ചിന്താക്രാന്തൻ

10 July 2014

കവിത .തിന്മതന്‍ ലോകം

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്







































തിരിയുന്ന ചക്ര വ്യൂഹങ്ങള്‍ക്കിടയിലായ്    
ഞെരിഞ്ഞമര്‍ന്നീടുന്നെന്‍  വിങ്ങുന്ന ഹൃദയം
വിധിയുടെ കരങ്ങളില്‍ പകച്ചുഞാന്‍  നിന്നു
ദിക്കറിയാത്തൊരു  കൊച്ചുകുഞ്ഞിനെയെന്നപോല്‍
അറിയുന്നു ഞാനെന്‍റെ മനസ്സിലെ നോവുകള്‍
പരിഹാരമാണതെന്തെന്നറിയാത്തത്
തെറ്റിനെ തെറ്റുകൊണ്ട് നേരിടാനൊരുങ്ങിയ
ഞാനറിഞ്ഞു  പിന്നീടതല്ല ശെരിയെന്ന്
തിമര്‍ത്തു പെയ്യുന്ന മഴത്തുള്ളികള്‍ വീണിടുമ്പോഴും  
ചുട്ടു പഴുത്തെന്‍റെ ഹൃദയകവാടം
ആവില്ലയവിടമൊന്നു കുളിര്‍പ്പിക്കുവാന്‍
സ്നേഹ സാന്ത്വന  വാക്കുകള്‍ക്കൊന്നുമിപ്പോള്‍
നിദ്രതന്‍ ദേവി കൈകളാല്‍ ഞാനെന്‍റെ
കണ്ണുകള്‍  മെല്ലെ അടച്ചിടുമ്പോള്‍
ലോക തിന്മതന്‍ നിലവിളി കേട്ടപ്പോള്‍
ഞെട്ടലോടെഞാന്‍  കണ്ണിമ  തുറന്നുപോയ്
അച്ഛന്‍റെ കൈകളാല്‍ പിടയുന്ന മകളുടെ
അരുതേ ....എന്ന തേങ്ങലായിരുന്നോ   അത് ?
അതോ ...ലഹരി കണ്ണുകളാല്‍ അച്ഛനെ വെട്ടുന്ന മകന്‍റെ
അട്ടഹാസമായിരുന്നോ അത് ?
മക്കളെ മറക്കുന്ന അമ്മതന്‍ പ്രവര്‍ത്തികള്‍
പൊട്ടികരയുന്ന ഭൂമിയുടെ നിലവിളി
വയ്യ എനിക്കീ ..... നന്മയെ മറക്കുന്ന
തിന്മ നിറഞ്ഞൊരു ലോകത്ത് പൊറുക്കുവാന്‍ 
ചങ്കു തകര്‍ന്നു ഞാന്‍ ഭൂമിയുടെ വിരിമാറില്‍
ആറടി മണ്ണിനായ് ഇടം തേടി അലഞ്ഞിടുന്നു .  
                                  ശുഭം 
rasheedthozhiyoor@gmail.com

21 June 2014

ചെറുകഥ .ഒരു അവധിക്കാലത്തെ നോവോര്‍മ

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


     ജീവിതം ഒരു യാത്രയാണ് ആ യാത്ര പൂര്‍ണമാക്കുവാന്‍ ഭാഗ്യം ലഭിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്ന അത്രയും പേര്‍ മാത്രം .മനുഷ്യന്‍റെ പരമാവധി ആയുസ്സ് നൂറുവര്‍ഷങ്ങളാണെങ്കിലും നൂറുവര്‍ഷങ്ങള്‍ തികയ്ക്കാന്‍ കഴിയാതെ ജീവിതം എന്ന  യാത്രയുടെ തുടക്കം മുതല്‍ എപ്പോള്‍  വേണമെങ്കിലും ആ യാത്ര നിശ്ചലമാകാം .ജീവിതം എന്ന യാത്രയില്‍ പിന്നിട്ട നാള്‍വഴികള്‍ തിരിഞ്ഞുനോക്കുമ്പോള്‍ .പിന്നിട്ട യാത്ര സംതൃപ്തി നല്‍കുന്നുവെങ്കില്‍ ആ മനുഷ്യ ജീവിതം ധന്യമായി . അങ്ങിനെ ധന്യമാകുന്ന ജീവിതം മനുഷ്യരില്‍ ഉണ്ടാകുമോ ? പ്രിയപെട്ടവരുടെ വേര്‍പ്പാട് മനസ്സിലൊരു   നോവോര്‍മ്മയായി നമ്മോടൊപ്പം എന്നുമുണ്ടാകും നമ്മുടെ അവസാനശ്വാസം  നിലയ്ക്കും വരെ  .

   സാജിത് എനിക്ക് കളിക്കൂട്ടുകാരന്‍ മാത്രമായിരുന്നില്ല .ഞാനവനെ എന്‍റെ കൂടപ്പിറപ്പിനെ പോലെയായിരുന്നു കണ്ടിരുന്നത്‌ .എന്തിനായിരുന്നു സാജിതിനെ പോലെ ഒരു സുഹൃത്തിനെ എനിക്ക് ലഭ്യമായത് .എന്‍റെ ശിഷ്ടകാലം നെഞ്ചുരുകി ജീവിച്ചു തീര്‍ക്കാനോ.  ആരേയും അങ്ങിനെ ഉള്ളു തുറന്നു സ്നേഹിക്കുവാന്‍ പാടില്ലാത്തതായിരുന്നു .  എനിക്ക് അന്യമായി പോയ സാജിതിന്‍റെ സ്നേഹം ഇപ്പോള്‍  എന്‍റെ മനസ്സിനെ വല്ലാതെ  കുത്തിനോവിക്കുന്നു . നാട്ടിലെ പ്രമാണിയായ ഹസ്സന്‍ ഹാജിയുടെ  പതിനൊന്നു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു സാജിത്.സാജിതിന് പണക്കാരന്‍റെ മകന്‍ എന്ന വിശേഷണമല്ലായിരുന്നു വേണ്ടിയിരുന്നത്.ഈ ഭൂലോകത്ത് മറ്റെന്തിനെക്കാളും ശ്രേഷ്ടമെന്ന് സാജിത് വിശ്വസിക്കുന്ന  സ്നേഹമായിരുന്നു അവന്  വേണ്ടിയിരുന്നത് .പക്ഷെ സാജിതിന്‍റെ വീട്ടിലുള്ളവര്‍ക്ക് പരസ്പരം സ്നേഹിക്കുന്നതിന് പിശുക്ക് വേണ്ടുവോളമുണ്ടായിരുന്നു.

     വീട്ടില്‍ നിന്നും അല്‍പം പോലും സ്നേഹം സാജിതിന്   ലഭിച്ചിരുന്നില്ല എന്നതില്‍ സാജിത് അധീവ ദുഃഖിതനായിരുന്നു  .അതുകൊണ്ടുതന്നെയാകാം സാജിത് എന്നോട് ഒരുപാട് അടുത്തത്‌ .  ഹസ്സനാജിക്ക് മക്കളെ സ്നേഹിക്കുവാനൊന്നും സമയം ഉണ്ടായിരുന്നില്ല .അയാളുടെ ലോകം. കണ്ണെത്താ ദൂരം വ്യാപിച്ചു കിടക്കുന്ന കൃഷിയിടമായിരുന്നു.ഹസ്സനാജി  മക്കളെക്കൊണ്ട്  ഒഴിവു സമയങ്ങളില്‍    കൃഷിയിടത്തില്‍ എല്ലുമുറിയെ പണിയെടുപ്പിക്കും .അനേകം തലമുറകള്‍ക്ക് ജീവിക്കുവാനുള്ള സാമ്പത്തീക ശ്രോതസ്സ്‌ ഉണ്ടായിട്ടും  വാപ്പയാലുള്ള ദുരിതം സഹിക്ക വയ്യാതെ സാജിതിന്‍റെ മൂത്ത സഹോദരങ്ങള്‍ പലരും ഗള്‍ഫിലേക്ക് .ജോലി തേടി രക്ഷപെടുകയാണ് പതിവ്.അയല്‍പക്കക്കാരായ ഞാനും സാജിതും ഇത്രകണ്ട് അടുക്കുവാന്‍ കാരണം.ഒന്നാം ക്ലാസ്സുമുതല്‍ ഒരുമിച്ചുള്ള പഠനം തന്നെയായിരുന്നു  .

രാവിലെ മദ്രസ്സയില്‍ പോകുന്നതും,വിദ്യാലയത്തില്‍ പോകുന്നുന്നതും ഒരുമിച്ചാണ്. രണ്ടുപേരും  വിദ്യാലയത്തില്‍ നിന്നും തിരികെയെത്തി തിടുക്കത്തില്‍ ചായകുടിയും കഴിഞ്ഞാല്‍പ്പിന്നെ.  ദിനചര്യയെന്നോണം. ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള കവലയിലെ മത്സ്യ ചന്തയില്‍ പോയി മത്സ്യം വാങ്ങിക്കുവാന്‍ പോകുന്ന ജോലി ഞങ്ങളില്‍ നിക്ഷിപ്തമായിരുന്നു .  .ഞങ്ങളുടെ ഗ്രാമത്തില്‍ ആ കാലത്ത്  വീടുവീടാന്തരം മത്സ്യം കൊണ്ടുവന്ന്‌ വില്‍ക്കുന്ന പതിവില്ലായിരുന്നു  .രാവിലെ ചന്തയില്‍ നിന്നും  മത്സ്യം ലഭിക്കില്ല .വൈകീട്ട്    കടപ്പുറത്ത് നിന്നും നേരിട്ടു കൊണ്ടുവരുന്ന നല്ല മത്സ്യം മാത്രമാണ് ചന്തയില്‍ വില്‍ക്കുന്നത് . മത്സ്യം വാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസ്സം മത്സ്യവില്‍പനക്കാരന്‍ സുലൈമാനിക്ക അടുത്തുള്ള മത്സ്യവില്‍പനക്കാരനോട് പറയുന്നത്‌ ഞാന്‍ കേട്ടു .

,, എടോ താനിവരില്‍ ആരേയെങ്കിലും എവിടെയെങ്കിലും വെച്ച് തനിയെ കണ്ടിട്ടുണ്ടോ. പഠിക്കാന്‍ പോകുമ്പോഴും ,കളിക്കുമ്പോഴും ,ചന്തയില്‍ വരുമ്പോഴും എല്ലായിപ്പോഴും ഇവന്മാരെ  ഒരുമിച്ചാണ് കാണുവാന്‍ കഴിയുകയുള്ളൂ  .ഞാനീ കാലം വരെ ഇവരിലൊരുവനെ തനിയെ കണ്ടിട്ടില്ല .ഈ ഗ്രാമത്തില്‍ ഇവരെപോലെ പരസ്പരം സ്നേഹിക്കുന്നവര്‍ വേറെ ഉണ്ടാവില്ലാട്ടോ ,,


 ചന്തയിലെക്കുള്ള  യാത്രയിലാണ് ഞങ്ങള്‍ ഞങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെയ്ക്കുന്നത് . അന്ന് ചന്തയില്‍ നിന്നും തിരികെ പോരുമ്പോള്‍  സജിത് എന്നോട് പറഞ്ഞു .

,, നമ്മള്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത് എന്ന ചിന്തയൊന്നും  എന്‍റെ വാപ്പാക്കില്ല .ട്യൂഷന് നീ പോകുമ്പോള്‍ ഞാന്‍ ഉണ്ടാവില്ല നിന്‍റെ കൂടെ .ഞാന്‍ വപ്പാനോട് ഉമ്മയെ ക്കൊണ്ട് ചോതിപ്പിച്ചു.അപ്പൊ വാപ്പ പറയുവാ ഓന് ഇസ്കൂളിലേക്ക് പടിക്കുവാനല്ലേ പോകുന്നേ പിന്നെ എന്തിനാ ട്യൂഷന് പണം ചിലവാക്കി പോകുന്നത് എന്ന് .ഉമ്മ ഒരുപാട്  പറഞ്ഞു നോക്കി .കൊല്ല പരീക്ഷയ്ക്ക് രണ്ടുമാസമേയുള്ളൂ എന്ന്. എന്ത് പറഞ്ഞിട്ടും മൂപ്പര് സമ്മതിച്ചില്ല .എനിക്ക് നന്നായി പഠിക്കുവാന്‍ ആഗ്രഹമുണ്ട്. എന്‍റെ വാപ്പ അതിന് എനിക്ക് ഒരു പ്രോത്സാഹനവും തരുന്നില്ല .നിനക്ക് ട്യൂഷന് പോകുവാന്‍ ഇഷ്ടമില്ലാതെ തന്നെ നിന്‍റെ വാപ്പ ഗള്‍ഫില്‍ നിന്നും പറഞ്ഞത് കൊണ്ടല്ലെ നീ ട്യൂഷന് ചേരാന്‍ പോകുന്നത് .നീ ഭാഗ്യവാനാടാ .നീ എന്ത് പറഞ്ഞാലും നിന്‍റെ വാപ്പ അതൊക്കെ നിനക്ക് സാധിപ്പിച്ചു തരും .എന്‍റെ വാപ്പ സ്നേഹം കൊണ്ട് എന്നെ ഒന്നു നോക്കുകപോലും ചെയ്യില്ല .ഞാന്‍  എന്ത് ചെയ്താലും കുറ്റം പറയും.വാപ്പാന്‍റെ കണ്മുന്നില്‍ എന്നെ കണ്ടാല്‍ അപ്പൊ പറയും തൊടിയിലെ എന്തെങ്കിലും പണികള്‍ .വാപ്പാന്‍റെ കയ്യില്‍ നല്ലോണം പണമുണ്ട് എന്നിട്ടും ചാണകകുഴിയില്‍ നിന്നും ചാണകം എന്നെകൊണ്ട്‌ കോരിപ്പിക്കും  ,,

സാജിതിന്‍റെ വാക്കുകള്‍ ഇടയ്ക്ക് മുറിഞ്ഞു .ഞാന്‍ അപ്പോള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. അവന്‍റെ ഇമകളില്‍ നിന്നും കണ്ണുനീര്‍  തുള്ളികള്‍  പൊഴിയുന്നത് ഞാന്‍ കണ്ടു .അപ്പോള്‍   എന്‍റെ ഇമാകളിലെ നനവ്‌ ഞാനറിഞ്ഞു .ഞാന്‍ അവന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ തുടച്ചു നീക്കികൊണ്ട്  പറഞ്ഞു.

,, നിന്‍റെ വാപ്പയ്ക്ക് നിന്നോട് സ്നേഹം ഉണ്ടാകും. ഒരു പക്ഷെ ആ സ്നേഹം പ്രകടിപ്പിക്കാന്‍ വാപ്പയ്ക്ക്‌ കഴിയുന്നുണ്ടാവില്ല .നീ സങ്കടപെടാതെ. നീ ട്യൂഷന് വരുന്നില്ലാ എങ്കില്‍ ഞാനും ട്യൂഷന് പോകില്ല .ഞാന്‍ വീട്ടിലിരുന്ന് നന്നായി പഠിച്ചോളാം എന്ന് പറഞ്ഞാല്‍ എന്‍റെ വാപ്പ പിന്നെ എന്നെ ട്യൂഷന് പോകുവാന്‍ നിര്‍ബന്ധിക്കില്ല ,,

എന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സാജിത് അവന്‍റെ ഒരു കൈ എന്‍റെ തോളിലേക്കിട്ട് എന്നെ വരിഞ്ഞുമുറുക്കിക്കൊണ്ട്  പറഞ്ഞു .

,, നീ ട്യൂഷന്  പൊയ്ക്കോ  നിനക്ക് അവിടെ പഠിപ്പിച്ചു തരുന്നത് എനിക്ക് പറഞ്ഞു തന്നാല്‍ മതി.നീ എഴുതി കൊണ്ട് വരുന്ന നോട്ടുകള്‍ ഞാന്‍ പകര്‍ത്തി എഴുതിക്കോളാം  ,,

സാജിത് അങ്ങിനെ പറഞ്ഞെങ്കിലും ഞാന്‍ തനിയെ  ട്യൂഷന് പോയില്ല.സാജിതില്ലാതെ തനിയെ ട്യൂഷന് പോകുവാന്‍ എനിക്ക് മനസ്സ് വന്നില്ല . പക്ഷെ ഞങ്ങള്‍ വീട്ടിലിരുന്നു  പഠിക്കുവാന്‍ തീരുമാനിച്ചു .സായാഹ്നത്തിലും, രാത്രിയിലും   സാജിത് അവന്‍റെ വാപ്പ അറിയാതെ എന്‍റെ വീട്ടില്‍ വരും .ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഒരുപാടുനേരം പഠിക്കുമായിരുന്നു . അങ്ങിനെ അവസാന വര്‍ഷ പരീക്ഷ വന്നെത്തി .നന്നായി പഠിച്ചതുകൊണ്ട് പരീക്ഷ ഞങ്ങള്‍ക്ക് പ്രയാസമായി തോന്നിയില്ല .ആ കാലത്ത് വിദ്യാലയങ്ങളില്‍ പ്ലസ് ടു ആരംഭിച്ചിട്ടില്ല .പത്താംതരം വിജയിച്ചാല്‍  നേരെ പ്രീഡിഗ്രിക്ക് കലാലയത്തിലേക്ക്‌ പോകാം .പലരില്‍ നിന്നും കലാലയജീവിതത്തെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍. ഞങ്ങള്‍ക്കും തിടുക്കമായി കലാലയത്തില്‍ എത്തിപെടാന്‍ .അതുക്കൊണ്ടാണ് ഞങ്ങള്‍ ഉറക്കമൊഴിഞ്ഞ് പഠിച്ചതും .ആ കൊല്ലത്തെ  അവസാന  പരീക്ഷ കഴിഞ്ഞ അന്ന് വിദ്യാലയത്തില്‍ സഹപാഠികള്‍ പരസ്പരം ആശ്ലേഷിക്കലും പിരിയുന്ന ദുഃഖത്താല്‍ പലരും കരയുകയും ചെയ്തു .സാജിതിന് ഒരു പെണ്‍കുട്ടിയുമായി സ്നേഹമുണ്ടായിരുന്നു .അവള്‍ സാജിതിന്‍റെ കൈത്തലം നുകര്‍ന്ന് യാത്ര പറഞ്ഞു പോകുമ്പോള്‍. രണ്ടു പേരും കരയുന്നുണ്ടായിരുന്നു .കണ്ടുനിന്ന എന്‍റെ നിയന്ത്രണം എന്നില്‍ നിന്നും അപ്രത്യക്ഷമായി. ഞാന്‍ അല്‍പം മാറിനിന്ന് കരഞ്ഞു .എന്നെ എല്ലാവരും പറയും ലോല ഹൃദയത്തിനുടമ എന്ന് അത് സത്യത്തില്‍ വാസ്തവമാണ് താനും .ആരെങ്കിലും കരയുന്നത് കണ്ടാല്‍ കാരണം എന്താണെന്ന് അറിയില്ലാ എങ്കില്‍ കൂടി  എന്‍റെ ഇമകളും നിറയും .

ഞങ്ങളുടെ വീടുകളില്‍ നിന്നും അല്‍പം നടന്നാല്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലുകളാണ് .വയലുകള്‍ക്ക് ചുറ്റിനും തൊടിയിലെ  തെങ്ങും, കവുങ്ങും,വാഴയും,ഇടവിള കൃഷികളും കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ഹരിതാഭമായ കാഴ്ചകളാണ് .വേനല്‍ക്കാലത്ത് വയലിലെ വെള്ളം വറ്റി വയല്‍ വരണ്ടുണങ്ങി കിടക്കും .വേനല്‍ക്കാലത്ത് ഞങ്ങള്‍ പല കളികളിലും ഏര്‍പെടുന്നത് വയലിലാണ് .    ആ അവധിക്കാലത്തും  ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് വയലില്‍ ഫുട്ബോള്‍ ഗ്രൌണ്ട്  തയ്യാറാക്കി.ആ തവണയും ഞങ്ങള്‍ ഫുട്ബോള്‍ മത്സരം സങ്കടിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു .

 ഒരു ദിവസ്സം കളിച്ചുകൊണ്ടിരുന്ന സാജിത് ബോധക്ഷയം മൂലം നിലംപതിച്ചു . ഞാന്‍ വല്ലാതെ ഭയന്നു. ഞാന്‍ അവന്‍റെ ശിരസ്സ്‌ എന്‍റെ മടിയിലേക്ക്‌ വെച്ച് മുഖത്ത് ജലം തെളിച്ചു. പക്ഷെ അവന്‍ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നില്ല .പ്രിയ ചങ്ങാതിയുടെ അബോധാവസ്ഥയിലുള്ള കിടപ്പ് എന്നെ വല്ലാതെ സങ്കടപെടുത്തി . അപ്പോഴേക്കും സാജിതിന്‍റെ വീട്ടില്‍ ആരോ വിവരമറിയിച്ചു . സാജിതിന്‍റെ  അവധിക്ക്സ വന്ന ഹോദരന്‍ സംഭവസ്ഥലത്ത്   പഞ്ഞെത്തി സാജിതിനെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഞാനും വാഹനത്തില്‍ കയറിയിരുന്നു.വാഹനം അമിതവേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു . പക്ഷെ അടുത്തുള്ള ആശുപത്രിയില്‍ നിന്നും ഡോക്ടറടെ നിര്‍ദ്ദേശ പ്രകാരം ആംബുലന്‍സില്‍ സാജിതിനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഞാനും കൂടെ പോകുവാനായി ആംബുലന്‍സില്‍ കയറിയിരുന്നുവെങ്കിലും  .എന്നെ ആരോ ബലമായി തള്ളി പുറത്താക്കി വാതിലുകള്‍ കൊട്ടിയടച്ചു   .ആംബുലന്‍സ് ചീറിപ്പാഞ്ഞു പോകുന്നത് നിസഹായനായി ഞാന്‍ നോക്കി നിന്നു .ആംബുലന്‍സ് എന്‍റെ കണ്‍ വെട്ടത്ത് നിന്നും മറഞ്ഞപ്പോള്‍ പെരുവഴിയില്‍ ഇരുന്ന് ഞാന്‍  ഒരുപാടു നേരം കരഞ്ഞു .എന്‍റെ ഹൃദയത്തെ പറിച്ചു കൊണ്ട് പോകുന്ന അവസ്തയായിരുന്നു അപ്പോള്‍ എനിക്ക് അനുഭവപെട്ടത്‌ .

