ലഭിക്കുമായിരുന്നില്ല .ഞാന്‍ ഒരിക്കലും ആതിരയെ കുറ്റ പെടുത്തില്ല .ഞാനല്ലെ ആതിരയുടെ സ്നേഹം അറിഞ്ഞിട്ടും അറിയാത്തവനെ പോലെ നടിച്ചത്,,

അവരുടെ സംസാരം നീണ്ടു പോയി നേരം ഇരുട്ടിയത് അവര്‍ അറിഞ്ഞില്ല ദൂരെ നിന്നും ടോര്‍ച്ച് ലൈറ്റിന്‍റെ വെട്ടം കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു

,,ആരോ വരുന്നുണ്ട് ആതിരയെ തിരക്കിയാവും ,,

,,മേമയോട് അമ്മ ചെല്ലാന്‍ പറഞ്ഞു ,,

ദൂരേ നിന്നും  ചേച്ചിയുടെ മകന്‍റെ സ്വരം കേട്ടപ്പോള്‍ ആതിര  വിഷ്ണു നമ്പൂതിരിയുടെ രണ്ടു കൈകളും പിടിച്ചു കൊണ്ട് പറഞ്ഞു

,,വിളിക്കുന്നു ....ഞാന്‍ പൊയ്ക്കോട്ടെ   എന്നെ ഇഷ്ട മാണെങ്കില്‍ ഞാന്‍ പറഞ്ഞത് എല്ലാം അനുസരിക്കണം. രാവിലെ തന്നെ പോയി മുടിയും താടിയും വെട്ടണം  . മടങ്ങുന്നതിന് മുന്‍പ് ആ പഴയ രൂപം കണ്ട് കൊണ്ട് വേണം എനിക്ക് മടങ്ങാന്‍   . അങ്ങ് പണ്ട് പറഞ്ഞത് പോലെ ഇനിയുള്ള കാലം നമുക്ക് നല്ല സുഹൃത്തുക്കളായി ജീവിക്കാം.... ,,

അവള്‍ അയാളോട് യാത്ര പറഞ്ഞ് ചേച്ചിയുടെ മകന്‍റെ പിറകില്‍ നടന്നു നീങ്ങി ..
തനിക്ക് വന്നു ഭവിച്ച വിധിയെയോര്‍ത്ത് അയാളുടെ മനസില്‍ രൂപാന്തരപെട്ട വേദനയില്‍ നിന്നും മോക്ഷത്തിനായി   വിഷ്ണു നമ്പൂതിരിയുടെ മനസ്സ്  ആതിരയുടെ കരസ്പര്‍ശനത്തിനായി  കൊതിക്കുന്നുണ്ടായിരുന്നു. ..,,ആതിരാ.....,, എന്ന  വിളി  പുറത്തേക്ക് വരാതെ അയാളുടെ തൊണ്ടയില്‍ തന്നെ  കുരുങ്ങി നിന്നു.                             
                                                                      ശുഭം
rasheedthozhiyoor@gmail.com

18 comments:

  1. നല്ല കഥയാണു ഭായ്!!...

    നഷ്ടപ്രണയം എഴുതിയാലും വായിച്ചാലും മടുക്കില്ല. എല്ലാവര്‍ക്കുമുണ്ടാവുമത്

    ReplyDelete
  2. നന്ദി ശ്രീ സുമേഷ് നല്ല വാക്കുകള്‍ക്ക് എന്‍റെ ഈ രചനയെക്കുറിച്ച് ആദ്യത്തെ അഭിപ്രായം വളരെയധികം ഹൃദ്യമായി താങ്കള്‍ എഴുതിയിരിക്കുന്നു .ഒരു രചന പ്രസിദ്ധീകരിച്ചാല്‍ വായനക്കാരുടെ അഭിപ്രായം അറിയാന്‍ ആകാംക്ഷയാണ് .ഇതുവരെയുള്ള എന്‍റെ അനുഭവത്തില്‍നിന്ന് മനസിലായത് എഴുത്തിനെ എത്രകണ്ട് നന്നാക്കുവാന്‍ ഇനിയും കഴിയും എന്ന് പറഞ്ഞു തരുവാന്‍ ബ്ലോഗ്‌ ലോകത്ത് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട് എന്നതാണ് .

    ReplyDelete
  3. നന്നായിട്ടുണ്ട്, പ്രണയം ഒരു നല്ല വിഷയം തന്നെയാ എഴുതുന്നവര്‍ക്ക്.

    ReplyDelete
  4. musrieskeralam പ്രണയം പൂര്‍ണതയില്‍ എത്തുന്നത് വിരളമാണ് അതുകൊണ്ടുതന്നെയാണ് പ്രണയത്തെക്കുറിച്ച് കഥകള്‍ ഉണ്ടായികൊണ്ടിരിക്കുന്നതും.

    ReplyDelete
  5. നഷ്ട്ട പ്രണയം....നന്നായിട്ടുണ്ട് ...നന്മകള്‍ നേരുന്നു

    ReplyDelete
  6. നന്ദി നല്ല വാക്കുകള്‍ക്ക് .എഴുത്ത് ഇനിയും എങ്ങിനെ നന്നാക്കാം അതിനു വേണ്ടുന്ന നല്ല ഉപദേശങ്ങള്‍ രചനയിലെ പോരായ്മകള്‍ ചൂണ്ടി കാണിച്ചു തരുവാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാകുക മനസിന്‌ സന്തോഷം നല്‍കുന്ന കാര്യമാണ്

    ReplyDelete
  7. പ്രിയ റഷീദ്. ഇതൊക്കെ പലരും പല രീതിയല്‍ പറഞ്ഞ പൈങ്കിളി കഥയല്ലേ. മറ്റൊന്ന്, കഥയ്ക്ക് ആശയം മാത്രം പോരാ. വരികളുടെ സൌന്ദര്യം അഥവാ ആഖ്യാന ഭംഗി വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതു പോലെ അനാവശ്യ വിവരണങ്ങള്‍ വായനക്ക് മുഷിപ്പുണ്ടാക്കും.