ഞാന്‍ സദാസമയം  സാജിതിന്‍റെ അസുഖം ഭേദമാകുവാന്‍ വേണ്ടി പ്രാര്‍ഥനയുടെ ഇരുന്നു .സജിതിനെ കാണുവാന്‍ കഴിയാതെ ഞാന്‍ മാനസീകമായി തകര്‍ന്നു .എന്‍റെ അവസ്ഥ  കണ്ടിട്ട് എന്നെ എന്‍റെ ഉമ്മച്ചി ദൂരെയുള്ള  ആശുപത്രിയിലേക്ക് സാജിതിനെ കാണുവാനായി കൊണ്ടുപോയി .അത്യാഹിത വിഭാഗത്തില്‍ അപ്പോഴും സാജിത് അബോധാവസ്ഥയിലായിരുന്നു .അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശനം സന്ദര്‍ശകര്‍ക്ക് ഇല്ലാത്തതിനാല്‍ .ചില്ലിട്ട കതകിലൂടെ ഞാന്‍ സാജിതിനെ നോക്കി .ശരീരമാസകലം .വയറുകളും മൂക്കിലൂടെ പൈപ്പും ഇട്ട നിലയില്‍ സാജിതിനെ കണ്ടപ്പോള്‍ ഞാന്‍ പരിസരം മറന്ന് പൊട്ടി കരഞ്ഞു .എന്‍റെ ഉമ്മച്ചി എന്നെ മാറോട് ചേര്‍ത്തുപിടിച്ച് എന്നെ ആശ്വസിപ്പിച്ചു .അന്ന് തിരികെ വീട്ടിലേക്ക് പോരുമ്പോഴും ഞാന്‍ കരയുകയായിരുന്നു .ജീവിതത്തില്‍ അപ്പോള്‍ ഞാന്‍ അനുഭവിച്ച മാനസീക സംഘര്‍ഷം  എന്‍റെ ജീവിതത്തില്‍ അന്നേവരെ ഞാന്‍ അനുഭവിച്ചിട്ടില്ല .

   മൂന്നാം പക്കം സാജിതിന്‍റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നപ്പോള്‍ എന്‍റെ സമനില താളംതെറ്റുന്നത് പോലെ എനിക്ക് അനുഭവപെട്ടു .ഉറ്റ ചങ്ങാതിയുടെ വിയോഗം എന്നെ ഭ്രാന്തനെപോലെയാക്കി. കുറേ ഗദ്കദങ്ങള്‍ അന്തരാത്മാവില്‍ നിന്നും തേങ്ങി ഉയര്‍ന്നു .  അലമുറയിട്ട് കരയുന്ന എന്നെ ആരൊക്കെയോ ചേര്‍ന്ന് പിടിച്ചുവെച്ച്‌ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു .കൂടി നിന്നവര്‍ അടക്കം പറയുന്നത് ഞാന്‍ കെട്ടു .

,,ഇത്ര ചെറു പ്രായത്തിലെ ഈ കുഞ്ഞിന് ഈ അസുഖം വന്നല്ലോ .ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടായിരുന്നുവത്രേ  .ശാസ്ത്രക്രിയകൊണ്ടൊന്നും അസുഖം ഭേതമാക്കുവാന്‍ കഴിയില്ലാ എന്ന് നേരത്തെ തന്നെ ഹസ്സന്‍ ഹാജിക്കും കുടുംബത്തിനും അറിയാമായിരുന്നുവത്രേ ...മരുന്നുകള്‍ കഴിക്കുവാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി എന്ന്. ഇവിടെ ആരെങ്കിലും ഈ വിവരങ്ങള്‍ അറിഞ്ഞോ.ഇങ്ങിനെ അസുഖമുള്ള കുട്ടിയെകൊണ്ട് ആരെങ്കിലും തൊടിയിലെ ജോലികള്‍ ചെയ്യിക്കുമോ ,,

അടക്കം പറിച്ചില്‍ എന്നെ വല്ലാതെ ചിന്തിപ്പിച്ചു .ഇത്രയും കാലം ഒരുമിച്ച് ജീവിച്ചിട്ട്. സാജിതിന്‍റെ അസുഖം എന്തുക്കൊണ്ടാണ് അവന്‍ എന്നോട് പറയാതെയിരുന്നത് .ആ ചോദ്യം ഇപ്പോഴും എന്നില്‍ ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു  ഞാന്‍ സങ്കടപെടുന്നത് സാജിതിന് ഇഷ്ടമല്ലായിരുന്നു .സാജിത് എപ്പോഴും പറയുമായിരുന്നു ഞാന്‍ ചിരിക്കുന്നത് കാണുവാന്‍ നല്ല രസമാണെന്ന് .സാജിത് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഞാന്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണം എന്നാണ് . പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ .നല്ല മാര്‍ക്കോട് കൂടിത്തന്നെ സാജിത് വിജയിച്ചിരുന്നു .ഒപ്പം ഞാനും .ഞാന്‍ എപ്പോഴും ഖബര്‍സ്ഥാനില്‍ പോയി  സാജിതിന്‍റെ  ഖബറിന് അടുത്ത് പോയി ഒരു പാട് നേരം ഇരിക്കും ഈ കാലം വരെ. അവന്‍ ആഗ്രഹിക്കുന്നത് പോലെ ചിരിക്കുവാന്‍ എന്നെകൊണ്ട്‌ കഴിയുന്നില്ല .എന്‍റെ പ്രിയ സുഹൃത്തിന്‍റെ ആത്മാവിനെ ചിരിച്ചുകൊണ്ട്  തൃപ്തിപെടുത്തുവാന്‍ ഞാന്‍ എത്രകണ്ട് ശ്രമിച്ചിട്ടും എന്നിലെ പരാജയം  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു . എന്‍റെ പ്രിയ കൂട്ടുക്കാരന്‍റെ ഓര്‍മ്മകള്‍ എന്നും എപ്പോഴും എന്നോടൊപ്പമുണ്ട്. ആ  നോവോര്‍മകളില്‍ നിന്നും ഈ ജന്മം എനിക്ക് മുക്തി ലഭിക്കുകയില്ല .എന്‍റെ കൂട്ടുകാരന്‍റെ ഓര്‍മ്മകള്‍ എന്നോടൊപ്പം നിലക്കൊള്ളും എന്‍റെ പ്രാണന്‍റെ അവസാന ശ്വാസം നിശ്ചലമാകുന്നത് വരെ
                                                      ശുഭം

rasheedthozhiyoor@gmail.com                          rasheedthozhiyoor.blog spot .com

17 June 2014

ചെറുകഥ .പ്രശ്ന ബാധിത നഗരം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
http://rasheedthozhiyoor.blogspot.com

ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖിലെ പ്രശ്ന ബാധിത നഗരമായ
തിക്രിതിലെ പ്രശസ്തമായ ആശുപത്രിയില്‍ പോരാട്ടങ്ങളില്‍ പരിക്ക് പറ്റിയവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു .അനേകം മലയാളി നഴ്സുമാര്‍  ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.നഴ്സ്  സിസിലി ജോണ്‍ ശാസ്ത്രക്രിയ വിഭാഗത്തിലാണ് ജോലി നോക്കുന്നത് .കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ വരെ ആശുപത്രിയിലെ അന്തേവാസികള്‍ അസുഖം മൂലം ചികിത്സക്ക് വരുന്നവരായിരുന്നു.എന്നാല്‍ ഇപ്പോള്‍ ചികിത്സക്ക് വരുന്നവരില്‍ ഭൂരിഭാഗം പേരും പോരാട്ടങ്ങളില്‍ ഏറ്റ  പരിക്കുമായാണ് വരുന്നത് .വെടിയുണ്ടകള്‍ ഏറ്റ ശരീരവുമായി എത്തുന്ന രോഗികള്‍ അര്‍ദ്ധബോധാവസ്തയില്‍ പോലും ഉച്ചരിക്കുന്നത് അല്ലാഹു അക്ബര്‍ എന്ന നാമം മാത്രം .വെടിയുണ്ടകള്‍   ഉതിര്‍ക്കുന്നവനും വെടിയുണ്ടകള്‍  ഏല്‍ക്കുന്നവനും ഉച്ചരിക്കുന്നത് ഒരേ നാമം അല്ലാഹു അക്ബര്‍,അല്ലാഹു അക്ബര്‍.കലാപങ്ങളില്‍ ജീവന്മരണ പോരാട്ടങ്ങളില്‍ ഏര്‍പെടുന്ന  എല്ലാവരുടേയും അധിപനും വിശ്വാസങ്ങളും ഒന്നായിട്ടുപോലും തമ്മില്‍ പോരാടി ജീവന്‍ ബലിയര്‍പ്പിക്കുന്നത് കാണുമ്പോള്‍ സിസിലി ജോണിന് അത്ഭുതമാണ് തോന്നിയത്.

നാള്‍ക്കുനാള്‍ പോരാട്ടം രൂക്ഷമായി കൊണ്ടിരുന്നു .ആശുപത്രിയിലെ വിദേശ നഴ്സുമാര്‍ സ്വദേശത്തേക്ക് മടങ്ങുവാന്‍ ഗത്യന്തരമില്ലാതെ ഭയാകുലരായി .ഏതു നിമിഷവും അപകടം താങ്കള്‍ക്കും നേരിടേണ്ടി വരും എന്ന ഭയം എല്ലാവരിലും നിഴലിച്ചിരുന്നു.ഒരു ദിവസം സര്‍ക്കാരിന് എതിരെ യുദ്ധം ചെയ്യുന്ന ആയിരക്കണക്കിന് ആയുധമെടുത്ത പോരാളികള്‍ ആശുപത്രിയുടെ ചുറ്റിനും  വളഞ്ഞു . അവിടമാകെ വെടിയൊച്ചകളുടെ ശബ്ദം മാറ്റൊലിക്കൊണ്ടു .ആശുപത്രിക്ക് കാവല്‍ നിന്നിരുന്ന പട്ടാളക്കാരും വിമതരും കൂടിയുള്ള പോരാട്ടം ഏറെനേരം നീണ്ടു നിന്നു.ആശുപത്രിയിലെ അന്തേവാസികളും ജീവനക്കാരും വെടിയുണ്ടകള്‍ സ്വന്തം ശരീരത്തില്‍  ഏല്‍ക്കാതെയിരിക്കുവാന്‍ ചുമരുകളുടെ ഓരം ചേര്‍ന്നിരുന്നു . ഏറെനേരം കഴിഞ്ഞപ്പോള്‍  രക്തച്ചൊരിച്ചിലുകള്‍ക്ക് ഒടുവില്‍ വിമതരില്‍ ആയുധമേന്തിയ  ഏതാനും പേര്‍ ആശുപത്രിയുടെ അകത്തേക്ക് വന്ന് ആശുപത്രി അതികൃതരോട് പറഞ്ഞു .ആശുപത്രി അവരുടെ അധീനതയിലാണെന്നും എല്ലാവരും അവരോട് സഹകരിക്കണമെന്നും  .

സിസിലി ജോണ്‍ മറ്റുള്ളവരില്‍ നിന്നും അറിഞ്ഞു. ആശുപത്രിയും പ്രാന്തപ്രദേശങ്ങളും  വിമതരുടെ പിടിയിലാണ് എന്ന നഗ്ന സത്യം.ഇനി സ്വദേശത്തെക്ക് രക്ഷപെടുക എന്നത് അസാധ്യമാണ് എന്ന തിരിച്ചറിവ് സിസിലി ജോണിനും സഹപ്രവര്‍ത്തകര്‍ക്കും താങ്ങാവുന്നതിലും  അപ്പുറമായിരുന്നു  .എങ്ങും എവിടേയും വിമതപോരാളികളുടെ കണ്ണുകള്‍ സധാസമയം ആശുപത്രി ജീവനക്കാരുടെ മേല്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു .മുന്‍പ് എട്ടുമണിക്കൂര്‍ മാത്രം ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് അധിക  സമയം   ജോലി ചെയ്യേണ്ടിവന്നു .മനുഷ്യ ശരീരങ്ങള്‍ക്ക്  മൃഗങ്ങളോട് കാണിക്കുന്ന ആദരവ് പോലും പോരാടുന്നവരില്‍ കാണുന്നുണ്ടായിരുന്നില്ല .ആശുപത്രിയിലെ സര്‍ക്കാര്‍ അനുകൂലികളെ തിരഞ്ഞുപിടിച്ച് വിമതര്‍ ഒരു ദാക്ഷിണ്യവുംകൂടാതെ  വകവരുത്തുന്ന കാഴ്ചകള്‍ ആശുപത്രി ജീവനക്കാരുടെ മനസ്സുകളെ മരവിപ്പിച്ചു .  ചിന്നഭിന്നമായ മനുഷ്യ ശരീരങ്ങള്‍ മോര്‍ച്ചറിയില്‍ കുമിഞ്ഞുകൂടി കൊണ്ടിരുന്നു .

വിമതരില്‍ നിന്നും വിശ്രമാത്തിനായ് അനുവദിച്ചു കിട്ടുന്ന ഏതാനും മണിക്കൂറുകളില്‍ സിസിലി ജോണും  സന്തതസഹചാരിയും ബാല്യകാല സൂഹൃത്തുമായ മെര്‍ലിന്‍ ജോസഫുമായി താങ്കളുടെ ദുഃഖങ്ങള്‍ പങ്കുവെച്ചു .സിസിലിയാണ് മെര്‍ലിനിന് വിസ തരപെടുത്തി കൊടുത്തത് മെര്‍ലിന്‍ ഇറാഖിലേക്ക് വന്നിട്ട് മൂന്നു മാസം കഴിയുന്നേയുള്ളൂ .താങ്കളുടെ കിടപ്പ് മുറിയില്‍ ഉറങ്ങുവാന്‍ കിടന്നപ്പോള്‍ സിസിലി മെര്‍ലിനോട് പറഞ്ഞു .

,, മെര്‍ലിന്‍ ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?,,

,, എന്താ സിസിലി ചോദിക്കൂ ഞാന്‍ സത്യമേ പറയൂ ,,

,, മെര്‍ലിന് എന്നോട് ദേഷ്യം തോന്നുന്നുണ്ടോ .ഞാന്‍ കാരണമല്ലേ തനിക്ക് ഈ അവസ്ത നേരിടേണ്ടി വന്നത് ,,

,, എന്താ സിസിലി ഈ പറയുന്നേ നല്ലൊരു അവസരം ലഭിച്ചപ്പോള്‍ സിസിലി എന്നെ അറിയിച്ചു .ഇവിടെ ആശുപത്രിയില്‍ എനിക്കും കൂടി ജോലി ലഭിക്കുമോ എന്ന് ഞാനല്ലേ സിസിലിയോടു ആവശ്യപെട്ടത്‌ .പിന്നെ എന്തിനാ ഇങ്ങിനെയുള്ള വര്‍ത്തമാനം.നമ്മുടെ നാട്ടില്‍ അഞ്ചു മാസം ജോലി നോക്കിയാല്‍ ലഭിക്കുന്ന വേദനം ഇവിടെ ഒരു മാസംകൊണ്ട് ലഭിക്കുന്നത് കൊണ്ടല്ലെ നമ്മളെ പോലെയുള്ള പ്രാരാബ്ദങ്ങള്‍ വേണ്ടുവോളമുള്ളവര്‍ അന്യ നാടുകളിലേക്ക് പോരുന്നത്  . നമ്മേപോലെ എത്രയോ മലയാളികള്‍ ഈ ആശുപത്രിയില്‍ തന്നെ ജോലി നോക്കുന്നു .കര്‍ത്താവ് നമ്മളെ രക്ഷിക്കും  ,,

,, ഓര്‍ക്കുമ്പോള്‍ ശെരിക്കും ഭയം തോന്നുന്നു മെര്‍ലിന്‍ .നമ്മള്‍ ആശുപത്രി ജീവനക്കാര്‍ ആയതുകൊണ്ട് നേരിട്ട് നമ്മളെ ഉപദ്രവിക്കാന്‍ ആരും തയ്യാറാവുകയില്ല എന്നാലും ഉന്നം തെറ്റി വരുന്ന വെടിയുണ്ടകള്‍ ഏതു നിമിഷവും നമ്മുടെ ദേഹത്ത് പതിക്കാം .എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപെട്ടാല്‍ മതിയായിരുന്നു .,,

,, സിസിലി എനിക്ക് അമ്മച്ചിയുടെ കാര്യം ഓര്‍ത്തിട്ടാണ് ആധി  ഞാനും അനിയത്തിയും കുഞ്ഞുങ്ങളായിരുന്നപ്പോഴേ അപ്പച്ചന്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞത് നിനക്ക് അറിയാവുന്നതല്ലേ .അന്നും ഇന്നും ഞങ്ങള്‍ വാടകവീട്ടിലാണ് താമസിക്കുന്നത് .അനിയത്തിയുടെ പഠിപ്പ്, സ്വന്തമായി ഒരു വീട് ഇതൊക്കെയായിരുന്നു ഇവിടേക്ക് പോരുമ്പോള്‍ എന്‍റെ സ്വപനങ്ങള്‍  എനിക്ക് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ എന്‍റെ അമ്മച്ചിയും അനിയത്തിയും ,,

മെര്‍ലിന്‍റെ വാക്കുകള്‍ മുറിഞ്ഞു    അവള്‍ തലയണയില്‍ മുഖം അമര്‍ത്തി തെങ്ങുന്നത് സിസിലി അറിഞ്ഞു .സിസിലി മെര്‍ലിന്‍റെ അരികില്‍ വന്നിരുന്ന് അവളുടെ ശിരസില്‍ തലോടികൊണ്ട് പറഞ്ഞു .

,, എന്‍റെ വീട്ടിലെ കാര്യങ്ങള്‍ നിനക്ക് അറിയാവുന്നതല്ലേ .അപ്പച്ചന്‍റെ ചികിത്സയ്ക്ക് തന്നെ വേണം മാസാമാസം രൂപ അനവധി .അനിയന്‍റെയും അനിയത്തിമാരുടെയും പഠിപ്പിന് രൂപ എത്ര വേണമെന്നാ .ഇവിടെ വന്നതില്‍ പിന്നെ വലിയ പ്രയാസങ്ങള്‍ ഇല്ലാതെ കുടുംബം പുലര്‍ന്നുപോന്നിരുന്നു.ഇവിടത്തെ ജോലി പോയാല്‍ പിന്നെ ജീവിതം തന്നെ  തകിടം  മറിയും .,,

സിസിലി മെര്‍ലിന്‍റെ മെത്തയില്‍ നിന്നും എഴുന്നേറ്റ് അലമാരയില്‍ നിന്നും ആല്‍ബം എടുത്ത് ഫോട്ടോകള്‍ മറിച്ച് നോക്കി കൊണ്ടിരിക്കുമ്പോള്‍ .ടിവിയില്‍ മലയാളം വാര്‍ത്ത വായിക്കുന്നത് കേട്ട് സിസിലി നടുങ്ങി .

          ,,ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. മൊസൂളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ നിര്‍മ്മാണത്തൊഴിലാളികളാണ് തീവ്രവാദികളുടെ പിടിയിലായത്.,,

 ജോലി കഴിഞ്ഞു താമസസ്ഥലത്ത് എത്തിയാല്‍ മനസ്സിന് ഏക ആശ്വാസം നല്‍കുന്നത് മലയാളം ടിവി ചാനലുകളാണ് .ടിവിയില്‍ നിന്നും കേട്ട വാര്‍ത്തകള്‍ സിസിലിയെ നൊമ്പരപെടുത്തി .സിസിലി വീണ്ടും ഫോട്ടോകള്‍ നോക്കികൊണ്ടിരുന്നു .  കുടുംബാംഗങ്ങളുടെ ഫോട്ടോയും സുഹൃത്തുക്കളുടെ ഫോട്ടോയും മറിച്ചുനോക്കി ആല്‍ബത്തിലെ  അവസാനത്തെ ഫോട്ടോ ആല്‍ബര്‍ട്ടിന്‍റെതായിരുന്നു .ആല്‍ബര്‍ട്ടിന് സിസിലി വിദേശത്തേക്ക് പോരുന്നതില്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല .പഠിക്കുവാന്‍ പോകുന്ന കാലത്ത് സ്ഥിരമായി പോകുന്ന ബസ്സിലെ കണ്ടക്ടറോട് ആദ്യമൊക്കെ തോന്നിയിരുന്നത് സൌഹൃദം മാത്രമായിരുന്നു .ഒരിക്കല്‍ തനിക്ക് എന്നെ ഇഷ്ടമാണോ എന്ന ആല്‍ബര്‍ട്ടിന്‍റെ ചോദ്യത്തിന് മറുപടി ഒരാഴച്ചയോളം ആലോചിച്ചാണ് നല്‍കിയത് .ഇഷ്ടമല്ലായെന്നു പറയാന്‍ അവള്‍ക്കായില്ല .മറുപടി നല്‍കി ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ആല്‍ബര്‍ട്ടിന്‍റെ വീട്ടില്‍ നിന്നും സിസിലിയുടെ വീട്ടിലേക്ക്  വിവാഹാലോചനയുമായി ബന്ധുക്കള്‍ വന്നു .സിസിലിയുടെ അപ്പച്ചന് വന്നവരെ തിരിച്ചയക്കാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ .പിന്നീട് സിസിലിയും ആല്‍ബര്‍ട്ടും അവരുടെ പ്രണയം വര്‍ഷങ്ങളോളം  തുടര്‍ന്നു പോന്നു പക്ഷെ  ജോലിക്കായി സിസിലി ഇറാഖിലേക്ക് പോകുന്നത് ആല്‍ബര്‍ട്ട് എതിര്‍ത്തു .സിസിലി തന്‍റെ കുടുംബത്തിന്‍റെ ഉന്നതിക്ക് വേണ്ടി  ഇറാഖിലേക് പോകുവാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു .അതോടെ ആല്‍ബര്‍ട്ട് സിസിലിയില്‍ നിന്നും അകന്നു .

സിസിലി നോവോര്‍മകളാല്‍ എപ്പോഴോ നിദ്രയിലേക്ക് വഴുതി വീണു .ദിവസങ്ങള്‍ ഓരോന്നായി വിടവാങ്ങികൊണ്ടിരുന്നു.ആശുപത്രി  തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്നും മോചനമായില്ല . തീവ്രവാദികള്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക്.ആശുപത്രില്‍ തുടരാന്‍ ആഗ്രഹമുള്ളവര്‍ക്ക് തുടരാം എന്നും അല്ലാത്തവര്‍ക്ക്  സ്വദേശത്തേക്ക് മടങ്ങാം എന്നും അറിയിച്ചപ്പോള്‍ .മെര്‍ലിനും മറ്റു ചിലരും സ്വദേശത്തെക്കു മടങ്ങുവാന്‍ തീരുമാനിച്ചു .പക്ഷെ സിസിലി അവിടെ തന്നെ തുടരുവാനായിരുന്നു തീരുമാനിച്ചത് .അതിനുള്ള കാരണം തീവ്രവാദികള്‍ ജീവനക്കാര്‍ക്ക് മുന്‍പ് ലഭിച്ചിരുന്ന വേദനം മുടക്കം കൂടാതെ നല്‍കും എന്ന അറിയിപ്പ് തന്നെയായിരുന്നു .  തിക്രിതില്‍ നിന്നും ബാഗ്ദാദ് വീമാനത്താവളത്തില്‍ എത്തുവാന്‍ രണ്ടുമണിക്കൂര്‍ വാഹനത്തില്‍ യാത്ര ചെയ്യണം . പക്ഷെ കലാപം മൂര്‍ദ്ധന്യത്തില്‍ കൊടുമ്പിരി കൊള്ളുന്ന പ്രദേശങ്ങളില്‍ കൂടി വേണം ബാഗ്ദാദില്‍ എത്തിച്ചേരുവാന്‍ .ആ തിരിച്ചറിവ് പലരേയും സ്വദേശത്തെക്കു യാത്രപോകുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു .ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍ക്കാലം സ്വദേശത്തെക്കു പോകുന്നതില്‍ നിന്നും ആശുപത്രി ജീവനക്കാരായ ഇന്ത്യക്കാര്‍   പിന്തിരിയണം എന്ന് ഫോണിലൂടെ അറിയിച്ചെങ്കിലും .മെര്‍ലിനും മറ്റുചിലരും സ്വദേശത്തെക്കു യാത്ര പുറപെട്ടു .

യാത്ര പുറപെടുന്നതിനു മുന്‍പ് മെര്‍ലിന്‍ സിസിലിയെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു .

,, എന്നെകൊണ്ട്‌ ആവില്ല ഇനിയും ഇവിടെ വെടിയുതിര്‍ക്കുന്ന ശബ്ദം കെട്ടു കൊണ്ട് ജീവിക്കുവാന്‍ .കലാപ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തു വേണം  വിമാനത്താവളത്തിലേക്ക് പോകുവാന്‍ കഴിയുകയുള്ളൂ എന്ന് അറിയാം .എന്നാലും ഇപ്പോള്‍ കിട്ടിയ ഈ അവസരം പാഴാക്കുവാന്‍ എനിക്ക് വയ്യ സിസിലി.ഈ തീവ്രവാദികളുടെ മനസ്സ് എപ്പോഴാ മാറുകയെന്നു പറയാനാവില്ല .ഒരു പക്ഷെ ഇനി ഇങ്ങിനെയൊരു അവസരം ലഭിച്ചെന്നു വരില്ല  ,,

സിസിലി മെര്‍ലിനെ ആശ്വസിപ്പിച്ചുകൊണ്ട്  യാത്രയാക്കി .സിസിലി അന്നും ആശുപത്രിയില്‍  തന്‍റെ കര്‍ത്തവ്യത്തില്‍   മുഴുകി .പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞതിനാല്‍ ആശുപത്രിയില്‍ നേരെചൊവ്വേ നടക്കുവാന്‍ പോലും ജീവനക്കാര്‍ക്ക് കഴിയാതെയായി .ചീറിപ്പാഞ്ഞു വന്ന ആംബുലന്‍സുകളില്‍ രണ്ടെണ്ണം വീമാനത്താവളത്തിലേക്ക് ആശുപത്രിയില്‍ നിന്നും യാത്ര തിരിച്ചവരുടെയാണ് എന്ന് സിസിലിയോടു സഹപ്രവര്‍ത്തക വന്നു പറഞ്ഞപ്പോള്‍ ശാസ്ത്രക്രിയ നടക്കുന്ന മുറിയില്‍ നിന്നും സിസിലി ആംബുലന്‍സിന് അരികിലേക്ക് ഓടി .ആദ്യം കണ്ട ആംബുലന്‍സില്‍ നിറയെ പരിക്കുകള്‍ പറ്റിയവരായിരുന്നു .ആശുപത്രിയില്‍ ഇന്നലെ വരെ തന്നോടൊപ്പം ജോലി ചെയ്തിരുന്നവരെ രക്തം പുരണ്ട നിലയില്‍ കണ്ടപ്പോള്‍ സിസിലിയുടെ സമനില താളം തെറ്റുന്നത് പോലെ അവള്‍ക്ക് അനുഭവപെട്ടു .ആ ആംബുലന്‍സില്‍ മെര്‍ലിനെ കാണാതെയായപ്പോള്‍ സിസിലി അടുത്ത ആംബുലന്‍സില്‍ പോയി നോക്കി .ആ ആംബുലന്‍സില്‍ നിറയെ ചേതനയറ്റ ശരീരങ്ങളായിരുന്നു .

സ്വദേശത്തു പോയി ഉറ്റവരെ ഒരുനോക്കു കാണുവാന്‍ കൊതിയോടെ പോയ തന്‍റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ ശരീരങ്ങളില്‍ മെര്‍ലിന്‍റെ ശരീരം ഉണ്ടാവല്ലേ എന്നായിരുന്നു സിസിലിയുടെ പ്രാര്‍ത്ഥന .മൃതദേഹം ഓരോന്നായി ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് എടുക്കുമ്പോള്‍ സിസിലി മുഖം മൂടിയ തുണി പൊക്കി നോക്കി.
മൂന്നാമത് പുറത്തേക്ക് എടുത്ത  മൃതദേഹത്തില്‍ നിന്നും തുണി പൊക്കി നോക്കിയ സിസിലി ഒരു നിമിഷം സ്തംഭിച്ചു നിന്നു .ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് തന്നോട് യാത്രപറഞ്ഞു പോയ തന്‍റെ ഉറ്റ മിത്രം മെര്‍ലിന്‍റെ ചേതനയറ്റ ശരീം കണ്ടതും സിസിലി ബോധരഹിതയായി നിലംപതിച്ചു .ആരൊക്കയോ ചേര്‍ന്ന് സിസിലിയെ താങ്ങി ആശുപത്രിയുടെ അകത്തേക്ക്പരിചരണത്തിനായി   കൊണ്ടുപോയി . അപ്പോള്‍ ആശുപത്രിയുടെ പുറത്ത് തീവ്രവാദികളെ ലക്ഷ്യമാക്കി സര്‍ക്കാരിന്‍റെ  ബോബര്‍ വീമാനങ്ങളില്‍ നിന്നും ബോബ് വര്ഷിക്കുന്നുണ്ടായിരുന്നു .


                                                                              ശുഭം
rasheedthozhiyoor@gmail.com                                         rasheedthopzhiyoor.blogspot.com







13 June 2014

പുസ്തക പ്രകാശനം.ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി

http://rasheedthozhiyoor.blogspot.com

ഞാനെഴുതിയ മുപ്പതില്‍ പരം കഥകളില്‍ നിന്നും തിരഞ്ഞെടുത്ത പത്തുകഥകള്‍ ഉള്‍പെടുത്തിയ, ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി , കഥാസമാഹാരം .എന്ന പുസ്തകം .ക്യൂ മലയാളത്തിന്റെ സര്‍ഗ്ഗ സായാഹ്നം 2014എന്ന വാര്‍ഷിക പരിപാടിയില്‍ വെച്ച്.( 20.ജൂണ്‍ 2014 )ശ്രീമാന്‍ .ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ശ്രീമതി രജീന സലിമിന് നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വഹിക്കപെടും എന്ന സന്തോഷകരമായ വാര്‍ത്ത എന്‍റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു .ഈ പരിപാടിയിലേക്ക് എല്ലാവരേയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു.പ്രോത്സാഹനമാണ് എഴുതുവാനുള്ള പ്രചോദനം എല്ലാവരുടേയും പ്രോത്സാഹനം സാദരം പ്രതീക്ഷിച്ചുകൊണ്ട് .റഷീദ്തൊഴിയൂര്‍


ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി .ശ്രീമാന്‍ ചന്തുനായരുടെ അവതാരിക

യമുനാജലം വിഷമയമാകനുള്ള കാരണം അതിൽ കാളിയ നാഗം വസിച്ചിരുന്നു എന്നതായിരുന്നു.ഈ കാളിയൻ ആരാണ്? ശ്രീമദ് ഭാഗവതത്തിൽ അധ്യാത്മഭാവം എപ്പോഴും ഒടുവിലാണ് വെളിപ്പെടുത്താറുള്ളത്.ശ്രീകൃഷ്ണന്‍ കാളിയ മർദ്ദനം ചെയ്ത ശേഷം കാളിയൻ തന്നെ പറയുന്നത് നോക്കാം
“വയം ഖലാ:സഹോത്പത്ത്യാ താമസാ ദീർഘമന്യവ:
സ്വഭാവോ ദുസ്ത്യജോ നാഥ ലോകനാം യദസദ്ഗ്രഹ:“
ഹേ നാഥാ ഞാൻ ജന്മനാതന്നെ ദുഷ്ടനും,തമോഗുണിയും,മഹാക്രോധിയും ആണ്. മിഥ്യാഭിനിവേശത്തെ ത്യജിക്കുക എന്നത് പ്രയാസമാകുന്നതു പോലെ എനിക്കെന്റെ സ്വഭാവവും മാറ്റാൻ കഴിയുന്നില്ലാ.”
ചുരുക്കത്തിൽ ഈ സംസാരത്തിൽ മോഹം,മിഥ്യാഭിനിവേശമാകുന്ന ദേഹാത്മഭാവത്തിൽ നിന്നും ഉണ്ടാകുന്നതാണ്.ശരീരമാണ് ഞാനെന്നു തോന്നുമ്പോൾ ശരീരത്തിന്റെ സുഖം ആത്മാവിന്റെ സുഖമായി തോന്നും.അതനുസരിച്ച് ശരീരത്തിന്റെ പരമാണുക്കളും മാറി പോകുന്നതിനാൽ, ആ സ്വഭാവത്തെ ത്യജിക്കാൻ മർത്ത്യർക്ക് പ്രയാസമായി തീരുന്നു.
ഇന്നത്തെ കാലത്ത് രാജ്യങ്ങളിൽ നിയമം ഭൂരിപക്ഷ അടിസ്ഥാനത്തിലാണല്ലോ നിർമ്മിക്കുന്നതും നടപ്പാക്കുന്നതും. ഈ ഭൂരിപക്ഷക്കാരിൽ മനോബലവും സംയമവും ഇല്ലാത്ത ദേഹാഭിമാനികളാണധികവും.അവർ പാസ്സാക്കുന്ന നിയമങ്ങൾ എല്ലാവരും സ്വീകരിക്കേണ്ടി വരുന്നു.പക്ഷേ വ്യക്തികൾ സംസ്കാര സമ്പന്നരാവാതെ സമുദായവും,രാജ്യവും പുരോഗമിക്കില്ലാ. ഉത്തമ സംസ്കാരം ഉണ്ടാകാൻ ഉത്തമ ജീവിതം നയിക്കണം. ഉത്തമജീവിതം നയിക്കാൻ മാതൃകാജിവിതം നയിക്കുന്ന ഒരാളെ(മാതാവോ,പിതാവോ,ഗുരുവോ ആരുമാകാം)ആദർശപുരുഷനായി സ്വയം സ്വീകരിക്കണം.സംസ്കാരഹീനരുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ ഉത്തമ ബുദ്ധിക്കാണ് നാം കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
ഒരു നല്ല ചിത്രം എഴുതണമെങ്കിൽ നിർമ്മലമായ തുണിയോ,കടലാസോ ആദ്യം കരുതണം.അതുപോലെ സംസ്കാരം ഉള്ളിൽ പതിയണമെങ്കിൽ മനസ്സ് നിർമ്മലമായിരിക്കണം. പക്ഷേ ചെറു പ്രായത്തിൽ തന്നെ നീച സംസ്കാരം ഉള്ളിൽ പതിഞ്ഞു പോയിട്ടുണ്ടെങ്കിൽ പുതിയവ പ്രാപ്തമാക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്താനും. സംഘടനകളുടെ നിയമങ്ങൾ തമോഗുണികൾക്ക് പ്രയോജനകരമാണ്. സത്വഗുണികൾക്ക് അവ കൂടുതൽ ബന്ധനത്തിനിടയാക്കുന്നു. ഇന്ദ്രിയങ്ങളെ സ്വയം സംയമം ചെയ്യാൻ സാധിക്കുന്നവർക്ക്,സംയമനത്തിനു വേണ്ടി നിയമങ്ങളുടെ ആവശ്യം ഉണ്ടാകുന്നില്ലാ.
നമ്മുടെ നിയമങ്ങൾ ഇപ്പോൾ എല്ലാപേർക്കും സമാന അവകാശം കൊടുത്തിരിക്കു കയാണല്ലോ. പക്ഷേ അവകാശമെന്നാലെന്ത്, സമാനതയെന്നാൽ എന്ത്. നിയമം എന്നാൽ എന്ത്; ഇതൊക്കെ വേണ്ടപോലെ വിചാരിച്ച് നോക്കി മനുഷ്യരുടെ ആത്മ വികാസത്തിനു ഈ നിയമങ്ങൾ എത്രമാത്രം പ്രയോജനകരമാണെന്ന് ചിന്തിച്ച് നോക്കേണ്ട കാലം അതി ക്രമി ച്ചിരിക്കുന്നു.ജീവിതത്തിന്റെ ആദർശം സ്പഷ്ടമായി മനസിലാക്കാത്തത് കൊണ്ടാണ് സകലരേയും എതെങ്കിലും വിധത്തിൽ ഒരു പോലെ ആക്കി തീർത്താൽ സമാനത കൈ വന്നു എന്ന് വിചാരിക്കുന്നത്.ഇങ്ങനെ സമാനതാരൂപികളായ കഴുതകളുടെ സമുദായത്തിൽ പലർക്കും ആത്മാനന്ദം അനുഭവിക്കാൻ കഴിയില്ലാ,സാധിക്കുകയുമില്ലാ.പലരും ഒരു പോലെയുള്ള തെറ്റുകൾ ചെയ്യുന്നതായി പലപ്പോഴും കാണാം. അതുകൊണ്ട് തന്നെ ഭൂരിപക്ഷ അഭിപ്രായത്തേക്കാൾ ഒരു ഉത്തമ ബുദ്ധിക്ക് വളരെ അധികം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും.എന്നാണെന്റെ പക്ഷം.
ഇംഗ്ലീഷുകാരുടെ ഭരണ കാലത്ത് ,വക്കീലന്മാരും,ബാരിസ്റ്റർമാരും വർദ്ധിച്ച് വന്നപ്പോൾ അനേക വിധത്തിലുള്ള കേസുകൾ വർദ്ധിക്കാൻ തുടങ്ങി. അതിൽ ഒരു ബാരിസ്റ്റർ സംയമി ആയിരുന്നതിനാൽ കള്ളക്കേസുകൾ വാദിക്കാൻ ഇഷ്ടപ്പെട്ടില്ലാ.അദ്ദേഹം ലോകത്തെ കൃത്രിമ സുഖങ്ങൾ ഉപേക്ഷിച്ച് ,ദാർദ്ര്യത്തെ സ്വയം വരിച്ചു. ഇത് ആ മഹാന്റെ ഉത്തമ ബുദ്ധികൊണ്ട് സാധിച്ചതാണ്.ആ മഹാൻ മറ്റാരുമല്ല നമ്മുടെ സ്വന്തം മഹാത്മാ ഗാന്ധി.
അദ്ദേഹം മുതലാളികളുടെയും,ജന്മിമാരുടെയും അനീതികളെ എതിർത്തു. തൊഴിലാളിക ളുടെയും,കർഷകരുടെയും,സുസ്ഥിതിക്ക് സഹായിച്ചു.ഉത്തമമാ‍യവിധം ധന വിതരണം എങ്ങനെ സാധിക്കാമെന്ന് ദൃഷ്ടാന്തീകരിച്ച് കാണിച്ചു. എന്നാൽ തൊഴിലാളികളുടെ ശക്തിയും സമ്പത്തുംവർദ്ധിച്ചെങ്കിലും അവർക്ക് ധനഭോഗത്തിൽ സംയമ ഇല്ലാതായി തീർന്നു.ജീവന്റെ ആദർശം നമ്മൾ ഭാർതീയർക്ക് ഇനിയും മനസിലായിട്ടില്ലാ എന്നത് സങ്കടകരമായ ഒരു കാര്യമായിതീർന്നിരിക്കുന്നു.ഇപ്പോൾ എല്ലവർക്കും എങ്ങനെ പ്രഖ്യാതരാകണം എന്ന ഒറ്റ ചിന്തയെ ഉള്ളൂ..


ഞാൻ ഇത്രയും പറഞ്ഞതു റഷീദ് തൊഴിയൂരിന്റെ പുതിയ പുസ്തകത്തിലെ കഥകളെ കുറിച്ചു പറയാനാണ്. റഷീദ് എന്ന എഴുത്തുകാരനിൽ കാണുന്ന വ്യക്തി സ്വഭാവം തന്നെയാണ് ഈ കഥകളിലെല്ലാം നിറഞ്ഞു നിൽക്കുന്നതും. ദയ,കാരുണ്യം,പരസ്പര ബഹുമാനം, ലളിത ജീവിതം, അഹങ്കാരമില്ലായ്മ ഒക്കെ അദ്ദേഹം തന്റെ രചനകളിലും വ്യക്തമായി പ്രകടമാകുന്നുണ്ട്. ‘ഹോ..അസാമാന്യം‘ എന്നൊന്നും ഈ കഥക്ക് ഞൻ അലങ്കാരം നൽകുന്നില്ലാ. പക്ഷേ കുട്ടികൾക്ക് പോലും വായിച്ച് മനസിലാക്കാനുള്ള രീതിയിൽ വളരെ ലളിതമായാണ് അദ്ദേഹം കഥകൾ എഴുതിയിരിക്കുന്നത്.
എന്ന ഈ കഥാ സമാഹാരത്തിൽ പത്ത് കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുഖലോലുപതയുടെ പര്യവസാനംഎന്ന കഥയിൽ തന്നിഷ്ടകാരനും ദുർ നടപ്പുകാരനുമായ ഒരച്ചനും,അയാളുടെ മകളും,പിന്നെ അവളുടെ കാമുകനുമാണ് പ്രധാന കഥാപാത്രങ്ങൾ വിഷയത്തിൽ പുതുമയില്ലെങ്കിലും മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് ആ കഥ വായനക്കാരെ കൊണ്ട് പോകുന്നു. കഥാകാരനു ഗ്രാമത്തോടുള്ള തീവ്രമായ അടുപ്പം കഥയിലാകെ പ്രതിഫലിക്കുന്നു. .
നാഗബന്ധം എന്ന.രണ്ടാമത്തെ കഥയും നടക്കുന്നത് ഗ്രാമത്തിൽ തന്നെയാ.ഇത്തവണ കഥാകാരൻ സർപ്പം തുള്ളലിനെ പശ്ചാത്തലമാക്കിയിരിക്കുന്നു.നായകനും,പ്രതിനായകനും ഒക്കെ കഥയിൽ വന്നു പോകുന്നെകിലും പ്രധാന കഥാപാത്രമായ രേണുക ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കഥ ഞാനിവിടെ പറയുന്നില്ലാ... അതു വായനയുടെ രസചരട് പൊട്ടിക്കും
'കാണുന്ന സ്ത്രീകള്‍ എല്ലാവരും സഹോദരിമാര്‍ ആണെന്ന് പറഞ്ഞാല്‍ പിന്നെ സംഗതി എളുപ്പമായല്ലോ . ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും എന്നോട് തുറന്നു പറയുന്ന ഗോപേട്ടന്‍ എന്ത് കൊണ്ട് എന്നില്‍ നിന്നും ഈ വിവരം മറച്ചു വെച്ചു .നിങ്ങളുടെ മനസ്സില്‍ ദുരുദ്ദേശമാണ് .നിങ്ങള്‍ക്ക് എന്നെ മതിയാവതെയാണ് വേറെ പെണ്ണിന്‍റെ സുഖംതേടിപോകുന്നത് .നിങ്ങള്‍ വഞ്ചകനാണ് ....എനിക്ക് നിങ്ങളെ കാണേണ്ട ."വ്യാകുലതകൾ” എന്ന മൂന്നാമത്തെ കഥയിലെ ഈ വാചകത്തിൽ നിന്നു തന്നെ കഥയുടെ ഏകദേശ രൂപം വായനക്കാർക്ക് കിട്ടിയിരിക്കും അല്ലേ, അതെ ഒരു പുരുഷൻ ഒരു സ്ത്രീയോടെ കൂടുതൽ അടുത്ത് പെരുമാറിയാൽ അതിൽ പ്രണയവും ,സെക്സും കാണുന്നവരാണ് നമ്മൾ.ഇവിടെ കഥാകാരൻ തന്റെ സ്വഭാവം വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിധിയുടെ പൊയ്മുഖങ്ങൾ, ഇതും ഒരു പ്രണയ കഥ തന്നെയാണ് ആതിരയും വിഷ്ണുവും,വിഷ്ണു സംഗീതം പഠിപ്പിച്ച കുട്ടിയാണ് ആതിര. അവളെ മറ്റൊരാൾ വിവാഹം ചെയ്തു. പ്രണയം പുറത്തു പറയാതെ അവളുടെ നല്ല ജീവിതത്തിനു വേണ്ടി അയ്യാൾ എലാം ത്യജിച്ചു. പ്ന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അവൾ ലണ്ടനിൽ നിന്നും തിരിച്ചെത്തുന്നതു മുതലാണ് കഥ തുടങ്ങുന്നത്.. ഇവിടെയും കഥകാരൻ സംയമനത്തിന്റെ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതിബന്ധം എന്ന കഥയിൽ ആറുമക്കളിൽ മൂത്തവളായ സൂസന്റെ കഥ യാണ് അവിവാഹിതയായി നിന്നു കൊണ്ട് അവൾ തന്റെ സഹോദരങ്ങളെ എല്ലാം പഠിപ്പിച്ചു വലിയ നിലയിലെത്തിക്കുന്നു. ഇവിടെയും സ്നെഹത്തിന്റെ മന്ത്രണം വായനാക്കരിൽ ശ്രവ്യമാകുന്നു.
പെയ്തൊഴിയാതെ എന്നെ കഥ യിലെ ഷാഹിന എന്ന കഥാപാത്രം ഇന്നിന്റെ നേർക്കാഴ്ചയാണ്. വിവാഹിതയായ ഒരുവൾ ചാറ്റിംഗിലൂടെ വഞ്ചിക്കപ്പെടുന്നതും തുടർന്ന് അരങ്ങറുന്ന, തീവ്രമായ സംഭവങ്ങളും വായനെക്കാരെ ചിന്തിപ്പിക്കുന്നു. ചിലയിടങ്ങളിൽ കണ്ണു നനയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പുസ്തകത്തിലെ നല്ല രചനകളിലൊന്നാണിത്.
`ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി‘ ആര്‍ത്തലച്ച് പെയ്ത ഏതാനും ദിവസത്തെ മഴ കോസി നദിയിലെ ജല വിതാനം ഉയര്‍ത്തി നദിക്കരയില്‍ അനേകം വര്‍ഷങ്ങളായി കഴിഞ്ഞു വന്നിരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ വിഭവങ്ങള്‍ക്കു മീതെ കോസിയായിലെ ജലം പരന്നൊഴുകി .ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല . പതിനായിരത്തിലധികം പേരാണ് കോസി നദി കരയിലെ വിവിധ ഗ്രാമങ്ങളില്‍നിന്നും തുടച്ചു നീക്ക പെട്ടത് അനേകായിരം കുടിലുകള്‍ വെള്ളത്തിനടിയില്‍ പെട്ടു .അവരിൽ ചിലർ ഭിഷാടനത്തിനായി കേരളത്തിൽ എത്തപ്പെട്ടു.അവിടെ രക്ഷകനായി എത്തുന്ന അനൂപ് എന്നചെറുപ്പകാരനിലൂടെ വികസിക്കുന്ന ഈ കഥയിൽ നന്മയുടെ നേരോട്ടംകാണാം. നമുടെ ചെറുപ്പകാർ വായിച്ചിരിക്കേണ്ട ഒരു കഥയായി തോന്നി.
വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നാട്ടിന്‍ പുറത്ത് ജീവിക്കുന്ന ചില മനുഷ്യ ജന്മങ്ങളില്‍ പ്രതിക്ഷിക്കാതെ ജീവിത സാഹചര്യത്തില്‍ വന്നു ഭവിക്കുന്ന ചില നഗ്‌നസത്യം. ഈ കഥയിലെ പ്രിയപെട്ടവര്‍ മാളൂ എന്ന് വിളിക്കുന്ന മാളവികയുടേയും,ഉണ്ണീ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്റെയും ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതും ആയിരിക്കണെ എന്നു ചിന്തിച്ച് പോകുന്ന കഥയാണു ‘ദൃഷ്ടാന്തം‘
കാലം അയാളുടെ ചിന്തകളെ മുഴു നീള കൃഷിക്കാരന്‍റെ ആക്കി മാറ്റിയിരിക്കുന്നു.ഇപ്പോള്‍ അയാളുടെ മനസ്സില്‍ സൈന്യസേവനം ഇല്ല, ആക്രമണം ഇല്ല ,വെടിഉണ്ടഇല്ല,പീരങ്കി ഇല്ല,ബോംബാക്രമണംഇല്ല ,അല്ലെങ്കിലും ഒരു കാലിന് മുട്ടിന് താഴെ ഇല്ലാത്ത അയാളുടെ മനസ്സില്‍ ഇനി ആ ചിന്തകള്‍ക്ക് എന്ത് പ്രസക്തി, കുടുംബം കൃഷിയിടം വീട്ഇതൊക്കെയാണ് ഇപ്പോള്‍ അയാളുടെ മുഴുനീള ചിന്തകള്‍ . അയാള്‍ ചാരുകസേരയില്‍ കിടന്ന്.വൃക്ഷശിഖരങ്ങളിലേക്ക് നോക്കി .വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളെകണ്ടപ്പോള്‍.അയാളുടെ മനസ്സ് മന്ത്രിച്ചു.യാതനകള്‍ തരണം ചെയുക എന്നതാണ് മനുഷ്യന്‍റെ കര്‍ത്തവ്യം .മനസ്സില്‍ വിഷമങ്ങള്‍ വരുമ്പോള്‍ തളരാന്‍ പാടില്ല .ഇല്ല ഞാന്‍ തളരില്ല എന്‍റെജീവിത യാതനകള്‍ ഞാന്‍ തരണം ചെയുകതന്നെ ചെയ്യും ,.വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ,അയാള്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്.ഇടതുവശത്തെകൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ,കൃഷി ഇടത്തിലേക്ക് നടന്നു….“ജീവിത യാതനകൾ“ എന്ന കഥയിലെ അവസാനഭാഗമാണിത് അദ്യം മുതൽ വായിച്ചു പോകാൻ തോന്നുന്ന ഈ വരികളിൽ നല്ലൊരു കഥകാരന്റെ കൈയ്യൊപ്പുണ്ട്..
“ഹൃദയസ്പന്ദനം“ ഒരു അനാഥാലയത്തിന്റെ കഥ പറയുകയാണ്. സ്നേഹവും നന്മയുമായി അവിടെ എത്തുന്ന ചില നല്ല മനുഷ്യരുടെ കഥയും ഇതിൽ അനാവരണം ചെയ്യപ്പെടുന്നു.
ഞാൻ ആദ്യം പറഞ്ഞു തുടങ്ങിയതുപോലെമാറ്റാൻ കഴിയാത്ത ദുർസ്സ്വഭാവങ്ങളെ നമ്മൾ മാറ്റുക. സ്നേഹവും ദയയും കാരുണ്യവും ഈ ലോകത്തിൽ വീണ്ടും തിരിച്ചു വരട്ടെ…അത്തരം ചിന്തകളാകെ പരന്നു കിടക്കുകയാണ് ഈ പത്ത് കഥകളിലും, ഒരു വാക്ക് കൊണ്ടോ,ഒരു വായനകൊണ്ടോ,നമ്മൂടെ നാട് ഇതിൽ നിന്നെല്ലാം മോചനം ആഗ്രഹിക്കണം എങ്കിൽ ഇത്തരം കഥകളും കൂടി നമ്മൾ വായിച്ചിരിക്കണം.വാക്കുകൾ കൊണ്ടുള്ള കസർത്തോ ദുരൂഹമായ ചിന്താധാരയോ കഥകാരൻ ഇവിടെ പ്രയോഗിച്ചിട്ടില്ല.അദ്ദേഹത്തിന്റെ മനസ്സിൽ വരുന്ന നല്ല ചിന്തകളെ കഥകളാക്കാനാണ് റഷീദ് തൊഴിയൂർ ശ്രമിച്ചിരിക്കുന്നത്.ആ കഥകളിൽ നിന്നും നമുക്ക നല്ല പാഠങ്ങൾ പഠിക്കാനുണ്ട്.അതിനായി അദ്ദേഹം ഇനിയും തൂലിക ചലിപ്പിക്കട്ടെ…എല്ലാ ആശംസകളും നേരുന്നു.