    വായനക്കാരുടെ ആസ്വാദന നിലവാരത്തിനും കാലോചിതമായ മാറ്റം വന്നു കഴിഞ്ഞു. എഴുത്തിനു പുതിയ സങ്കേതങ്ങള്‍ കണ്ടെത്തിയാല്‍ തീര്‍ച്ചയായും എഴുത്ത് ശ്രദ്ധിക്കപ്പെടും. പറയുന്നത് കൊണ്ട് വിഷമം തോന്നരുത്. ആരെങ്കിലും ഇത് പറയേണ്ടേ.

    ReplyDelete
  8. valare nannayittundu..... aashamsakal..... blogil puthiya post..... CINEMAYUM, PREKSHAKARUM AAVASHYAPPEDUNNATHU........ vaayikkane............

    ReplyDelete
  9. നന്ദി ശ്രീ .Akbar രചന വായിക്കുകയും എനിക്ക് വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതിന്‌.താങ്കളെപ്പോലെയുള്ളവരുടെ മുന്‍പില്‍ ഞാന്‍ എന്ത് എഴുത്തുകാരന്‍ .എഴുത്തിനെ ഞാന്‍ അങ്ങേയറ്റം സ്നേഹിക്കുന്നു എന്‍റെ മനസ്സില്‍ നിന്നും ലഭിക്കുന്ന ചില വാക്കുകള്‍ എനിക്ക് അറിയാവുന്ന ഭാഷയില്‍ ഞാന്‍ ഇവിടെ എഴുതുന്നു .

    ReplyDelete
  10. നന്ദി ശ്രീ .ജയരാജ്‌മുരുക്കുംപുഴ നല്ല വാക്കുകള്‍ക്ക്.

    ReplyDelete
  11. റഷിദ്ക്ക മനോഹരമായ രജന നന്നായിരിക്കുന്നു ഇനിയും ഈ തൂലികയില്‍ നിന്നും നല്ല നല്ല രജനകള്‍ ഉതിര്‍ന്ന് വീഴട്ടെ എന്ന ആശംസിക്കുന്നു

    ReplyDelete
  12. വളരെയധികം നന്ദിയുണ്ട് ശ്രീ .മുസ്തഫ വല്ലപ്പുഴ ,മനസിന്‌ സന്തോഷം നല്‍കുന്ന വാക്കുകള്‍ എഴുതിയതിന്.എഴുതുവാന്‍ എനിക്ക് അര്‍ഹത ഉണ്ട് എന്ന് ഞാന്‍ ഉന്നയിക്കുന്നില്ല.എഴുത്തിനോടുള്ള ഒരു തരം ആര്‍ത്തിയാണ് എനിക്ക് മനസില്‍ തോന്നുന്നത് എഴുതുന്നു എന്നേയുള്ളൂ.നേരില്‍ കാണാത്ത ഒരുപാട് നല്ല സുഹൃത്തുക്കളെ ലഭ്യമായത് മനസിന്‌ വളരെയധികം സന്തോഷം നല്‍കുന്നു ...

    ReplyDelete
  13. എം.ഡി. ഷിബു15 May 2012 at 17:44

    പ്രിയ റഷീദ്.. നഷ്ട പ്രണയം നന്നായി പറഞ്ഞിട്ടുണ്ട്.. ആശയ പുതുമ ഇല്ല എന്നാണ് എന്റെ അഭിപ്രായം
    മുന്‍പ് വായിച്ച 'വിധി നിര്‍ണയങ്ങള്‍' താര തമ്യം ചെയ്തത് കൊണ്ടാവാം......
    താങ്കള്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  14. നന്ദി ശ്രീ .എം.ഡി. ഷിബു രചന വായിച്ച് താങ്കളുടെ അഭിപ്രായം എഴുതിയതിന് .ഞാന്‍ ഇനിയും എഴുത്ത് നന്നാക്കുവാന്‍ ശ്രമിക്കാം എനിയ്ക്ക് വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വീണ്ടും നല്‍കുമല്ലോ

    ReplyDelete
  15. പ്രണയം എത്ര എഴുതിയാലും ഒടുങ്ങാത്ത കൌതുകം
    വിരഹം എന്തെഴുതിയാലും അടങ്ങാത്ത നോവ്‌....
    ആശംസകള്‍ ഇനിയും എഴുതുക .............

    ReplyDelete
  16. നന്ദി ശ്രീ .Shaleer Ali എന്‍റെ രചന വായിക്കുകയും മനസിന്‌ സന്തോഷം നല്‍കുന്ന വാക്കുകള്‍ എഴുതുകയും ചെയ്തതിന്.

    ReplyDelete
  17. ഒരു സാധാരണ കഥ. ലണ്ടനില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ പഴയ കഥപറച്ചില്‍ രീതിയിലേക്ക് തന്നെ പോയി. എങ്കിലും ഇഷ്ടപ്പെട്ടു.. ആശംസകള്‍..

    ReplyDelete
  18. നന്ദി ശ്രീ Jefu Jailaf എന്‍റെ കൃതി വായിച്ച് അഭിപ്രായം എഴുതിയതിന്.വലിയൊരു വായനാനുഭവം എനിക്കില്ല അതു കൊണ്ടു തന്നെ കഥ എങ്ങിനെ പറയണം
    എന്ന് അറിയാത്തത് തന്നെയാണ് എഴുത്തിലെ പോരായ്മകളും

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