ചന്തുനായർ

ശുഭം

4 June 2014

ചെറുകഥ. ശേഷക്രിയയുടെ അവകാശി

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

കാസര്‍ഗോഡ്‌ ജില്ലയിലെ ബദിയടുക്ക എന്ന ഗ്രാമ പഞ്ചായത്തിലെ
വ്യാപിച്ചുകിടക്കുന്ന കശുമാവിന്‍ തോട്ടങ്ങളുടെ ഇടയിലുള്ള ഗ്രാമത്തിലാണ് വാസുദേവനും കുടുംബവും താമസിക്കുന്നത്. കശുമാവിന്‍ തോട്ടങ്ങളില്‍ കാല്‍നൂറ്റാണ്ടുകാലത്തോളം എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗ്ഗം തളിച്ചിരുന്നതിന്‍റെ  ദുരിതങ്ങള്‍ അവിടുത്തെ ജനത ഒന്നടങ്കം  അനുഭവിക്കുന്നത് കൊണ്ടുതന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുന്പ്‌ വാസുദേവന്‍. തന്‍റെ രണ്ടേക്കറില്‍ കൂടുതലുള്ള കശുമാവിന്‍ തോട്ടത്തിലെ മുഴുവന്‍ കശുമാവുകളും. വിറകു കച്ചവടക്കാര്‍ക്ക് വില്പന ചെയ്ത്. യന്ത്രങ്ങളുടെ സഹായത്താല്‍ മുഴുവന്‍ കശുമാവിന്‍ വേരുകളും മണ്ണില്‍ നിന്നും നീക്കം ചെയ്ത്‌. ഫലഭൂയിഷ്ഠമായ മണ്ണാക്കി തീര്‍ത്തത്.ഇപ്പോള്‍  പറമ്പിന്‍റെ നാലതിരുകളിലും കായ്ഫലമുള്ള വൃക്ഷങ്ങള്‍ ഹരിതാഭമായ കാഴ്ചയാണ് .ബാക്കിയുള്ള സ്ഥലത്ത് ഇടവിള കൃഷിയാണ് ചെയ്തുപോരുന്നത് .തോട്ടത്തില്‍ കൂടുതലും കുരുമുളക് കൃഷിയാണ് ചെയ്യുന്നത് .ഒപ്പം കായ്കറികളും, കപ്പയും,ചേമ്പും ,ചേനയും, കാച്ചിലും, കിഴങ്ങും, മറ്റും കൃഷി ചെയ്യുന്നു .കൃഷി തോട്ടത്തിന്‍റെ ഓരം ചേര്‍ന്നുള്ള മേല്‍കൂര ഓടിട്ട മൂന്നു കിടപ്പുമുറികളുള്ള വീടിന്‍റെ അല്‍പമകലെയായി രണ്ടു കള്ളികളുള്ള   തൊഴിത്തിനോട് ചെര്‍ന്നുതന്നെയാണ് ആട്ടിന്‍ കൂടും കൊഴികൂടും സ്ഥിതിചെയ്യുന്നത് .

മുഴുനീള കര്‍ഷകനായ  വാസുദേവനെ കൃഷിയില്‍  സഹായിക്കുവാന്‍. അമ്മയും, ഭാര്യയും, സഹോദരിയും അയാള്‍ക്കൊപ്പമുണ്ട് .വിവാഹപ്രായമായ സഹോദരിയുടെ വിവാഹത്തിനായി വേണ്ടുന്ന  സമ്പാദ്യം. വാസുദേവന്‍‌ സ്വരുക്കൂട്ടിയിട്ടുണ്ട് .കുടുംബത്തിനു ചേരുന്ന നല്ല ബന്ധങ്ങള്‍ സഹോദരിക്കായി ഒത്തുവരാത്തതില്‍ വാസുദേവനും കുടുംബവും ദുഖിതരാണ് .എന്‍ഡോസള്‍ഫാന്‍ ഗ്രാമത്തിന്‍റെ തീരാശാപമായി അവശേഷിക്കുന്നു . അനേകം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരാണ് പഞ്ചായത്തില്‍ വസിക്കുന്നത്. ബദിയടുക്ക പഞ്ചായത്തില്‍ മാത്രമല്ല കാസര്‍ഗോഡ്‌ ജില്ലയിലെ മറ്റു പത്ത് പഞ്ചായത്തുകളില്‍  കൂടി അനേകം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുണ്ട് .എന്‍ഡോസള്‍ഫാന്‍ നിരോധനം പ്രാബല്യത്തില്‍ വരുത്തുവാനായി  അഹോരാത്രമെന്നോണം ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനിയാണ്‌ വാസുദേവന്‍‌ .അച്ഛന്‍ ആസ്ത്മയും മറ്റു  എന്‍ഡോസള്‍ഫാന്‍ നിമിത്തമുണ്ടായ അസുഖങ്ങളും  പിടിപ്പെട്ട് മരണമടഞ്ഞപ്പോള്‍. ഉള്ള വസ്തുക്കള്‍ വില്പന ചെയ്ത് .അടുത്ത ജില്ലയിലേക്ക് പാലായനം ചെയ്യുവാന്‍ വാസുദേവനും കുടുംബവും  ശ്രമിച്ചതാണ്. പക്ഷെ ഭൂമി വാങ്ങിക്കുവാന്‍ ആരേയും കണ്ടെത്തുവാന്‍  കഴിയാത്തത് കൊണ്ട്  ആ ഉദ്ധ്യമം അവര്‍ ഉപേക്ഷിച്ചു .

ഇപ്പോള്‍ അമ്മയ്ക്കും ആസ്ത്മയും, കൈകാലുകള്‍ക്ക് തളര്‍ച്ചയും അനുഭവപെട്ടു തുടങ്ങിയിരിക്കുന്നു .എന്‍ഡോസള്‍ഫാന്‍ വിഷബാധ  മൂലം കൂടുതലായി  കണ്ടുവരുന്ന അസുഖങ്ങള്‍    നാഡീഞരമ്പുകളെയാണ്. ആരോഗ്യപൂര്ണമായ നേത്രങ്ങള്‍ക്ക് മസ്തിഷ്കവുമായുളള ധമനീബന്ധം മുറിഞ്ഞാല്‍  രോഗിക്ക് കാഴ്ചയുണ്ടാവില്ല. എല്ലാ അവയവങ്ങള്‍ക്കും  ഇത് ബാധകമാണ്. മാനസിക വൈകല്യങ്ങളും അങ്ങനെ തന്നെ. പഞ്ചായത്തിലെ  ഇത്തരം മനുഷ്യ വൈകല്യങ്ങള്‍ വ്യാപകമാണ്.കാഴ്ചയില്ലാത്തതിനോടൊപ്പം തന്നെ കൈകാലുകള്‍ ശുഷ്ക്കിച്ച അവസ്ഥയിലുള്ള എത്രയോ കുഞ്ഞുങ്ങളാണ് പഞ്ചായത്തില്‍ വസിക്കുന്നത് .

1994 നവംബര്‍ മുതല്‍ വിവിധ അധികാരികള്‍ക്ക് പരാതികള്‍ അയക്കാന്‍ തുടങ്ങിയതാണ് വാസുദേവന്‍‌ ഉള്‍പെടുന്ന  എന്‍ഡോസള്‍ഫാനെതിരെയുളള സമരസമിതി . ആ വര്‍ഷം ഒക്ടോബറില്‍ ഒപ്പുശേഖരണം നടത്തി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന് സമര്‍പ്പിച്ചു. ഫലം ഒന്നും കണ്ടില്ല. പിന്നീട് കോടതിവഴിയായി സമരം. 1998ല്‍ മുന്‍സിഫ് കോടതിയുടെ സ്റ്റേ കിട്ടി. എന്നാല്‍, പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേ നീക്കി. 1999ല്‍ സ്പ്രേ ദിവസേന ഒരിക്കല്‍ മാത്രം എന്ന് നിജപ്പെടുത്തി. 2003ല്‍ കീഴ്ക്കോടതി വിധി പൂര്‍ണമായി ശരിവെച്ചുകൊണ്ട് എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുന്നതിനെ സ്ഥിരമായി സ്റ്റേ ചെയ്തുകൊണ്ട് കേരള ഹൈക്കോടതി വിധി വന്നു. അതോടെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 2004ല്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചു. അത് കാസര്‍ഗോഡ് ജില്ലയിലെ  ജനതക്ക് വലിയ ആശ്വാസമായിരുന്നു. 2005ല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ വില്‍പനയും ഉപയോഗവും കേരളത്തില്‍ നിരോധിച്ചു.

വാസുദേവന് വര്‍ഷങ്ങളുടെ കാത്തിരിപ്പിനോടുവിലാണ്  2003 അവസാനത്തില്‍  ഒരു ആണ്‍ കുഞ്ഞ്  പിറക്കുന്നത്‌ .തന്‍റെ  മരണാനന്തരക്രിയകൾ ചെയ്യുവാന്‍ തനിക്കൊരു മകന്‍ പിറക്കാതെ പോകുമോ എന്ന ആധിയോടെ കഴിഞ്ഞിരുന്ന വാസുദേവനും കുടുംബത്തിനും ലോകം കീഴടക്കിയ പ്രതീതിയാണ് മകന്‍റെ ജന്മത്തോടെ ഉളവാക്കിയത് .പക്ഷെ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല .അരുമ മകന്‍  പിച്ചവെച്ചു നടക്കുവാന്‍ തുടങ്ങിയപ്പോള്‍ നടുക്കുന്ന ആ സത്യം വാസുദേവനും കുടുംബവും തിരിച്ചറിഞ്ഞപ്പോള്‍. ഭൂമി തലകീഴായി മറിയുന്നത് പോലെ അവര്‍ക്ക് അനുഭവപെട്ടു .എന്‍ഡോസള്‍ഫാന്‍ വിഷബാധ  മൂലം മകന്‍റെ നാഡീഞരമ്പുകളുടെ   മസ്തിഷ്കവുമായുളള ധമനീബന്ധം മുറിഞ്ഞുപോയത് മൂലം  കാഴ്ച എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു .മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ മകന്‍റെ   കൈകാലുകള്‍ ശുഷ്ക്കിച്ച അവസ്ഥയിലേക്ക് പരിണമിക്കുവാന്‍ തുടങ്ങി .

മകന്‍റെ പിറവിയോടെ  ദുരിതങ്ങള്‍ നിറഞ്ഞ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു .തരക്കേടില്ലാത്ത ഒരു ബന്ധം ഒത്തുവന്നപ്പോള്‍ സഹോദരിയുടെ വിവാഹം വാസുദേവന്‍‌ നടത്തി കൊടുത്തു . ഒരു ദിവസം തോട്ടത്തില്‍ ചേന പാകുവാനായി കുഴി വെട്ടികൊണ്ടിരിക്കുകയായിരുന്നു വാസുദേവന്‍‌ .അന്ന് പതിവില്‍ കൂടുതല്‍ ചൂട് അയാള്‍ക്ക്‌ അനുഭവപെട്ടു .സൂര്യരശ്മികള്‍ അയാളുടെ ദേഹമാസകലം പതിക്കുന്നത് കൊണ്ട് വിയര്‍പ്പുകണങ്ങള്‍ അയാളുടെ വസ്ത്രങ്ങള്‍ നനയിച്ചു കൊണ്ടിരുന്നു .പൂമുഖത്തറയില്‍ അസഹ്യമായ വേദനകൊണ്ട് പുളഞ്ഞും ഇഴഞ്ഞും വാവിട്ടു കരയുന്ന മകനെ ഇടയ്ക്കിടയ്ക്ക് വാസുദേവന്‍‌ നോക്കിക്കൊണ്ടിരുന്നു .മകന് ഈ ഇടെയായി ശാരീരിക വേദന അസഹ്യമായിരിക്കുന്നു .രാത്രിയില്‍ നിദ്രയും ഇല്ലാതെയായിരിക്കുന്നു .അതുകൊണ്ടുതന്നെ ആ വീട്ടില്‍ ആര്‍ക്കും നിദ്രയില്ലതെയായി .
അരിശം തീര്‍ക്കുംപോലെ മണ്ണില്‍ ആഞ്ഞുവീശി വെട്ടുന്ന ഭര്‍ത്താവിന്‍റെ അരികില്‍ വന്ന് അയാള്‍ക്ക് നേരെ കുടിക്കുവാനായി വെള്ളം നിറച്ച മൊന്ത നീട്ടികൊണ്ടു  ഭാര്യ പറഞ്ഞു .

,, എന്താ ഈ കാണിക്കുന്നേ .എന്താ ഇങ്ങിനെയൊക്കെ .അല്‍പം വീട്ടില്‍ വന്നിരുന്ന് വിശ്രമിക്കു .ഇനിയും ഇങ്ങനെ ഈ പൊരിവെയിലില്‍  വെട്ടിക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ തളര്‍ന്നു വീഴും .

അയാള്‍ മൊന്ത വാങ്ങി പാതിയില്‍ കൂടുതല്‍ വെള്ളം  ആര്‍ത്തിയോടെ കുടിച്ചുകൊണ്ട് പറഞ്ഞു .

,, നീ കണ്ടില്ലെ നമ്മുടെ മോന്‍ അനുഭവിക്കുന്ന വേദന .അവന്‍ അനുഭവിക്കുന വേദനയുടെ ഒരു അംശം പോലും വേദന ഞാന്‍ അനുഭവിക്കുന്നില്ല .വൈദ്യശാസ്ത്രം തോറ്റുപോയ ഇങ്ങിനെയൊരു അസുഖം എന്തിന് നമ്മുടെ മോന് ഈശ്വരന്‍ നല്‍കി .ഈ ഗ്രാമത്തിലുള്ള എത്രയോപേര്‍ നമ്മുടെ മോനെ പോലെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട് .ചിലരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി നമ്മുടെ തലയ്ക്ക് മുകളില്‍ കൊണ്ടുവന്ന്‌ തെളിച്ച കീടനാശിനി.  തോട്ടം മുതലാളിമാരുടെ അണ്ണാക്കിലേക്ക് ഒഴിച്ചു കൊടുക്കുകയാണ് വേണ്ടത് . നീ ചെല്ല് മോന്‍റെ അരികില്‍ പോയിരിക്ക്.വര്‍ഷങ്ങളോളം പ്രാര്‍ഥിച്ചു ലഭിച്ച നമ്മുടെ മോന്‍ .ഈശ്വരാ.... ഞങ്ങളോട് ഈ കൊടും ചതി വേണ്ടായിരുന്നു  ,,

വാസുദേവന്‍റെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകി വിയര്‍പ്പില്‍ ലയിച്ചുകൊണ്ടിരുന്നു .വാസുദേവന്‍ കരയുന്നത് കണ്ടപ്പോള്‍ ഭാര്യ തിരിഞ്ഞോടി മകന്‍റെ അരികില്‍ പോയിരുന്നു . അയാള്‍ വീണ്ടും അയാളുടെ ഉദ്ധ്യമത്തില്‍ മുഴുകികൊണ്ടിരുന്നു .അപ്പോള്‍ അയാളുടെ കിടപ്പിലായ അമ്മ ആസ്ത്മ കൂടിയത് മൂലം ശ്വാസോച്ഛ്വാസത്തിനായി നന്നേ പാടുപെടുന്നുണ്ടായിരുന്നു .അന്നുരാത്രിയില്‍ മകന്‍ അസഹ്യമായ വേദനകൊണ്ട് പുളഞ്ഞു കൊണ്ടിരുന്നു .അന്ന് ഒരുപോള കണ്ണടയ്ക്കാന്‍ ആ വീട്ടില്‍ ആര്‍ക്കുംതന്നെ കഴിഞ്ഞില്ല .അടുത്ത ദിവസം അമ്മയെ നോക്കാന്‍ അയല്‍പക്കത്തെ നാരായണി അമ്മയെ ഏര്‍പ്പാടാക്കി .വാസുദേവനും ഭാര്യയും മകനും  കൂടി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് യാത്രയായി

ഏതാണ്ട് ഒന്‍പതു മണിയോടെ ആശുപത്രിയില്‍ എത്തിയെങ്കിലും വൈകീട്ട് മൂന്നു മണിക്ക് ശേഷം ഡോക്ടറെ കാണുവാനുള്ള ചീട്ടാണ് അവര്‍ക്ക് ലഭിച്ചത് .മകനെ എത്ര ആശ്വസിപ്പിച്ചിട്ടും മകന്‍റെ രോദനം തുടര്‍ന്നുകൊണ്ടേയിരുന്നു .പതിനഞ്ചു വയസ്സിനു താഴെയുള്ള ഒരു പാട് കുഞ്ഞുങ്ങള്‍ സമാനമായ അവസ്ഥയില്‍ അവിടെ ഉണ്ടായിരുന്നു .അവിടെ ഉണ്ടായിരുന്ന രക്ഷിതാക്കളുടെ  ആരുടേയും മുഖത്ത്  പ്രതീക്ഷ നിഴലിക്കുന്നത് വാസുദേവന് കാണുവാന്  കഴിഞ്ഞില്ല .നിര്‍ജ്ജീവമായ അവസ്തയില്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ വാസുദേവനും ഭാര്യയും മൂന്നുമണി വരെ ഇരുന്നു .മകനെ ഡോക്ടറെ കാണിക്കുവാനുള്ള ഊഴമെത്തിയപ്പോള്‍ വാസുദേവന്‍‌ മകനെ എടുത്ത് ഡോക്ടരുടെ മുറിയിലേക്ക് നടന്നു ഒപ്പം ഭാര്യയും .

ഡോക്ടര്‍ മന്ദഹസിച്ചു കൊണ്ട് മൊഴിഞ്ഞു .

,, മകനെ ആ ടെസ്ക്കിലെക്ക് കിടത്തിക്കോളൂ ..,,

വാസുദേവന്‍‌ മകനെ കിടത്തി അല്‍പം മാറിനിന്നു .അയാള്‍ അപ്പോള്‍ കലശലായി ച്ചുമയ്ക്കുന്നുണ്ടായിരുന്നു .മകന്‍ രണ്ടുകാല്‍മുട്ടുകളും നെഞ്ചിനോട് ചേര്‍ത്ത് വളഞ്ഞു കിടന്നു .ഡോക്ടര്‍ എത്ര ശ്രമിച്ചിട്ടും മകനെ നിവര്‍ത്തി കിടത്തുവാന്‍ കഴിഞ്ഞില്ല .ശുഷ്കിച്ച കാലുകള്‍ തടവി കൊണ്ട് ഡോക്ടര്‍  പറഞ്ഞു .

,, മോനെ വിശദമായി പരിശോദിക്കണം .അള്‍ട്രാ സ്കേന്‍ ചെയ്തു നോക്കിയാലെ മകന്‍റെ ഈ അസഹ്യമായ വേദനയുടെ കാരണം കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ .ഇവടെയുള്ള യന്ത്രം തകരാറിലാണ് .ഞാന്‍ സ്വകാര്യ ആശുപത്രിയിലേക്ക് കുറിപ്പ് തരാം. നാളെ രാവിലെ വന്ന് റിസള്‍ട്ട് എന്നെ കാണിച്ചാല്‍ മതി. ഇപ്പോള്‍ വേദന കുറയുവാനുള്ള മരുന്ന് കുറിച്ച് തരാം  ,,

വാസുദേവന്‍‌ മകനേയും എടുത്ത് പുറത്തുള്ള ബഞ്ചില്‍ പോയിരുന്ന്‌ ഭാര്യയോട് മരുന്ന് വാങ്ങി കൊണ്ട് വരുവാന്‍ പറഞ്ഞു .അല്‍പം കഴിഞ്ഞപ്പോള്‍ ഭാര്യ മരുന്നുമായി തിരികെ വന്നു .മകന് മരുന്ന് നല്‍കി ഏതാനും സമയം കഴിഞ്ഞപ്പോള്‍ മകന്‍ മയങ്ങിപോയി .വാസുദേവന്‍‌ മകനെ തോളില്‍ കിടത്തി പ്രയാസപ്പെട്ടു സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍    യാത്രയായി ഒപ്പം ഭാര്യയും .സ്വകാര്യ ആശുപത്രിയില്‍ കരുതിയിരുന്ന പണം തികയാതെ വന്നപ്പോള്‍ വാസുദേവന്‍‌  ഭാര്യയുടെ സ്വര്‍ണ വള ഒരണ്ണം ഊരിവാങ്ങി ജ്വല്ലറിയില്‍ കൊണ്ടുപോയി വില്‍പനചെയ്തു  .സ്കാനിങ്ങും മറ്റു പരിശോദനയും കഴിഞ്ഞപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു .മകന്‍ അപ്പോഴും  അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു.

രാത്രി പട്ടണത്തില്‍ മുറിയെടുത്ത് താമസിച്ചു .ഉറങ്ങുവാന്‍ കിടന്നപ്പോള്‍ മെത്തയില്‍ മകനെ നടുവിലാണ് കിടത്തിയത്‌ .രണ്ടുപേരും മകന്‍റെ തലയില്‍ തലോടിക്കൊണ്ട് ഉറങ്ങാതെ കിടന്നു .ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ് മകന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് അസഹ്യമായ വേദന മകന് ഉണ്ടാകുമ്പോള്‍ അവന്‍ ചുരുണ്ടുകൂടിയാണ് കിടക്കുന്നത് .മരുന്നിന്‍റെ വീര്യമാണ് മകനെ മയക്കി കിടത്തിയിരിക്കുന്നത് എന്ന് വാസുദേവന്‍‌ ഓര്‍ത്തു.ഉറങ്ങാതെ കിടക്കുന്ന വാസുദേവനോട് ഭാര്യ ചോദിച്ചു .

,,നേരം ഒരുപാടായി ഉറങ്ങുന്നില്ലേ .നാളെ നേരത്തെ ആശുപത്രിലേക്ക് പോകേണ്ടതല്ലേ ,,

,, ഉറക്കം വരുന്നില്ല  .എന്താകും പരിശോദനയുടെ റിസള്‍ട്ട് എന്ന് അറിയാതെ മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല .നമ്മുടെ മോന് ഈ ജന്മത്തില്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കുവാനാവുമോടീ  ,,

ഈ അസുഖം പിടിപെട്ട കുട്ടികള്‍ ഒന്നും തന്നെ നാളിതുവരെ പരസഹായമില്ലാതെ  നില്‍ക്കുന്നത് കാണാന്‍ അവള്‍ക്കാകാത്തത് കൊണ്ട് എന്ത് മറുപടി പറയുമെന്നറിയാതെ ഭാര്യ ധര്‍മ്മസങ്കടത്തിലായി .

,, ഈശ്വരന്‍ വലിയവനല്ലേ നമ്മുടെ മോന്‍റെ അസുഖം മാറുമെന്ന് എന്‍റെ മനസ്സ് പറയുന്നു .സമാധാനമായി ഉറങ്ങിക്കോളൂ ,,

നിദ്രയിലേക്ക് എപ്പോഴോ വാസുദവന്‍ എത്തിപെട്ടു .പതിവില്ലാതെ അന്ന് അയാളുടെ നിദ്രയിലേക്ക്  ദുസ്വപ്നം ക്ഷണിക്കാത്ത അതിഥിയായി കടന്നുവന്നു .കറുത്ത പോത്തിന് മുകളില്‍ കാലന്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് മകന്‍റെ ചുറ്റിനും വട്ടമിടുന്നു .മകനെ രക്ഷിക്കാന്‍ അയാള്‍ സര്‍വശക്തിയുമെടുത്ത് പരിശ്രമിച്ചു  കൊണ്ടിരുന്നു .പക്ഷെ പോത്തിനെ മറികടന്നുകൊണ്ട്‌ മകന്‍റെ അരികിലേക്കെത്തുവാന്‍ അയാള്‍ക്കാവുന്നില്ല .ചുമന്ന മണ്ണില്‍ മകന്‍ പ്രാണരക്ഷാര്‍ഥം ഇഴഞ്ഞു നീങ്ങുവാന്‍ ശ്രമിക്കുന്നു .പ്രപഞ്ചമാകെ പൊടിപടലങ്ങള്‍ നിമിത്തം അയാളുടെ കാഴ്ചകള്‍ മങ്ങുന്നു .പൊടുന്നനെ മകന്‍ പൊടിപടലങ്ങള്‍ക്കുള്ളിലൂടെ വിദൂരതയിലേക്ക് ഓടി മറയുന്നു .ഒപ്പം കാലന്‍ പോത്തിന്‍ പുറത്ത് വേഗതയില്‍ മകനു പിന്നാലെ പായുന്നു . കാലന്‍  കയ്യിലുള്ള കുരുക്ക് മകന് നേരെ എറിഞ്ഞുകൊണ്ടേയിരിക്കുന്നു   .അന്ന് ആദ്യമായി സ്വപ്നത്തില്‍ മകന്‍ ഓടുന്ന കാഴ്ച വാസുദേവന്‍‌  കണ്ടു .ഇതുവരെ മകന്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കുന്നത് കാണാത്ത അയാള്‍ മോനേ ......എന്ന്  അലറിവിളിച്ചുകൊണ്ട്  നിദ്രയില്‍ നിന്നും ഉണര്‍ന്നു .അയാളുടെ രോദനം കേട്ട് ഭാര്യ ഞെട്ടിയുണര്‍ന്നു ചോദിച്ചു  .

,, എന്തേ ... എന്താ ഉണ്ടായേ ...,,

,, ഞാന്‍ ... ഞാന്‍ നമ്മുടെ മോന്‍ ഓടുന്നത് കണ്ടു .പക്ഷെ മോനെ പിടിക്കുവാന്‍ ,,

വാസുദേവന്‍‌ വാക്കുകള്‍ മുഴുവിപ്പിക്കാതെ മകന്‍റെ ശിരസ്സ്‌ മടിയിലേക്ക്‌ വെച്ച് മുഖത്ത് തുരുതുരെ ചുംബനങ്ങള്‍ നല്‍കികൊണ്ടിരുന്നു .
അപ്പോള്‍ മകന്‍ കഴിച്ച മരുന്നിന്‍റെ വീര്യം കുറഞ്ഞതുകൊണ്ട് അസഹ്യമായ വേദനയാല്‍   ചുരുണ്ടുകൂടി കിടന്ന്  കരയുകയായിരുന്നു .അയാള്‍ മകനെ ദേഹമാസകലം തടവിക്കൊണ്ട്  വീണ്ടു മയക്കത്തിനുള്ള മരുന്ന് കൊടുത്തു എതാനും നിമിഷങ്ങള്‍ക്കകം മകന്‍ വീണ്ടും അര്‍ദ്ധ ബോധാവസ്തയിലായി .അടുത്ത ദിവസ്സം പുലര്‍ച്ചെ തന്നെ അവര്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു .റിസള്‍ട്ട് കാണിക്കുവാന്‍ മാത്രമായത് കൊണ്ട് അധികം വൈകാതെ അവര്‍ ഡോക്ടറുടെ മുറിയിലേക്ക് എത്തിച്ചേര്‍ന്നു .ഡോക്ടര്‍ എല്ലാ കുറിപ്പുകളും സസൂക്ഷ്മം വായിച്ചു നോക്കിയതിനു ശേഷം. മകനേയും മാതാവിനേയും പുറത്തിരുത്തി വാസുദേവനോട്  ഡോക്ടറുടെ അരികിലേക്ക് തിരികെ വരുവാന്‍ പറഞ്ഞു . ഭാര്യയേയും മകനേയും പുറത്തിരുത്തി   ജിജ്ഞാസയോടെ അയാള്‍ ഡോക്ടറുടെ അരികില്‍ തിരികെയെത്തി .ഡോക്ടര്‍ അയാളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു .

,, ശ്രീ വാസുദേവന്‍‌. വിധിയെതടുക്കുവാന്‍ നമുക്ക് ആവില്ലല്ലോ .ഇപ്പോള്‍ അസഹ്യമായ വേദന താങ്കളുടെ മകന് ഉണ്ടാകുവാന്‍ കാരണം. താങ്കളുടെ മകന്‍ ഇപ്പോള്‍ പൂര്‍ണ കാന്‍സര്‍ രോഗിയാണ്. മരുന്നുകള്‍ കൊണ്ട് യാതൊരുവിധ ഫലവും താങ്കളുടെ മകന് ഇനി  ഉണ്ടാകുവാന്‍ ഇടയില്ല .താങ്കളുടെ മകന്‍റെ സമാനമായ അസുഖം മൂലം എത്രയോപേര്‍ ഈ കാസര്‍ഗോഡ്‌ ജില്ലയില്‍ മരണമടയുന്നു .എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം പ്രകൃതിയിലെ വായുപോലും മലിനമാണ്‌ .ഇനി താങ്കളുടെ മകന്‍റെ അസുഖത്തിന്  വൈദ്യശാസ്ത്രം പറയുന്ന പ്രതിവിധി .വേദനസംഹാരി മരുന്നുകള്‍ നല്‍കുക എന്നതാണ് .ഇനി നിങ്ങള്‍ക്ക് വേണമെങ്കില്‍ തിരുവനതപുരത്തെ റിജണല്‍ കാന്‍സര്‍  സെന്ററില്‍ കൊണ്ടുപോകാം പക്ഷെ അസുഖം ഒരിക്കലും മാറില്ല .കാരണം അത്രകണ്ട് മൂര്‍ധന്യ അവസ്തയില്‍ ആയിരിക്കുന്നു താങ്കളുടെ മകന്‍റെ അസുഖം ,,

വാസുദേവന്‍‌ നിസഹായനായി ഡോക്ടറുടെ മുഖത്തേക്ക് കരുണയോടെ നോക്കിക്കൊണ്ടു പറഞ്ഞു .

,, എവിടെ വേണമെങ്കിലും ഞങ്ങള്‍ മോനെ കൊണ്ടുപോകാം എന്‍റെ മോന്‍റെ അസുഖം ഇനി ഒരിക്കലും  മാറില്ലേ ഡോക്ടര്‍ ,,

,, വാസുദേവന്‍‌ ഞാന്‍ താങ്കളോട് പറഞ്ഞുവല്ലോ. അസുഖം മാറുക എന്നത് അസാദ്ധ്യമാണ് .,,

വാസുദേവന്‍‌ മകന്‍റെ അരികില്‍ പോയി മകനെ വാരിപുണര്‍ന്നു കൊണ്ട് പൊട്ടിക്കരഞ്ഞു .ഒപ്പം അയാളുടെ ഭാര്യയും .വീട്ടില്‍ തിരികെയെത്തി അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ഉറച്ച തീരുമാനമെടുത്ത് വാസുദേവന്‍‌ വീട്ടില്‍ നിന്നും ഇറങ്ങിനടന്നു .  അയാളുടെ ലക്ഷ്യം കീടനാശിനി വില്പനക്കാരന്‍ ചാക്കോയുടെ വീടായിരുന്നു .ചാക്കോ തൃശൂര് നിന്നും ബദിയടുക്കയില്‍ വന്ന് കുടിയേറിയതാണ്    വാസുദേവന്‍‌ വീര്യം കൂടിയ കീടനാശിനി ആവശ്യപെട്ടപ്പോള്‍ ചാക്കോ അയാളെ കളിയാക്കികൊണ്ട്‌ പറഞ്ഞു .

,, ഇത് എന്തൂട്ട് കഥയാടോ ഗട്യേ .... എന്‍ഡോസള്‍ഫാനും കീടനാശിനികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയ തനിക്ക് ഇത് എന്തൂട്ടാ പറ്റ്യേ ....നിയ്യ്‌ കൃഷിക്ക് ഉപയോഗിക്കുന്നത് ജൈവ വളമല്ലേ പിന്നെ എന്തൂട്ടിനാടോ ശവ്യേ ... തനിക്ക് ഈ കുന്ത്രാണ്ടം ,,

,, ചാക്കോ എന്‍റെ വേപ്പ് മരത്തില്‍ നിറയെ കീടങ്ങള്‍. പുകയില കഷായം കൊണ്ടൊന്നും ആ കീടങ്ങള്‍ ചാവുന്നില്ല. ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ ,,

,,  എന്‍ഡോസള്‍ഫാനും കീടനാശിനികള്‍ക്കും എതിരെ നാടൊട്ടുക്കും പ്രസംഗിച്ചു നടക്കും. എന്നിട്ട് കീടത്തെ കൊല്ലാന്‍ ഇമ്മടെ കീടനാശിനി തന്നെ വേണം എല്ലാ ഗട്യോള്‍ക്കും   ,,

വാസുദേവന്‍‌ കീടനാശിനി വാങ്ങി തിരികെ നടന്നു നടത്തത്തിനിടയില്‍ കീടനാശിനി കുപ്പി അയാള്‍ അരക്കെട്ടില്‍ തിരുകി വെച്ചു .സന്ധ്യയായപ്പോള്‍ അയാള്‍ ഭാര്യയോടു പറഞ്ഞു .

,, ഇന്ന് അത്താഴത്തിനുള്ള ഭക്ഷണം ഉണ്ടാക്കേണ്ട ഞാന്‍ ഞാന്‍ പട്ടണത്തില്‍ പോകുന്നുണ്ട്. അവിടെ നിന്നും ഭക്ഷണം വാങ്ങി വരാം ,,

അയാളുടെ സംസാരം കേട്ട് ഭാര്യ ആശ്ചര്യത്തോടെ അയാളെ നോക്കി, പുറത്ത് നിന്നും ഭക്ഷണം വാങ്ങിക്കുന്ന പതിവ് അയാള്‍ക്കില്ല. പിന്നെ ഇന്ന് ഇത് എന്തു പറ്റി എന്ന ചിന്തയായിരുന്നു അയാളുടെ ഭാര്യക്ക് .അയാള്‍ ഏതാണ്ട് എട്ടുമണിയോടെ വീട്ടില്‍ തിരികെയെത്തി .രണ്ടു ബിരിയാണി പൊതികളും, ഒരു വലിയ ഐസ്ക്രീം പാത്രവും ,കൊക്കോകോളയുടെ ബോട്ടിലും അയാളുടെ പക്കല്‍ ഉണ്ടായിരുന്നു .അയാള്‍ ഭാര്യയോടു പറഞ്ഞു

,,ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം. നീ...  അമ്മ കിടയ്ക്കുന്ന മുറിയില്‍ ഭക്ഷണം എടുത്ത് വെയ്ക്ക്. അമ്മയ്ക്ക് തീന്‍ മേശയിലേക്ക്‌ വരുവാന്‍ പ്രയാസമല്ലേ . നമുക്ക് എല്ലാവര്‍ക്കും ഇന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം ,,

വാസുദേവന്‍‌ കുളിച്ച് വസ്ത്രം മാറി വന്നു .അപ്പോഴേക്കും ഭാര്യ ഭക്ഷണം എടുത്ത് വെച്ചിരുന്നു .

,, നീ മോന് ഭക്ഷണം വാരി കൊടുക്ക്‌ ഞാന്‍ അമ്മയ്ക്ക് വാരി കൊടുക്കാം എന്നും നീയല്ലേ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നത് .അയാള്‍ അമ്മയുടെ കട്ടിലില്‍ പോയിരുന്നു തലയണ മാറ്റി പകരം അമ്മയുടെ ശിരസ്സ് അയാളുടെ മടിയിലേക്ക്‌ വെച്ചു .അയാള്‍ ബിരിയാണി ഉരുളകളാക്കി അമ്മയ്ക്ക് നല്‍കി .അപ്പോള്‍ അമ്മ അയാളുടെ ശിരസില്‍ തലോടികൊണ്ടിരുന്നു .ബിരിയാണി മതിയെന്ന് പറഞ്ഞപ്പോള്‍ ഐസ്ക്രീമും  കുടിക്കാന്‍ കൊക്കോകോളയും
നല്‍കി .അമ്മയും മകനും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു .

,, നീ നമ്മുടെ മെത്ത ഇവിടെ കൊണ്ടന്നിട്ടോ മോനെ അതില്‍ കിടത്തിക്കോ നമുക്ക് വേഗം ഭക്ഷണം കഴിച്ചു കിടക്കാം  .,,

എല്ലാം തിരിച്ചറിഞ്ഞ ഭാവമായിരുന്നു അയാളുടെ ഭാര്യയ്ക്കപ്പോള്‍  . മകനെ കിടത്തി അവള്‍ അയാളുടെ അരികില്‍ വന്നിരുന്നു .അവള്‍ അയാള്‍ക്ക്‌ ഭക്ഷണം വാരി നല്‍കി ഒപ്പം അയാള്‍ അവള്‍ക്കും .ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ രണ്ടുപേരും മകന്‍റെ ഇരുവശങ്ങളിലായി കിടന്ന് മകനെ തുരുതുരെ ചുംബനങ്ങള്‍  നല്‍കി .ഇനി ഒരിക്കലും നല്‍കുവാന്‍ കഴിയാത്ത ഒരുപാട് ചുംബനങ്ങള്‍ .   അപ്പോള്‍ തുറന്നിട്ട ജാലകത്തിലൂടെ ശീതകാലത്തിന്‍റെ വരവറിയിച്ചുകൊണ്ട്  നനുത്ത ശീത  കാറ്റ് അകത്തേക്ക് ആഞ്ഞുവീശി കൊണ്ടിരുന്നു .
               
                                                                        ശുഭം
rasheedthozhiyoor@gmail.com                                                  rasheedthozhiyoor.blogspot.com



  







3 June 2014

ലേഖനം .ജീവിതാവകാശം നിഷേധിക്കപ്പെട്ട കുരുന്നുകള്‍

http://rasheedthozhiyoor.blogspot.com

ഇന്ത്യന്‍  ജനതയുടെ  ജീവിക്കുവാനുള്ള  അവകാശം  സംസ്ഥാനങ്ങളില്‍  മാത്രമോ ? ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ ഉടനീളം സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യമില്ലെ .അന്യ സംസ്ഥാനങ്ങളില്‍ നിന്നും അനാഥാലയത്തിലേക്ക് കൊണ്ടു വന്ന  കുട്ടികളെ കുറിച്ച് സമഗ്രമായ അന്വേഷണം‍ ഉണ്ടാവേണ്ടത് തന്നെയാണ് .പക്ഷെ കുട്ടികളുടെ ഇന്ത്യയില്‍ എവിടേയും  ജീവിക്കുവാനുള്ള അവകാശത്തെ ഉന്മൂലനം ചെയ്തുകൊണ്ടാവരുത് എന്ന് മാത്രം . ഒരു നേരത്തെ ആഹാരത്തിനു വകയുള്ള,  മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ സാമ്പത്തിക ഭദ്രതയുള്ള ,മക്കള്‍ക്ക്‌ നല്ല വസ്ത്രങ്ങള്‍ നല്‍കുവാന്‍ കഴിവുള്ള ,ഒരു മാതാപിതാക്കളും മക്കളെ അനാഥാലയത്തിലേക്ക് അയക്കുവാന്‍ തയ്യാറാവുകയില്ല .ജീവിക്കുവാന്‍ നിത്യവൃത്തിക്ക് പണമില്ലാത്ത പാവപെട്ടവരുടെ മക്കള്‍ മാത്രമാണ് അനാഥാലയങ്ങളില്‍ വസിക്കുന്നത് എന്നതാണ് പരമസത്യം . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നമ്മുടെ കേരളത്തില്‍ ജാതിഭേദമന്യേ നന്മയുള്ള മനസ്സിനുടമകള്‍  നടത്തുന്ന അനാഥാലയങ്ങള്‍ ധാരാളമുണ്ട് .അവിടെയെല്ലാം പഠിക്കുന്ന കുട്ടികള്‍ ഉന്നത വിദ്യാഭ്യാസവും കരസ്ഥമാക്കുന്നുണ്ട് .

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കാതെ നിജസ്ഥിതി മനസ്സിലാക്കി .സല്‍ പ്രവര്‍ത്തിയുടെ ഭാഗമായാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നെതെങ്കില്‍ ആ കുട്ടികളെ കേരളത്തില്‍ ജീവിക്കുവാനുള്ള അവസരമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അധിപന്മാര്‍ പ്രാവര്‍ത്തികമാക്കേണ്ടത് .മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നവര്‍ പറയട്ടെ എന്തിനുവേണ്ടി കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നു ?.ബാലവേലയ്ക്കായി അയല്‍  സംസ്ഥാനങ്ങളില്‍ നിന്നും   പണ്ടൊക്കെ കുട്ടികളെ കുണ്ടുവന്നിരുന്നു.പക്ഷെ ആ പ്രവര്‍ത്തി ഈ കാലഘട്ടത്തില്‍ നിലവിലില്ല .കാരണം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബാലവേലചെയ്യിപ്പിക്കുന്നവരെ കണ്ടെത്തി വേണ്ടപെട്ടവരെ ധരിപ്പിക്കുകയും വേണ്ടുന്ന ശിക്ഷാ  നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ സജ്ജമാണ്.

കുട്ടികളെ വില്‍പനയ്ക്കോ,അവയവങ്ങള്‍ കടത്താനോ ,ലൈംഗീക ചൂഷണത്തിനോ ഒന്നുമല്ല കൊണ്ടുവന്നത് എന്നിരിക്കെ .എന്തുകൊണ്ടാണ് അധികൃതര്‍ കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് .ഇപ്പോള്‍ ആ കുട്ടികള്‍ അനുഭവിക്കുന്ന മാനസീക അവസ്ത വേദനാജനകമാണ് .അനാഥാലയങ്ങളില്‍ ക്രമക്കേടു നടക്കുന്നുണ്ടെങ്കില്‍ അത് സമൂഹത്തിനു മുന്‍പാകെ തുറന്നുകാട്ടാന്‍ നമ്മുടെ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് .കേരളത്തില്‍ മതപരമായ ചേരിതിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒരിക്കലും അതിന് അനുവദിച്ചുകൂടാ .

ഇപ്പോള്‍ കേരളത്തില്‍ എത്തിയ കുട്ടികള്‍ മുന്‍പ് എവിടെയായിരുന്നു എന്ന് അന്യാഷണ വിധേയമാക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയും .കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന കുട്ടികള്‍ അവധിക്ക് നാട്ടില്‍ പോയിരിക്കുകയായിരുന്നു എന്ന് അനാഥാലയത്തിലെ ഉത്തരവാദിത്വമുള്ളവര്‍ പറഞ്ഞതായി പത്ര കുറിപ്പില്‍ കാണുവാന്‍ ഇടയായി .അങ്ങിനെയാണെങ്കില്‍ .ആ കുട്ടികളുടെ വിദ്യാഭ്യാസത്തെ ഒരിക്കലും ഹാനിക്കാതെ അവര്‍ക്ക് തുടര്‍ന്നു പഠിക്കുവാനുള്ള സാഹചര്യം വേണ്ടപെട്ടവരില്‍ നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു  . മുക്കം അനാഥാലയത്തില്‍ ഈ കുട്ടികള്‍ക്ക് ജീവിക്കുവാനും പഠിക്കുവാനും  സാഹചര്യമുണ്ടെങ്കില്‍ എന്ത് കൊണ്ട് ആ കുട്ടികള്‍ക്ക് അവിടെ ജീവിച്ചുകൂടാ?

 ഈ വിഷയത്തില്‍ അവസാനമായി ലഭിച്ച വാര്‍ത്ത . കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു എന്നത്ആശ്വാസകരമാണ് .    അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍വെ നടത്തുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞതിനെ നമുക്ക് സ്വാഗതം അരുളാം  പക്ഷെ  അനാഥാലയങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. എന്ന് അദ്ദേഹം പറഞ്ഞതിനോട് നമുക്ക് യോജിക്കുവാനാവുമോ ? സത്യവും ധര്‍മ്മവും  ജയിക്കട്ടെ  അധര്‍മ്മവും അസത്യങ്ങളും ഇല്ലാതെയാവട്ടെ .കുട്ടികളുടെ  ഭാവിക്ക് ഉതകുന്ന നല്ല തീരുമാനങ്ങള്‍ അതികൃതരില്‍ നിന്നും ഉണ്ടാകുമെന്ന്  നമുക്ക് പ്രത്യാശിക്കാം .

                                                                                ശുഭം 

23 May 2014

ചെറുകഥ . പ്രതീക്ഷാ നിര്‍ഭരം

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
           ക്ഷുരകന്‍ അലിയുടെ സുന്ദരിയായ മകള്‍ ഫാസിലയ്ക്ക്  ലഭിച്ച വിവാഹബന്ധം അവള്‍ക്ക് അര്‍ഹിക്കാത്തതായിരുന്നു.പത്താംതരത്തില്‍ തോറ്റ ഫാസില  വീണ്ടും പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല .അലി വീണ്ടും മകളെ  പഠിപ്പിക്കുവാന്‍  നിര്‍ബന്ധിച്ചുവെങ്കിലും  അവള്‍ക്ക് തയ്യല്‍ പഠിക്കുവാനായിരുന്നു ആഗ്രഹം .മകളുടെ ആഗ്രഹത്തിന് അലി സമ്മതം നല്‍കി.തയ്യല്‍ പഠിക്കുവാന്‍ പോകുമ്പോഴാണ് വിദേശത്ത് നിന്നും  അവധിക്ക് വന്ന  ഗ്രാമത്തിലെ സമ്പന്ന തറവാട്ടിലെ ഷംസുദ്ദീനുമായി സംസാരിക്കുവാന്‍ ഇടയായത്  .സുന്ദരിയായ  ഫാസിലയോട് പല യുവാക്കളും പ്രണയാഭ്യര്‍ത്ഥനയുമായി  സമീപിച്ചിരുന്നുവെങ്കിലും  അവയെല്ലാം  അവള്‍ നിരസിക്കുകയാണ് പതിവ് .ഒരു ദിവസ്സം  തയ്യല്‍ പഠനം കഴിഞ്ഞ് തനിയെ വീട്ടിലേക്ക്  തിരികെ പോരുമ്പോള്‍ വാഹനം അരികില്‍ നിറുത്തി ഷംസുദ്ദീന്‍ ചോദിച്ചു ?

,,എന്നെ പരിചയപെടുത്തേണ്ടതില്ലല്ലോ   .നമുക്ക് രണ്ടുപേര്‍ക്കും പരസ്പരം അറിയാം .അതുകൊണ്ട് വളച്ചുകെട്ടാതെ കാര്യം പറയാം .   ഞാന്‍ ഫാസിലയെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.മൂന്ന് മാസത്തെ അവധിക്കാണ് ഞാന്‍ വന്നിട്ടുള്ളത് .ഫാസീലയ്ക്ക് എന്നെ ഇഷ്ടമാകുമെങ്കില്‍ നമ്മുടെ വിവാഹം ഉടനെ നടത്തേണം .പണ്ട് ഓത്തുപള്ളിയില്‍ നിന്നും തിരികെ പോരുമ്പോള്‍ നടവരമ്പില്‍ നിന്നും തെന്നി വയലിലെ ചെളിയില്‍  വീണപ്പോള്‍ അവിടെ നിന്നും എഴുന്നേല്‍ക്കാന്‍ സഹായത്തിനായി ആദ്യം കൈനീട്ടിയത്  ഞാനാണ് .അന്ന് ചെളിയില്‍ കിടന്നിരുന്ന ഫാസില എന്‍റെ കൈ പിടിച്ച ആ നിമിഷം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചതാണ് എന്‍റെ പെണ്ണ് ഫാസിലയാണെന്ന്.പലപ്പോഴും ഞാന്‍ എന്‍റെ ആഗ്രഹം അറിയിക്കുവാന്‍ ഫാസിലയെ സമീപിച്ചിരുന്നു .പക്ഷെ എന്‍റെ ആഗ്രഹം പറയാന്‍ ദൈര്യം ഉണ്ടായിരുന്നില്ല എനിക്ക്  .ഇപ്പൊ എനിക്ക് ജോലിയുണ്ട് .ഫാസിലയെ പോറ്റാന്‍ എന്നെകൊണ്ട്‌ ആവും എന്ന വിശ്വാസവും ഉണ്ട്.എന്നെ ഇഷ്ടമാണോ തനിക്ക്   ,,

അപ്രതിക്ഷിതമായ അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്ചര്യത്തോടെ ഫാസീല ചോദിച്ചു .

,, ഇക്കാനെപോലെയുള്ള ഒരാളെ ഭര്‍ത്താവായി ലഭിക്കുക എന്നത്  എന്‍റെ ഭാഗ്യം .പക്ഷെ ഒസാന്‍റെ മകളെ വിവാഹം ചെയ്യുവാന്‍ ഇക്കയുടെ വാപ്പ സമ്മതിക്കുമോ? .ഇക്കയുടെ വാപ്പ ഗള്‍ഫില്‍ നിന്നും അവധിക്ക് വരുമ്പോള്‍ തലമുടി വെട്ടികൊടുക്കുന്നത് എന്‍റെ വാപ്പയാണ് .ഇക്കയ്ക്ക് തോന്നുന്നുണ്ടോ ഇക്കയുടെ വീട്ടുകാര്‍ നമ്മുടെ വിവാഹത്തിന് സമ്മതിക്കുമെന്ന് ?.,,

,, അതൊക്കെ സമ്മതിക്കും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ സമ്മതിപ്പിക്കും .വിവാഹ ബന്ധം പുലര്‍ത്തുന്നത് പുരുഷനും സ്ത്രീയുമാണ് .ഞാന്‍ പുരുഷനാണ് എന്തുകൊണ്ട് നമ്മുടെ വിവാഹം നടന്നുകൂട .എന്തേ ...ഫാസീല സ്ത്രീ അല്ലാന്നുണ്ടോ ..,,

അയാളുടെ സംസാരം കേട്ട്  ഫാസീല പൊട്ടിച്ചിരിച്ചു .മുല്ലമൊട്ടുകള്‍ പോലെയുള്ള അവളുടെ പല്ലുകള്‍ കാട്ടിയുള്ള ചിരി അയാള്‍ ആസ്വദിച്ചു .ചിരിക്കുമ്പോള്‍ നുണക്കുഴിയോടെയുള്ള അവളുടെ മുഖത്തിന് ആരേയും ത്രസിപ്പിക്കുന്ന അഴകാണ്  .  വിവാഹത്തിന്  സമ്മതമാണെന്നുള്ള ഫാസീലയുടെ മറുപടി ലഭിച്ചപ്പോള്‍ , വാപ്പ  കുഞ്ഞിമോന്‍ ഹാജിയോട് ഷംസുദ്ദീന്‍ തന്‍റെ ആഗ്രഹം അറിയിച്ചു . മകന്‍റെ വിവാഹം നടത്തുവാനായി ഗള്‍ഫില്‍ നിന്നും  നാട്ടിലെത്തിയ വാപ്പയുടെ മറുപടി അയാള്‍ പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു .

,, എന്താ എന്‍റെ ഷംസു നീ ഈ പറയണേ .നിനക്ക് തലയ്ക്ക് വെളിവില്ലാണ്ടായാ  .എടാ ...നമ്മുടെ തറവാടിന് ചേര്‍ന്നതാണോ ഈ ബന്ധം .നിനക്ക് വേറെ ആരേം കണ്ടില്ലേ .......  ഈ ഒസാന്‍ അലിയുടെ മകളെയല്ലാതെ .നീ കഴിഞ്ഞ ദിവസം പോയി കണ്ട ആ പെണ്‍കുട്ടിക്ക് എന്തിന്‍റെ കൊറവാ ഉള്ളെ .നൂറ്റമ്പതു പവന്‍ പൊന്നും ഒരു കാറും അവര് സ്ത്രീധനമായിട്ട് തരും എന്നാ കുട്ടീന്‍റെ  വാപ്പ പറഞ്ഞേക്കണേ .ഞാന്‍ ഈ കാര്യം ഉറപ്പിക്കാന്‍ പോവുകയാണ് . നീ ഈ നടക്കാത്തെ കാര്യം പറഞ്ഞോണ്ട് നിക്കാണ്ടെ മനുഷ്യന്‍റെ സമയം കളയാണ്ടെ  എന്‍റെ മുന്നീന്ന് പോയെ ,,

,, ഇല്ല വാപ്പ എനിക്ക് പൊന്നും പണ്ടോം ഒന്നും വേണ്ട .എനിക്ക് ഫസീലാനെ പണ്ടുമുതലേ ഇഷ്ടാ എനിക്ക് അവളെ കൂടാതെ ജീവിക്കാനാവില്ല വാപ്പാ  .എന്‍റെ സ്വപ്ന ലോകത്തെ റാണി അവളാ ..അവള്‍ക്ക് പകരമായി ഒരു പെണ്ണും ഈ ഭൂലോകത്ത് ഉണ്ടാവില്ല .അത്രയ്ക്ക് ഇഷ്ടാ എനിക്ക് അവളെ ,,

മകന്‍റെ സംസാരം കുഞ്ഞിമോന്‍ ഹാജിയെ ധര്‍മ്മസങ്കടത്തിലാക്കി .കുഞ്ഞിമോന്‍ ഹാജി മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ക്ക്‌ അതിനായില്ല
പലരെകൊണ്ടും പറഞ്ഞു നോക്കിയിട്ടും മകന്‍ തന്‍റെ ആഗ്രഹത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലാ എന്ന് കണ്ടപ്പോള്‍  കുഞ്ഞുമോന്‍ ഹാജിയും കുടുംബവും മകന്‍റെ ആഗ്രഹത്തിന് എതിര് പറഞ്ഞില്ല .കുഞ്ഞിമോന്‍ ഹാജിയും ഭാര്യയും മകന് പെണ്ണ് ചോദിക്കുവാനായി അലിയുടെ വീട്ടിലേക്ക് യാത്രയായി .മേല്‍കൂര ഓടിട്ട നല്ല ശുചിത്വമുള്ള  ചെറിയ വീടായിരുന്നു ഫാസീലയുടെ വീട് .
കുഞ്ഞുമോന്‍ ഹാജിയുടെ വരവ് നേരത്തെ അറിയിച്ചത് കൊണ്ട് അലി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു .അലി ആഗതരെ   സ്വീകരിച്ചിരുത്തി .കുഞ്ഞുമോന്‍ ഹാജി സംസാരത്തിന് തുടക്കമിട്ടു .

,,എന്‍റെ മോന് ഒരേയൊരു നിര്‍ബന്ധം ഇവടത്തെ കുട്ടീനെ കല്യാണം കഴിക്കണമെന്ന് .ജീവിതകാലം മുഴുവനും ഒരുമിച്ചു കഴിയാനായിട്ട് അവന്‍ അവന്‍റെ ഇണയെ കണ്ടെത്തി. ഇനി ഞങ്ങള് അതിന് എതിര് പറയുന്നില്ല.മക്കടെ ഇഷ്ടമല്ലെ നമ്മുടെ ഇഷ്ടം  ,,

അലിയുടെ ഇമകളില്‍  നിന്നും ആനന്ദ കണ്ണുനീര്‍ പൊഴിഞ്ഞു. അയാള്‍ ദീര്‍ഘ നിശ്വാസം  എടുത്തുക്കൊണ്ടു  പറഞ്ഞു.

,, ഫാസിലയടക്കം നാല് മക്കളാണ് എനിക്ക് .ഒരാണും മൂന്നു പെണ്ണും മൂത്തവളെ നേരത്തെ കെട്ടിച്ചയച്ചു  .രണ്ടാമത്തേത് ആണ്‍കുട്ടിയാണ് അവന്‍ ഇപ്പൊ ഗള്‍ഫിലേക്ക് പോയിട്ട് ഒരു വര്‍ഷമേ ആവുന്നുള്ളൂ .അവനിക്ക് അവിടെ അത്ര നല്ല ജോലിയൊന്നുമല്ല  .മൂന്നാമത്തെയാണ് ഫാസീല. ഫാസീലയുടെ താഴെയുള്ളത് പഠിക്കുന്നു. ഒരു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളേം കെട്ടിക്കാനായി .സത്യം പറഞ്ഞാല്‍ എന്‍റെ മോളെ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ ഒരു പത്തു പവന്‍ സ്വര്‍ണം തികച്ചു നല്‍കാന്‍ എന്നെകൊണ്ട്‌ പാകമില്ല .,,

അലിയുടെ വിഷമം കണ്ടപ്പോള്‍ കുഞ്ഞുമോന്‍ ഹാജി മന്ദഹസിച്ചു കൊണ്ട്  പറഞ്ഞു .

,, ഇവിടത്തെ അവസ്ത അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അലിയുടെ മകളെ പെണ്ണ് ചോദിക്കാന്‍ വന്നിട്ടുള്ളത് .സര്‍വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പണവും പൊന്നും വേണ്ടുവോളം എന്‍റെ പക്കലുണ്ട്.കല്യാണ ദിവസം  .ഫാസിലയ്ക്ക് വേണ്ടുന്നതൊക്കെ  ഞങ്ങള്‍ ഇവിടെ എത്തിക്കും പോരെ. അലി സന്തോഷത്തോടെയിരിക്കു .ഞങ്ങള്‍ക്ക് നിങ്ങടെ മോളെ മാത്രം നല്‍കിയാല്‍ മതി .ചായ സല്‍ക്കാരം കഴിഞ്ഞപ്പോള്‍  കുഞ്ഞുമോന്‍ ഹാജിയും ഭാര്യയും യാത്ര പറഞ്ഞിറങ്ങി .ഫാസിലയ്ക്ക് താന്‍ സ്വപ്നം കാണുകയാണോ ഇതൊക്കെ എന്നായിരുന്നു ചിന്ത .

ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷംസുദ്ദീനും ഫാസീലയും വിവാഹിതരായി .ഷംസുദ്ദീന്‍റെ വീട്ടുകാര്‍ വളരെ സൌമ്യമായി തന്നെ ഫാസിലയോട് പെരുമാറി .  മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫാസീലയെ ഷംസുദ്ദീന്‍ ഗള്‍ഫിലേക്കും  കൊണ്ടു പോയി .സ്നേഹസമ്പന്നനായ ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം ഫാസീലയ്ക്ക് സ്വര്‍ഗ്ഗ തുല്ല്യമായിരുന്നു . വര്‍ഷങ്ങള്‍ വിടവാങ്ങികൊണ്ടിരുന്നു . വര്‍ഷം ആറു കഴിഞ്ഞിട്ടും മാതാവാകാനുള്ള ഭാഗ്യം ഫാസീലയ്ക്ക് ലഭിച്ചില്ല .ഫാസീലയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഷംസുദ്ദീന്‍ വന്ധ്യതാ ചികിത്സയ്ക്ക് വിധേയനായി .പക്ഷെ അയാള്‍ക്ക്‌ പിതാവാകാന്‍  യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല .തന്‍റെ കുഴപ്പം കൊണ്ടാണ് തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് എന്ന തിരിച്ചറിവ് ഫാസീലയെ മാനസീകമായി തളര്‍ത്തി .ചികിത്സാര്‍ത്ഥം ഫാസില തനിയെ നാട്ടിലേക്ക് യാത്രയായി .

വന്ധ്യതാ ചികിത്സയ്ക്ക് പേരുകേട്ട  കേരളത്തിലെ ആശുപത്രിയില്‍ ഫാസീലയെ പ്രവേശിപ്പിച്ചു .മാസങ്ങളുടെ ചികിത്സയ്ക്കും  ശാസ്ത്രക്രിയയ്ക്കും ഒടുവില്‍ ഫാസീലയുടെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിന് സജ്ജമാണ് എന്ന ഡോക്ടറുടെ അറിയിപ്പ് ലഭിച്ചപ്പോള്‍, ഷംസുദ്ദീന്‍ ആറു മാസത്തേക്ക് അവധിയെടുത്ത് നാട്ടിലേക്ക് പോന്നു .രണ്ടു മാസങ്ങള്‍ക്കകം ഫാസീല ഗര്‍ഭണിയായി .ഗര്‍ഭധാരണത്തിന് ശേഷം ശരീരം ഇളകുവാന്‍ പാടില്ല എന്ന ഡോക്ടറുടെ ആജ്ഞ പ്രകാരം   പത്തുമാസം ഫാസീല ആശുപത്രിയില്‍ തന്നെയായിരുന്നു. ഷംസുദ്ദീന്‍ ആറു മാസത്തെ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് പോയിരുന്നു . പ്രസവ ദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷംസുദ്ദീന്‍ വീണ്ടും ഭാര്യയുടെ അരികിലേക്ക് തിരികെയെത്തി .ഫാസീല ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി .ആഗ്രഹ സഫലീകരണത്തിന്‍റെ നിര്‍വൃതിയില്‍ ഫാസിലയുടെ മനസ്സ് ആനന്ദ നടനമാടി . അരുമ   മകന് അവര്‍ ഷഹീര്‍ എന്ന് പേരിട്ടു . ഷംസുദ്ദീന്‍ ഭാര്യയുടെ പ്രസവാനന്തരം ഗള്‍ഫിലേക്ക് തിരികെ പോയി . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍    ഫാസീലയും കുഞ്ഞും   ഗള്‍ഫിലേക്ക്  വീണ്ടും  യാത്രയായി .

സന്തോഷപ്രദമായ ജീവിതം തുടര്‍ന്നുകൊണ്ടേയിരിന്നു .ഷംസുദ്ദീന്‍റെ വാപ്പ  പൊടുന്നനെ നിര്യാതനായി  .അധികംതാമാസിക്കാതെ കുടുംബ സ്വത്തുക്കള്‍  സ്വത്തുക്കള്‍ വീതംവച്ചു .ഷംസുദ്ദീന് ആറു ഏക്കറില്‍ കൂടുതല്‍ ഭൂമി ലഭിച്ചു .ലഭിച്ച ഭൂമിയില്‍ ഒരു ഇരുനില മാളിക പണിതു .വീടുപണി കഴിഞ്ഞ് ഷഹീര്‍ പത്താംതരം വിജയിച്ചപ്പോള്‍ ഫാസീലയും ഷഹീറും  ഗള്‍ഫിനോട് വിടപറഞ്ഞു .ഷഹീറിനെ പതിനൊന്നാം തരത്തില്‍ നാട്ടിലെ വിദ്യാലയത്തില്‍ ചേര്‍ത്തു .ലാളനയോടെ വളര്‍ത്തുന്ന മകന്‍റെ ജീവിതത്തിന്‍റെ താളം തെറ്റുന്നതിന്‍റെ തുടക്കമായിരുന്നു പിറന്ന മണ്ണിലേക്കുള്ള ആ മാതാവിന്‍റെയും മകന്‍റെയും യാത്ര .ഗള്‍ഫിലെ വിദ്യാലയത്തില്‍ നിന്നും എപ്പോഴും മകന്‍റെ ക്രൂരമായ വിനോദങ്ങളെ കുറിച്ച് അധികൃതരില്‍ നിന്നും പരാതികള്‍ പതിവായിരുന്നു .പക്ഷെ അതൊന്നും ഷംസുദ്ദീനും ഫാസീലയും കാര്യമായെടുത്തില്ല . പഠിക്കുവാന്‍ മകന്‍ മിടുക്കനായിരുന്നു . ഇപ്പോള്‍ നാട്ടിലെ വിദ്യാലയത്തിലെ അധികൃതരില്‍ നിന്നും പരാതികള്‍ പതിവായി ഫാസീലയെ തേടിയെത്തി . മറ്റുള്ളവരെ ഉപദ്രവിച്ച് അവരുടെ വേദന കാണുമ്പോള്‍ സന്തോഷിക്കുന്ന പ്രകൃതമായിരുന്നു ഷഹീറിന്‍റെ .

കലാലയ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ ഫാസീലയുടെ മുന്‍പാകെ ഷഹീര്‍ പുകവലി തുടങ്ങിയിരുന്നു .ഇരുചക്ര വാഹനത്തിനായി മുറവിളികൂട്ടിയപ്പോള്‍ ഫാസീല ഭര്‍ത്താവിന്‍റെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാതെ പുതിയ വാഹനം  വാങ്ങിച്ചു നല്‍കി .ചോദിക്കുന്ന രൂപ നല്‍കിയില്ലെങ്കില്‍  വീട്ടിലെ സാദനങ്ങള്‍ മുഴുവനും മകന്‍ നശിപ്പിക്കുവാന്‍  തുടങ്ങിയപ്പോള്‍ ഫാസീല മകനെയോര്‍ത്ത് സങ്കടപെട്ടു .മകന്‍ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത് ആ പാവം സ്ത്രീ അറിയുന്നുണ്ടായിരുന്നില്ല .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷഹീര്‍  മദ്യപാനവും ആരംഭിച്ചു .കൂട്ടുകാരുമായി വീട്ടില്‍ വരികയും  മുകള്‍ നിലയിലെ മകന്‍റെ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും മറ്റുമാണ് ഇപ്പോഴത്തെ മകന്‍റെ വിനോദം .ഫാസീല മകനെ നേര്‍വഴിക്കു ജീവിപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ മകനില്‍ നിന്നും അവര്‍ക്ക്  ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നു .ഫാസീല മകന്‍റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് ഭര്‍ത്താവിനെ ധരിപ്പിച്ചു . ഷംസുദ്ദീന്‍ മകനെ നേര്‍വഴിക്ക് നയിക്കാന്‍ ഗള്‍ഫിലെ ജോലി അവസാനിപ്പിച്ചുകൊണ്ട് നാട്ടിലേക്ക് പോന്നു .

ഷഹീറിനെ നല്ല നടപ്പ് നടത്താന്‍ അഹോരാത്രം ഷംസുദ്ദീന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ  അയാളെകൊണ്ട് അതിന്   കഴിഞ്ഞില്ല .പാതിവഴിയില്‍ ഷഹീറിന്‍റെ  കലാലയ വിദ്യാഭ്യാസം മുടങ്ങി .പുതിയ കാറ് വാങ്ങാനായി വീട്ടില്‍ വഴക്ക് പതിവായപ്പോള്‍ ഗത്യന്തരമില്ലാതെ  ഷംസുദ്ദീന്‍ മകന് പുതിയ  കാറ് വാങ്ങി നല്‍കി .മകന് വാഹനങ്ങളോടായിരുന്നു ഭ്രമം . ഷഹീര്‍ പുതിയ ബിസിനസ് ആരംഭിച്ചു . റൂട്ട് ബസുകള്‍ വാങ്ങിക്കുവാന്‍ വേണ്ടി അയാള്‍  ഏറെക്കുറെ ഭൂമി ഷംസുദ്ദീനെ കൊണ്ട്  വില്പന ചെയ്യിപ്പിച്ചു . .മകന്‍ എന്ത് പറഞ്ഞാലും അത് അനുസരിക്കുവാനെ ഷംസുദ്ദീന് നിര്‍വാഹ മുണ്ടായിരുന്നുള്ളൂ .എതിര്‍പ്പ് പറഞ്ഞാല്‍ മദ്യപിച്ച് ലക്കുകെട്ട്  ഭ്രാന്തനെ പോലെ അയാള്‍  അലറും .

ഏതാനും വര്‍ഷങ്ങള്‍ കൂടി വിടവാങ്ങി .മകന്‍റെ വഴിവിട്ട ജീവിതം മൂലം ഷംസുദ്ദീന്‍ മാനസീകമായി ആകപ്പാടെ  തകര്‍ന്നിരുന്നു . അവശേഷിച്ച ഭൂമി മകന്‍റെ പേരിലേക്ക് എഴുതി നല്‍കണം എന്ന ആവശ്യം ഷംസുദ്ദീന്‍ നിരസിച്ചപ്പോള്‍ ,വാപ്പയും മകനും കൂടി മല്‍പിടുത്തമായി .ഷംസുദ്ദീന്‍ ദേഹാസ്വാസ്ഥ്യം മൂലം നിലത്ത്  തളര്‍ന്നിരുന്നു .ആശുപത്രിയില്‍ എത്തിയ നാലാം ദിവസം അയാള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു .വാപ്പയുടെ മരണം മകനില്‍ യാതൊരുവിധ കുറ്റബോധവും ഉളവാക്കിയില്ല .അവന്‍  മയക്കുമരുന്ന് കൂടാതെ ജീവിക്കുവാന്‍ കഴിയാത്ത അവസ്തയിലേക്ക് പരിണമിച്ചു .ഷംസുദ്ദീന്‍ മരണപെട്ട് നാല്പതാം നാള്‍ മകന്‍ നീട്ടിയ മുദ്രപ്പത്രത്തില്‍ ഒപ്പിട്ട്‌ ഫാസീല  വീടിന്‍റെ പടികളിറങ്ങി  ഒസാന്‍ അലിയുടെ വീട് ലക്ഷ്യമാക്കി നടന്നു നീങ്ങി .പത്തുമാസം നൊന്തു പ്രസവിച്ച മകന്‍റെ ഇപ്പോഴത്തെ അവസ്തയെ കുറിച്ചോര്‍ത്ത് ആ മാതൃഹൃദയം വളരെയധികം  നോവുന്നുണ്ടായിരുന്നു .

വീടിന്‍റെ പടി കയറുമ്പോള്‍ വാര്‍ധക്യ സഹജമായ അസുഖം മൂലം വീട്ടില്‍ ഇരുപ്പായ അലി മകളെ കെട്ടിപിടിച്ചു തേങ്ങി .എല്ലാവരും ഫാസീലയെയാണ് കുറ്റപെടുത്തിയത് .അലി മകളോട് പറഞ്ഞു .

,, ലാളന കൂടുതല്‍ നല്‍കിയതിന്‍റെ ഫലമാണ് ഇന്ന് എന്‍റെ മോള് ഈ അനുഭവിക്കുന്നത്.എന്‍റെ മോള് മകനെ നല്ല രീതിയില്‍ വളര്‍ത്തുന്നതില്‍ തീര്‍ത്തും പരാജയപെട്ടു  ,,

വാപ്പയും തന്നെ കുറ്റപെടുത്തി സംസാരിച്ചപ്പോള്‍ ഫാസീല പറഞ്ഞു .

,, ഏതൊരു മാതാവും മകനെ വളര്‍ത്തുന്നത് പോലെയാണ് ഞാനും എന്‍റെ മോനെ വളര്‍ത്തിയിട്ടുള്ളൂ .ഒരു പാട് ആഗ്രഹിച്ച് ലഭിച്ച മകനായത്‌ കൊണ്ട് അല്പം ലാളിച്ചു വളര്‍ത്തി എന്നത് സത്യം തന്നെ .പക്ഷെ എന്‍റെ മോന്‍ ഇങ്ങനെയൊക്കെ ആവും എന്ന് ഞാന്‍ എന്‍റെ സ്വപനത്തില്‍ പോലും കരുതിയില്ല . ഗള്‍ഫില്‍ സുഖമായി ജീവിച്ചിരുന്ന അവന്‍റെ വാപ്പാനെ വിളിച്ചുവരുത്തി കൊലയ്ക്കു കൊടുത്തതിലാണ് എന്‍റെ ദുഃഖം . ഞാനിതെങ്ങിനെ സഹിക്കും  വാപ്പാ  ,,

അത് പറയുമ്പോള്‍ കുഞ്ഞുങ്ങളെ പോലെ  ഫാസീല കരയുകയായിരുന്നു  .മകളെ ആശ്വസിപ്പിച്ചു കൊണ്ട് അലി പറഞ്ഞു .

,, ഓന് പോകാനുള്ള സമയമായിട്ടുണ്ടാകും അല്ലാണ്ടെ ഞാനിപ്പോ എന്താ പറയാ .സമയമായാല്‍ പോകാണ്ടിരിക്കാനാവില്ലല്ലോ .ഈ ദുനിയാവില്‍ നിന്നും എല്ലാരും പോകും ഓന് കുറച്ച് നേരത്തെ പോയീന്നേയുള്ളൂ . ഒരു പെണ്ണ് അവന്‍റെ ജീവിതത്തിലേക്ക് വന്നാല്‍ ഒരു പക്ഷെ അവന്‍റെ സ്വഭാവം മാറിയേനെ .നമുക്ക് അങ്ങിനെയൊന്ന് പരീക്ഷിച്ചാലോ .ഷഹീറിനെകൊണ്ട് നമുക്ക് ഉടനെ ഒരു വിവാഹം കഴിപ്പിക്കാം   ,,

,, വാപ്പയ്ക്ക്‌ തോന്നുന്നുണ്ടോ എന്‍റെ മോന് ഈ ഭൂലോകത്ത് നിന്നും   ആരെങ്കിലും പെണ്ണ് കൊടുക്കുമെന്ന്.ഓന്‍റെ  കള്ളുകുടിയും മയക്കുമരുന്ന് ഉപയോഗവും  .നമ്മുടെ നാട്ടില്‍ ആര്‍ക്കാ അറിയാത്തത് . അവനൊരു മനുഷ്യനായി ജീവിക്കുന്നത് കണ്ടാല്‍ മാത്രം  മതി എനിക്ക് . എന്ത് സ്നേഹമുണ്ടായിരുന്ന മോനാ ....അവന്‍റെ കൂട്ടുകെട്ടാണ് അവനെ ഇന്ന് ഈ നിലയിലേക്ക് എത്തിച്ചത് ,,

ഫാസീലയുടെ സഹോദരന്‍റെ മകള്‍  മുഹസിനയെ  വലുതായാല്‍ ഷഹീറിനെ കൊണ്ട് വിവാഹം കഴിപ്പിക്കേണം എന്ന് ഇപ്പോള്‍ ഗള്‍ഫില്‍ ജോലി നോക്കുന്ന സഹോദരന്‍ ഫാസീലയോട് പറയുമായിരുന്നു .ഫാസീലയ്ക്കും അത് തന്നെയായിരുന്നു ആഗ്രഹവും .പക്ഷെ മകന്‍ ദുസ്വഭാവിയായത് കൊണ്ട് ഫാസീല ആ തീരുമാനം മാറ്റുകയായിരുന്നു .മുഹസിന  എന്തെങ്കിലും വാപ്പയോട് ആവശ്യപെടുമ്പോള്‍ അവളെ ദേഷ്യം പിടിപ്പിക്കാനായി  അയാള്‍ പറയും,, നീ നിന്‍റെ കെട്ടാന്‍ പോകുന്ന ഷഹീറിനോട് പറയു അവന്‍ നിനക്ക് വേണ്ടതൊക്കെ വാങ്ങിച്ചു തരും  എന്ന്. സത്യത്തില്‍ മുഹസിന ഷഹീറിനെ മനസില്‍ കുടിയിരുത്തിയിട്ട് വര്‍ഷങ്ങള്‍ കുറെയായി .മുഹസിന ഇപ്പോള്‍ വക്കീലാണ് പഠനം കഴിഞ്ഞ് കോടതിയിലേക്ക് പോകുവാന്‍ തുടങ്ങിയിട്ട് മാസങ്ങളെ ആവുന്നുള്ളൂ .ആരേയും ഭയപെടാത്ത പ്രകൃതമായിരുന്നു മുഹസിനയുടേത്. മുഹസിന ഫാസീലയുടെ അരികില്‍ വന്നു പറഞ്ഞു .

,, അമ്മായി ആര്‍ക്കാ പെണ്ണ് അന്യഷിക്കുന്നത് .അമ്മായി എന്നെ മറന്നോ .ഷഹീര്‍ ഇക്ക എനിക്ക് ഉള്ളതാണെന്ന്  പറഞ്ഞിട്ട് ഇപ്പൊ വാക്ക് മാറുകയാണോ ,,

ആശ്ചര്യത്തോടെ ഫാസീല മുഹസിനയെ നോക്കിക്കൊണ്ട് പറഞ്ഞു .

,, എന്‍റെ മോളുടെ ജീവിതം കുരുതി കൊടുക്കാന്‍ അമ്മായിയെകൊണ്ട്  ആവില്ല മോളെ  .അവനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ എങ്ങിനെ നിനക്ക് മനസ്സ് വന്നു  ,,

,,കുഞ്ഞുനാള്‍ മുതല്‍ എല്ലാവരുംകൂടി പറഞ്ഞു മോഹിപ്പിച്ചതല്ലേ എന്നെ. എനിക്ക്   വേണം ഷഹീര്‍ ഇക്കയെ . ഈ നിലയില്‍ ഷഹീര്‍ ഇക്കയെ വിട്ടാല്‍ നമുക്ക് പിന്നീട് ഒരിക്കലും ഇക്കയെ തിരികെ ലഭിക്കില്ല. അതിനുമാത്രം  മയക്കുമരുന്ന് ഷഹീര്‍ ഇക്ക ഉപയോഗിക്കുന്നുണ്ട് .എനിക്ക് ഉറപ്പുണ്ട് ഈ ദുശീലങ്ങള്‍ എല്ലാം ഇക്ക ഉപേക്ഷിക്കുമെന്ന്  .സ്നേഹത്തിന് മുന്‍പില്‍ ഇക്കയ്ക്ക് അതൊക്കെ ഉപേക്ഷിക്കേണ്ടി വരും തീര്‍ച്ച .,,

ഫാസീല മുഹസിനയെ കെട്ടി പിടിച്ച് നെറുകയില്‍ ചുംബനം നല്‍കി  .മുഹസിന ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ തന്‍റെ ഷാള് കൊണ്ട് തുടച്ചുനീക്കി . മുഹസിന  തന്‍റെ കിടപ്പറയില്‍ പോയി കതകടച്ച്  മെത്തയില്‍ ചാഞ്ഞ് പൊട്ടി കരഞ്ഞു .ബലിയര്‍പ്പണത്തിന്‍റെ  വരും നാളുകളിലെ ഭീമാകാരമായ കാഴ്ചകള്‍ അവളുടെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു .ഒരു കുടുംബത്തെ രക്ഷിക്കാന്‍ തന്‍റെ  ജീവിതം പരീക്ഷണത്തിനായി സമര്‍പിച്ചു കൊണ്ട് മനസ്സില്‍ അവള്‍ പ്രതിജ്ഞയെടുത്തു .വരും നല്ല നാളുകള്‍ക്കായുള്ള  ശുഭാപ്തിവിശ്വാസത്തോടെ .
                                                             
                                                              ശുഭം
rasheedthozhiyoor@gmail.com                                             rasheedthozhiyoor.blogspot.com 
     







     







19 May 2014

ചെറുകഥ.കലപ്പ


             ഗ്രാമത്തിലെ  കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരങ്ങളും ഇടതൂര്‍ന്നുനില്‍ക്കുന്ന  തെങ്ങിന്‍ തോപ്പുകളും, തെങ്ങിന്‍ തോപ്പുകളിലെ ഇടവിളകളും ഗ്രാമത്തിലെ ചേതോഹരമായ കാഴ്ചകളാണ് .പ്രതാപം അന്യം നിന്നു പോകാത്ത പേരുകേട്ട മേക്കാട്ട്‌ മനയുടെ  അധീനതയിലുള്ള പാടശേഖരങ്ങളിലും, മറ്റു കൃഷിയിടങ്ങളിലും  ഇപ്പോഴും  വിത്ത് വിതക്കോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത് കലപ്പയാണ്. മേല്‍മണ്ണ്   ഇളക്കി പോഷകങ്ങൾ മുകളിലേക്ക് കൊണ്ടുവരുന്നതിനും .മുൻ വിളയിറക്കലിലെ അവശിഷ്ടങ്ങളും കളകളും മണ്ണിനടിയിലേക്ക് പോകുന്നതിനുമാണ് മണ്ണ് ഉഴവ്ന്നത്. കൂടാതെ മണ്ണിലെ വായുസഞ്ചാരം കൂടുന്നതിനും അതുവഴി മണ്ണിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനും ഇത് സഹായിക്കുന്നു.കലപ്പയുടെ ഉപയോഗം കൃഷിയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട പുരോഗതികളിലൊന്നാണ്.ഗ്രാമത്തില്‍ മറ്റു കൃഷിക്കാര്‍  ട്രാക്ടറുകള്‍ ഉപയോഗിക്കുമ്പോഴും മേക്കാട്ട്‌ മനക്കാര്‍ കലപ്പ ഉപയോഗിച്ചു ഉഴവ്ന്നതിന്‍റെ പ്രധാനകാരണം ഗ്രാമത്തിലെ പരാധീനതകള്‍ വേണ്ടുവോളം അനുഭവിക്കുന്ന  കണാരന്‍ ഈ തൊഴിലില്‍ തുടര്‍ന്നുപോരുന്നത് കൊണ്ടാണ് .കണാരന്‍റെ അച്ഛനും മനയിലെ ഉഴവ് തൊഴിലാളിയായിരുന്നു .

പാരമ്പര്യമായി ലഭിച്ചതാണ് കണാരന് ഉഴവ്  തൊഴില്‍ .പാടശേഖരങ്ങളുടെ ഓരത്ത് മേക്കാട്ട്‌ മനയില്‍ നിന്നും ഇഷ്ടധാനം ലഭിച്ച പത്തുസെന്‍റെ് ഭൂമിയിലെ ഓലപ്പുരയിലാണ് കണാരനും,അമ്മയും , ഭാര്യയും ,മൂന്ന്‍ പെണ്മക്കളും   താമസിക്കുന്നത് .മൂത്തമകളുടെ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്‍റെ അമ്മയുമായി സ്വരച്ചേര്‍ച്ചയില്ലാത്തതിനാല്‍ മകളും മരുമകനും മക്കളും കണാരന്‍റെ വീട്ടില്‍ തന്നെയാണ് താമസം . കണാരന്‍ കാളകളെ തൊഴുത്തില്‍ നിന്നും ഇറക്കി കാളകള്‍ക്ക് കാടിവെള്ളം നല്‍കി കലപ്പ തോളിലേറ്റി വയല്‍ ലക്ഷ്യമാക്കി നടന്നു .മുന്‍പില്‍ പോകുന്ന കണാരന്‍റെ പുറകെ അനുസരണയോടെ  കാളകളും .ദിനചര്യയെന്നോണം ഒരു കുപ്പി നാടന്‍ കള്ള്  പോകുന്ന പോക്കില്‍ അയാള്‍  അകത്താക്കിയത്തിനു ശേഷമാണ് തൊഴിലില്‍ ഏര്‍പ്പെടുകയുള്ളൂ .തിരികെ പോരുമ്പോഴും ഒരു കുപ്പി കള്ള് കുടിക്കും . വള്ളി ട്രവുസറും ട്രവുസറിന് മുകളില്‍ മടക്കിക്കുത്തിയ കള്ളിമുണ്ടും തോളിലൊരു തോര്‍ത്തുമുണ്ടുമാണ്  കണാരന്‍റെ വേഷം .കുപ്പായം ധരിക്കുന്ന പതിവ് കാണാരനില്ല .കഴിഞ്ഞ ദിവസ്സം  ദൂര ദേശത്തുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക്  പോകുമ്പോള്‍ ഭാര്യ കാര്‍ത്തു പതിവായി പറയുന്നത് അന്നും പറഞ്ഞു  .

,,മനുഷ്യാ ഒരു കുപ്പായം തുന്നിപ്പിച്ചൂടെ നിങ്ങക്ക് .കാലം മാറി പണ്ടത്തെ അടിയാന്‍മാരുടെ സമ്പ്രദായം നിങ്ങള് മാത്രാ ഇപ്പോഴും പിന്തുടരുന്നത് .,,
,, എടീ കാര്‍ത്തൂ കൊല്ലം കൊറേ ആയില്ലെ നീയെന്നെ കുപ്പായം ഇടീപ്പിക്കാന്‍ നോക്കണേ. ഞാനിപ്പോഴും അടിയാന്‍ തന്നെയാടീ .മനയിലെ തിരുമേനി  തരുന്ന കാശുകൊണ്ട് തന്നയാടീ ഞാനും നിയ്യും പിള്ളേരും പട്ടിണി കൂടാണ്ടെ കഴിയണേ.,,
,, അതിന് നിങ്ങക്ക് ഓശാരം തരുന്ന കാശോന്നുമാല്ലല്ലോ എല്ലുമുറിയെ പണിയെടുത്തിട്ടല്ലേ ,,
,, ഒരുമ്പെട്ടോളെ നന്ദികേട്‌ പറയുന്നോ .ഉണ്ടായിരുന്ന കിടപ്പാടം ബാങ്ക് കാര് ജപ്തി ചെയ്തപ്പോള്‍  അന്തിയുറങ്ങാന്‍ ഇടമില്ലാണ്ടായി പെരുവഴിയിലായപ്പോള്‍  വീട് പണിയാന്‍ തിരുമേനി  സ്ഥലം നല്‍കിയത് നിന്‍റെ അച്ഛന്‍ തന്ന  കാശ് കൊടുത്തിട്ടാണോടീ .സൗജന്യമായി ഈ വസ്തു നമുക്ക് നല്‍കിയതിന് തിരുമേനിയുടെ മക്കള്‍ എല്ലാരും ചേര്‍ന്ന് തിരുമേനിയെ കുറ്റ പെടുത്തുകയാണ് ഉണ്ടായത് .ആ മക്കളിളില്‍ നിന്നും നമുക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല എനിക്ക് അത് ഉറപ്പാ ..... എനിക്ക് വലിയ തിരുമേനി  ഈ ഭൂമീലെ കാണപെട്ട ദൈവാ ,,

കണാരന്‍ വയലിലെ  ചെളിയില്‍ കലപ്പ  ശക്തിയായി അമര്‍ത്തി  പിടിച്ചു കൊണ്ടിരുന്നൂ. കാളകളുടെ വേഗത കൂട്ടാന്‍ ചാട്ടവാര്‍ കൊണ്ട് ട്ര്‍ ട്ര്‍ ശബ്ദമുണ്ടാക്കി കാളകളെ  അടിച്ചു കൊണ്ടിരുന്നു .ഒരു കണ്ടം ഉഴുതുമറിച്ച് കഴിഞ്ഞപ്പോള്‍ കാളകളെ അടുത്ത കണ്ടത്തില്‍ നിറുത്തി .ഉഴുതു കഴിഞ്ഞ കണ്ടത്തിലേക്ക്‌ തിരികെപോയി കൈ കുമ്പിളില്‍ ചെളിയെടുത്ത് പരിശോധിച്ച് വിത്ത്‌ വിതയ്ക്കാന്‍ പാകമായ ചെളിയുടെ മണം വേണ്ടുവോളം ആസ്വദിച്ചു . അയാള്‍ക്ക്‌  വിത്ത് വിതക്കോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറായാല്‍ അവിടമാകെ നിറഞ്ഞു നില്‍ക്കുന്ന മണ്ണിന്‍റെ മണം വല്ലാത്തൊരു അനുഭൂതി ഉളവാക്കും .അപ്പോഴൊക്കെയും അയാളുടെ സിരകളില്‍ പ്രഹരിക്കുന്ന രക്തത്തില്‍  ഊര്‍ജ്ജം നിറഞ്ഞ്  വാര്ദ്ധക്യത്തിന്‍റെ ക്ഷീണം മാറി ഊര്‍ജ്ജസ്വലത കൈവരിക്കും. പിന്നീടങ്ങോട്ട് വിശ്രമം ഇല്ലാതെ  സന്ധ്യമയങ്ങും വരെ തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു കൊണ്ടേയിരിക്കും .

സമയം ഏതാണ്ട് മൂന്ന് മണി കഴിഞ്ഞപ്പോള്‍  മനയിലെ വലിയ തിരുമേനിയും കാര്യസ്ഥന്‍ കൈമളും നടവരമ്പിലൂടെ വരുന്നത് കണാരന്‍ കണ്ടു .ഊന്നുവടിയുടെ സഹായത്താലാണ് തിരുമേനിയുടെ നടത്തം .തിരുമേനി നടക്കുവാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു . പ്രായം ഏതാണ്ട് തൊണ്ണൂറ് കഴിഞ്ഞുകാണും .പറമ്പിലും വയലിലുമുള്ള നടത്തം അദ്ദേഹത്തിന്‍റെ ദിനചര്യയുടെ ഭാഗമാണ്.കണാരന്‍ മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചിട്ട് തോളിലെ തോര്‍ത്തുമുണ്ട് കയ്യില്‍ പിടിച്ച് ഓച്ഛാനിച്ച്  നടവരമ്പിന്‍റെ അരികില്‍    നിന്നു .തിരുമേനി കണാരന്‍റെ അരികില്‍ എത്തിയപ്പോള്‍ പറഞ്ഞു .

,, അടുത്ത ആഴ്ചയോടു കൂടി വയലില്‍ വിത്ത്‌ വിതക്കാലോ അല്ലെ കണാരാ .. ,,

,, ഉവ്വ് തിരുമേനി അടിയന്‍ നേരം ഇരുട്ടുന്നത് വരെ ഉഴവ്ന്നുണ്ട്,,

,, എന്‍റെ മൂന്നാമത്തെ സന്താനം ഇശ്ശി നാളായിട്ട് പറയണൂ കണാരന്‍റെ കാളകള് പത്ത് ദിവസ്സം കൊണ്ട്  ചെയ്യുന്ന ജോലി ട്രാക്ടര്‍ ഒരു ദിവസ്സം കൊണ്ട് ചെയ്യുമെന്ന് .എന്‍റെ കാലശേഷം എന്‍റെ സന്താനങ്ങള്‍ ഈ കൃഷികള്‍ തന്നെ തുടരുമോ എന്ന് എനിക്ക് ഒരു നിശ്ചയവും  ഇല്ല .അടുത്ത മാസം മനയും മനയോട്ചേര്‍ന്നുള്ള  ഒരേക്കര്‍ പറമ്പും ക്ഷേത്രവും എന്‍റെയും അന്തര്‍ജനത്തിന്‍റെയും പേരില്‍ നിലനിര്‍ത്തി ,ഭാക്കിയുള്ള വസ്തുക്കള്‍ എന്‍റെ ആറു സന്താനങ്ങള്‍ക്ക് ഭാഗം വെച്ചു കൊടുക്കുവാന്‍ പോകുന്നു .എന്‍റെ അതീനതയില്‍ നിന്നും സ്വത്തുക്കള്‍ പോയാല്‍ എന്‍റെ സന്താനങ്ങള്‍ കൃഷി പാടെ ഉപേക്ഷിക്കുമെന്ന് നോം മനസ്സിലാക്കിയത് കൊണ്ടാ ഈ കാലം വരെ സ്വത്തുക്കള്‍ വീതംവച്ചു നല്കാതെയിരുന്നത്.ഇപ്പൊ മനസ്സ് പറയുന്നു എല്ലാത്തിനും നേരമായി എന്ന് .സന്താനങ്ങളുടെ പേരില്‍ പ്രമാണം എഴുതുന്നതിന് മുന്നെതന്നെ വസ്തു വില്പനക്കായി ആളുകളെ കൊണ്ടുവരുവാന്‍ തുടങ്ങിയിരിക്കുന്നു .ഇനിയെല്ലാം ഈശ്വര നിശ്ചയം പോലെ നടക്കട്ടെ .കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ .
വലിയ തിരുമേനിയുടെ വാക്കുകള്‍ കണാരനില്‍ നടുക്കം ഉളവാക്കി .അയാള്‍ക്ക്‌ അറിയാമായിരുന്നു തിരുമേനിയുടെ മക്കള്‍ ടാക്ടര്‍ കൊണ്ട് കാര്യം സാധിപ്പിക്കുമെന്ന് .ആശങ്കയോടെ അയാള്‍ പറഞ്ഞു .

,, തിരുമേനി അടിയന് ഈ പണിയെല്ലാണ്ടെ വേറെ ഒരു പണിയും അറിയില്ലാട്ടോ .തിരുമേനി മക്കളോട് പറയണം ഈ കണാരന്‍ ചെയ്യുന്ന പണി കണാരന് തന്നെ നല്‍കണമെന്ന് .കണാരന് മനയിലെ പണിയില്ലാണ്ടായാല്‍ പിന്നെ എന്‍റെ കുടുംബം പട്ടിണിയിലാവും . കൈക്കോട്ട് പണിക്ക് പോകാന്നു വച്ചാല്‍‌ ഈ വയസാന്‍ കാലത്ത് ഇനി എന്നെക്കൊണ്ട് അതിന് കഴിയുമെന്ന് തോന്നണില്ല. എന്‍റെ കാളകളെ ഞാന്‍ എന്ത് ചെയ്യും  ,,

കണാരന്‍ ദൂരെ നില്‍ക്കുന്ന കാളകളെ നോക്കി തുടര്‍ന്നു .

,,ആ മിണ്ടാപ്രാണികള്‍ക്ക് പിണ്ണാക്ക് വാങ്ങി കൊടുക്കാന്‍ പോലും എന്നെകൊണ്ടാവില്ലല്ലോ ഈശ്വരാ ,,

കണാരനെ ആശ്വസിപ്പിച്ചുകൊണ്ട് തിരുമേനിയും കാര്യസ്ഥനും നടന്നകന്നു .കണാരന് ആകപ്പാടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു .നേരം സന്ധ്യയാകുന്നത് വരെ ഒരു വിതം കണാരന്‍ തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു .കണാരന്‍റെ ഊര്‍ജസ്വലത നഷ്ടമായതോടെ കാളകളുടെയും അവസ്ത കണാരനെ പോലെ തന്നെയായിരുന്നു .തിരികെ വീട്ടിലേക്ക് പോകും നേരം കണാരന്‍  പതിവില്‍ കൂടുതല്‍ കള്ളുകുടിച്ചു .നിലത്ത് പാദം ഉറക്കാത്ത അയാള്‍ കലപ്പയുമായി നടക്കാന്‍ നന്നേ പാടുപെട്ടു .വീടിന് അടുത്തെത്തിയപ്പോള്‍ .കാര്‍ത്തു അയാള്‍ക്ക്‌ അരികിലേക്ക് ഓടി വന്ന് കലപ്പ താങ്ങിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

,, നിങ്ങക്ക് ഇത് എന്നാ പറ്റി മനുഷ്യാ .നിങ്ങക്ക് ഇന്ന് സന്തോഷമാണോ അതോ സങ്കടമാണോ .ഈ രണ്ടും ഉണ്ടാകുമ്പോഴാണല്ലോ നിങ്ങള് നാല് കാലേല് വരുന്ന പതിവ് ,,

,, എനിക്ക് ഇന്ന് സങ്കടമാടീ ...മനയിലെ സ്വത്തുക്കള്‍   ഭാഗം വെക്കാന്‍ പോകുകയാണെന്ന് തിരുമേനി പറഞ്ഞു .,,

,, അതിന് നിങ്ങക്കെന്താ മനുഷ്യാ .നാട്ടിലൊക്കെ പാട്ടാ വലിയ തിരുമേനി മക്കള്‍ക്ക്  സ്വത്തുക്കള്‍ വീതംവച്ചു കൊടുക്കാതെ സ്വന്തമായി അനുഭവിക്കുകയാണെന്ന് .ഇപ്പഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നിയതില്‍ നമ്മ സന്തോഷിക്കയല്ലേ വേണ്ടത് ,,

,, നീ എന്തൊക്കെയാണ് ഈ പുലമ്പുന്നത് .മനയ്ക്കലെ പറമ്പിലും വയലിലും കൃഷി ചെയ്യാത്ത കാലം ഉണ്ടായിട്ടുണ്ടോടി .തിരുമേനിയുടെ മക്കള്‍  കൃഷികള്‍ പാടെ ഉപേക്ഷിക്കും .പട്ടണത്തില്‍ താമസിക്കുന്ന തിരുമേനിയുടെ മക്കള്‍  ഇവിടത്തെ വസ്തുക്കള്‍ വില്‍ക്കുവാനാണ് ശ്രമിക്കുന്നത് .ഞാനും ഈ മിണ്ടാപ്രാണികളും ഇനി എന്ത് ചെയ്യുമെടി .,,

കണാരന്‍ പുലമ്പിക്കൊണ്ട് ഉമ്മറത്തിണ്ണയില്‍ കയറി കിടന്നു .കാര്‍ത്തു കാടിവള്ളം നല്‍കി കാളകളെ തെങ്ങില്‍ കെട്ടിയിട്ടു .

മാസങ്ങള്‍ വര്‍ഷത്തിന് വഴിമാറി കൊടുത്തു .മനയിലെ സ്വത്തുക്കള്‍ തിരുമേനി സന്താനങ്ങള്‍ക്ക് വീതംവച്ചു നല്‍കി .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുമേനി പക്ഷാഘാതം പിടിപ്പെട്ട് കിടപ്പിലായി .തിരുമേനിയുടെ സന്താനങ്ങളില്‍ ചിലര്‍ വസ്തു കച്ചവടക്കാര്‍ക്ക് വസ്തുക്കള്‍ വില്പന ചെയ്തു .കച്ചവടക്കാര്‍ വസുക്കള്‍ ചെറിയ പ്ലോട്ടുകളായി തരം തിരിച്ച് വീടുകള്‍ പണിത് വില്പന ആരംഭിച്ചു .ഗ്രാമത്തിന്‍റെ തനതായ ഭംഗിക്ക് വിഘ്നം    സംഭവിച്ചുകൊണ്ടിരിന്നു .വയലുകളില്‍ കൃഷി നിശ്ചലമായി .കണാരനെ ഉഴവ്നായി ആരും വിളിക്കാതെയായി .കെട്ടുപ്രായം കഴിഞ്ഞ കണാരന്‍റെ രണ്ടു പെണ്മക്കളില്‍ ഇളയവള്‍ തിരുമേനിയുടെ സന്താനങ്ങള്‍ വില്പന ചെയ്ത വസ്തുവില്‍ വീട് പണിക്ക് വന്ന ഗുജറാത്ത് സ്വദേശിയായ കെട്ടിടം തൊഴിലാളിയുടെ കൂടെ ഒളിച്ചോടി പോയി .കണാരനും കുടുംബവും മാനസീകമായി ആകപ്പാടെ തകര്‍ന്നു .

സാമ്പത്തിക പരാധീനതകള്‍ മൂലം കണാരന്‍ കള്ളുകുടി പാടെ ഉപേക്ഷിച്ചു .കാളകള്‍ക്ക് പച്ച പുല്ലും വള്ളവുമായി ഭക്ഷണം .കാളകള്‍ക്ക് ക്ഷീണം പിടിപെട്ടപ്പോള്‍ കാര്‍ത്തു കണാരനോട് പറഞ്ഞു .

,, ഈ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് കൊല്ലാതെ ഇവറ്റകളെ ആര്‍ക്കെങ്കിലും വിറ്റൂടെ ,,

,, ആര് വാങ്ങും ഈ കാളകളെ കശാപ്പുകാര്‍ക്ക് ഞാന്‍ ഇവറ്റകളെ കൊടിക്കില്ല .എന്നെകൊണ്ട്‌ അതിന് ആവില്ലാ ,,

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ .കണാരന്‍ ചൂണ്ടയും എടുത്ത് ദൂരെയുള്ള കുളക്കടവിലേക്ക് പോയനേരം കാര്‍ത്തു കാളകളെ കശാപ്പുകാരന് വില്പന ചെയുതു .തിരികെ വന്ന കണാരന്‍ കാളകളെ കാണാതെ ബഹളം വച്ചു .കാര്‍ത്തു കണാരന് ഒരു കെട്ടു  രൂപ നല്‍കിക്കൊണ്ട് പറഞ്ഞു .

,, ഞാന്‍ കാളകളെ വില്പന ചെയ്തു .അവറ്റകള്‍ക്ക് നല്ലത് പോലെ തീറ്റ കൊടുക്കാന്‍ നമ്മെക്കൊണ്ട് കഴിയുന്നുണ്ടോ . വിശന്നിട്ട് ഏതു നേരവും അവറ്റകള്‍ കിടന്ന് അലറുകയാണ് ,,

,, ആര്‍ക്കാ നീ അവറ്റകളെ കൊടുത്തത് ,,

,, കശാപ്പുകാരന്‍ ബക്കറിന് അല്ലാണ്ടെ അര് വാങ്ങാനാ അവറ്റകളെ ,,

കാര്‍ത്തു വാക്കുകള്‍ മുഴുവിപ്പിക്കുന്നതിന് മുന്നെ കാര്‍ത്തുവിന്‍റെ കവിളില്‍ കണാരന്ന്‍റെ കൈത്തലം പതിച്ചു. കാര്‍ത്തു അടിയുടെ ശക്തിയാല്‍ നിലംപതിച്ചു .കാര്‍ത്തു നല്‍കിയ പണവുമായി കണാരന്‍ ഭ്രാന്തനെ പോലെ കശാപ്പുകാരന്‍ ബക്കറിന്‍റെ അറവുശാല ലക്ഷ്യമാക്കി  നട വരമ്പിലൂടെ ഓടി . അപ്പോള്‍ ശിരസ്സ് അറ്റുപോയ നിലയില്‍ പിടയുന്ന കാളകളുടെ ചിത്രം കണാരന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നൂ .

                                                                             ശുഭം

rasheedthozhiyoor@gmail.com                                                         rasheedthozhiyoor.blogspot.com










      

17 May 2014

ചെറുകഥ.പൊയ്മുഖം

http://rasheedthozhiyoor.blogspot.com

സാഹിത്യത്തില്‍ ബിരുദത്തിനുടമയായ അയാള്‍. അറിയപെടുന്ന പ്രാസംഗികനാണ് . തന്നയുമല്ല സാഹിത്യ നിരൂപകന്‍ , എഴുത്തുകാരന്‍ സാമൂഹിക പ്രവര്‍ത്തകര്‍,പ്രകൃതി സംരക്ഷണ പ്രവര്‍ത്തകന്‍  ,എന്നിവയിലും അദ്ദേഹം തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നു.ദിനേനെയെന്നോണം അയാള്‍ സദസ്സിനു മുന്‍പാകെ പ്രസംഗിക്കും .  പതിവുപോലെ ഇന്നും അയാള്‍ സദസ്സിനു മുന്‍പാകെ പ്രസംഗിച്ചു .വിഷയം മദ്യത്തിനാല്‍ ശിഥിലമാകുന്ന കുടുംബങ്ങള്‍ .പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞു .

,, മദ്യമാണ് നമ്മുടെ രാജ്യത്തിന്‍റെ  ഏറ്റവുംവലിയ  വിപത്ത്. മദ്യപാനം മൂലം നമ്മുടെ രാജ്യത്ത് ദിനംപ്രതി എത്രയോ കുടുംബങ്ങള്‍ ശിഥിലമാകുന്നു .മദ്യപാനികള്‍ സംസ്കാര ശൂന്യരാവുന്നു .നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ അദ്ധ്വാനിച്ചു ലഭിക്കുന്ന രൂപയില്‍   ഏറിയപങ്കും മദ്യപാനത്തിനായി ചിലവഴിക്കുന്നു .ഇക്കൂട്ടര്‍ ഒരിക്കലും ഓര്‍ക്കുന്നില്ല മദ്യപാനം മൂലം ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന അസുഖങ്ങളെ കുറിച്ച് .നാം ഈ വിപത്തിനെതിരെ ജനങ്ങളെ  ബോധവല്‍ക്കരിക്കെണ്ടിയിരിക്കുന്നു .മദ്യ വിമുക്ത രാജ്യത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം,,

അയാളുടെ പ്രസംഗം തുടര്‍ന്നുകൊണ്ടേയിരിന്നു .  സദസ്സ് ഒന്നടങ്കം അയാളുടെ പ്രസംഗം ശ്രദ്ധയോടെ ശ്രവിച്ചിരുന്നു .ഇന്ന് വേറെയും രണ്ടു വേദികളില്‍ കൂടി അയാള്‍ക്ക്‌ പ്രസംഗം ഉണ്ടായിരുന്നു .രണ്ടാമത്തെ അയാളുടെ പ്രസംഗവേദി ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മയുടെ വാര്‍ഷിക സംഗമത്തിലായിരുന്നു .ബ്ലോഗേഴുത്തുക്കാരെ അയാള്‍ വാനോളം പുകഴ്ത്തിക്കൊണ്ട്‌ പ്രസംഗിച്ചു .

,, ബ്ലോഗ്‌ നിലവില്‍ വന്നതോട് കൂടി നമ്മുടെ രാജ്യത്ത് അനേകം എഴുത്തുകാര്‍ പിറവിയെടുത്തു എന്നതാണ് വാസ്തവം .മുഖ്യധാരാ എഴുത്തുകാരേക്കാളും പ്രഗല്‍ഭരായ എഴുത്തുകാര്‍ ബ്ലോഗെഴുത്തുകാരിലുണ്ട് പക്ഷെ ഈ എഴുത്തുകാരൊന്നും .അറിയപെടാതെ പോകുന്നത് എന്തുക്കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല .ഒരു പക്ഷെ ഈയൊരു പ്രതിഭാസം ഉണ്ടാകുന്നതിന്‍റെ പ്രധാനകാരണം വായനക്കാരുടെ ശ്രദ്ധയില്‍ ബ്ലോഗെഴുത്ത് എത്തിപെടാത്തത് കൊണ്ടാകാം .ബ്ലോഗെഴുത്തുകാരുടെ കൃതികള്‍ അച്ചടിച്ച്‌ പുസ്തകമാകേണ്ടിയിരിക്കുന്നു .അതിന് കൂട്ടായ ശ്രമമാണ് ഉണ്ടാകേണ്ടത് .അങ്ങിനെയൊരു കൂട്ടായ്മ ഉണ്ടായാല്‍ ഞാന്‍ ഉണ്ടാകും ആ കൂട്ടായ്മയില്‍ എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു ,, 

അയാളുടെ പ്രസംഗം തുടര്‍ന്നുകൊണ്ടേയിരുന്നു .പ്രസംഗത്തിനു ശേഷം ഭാരവാഹികളുമായി കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു യുവാവ് അയാളെ കാണുവാന്‍ വന്നു .

,, സര്‍ ഞാന്‍ സ്ഥിരമായി ബ്ലോഗില്‍ എഴുതുന്നുണ്ട് .ഇപ്പോള്‍ ഞാനൊരു പുസ്തകം ഇറക്കുവാന്‍ പോകുന്നു പന്ത്രണ്ടു കഥകളടങ്ങിയ ഒരു  കഥാസമാഹാരം.എന്‍റെ ഈ പുസ്തകത്തിന് താങ്കള്‍ അവതാരിക എഴുതിത്തരണം ,,

അയാള്‍ യുവാവിനെ അല്പം മാറ്റി നിറുത്തി ആരും സംസാരം കേള്‍ക്കില്ല എന്ന് ഉറപ്പുവരുത്തി  പുഞ്ചിരിച്ചുകൊണ്ട്  പറഞ്ഞു .,, അനിയ ഞാന്‍ ഒരു നോവല്‍ എഴുതികൊണ്ടിരിക്കുന്നു .പ്രസാധകര്‍ തിരക്കുകൂട്ടുന്നത് കൊണ്ട് എനിക്ക് അനിയന്‍റെ കഥകള്‍ വായിക്കുവാനുള്ള സമയം ലഭിക്കുകയില്ല .എഴുതികൊണ്ടിരിക്കുന്ന നോവല്‍ എഴുതി തീര്‍ന്നാല്‍ ഉടനെതന്നെ അടുത്ത നോവല്‍ എഴുതി തുടങ്ങണം .അനിയന് എന്‍റെ അവസ്ത മനസ്സിലാകുമല്ലോ അല്ലെ.അറിയപെടുന്ന എഴുത്തുകാരുടെ പ്രയാസങ്ങള്‍ ആര്‍ക്കും മനസ്സിലാവില്ല  ,,

യുവാവ് നിരാശയോടെ യാത്ര പറഞ്ഞ് നടന്നു നീങ്ങി .    തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ സന്തതസഹചാരിയും ഡ്രൈവറുമായ രാജേഷ് മദ്യശാപ്പിന് അല്‍പമകലെ വാഹനം നിറുത്തി.പരിചയക്കാര്‍  തിരിച്ചറിയാതെയിരിക്കുവാന്‍ തോര്‍ത്തുമുണ്ടു കൊണ്ട് മുഖം മറച്ചുകൊണ്ട്‌    മദ്യശാപ്പിലേക്ക് നടന്നുപോയി . ഏതനും സമയം കഴിഞ്ഞപ്പോള്‍ ഒരു വിദേശമദ്യ കുപ്പിയുമായി അയാള്‍ തിരികെ വന്നു .രണ്ടു പേരും യാത്ര തുടര്‍ന്നു .പ്രാസംഗികന്‍ വീട്ടില്‍ അര്ധരാത്രിയിലാണ് തിരികെയെത്തിയത്.നിലത്തുറയ്ക്കാത്ത പാദങ്ങളാല്‍ അയാള്‍ കോളിംഗ് ബെല്ല് അടിച്ച് അക്ഷമയോടെ കാത്തുനിന്നു .അല്‍പനേരം കഴിഞ്ഞപ്പോള്‍ ഉറക്കമുണര്‍ന്നു വന്ന അയാളുടെ ഭാര്യ കതക്‌ തുറന്നു .ഉടനെ പ്രാസംഗികന്‍ കുപിതനായി ചോദിച്ചു? . 

,, എന്താടീ കഴുവേറിടെ മോളെ കതക് തുറക്കാന്‍ ഇത്രേം താമസം,,

അയാളുടെ ഭാര്യ പതിവുപോലെ അയാളുടെ ശകാരം കേള്‍ക്കുവാന്‍ സജ്ജയായി നിന്നു . 

                                                               ശുഭം
rasheedthozhiyoor@gmail.com